Kerala

പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലാതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് വീണ്ടും  സജീവമാവുകയാണ്. നിരവധി റിയാലിറ്റി ഷോകളിലേക്കും ചാറ്റ് ഷോകളിലേക്കും താരത്തിന് ക്ഷണമെത്തി കഴിഞ്ഞു. ഇതിനിടെ നടൻ ജഗദീഷ് അവതാരകനായിട്ടെത്തുന്ന ‘പടം തരും പണം’ പരിപാടിയിൽ പങ്കെടുത്ത് വാവ സുരേഷ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

ഇതുവരെ അധികമൊന്നും വാവ സുരേഷ് തുറന്നുപറയാത്ത തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒടുവിൽ അദ്ദേഹം മനസ് തുറന്നിരിക്കുകയാണ്. പതിമൂന്ന് വർഷം മുമ്പ് താൻ കല്യാണം കഴിച്ചിരുന്നതായും പിന്നീട് തന്റെ താൽപര്യപ്രകാര തന്നെ വിവാഹമോചനം തേടിയെന്നും വാവ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഞാനൊരു കല്യാണം കഴിച്ചിരുന്നു. പതിമൂന്ന് വർഷം മുൻപ്. പക്ഷെ പിന്നീട് അവരുമായി കമ്യൂണിക്കേറ്റ് ചെയ്യാനോ മനസിൽ ഉൾകൊള്ളാനോ സാധിക്കാത്തത് കൊണ്ട് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. അവർക്ക് കുഴപ്പമുണ്ടെന്ന് ഞാൻ പറയുന്നില്ല. കാരണം ഞാനായി ഒഴിവായതാണ്. വീട്ടിൽ നിന്ന് പോയാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞായിരിക്കും തിരിച്ച് വരിക. പിന്നെ പാമ്പുകളെ കൊണ്ട് വിടാനും മറ്റുമൊക്കെ പോവുന്നത് കൊണ്ട് ഫുൾ ടൈം യാത്രകൾ തന്നെയായിരുന്നു.’

‘രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൂർണമായിട്ടുള്ള യാത്രകളായിരുന്നു. വയ്യാതാവുന്ന സമയത്തൊക്കെ ആയിരിക്കും വിശ്രമിക്കുന്നത്. പാമ്പുകളുമായിട്ടുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഈ വിവാഹബന്ധം തടസമാണെന്ന് തോന്നിയപ്പോൾ സ്വയം ഒഴിഞ്ഞു. ആരെയും കുറ്റപ്പെടുത്തുന്നില്ല. എന്റെ സ്വന്തം തീരുമാനമായിരുന്നു’- വാവ സുരേഷ് പറയുന്നു.

എന്റെ വിഷമങ്ങളും പ്രശ്നങ്ങളുമൊന്നും ആളുകളുമായി സംസാരിക്കാൻ ഞാൻ ഇതുവരെ തയ്യാറായിട്ടില്ല. കാരണം അതാണ് നല്ലതെന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പരിപാടിയിൽ തുറന്നു പറഞ്ഞു.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഇതിനിടെ വാവ സുരേഷ് വെളിപ്പെടുത്തി. ‘എന്നും രാവിലെ ഒരു പെൺകുട്ടിയ്ക്ക് റോസാപ്പൂ നൽകുമായിരുന്നു. ഏകദേശം അഞ്ഞൂറോളം പൂവുകൾ ഞാൻ കൊടുത്തു. പൂവ് കൊടുക്കുമ്പോൾ ചിരിക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് അവൾ മറ്റൊരു വിവാഹം ചെയ്ത് പോയി. ഇപ്പോൾ ഭർത്താവും കുട്ടിയുമൊക്കെയായി ജീവിക്കുകയാണ്. രണ്ട് ദിവസം മുൻപ് കുടുംബത്തോടൊപ്പം എന്നെ കാണാൻ വന്നിരുന്നു’ – സുരേഷ് പറഞ്ഞുനിർത്തി.

അരണാട്ടുകരയിലെ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ അധ്യാപകൻ സൗഹൃദം മുതലെടുത്ത് ബലാൽസംഗം ചെയ്തായി പരാതി. അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് നടപടി.

തൃശൂർ അരണാട്ടുകര സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ പലതവണ വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്‌തെന്നാണ് പരാതി. ഗസ്റ്റ് ലക്ചറായി എത്തിയ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു.

ഇക്കാര്യം കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും ചെവികൊണ്ടില്ല. പിന്നീടാണ് പെൺകുട്ടിയുടെ പരാതിയിൽ നടപടി എടുക്കാമെന്ന് പറഞ്ഞ് സുനിൽ കുമാറെന്ന അധ്യാപകൻ സൗഹൃദം സ്ഥാപിച്ചത്. ഈ പരിചയം മുതലെടുത്ത് പിന്നീട് ഇയാൾ പെൺകുട്ടിയെ സമ്മതമില്ലാതെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തുടർന്ന് കോളേജ് അധികൃതരോട് പെൺകുട്ടി പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല. പെൺകുട്ടി ഇതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സഹപാഠികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജിൽ പരാതിപ്പെട്ടപ്പോൾ അധ്യാപകൻ ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും സഹപാഠികൾ ആരോപിക്കുന്നു. പോലീസിന് പരാതി നൽകിയെങ്കിലും ആദ്യം കേസെടുത്തില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ദിവസങ്ങൾ നീണ്ട പ്രതിഷേധത്തിനിടെയാണ് പോലീസ് കേസെടുത്തത്.

