സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന റിൻസിയെ റിയാസ് വെട്ടിയത് മുപ്പതിലേറെ തവണയെന്ന് റിപ്പോർട്ട്. മരിച്ച റിൻസിയുടെ ദേഹത്ത് മുപ്പതോളം വെട്ടുകളാണ് ഏറ്റിരിക്കുന്നത്. വെട്ടേറ്റ് ഇവരുടെ കൈവിരലുകൾ അറ്റു തെറിച്ചുപോയി. ഓടിക്കൂടിയവർ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് റിൻസിയെ പ്രതി റിയാസ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങി. എറിയാട് കേരള വർമ സ്‌കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.
കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എആർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു.
വണ്ടിയിലുണ്ടായിരുന്ന മക്കൾ ഭയന്നു കരയുകയും ഇതുകേട്ട് വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലം വിടുകയായിരുന്നു. പ്രദേശവാസിയായ പുതിയ വീട്ടിൽ റിയാസ് (26) ആണ് ഇവരെ വെട്ടിയത്. ഇയാൾ റിൻസിയുടെ കടയിലെ മുൻ ജീവനക്കാരനാണ്. റിയാസിനെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു.
മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതി വെട്ടാൻ ഉപയോഗിച്ച വാൾ വെള്ളിയാഴ്ച രാവിലെ കണ്ടെത്തി.
നൂറനാട്ട് നടക്കാനിറങ്ങിയവരുടെ മേൽ ടിപ്പർ ലോറി പാഞ്ഞുകയറിയ അപകടത്തിൽ ഒരു മരണം കൂടി. ചികിത്സയിലായിരുന്ന രാമചന്ദ്രൻ (72) ആണ് മരിച്ചത്. ഇതോടെ മരണസംഖ്യ മൂന്നായി ഉയർന്നു.
നൂറനാട് പണയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. രാജു മാത്യു (66), വിക്രമൻ നായർ (65) എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. ഇടിച്ച വാഹനം നിർത്താതെ പോകുകയായിരുന്നു.
ടിപ്പർ ഓടിച്ച ഡ്രൈവർ പള്ളിക്കൽ സ്വദേശി അനീഷ് കുമാർ പിന്നീട് പോലീസിൽ കീഴടങ്ങി. ടിപ്പർ ലോറി പോലീസ് കസ്റ്റഡിയിൽ എടുത്തു.
ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ വെള്ളിയാഴ്ച ഹർത്താൽ. കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.
കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, മാടപ്പള്ളിയിൽ അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെ.സി. ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുകയാണ്.
കെ റെയിൽ പ്രതിഷേധക്കാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. സമാധാനപരമായി കല്ലിടുമെന്ന് സഭയിൽ നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉപധനാഭ്യര്‍ഥന ചര്‍ച്ചകൾക്കിടെയാണ് പ്രതിപക്ഷം ചങ്ങനാശേരിയിലെ പോലീസ് അതിക്രമം സഭയിൽ ഉന്നയിച്ചത്.
കോൺഗ്രസ് കെ റെയിലിനെതിരായി ആളുകളെ ഇളക്കിവിടുകയാണെന്നും ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ ചങ്ങനാശേരി സംഭവത്തിൽ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി സമരത്തെ കണ്ടില്ലെന്ന് നടിക്കുന്നത് രാഷ്ട്രീയ അന്ധതമൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാടപ്പള്ളിയിൽ നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. മുൻ എംഎൽഎ ജോസഫ് എം.പുതുശേരിയെയും അറസ്റ്റ് ചെയ്തു. സിൽവർ ലൈനിനെതിരേ കൈയിൽ മണ്ണെണ്ണക്കുപ്പിയുമായാണ് സ്ത്രീകൾ പ്രതിഷേധിക്കാനെത്തിയത്.
ഇവർക്ക് നേരെ പോലീസ് ലാത്തിവീശി. സ്ത്രീകളെ പോലീസ് വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കല്ലിടൽ തുടരുകയാണ്.
പതിനേഴുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വൈദികന്‍ കസ്റ്റഡിയില്‍. പത്തനംതിട്ട കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പോക്‌സോ കേസില്‍ പൊലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു വൈദികന്റെ ലൈംഗികാതിക്രമം. പരാതി പ്രകാരം കേസെടുത്ത പൊലീസ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടിലെത്തിയാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.
സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ വന്‍ പ്രതിഷേധം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് ലാത്തിവീശി. സ്ത്രീകള്‍ അടക്കമുള്ളവരെ വലിച്ചിഴച്ചു. മുന്‍നിരയില്‍ നിന്നിരുന്ന പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം കല്ലിടല്‍ തുടരുകയാണ്.
ജോസഫ് എം പുതുശേരിക്കും വിജെ ലാലിക്കും ഉൾപ്പെടെ പോലീസ് ആക്രമണത്തിൽ പരുക്കേറ്റു
നോട്ടീസ് പോലും നല്‍കാതെയാണ് സ്വകാര്യ ഭൂമിയില്‍ കയ്യേറി കല്ലിടുന്നതെന്ന് ജോസഫ് എം. പുതുശേരി പറഞ്ഞു. നനാട്ടുകാരെ തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സംഘഠര്‍ഷത്തില്‍ പരിക്കേറ്റവരെ ചെത്തിപ്പുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധാനം പാലിക്കേറ്റ പോലീസ് പ്രശ്‌നം വഷളാക്കുകയാണെന്നും ജോസഫ് എം. പുതുശേരി പറഞ്ഞു.
രാവിലെ മുതല്‍ മനുഷ്യമതില്‍ തീര്‍ത്താണ് കക്ഷി ഭേദമന്യേ നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ശക്തമായ ചെറുത്തുനില്‍പ്പാണ് നാട്ടുകാരുടെ ഭാഗത്തുനിന്ന് അധികൃതര്‍ നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു. സര്‍വേ സംഘത്തെ തടയുകയും കല്ലുമായി വന്ന വാഹനം തടഞ്ഞിടുകയും ചെയ്തിരുന്നു.
കൊല്ലം ഭരണിക്കാവിൽ വെച്ച് റോഡിൽ വീണ യുവാവിന് മുകളിൽ വാഹനങ്ങൾ കയറിയിറങ്ങിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ബാർ ജീവനക്കാരുടെ അനാസ്ഥയാണ് യുവാവിന്റെ ജീവനെടുത്തതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
സ്വകാര്യബാറിന് മുന്നിലെ റോഡിൽ വീണ പോരുവഴി കമ്പലടി പുതുമംഗലത്ത് നിസാം (33) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഞായർ രാത്രി 10.30ന് ആണ് ഭരണിക്കാവ് ജങ്ഷന് സമീപത്തുവെച്ച് നിസാം അപകടത്തിൽ മരിച്ചത്. അമിതമായി മദ്യപിച്ച നിസാമിനെ ബാറിലെ സെക്യൂരിറ്റി ജീവനക്കാർ തിരക്കേറിയ റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു.
തുടർന്ന് അവശനായ നിസാം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കവെ റോഡിന് നടുവിൽ വീണെങ്കിലും ജീവനക്കാർ കാഴ്ചക്കാരായി നോക്കിനിന്നു. ആദ്യമെത്തിയ കാർ വെട്ടിച്ച് കടന്നുപോയെങ്കിലും പ്രദേശത്ത് ഇരുട്ടായതിനാൽ ശ്രദ്ധയിൽപ്പെടാതെ പിന്നാലെയെത്തിയ രണ്ട് വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് റോഡിൽ വീണ് കിടക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിൽക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. ചൊവ്വാഴ്‍ച രാത്രി വുകൈര്‍ ഭാഗത്തുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകലയിലെ സി.വി വില്ലയില്‍ വര്‍ഗീസിന്റെയും ഷൈനിയുടെയും മകളായ ചിപ്പി, ആഴ്‍ചകള്‍ക്ക് മുമ്പാണ് മൂന്ന് മാസം പ്രായമുള്ള മകന്‍ ലൂക്കിനൊപ്പം ഖത്തറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ജെറിന്‍ ജോണ്‍സന്റെ അടുത്തെത്തിയത്. ചൊവ്വാഴ്‍ച രാത്രി ഭര്‍ത്താവിനും മകനുമൊപ്പം കാറില്‍ യാത്ര ചെയ്യവെയുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.
പരിക്കേറ്റ ഭര്‍ത്താവും മകനും ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചിപ്പി വര്‍ഗീസിന്റെ മൃതദേഹം വക്റയിലെ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വണ്ടന്‍മേടില്‍ സുഹൃത്തിനെ തന്ത്രപൂര്‍വ്വം മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്. വണ്ടൻമേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. അവസാനം കണ്ടത് സുഹൃത്തായ പ്രവീണിനൊപ്പമായിരുന്നെന്ന അച്ഛൻ പവൻരാജിന്റെ മൊഴിയാണ് വഴിത്തിരിവായത്.
പ്രവീണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ പ്രതി എല്ലാം തുറന്നു പറയുകയായിരുന്നു. താനുമായുള്ള സൗഹൃദം മുതലെടുത്ത് സഹോദരിയുമായി രാജ്കുമാര്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതിന്റെ പകയാണ് കൊലയ്ക്ക് കാരണമമെന്നുമാണ് പ്രവീണിന്റെ മൊഴി.
ഒരു മാസത്തോളമായി കൊല ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പ്രവീണ്‍ വിശദമാക്കി. അവസരം ഒത്തുവന്നപ്പോൾ പ്രവീണിനെ തമിഴ്നാട് അതിര്‍ത്തി പ്രദേശത്തേക്ക് വിളിച്ചുകൊണ്ടുപോയി.
രണ്ട് പേരും മദ്യവും കഞ്ചാവും ഉപയോഗിച്ചു. രാജ്കുമാറിന്റെ സുബോധം നഷ്ടമായെന്നറിഞ്ഞപ്പോൾ മദ്യത്തിൽ വിഷം കലര്‍ത്തിക്കൊടുത്തു. മരണം ഉറപ്പാക്കി മൃതദേഹം കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം പ്രവീണ്‍ തിരികെ വീട്ടിലെത്തി. പ്രവീണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാട്ടില്‍ തെരച്ചിൽ നടത്തി പൊലീസ് മൃതദേഹം കണ്ടെത്തി.
ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. നാളെ പോസ്റ്റുമോര്‍ട്ടം നടക്കും. അറസ്റ്റ് രേഖപ്പെടുത്തിയ പ്രവീണിനെ കോടതിയിൽ ഹാജരാക്കും.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ ഫൈനലിൽ. ജാംഷഡ്പൂർ എഫ്.സിക്കെതിരായ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങിയെങ്കിലും. ഇരുപാദങ്ങളിലുമായി 2-1 എന്ന സ്കോറിന്റെ മുൻതൂക്കം നേടിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ആദ്യപാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് 1-0ത്തിന് ജയിച്ചിരുന്നു.
രണ്ടാം പാദ സെമി മത്സരത്തിന്റെ 18 മിനിറ്റിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചുവെങ്കിലും സ്കോർ ഉയർത്താനായില്ല. രണ്ടാം പകുതിയുടെ 50ാം മിനിറ്റിൽ പ്രണോയ് ഹാൽദർ നേടിയ ഗോളിൽ ജാംഷ്ഡ്പൂർ ഒപ്പം പിടിച്ചു. പിന്നീട് നിരവധി തവണ ജാംഷഡ്പൂർ ഗോളിനടുത്തെത്തിയെങ്കിലും നിർണായകമായ ലീഡ് നേടാനായില്ല.
2014, 2016 വർഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് ഇതിന് മുമ്പ് ഫൈനൽ കളിച്ചത്. എന്നാൽ, ഐ.എസ്.എൽ കിരീടം ഇതുവരെയായിട്ടും ഷോകേസിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. എ.ടി.കെ-ഹൈദരാബാദ് മത്സര വിജയികളെ ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും.
ഔറംഗബാദിലെ റോഡുകളില്‍ ചീറിപ്പായുന്ന കാറുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കിടയില്‍ സ്ഥിരമായി കാണാന്‍ കഴിയുന്ന കാഴ്ചയാണ് കുതിപ്പുറത്തുള്ള യൂസഫിന്റെ സവാരി. ഇന്ധനവില താങ്ങാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് യൂസഫ് കുതിരയെ തന്റെ വാഹനമായി തിരഞ്ഞെടുത്തത്.
കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുകയും പെട്രോളിനും ഡീസലിനുമെല്ലാം നിരന്തരം വില കൂടുകയും ചെയ്ത സാഹചര്യത്തിലാണ് യൂസഫ് യാത്ര ചെയ്യാനായി കുതിരയെ വാങ്ങിയത്. വൈ.ബി ചവാന്‍ കോളേജ് ഓഫ് ഫാര്‍മസിയിലെ ലാബ് അസിസ്റ്റന്റാണ് യൂസഫ്. ജിഗര്‍ എന്നാണ് കുതിരയുടെ പേര്.
താമസ സ്ഥലത്ത് നിന്നും ദിവസം 15 15 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇയാള്‍ ജോലിക്ക് പോയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് ബൈക്ക് തകരാറിലാകുകയും ഇന്ധനവില വര്‍ധിക്കുകയും ചെയ്തപ്പോഴാണ് കുതിരയെ വാങ്ങാം എന്ന് തോന്നിയത് എന്ന് യൂസഫ് പറയുന്നു.
കോവിഡ് വ്യാപനം മൂന്ന് വര്‍ഷം പിന്നിടുമ്പോളും ജിഗര്‍ എന്ന കുതിരയുടെ പുറത്ത് തന്നെയാണ് യൂസഫ് യാത്ര ചെയ്യുന്നത്. ‘ഖൊഡാവാല’ എന്നാണ് ഇയാളെ ഇപ്പോള്‍ ആളുകള്‍ വിളിക്കുന്നത്. കുതിരപ്പുറത്ത് യാത്ര ചെയ്യുന്ന ഇയാളുടെ വീഡിയോ എഎന്‍ഐയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
#WATCH Maharashtra | Aurangabad’s Shaikh Yusuf commutes to work on his horse ‘Jigar’. ” I bought it during lockdown. My bike wasn’t functioning, petrol prices had gone up & public transport wasn’t plying. which is when I bought this horse for Rs 40,000 to commute,” he said (14.3) pic.twitter.com/ae3xvK57qf
— ANI (@ANI) March 14, 2022