ആരോപണവിധേയനായ അധ്യാപകൻ പലപ്പോഴും മദ്യപിച്ചെത്താറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാലിക്കറ്റ് സർവകലാശാല തലപ്പത്തു നിന്ന് നിർദ്ദേശം വന്നിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടിയെടുത്തത്.

വാഹനത്തിലുണ്ടായിരുന്നത് അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ, തുച്ഛമായ അളവാണെങ്കിലും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. പക്ഷേ, പുറ്റടി സ്വദേശി സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന്റെ അഭിപ്രായം. അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനിച്ചു.

സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. മയക്കുമരുന്നുമായി ആളെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചപ്പോള്‍ പലവിധ ആക്ഷേപങ്ങളുയര്‍ന്നു. എന്നാല്‍ ആ സമ്മര്‍ദങ്ങളെയെല്ലാം അതീജീവിച്ച് സംഭവത്തിന്റെ യാഥാര്‍ഥ്യം കണ്ടെത്താന്‍ തന്നെയായിരുന്നു സി.ഐ. നവാസിന്റെ തീരുമാനം. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോള്‍ കേരളം ഞെട്ടി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് മെമ്പറുടെയും കൂട്ടാളികളുടെയും വന്‍ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.

ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാം (33) ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിന്‍ (24) എന്നിവരെയാണ് കഴിഞ്ഞദിവസം വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. സൗമ്യയുടെ കാമുകനായ പുറ്റടി സ്വദേശി വിനോദും (44) കേസില്‍ പ്രതിയാണ്.

കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് തടസമാകുമെന്ന് കരുതിയാണ് സുനിലിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ഇവര്‍ പദ്ധതിയിട്ടത്. ഭര്‍ത്താവ് മയക്കുമരുന്ന് കേസില്‍ അകത്തായാല്‍ വേഗത്തില്‍ വിവാഹമോചനം ലഭിക്കുമെന്നും വിവാഹമോചനത്തിന് തക്കതായ കാരണമാകുമെന്നും സൗമ്യ കരുതി. ഇതനുസരിച്ച് പദ്ധതി തയ്യാറാക്കി സുനിലിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു. പിന്നാലെ പോലീസിന് രഹസ്യവിവരം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച വാഹനത്തില്‍നിന്ന് മയക്കുമരുന്നുമായി സുനിലും സുഹൃത്തും പിടിയിലാവുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഇതൊരു കെണിയാണെന്ന് വണ്ടന്‍മേട് സി.ഐ. വി.എസ്. നവാസിന് തോന്നിയിരുന്നു. പിടിയിലായ സുനിലിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇക്കാര്യം ഉറപ്പാവുകയും ചെയ്തു. പിന്നീടങ്ങോട്ട് സി.ഐ. നവാസും സംഘവും നടത്തിയ അന്വേഷണാണ് കേസിന്റെ ചുരുളഴിച്ചത്.

വാഹനത്തില്‍ എം.ഡി.എം.എ. മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതായി ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിനാണ് വിവരം ലഭിക്കുന്നത്. ഡാന്‍സാഫില്‍നിന്ന് വണ്ടന്‍മേട് പോലീസിലും വിവരം എത്തി. തുടര്‍ന്ന് ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും പുറ്റടിയില്‍ എത്തി കാത്തിരുന്നു. രാവിലെ സൈക്ലിങ് നടത്തുന്നതിനിടെയാണ് സി.ഐ. നവാസിന് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതി വരുന്ന റൂട്ടില്‍ തന്നെ സി.ഐ.യും ആ സമയത്തുണ്ടായിരുന്നു. ഇതോടെ സൈക്കിളില്‍ തന്നെ സി.ഐ.യും പുറ്റടിയിലെത്തി.

ഇരുചക്രവാഹനത്തില്‍ വന്ന സുനില്‍ വര്‍ഗീസിനെയും സുഹൃത്തിനെയും പോലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. വാഹനത്തില്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്നാണ് വാഹനത്തില്‍നിന്ന് പിടികൂടിയതെന്ന് മനസിലായതോടെ സുനില്‍ പരിഭ്രാന്തനായി. നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഇയാള്‍, പോലീസിന് മുന്നില്‍ പൊട്ടിക്കരയുകയും ചെയ്തു. സുനിലിന്റെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ സംഭവത്തില്‍ എന്തോ പന്തികേടുണ്ടെന്ന് സി.ഐ.യ്ക്ക് തോന്നിയിരുന്നു.

‘എം.ഡി.എം.എ പോലെയുള്ള ലഹരിമരുന്ന് വണ്ടന്‍മേട് പോലുള്ള ഉള്‍പ്രദേശത്ത് എത്തിച്ച് വില്പന നടത്താനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അയാളുടെ പെരുമാറ്റം കണ്ടാല്‍തന്നെ ഒരു പാവം മനുഷ്യനാണെന്നും ബോധ്യമാകും. കൃഷിപ്പണി ചെയ്യുന്ന സുനില്‍ ജോലിക്ക് പോവുകയാണെന്നും മനസിലായി. വാഹനത്തില്‍ ചോറും കുടിവെള്ളവും ഒക്കെ ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നത് ഒരു 59-കാരനും. എന്തായാലും സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാനായിരുന്നു ആദ്യതീരുമാനം’, സി.ഐ. നവാസ് പറഞ്ഞു.

പക്ഷേ, ആദ്യഘട്ട ചോദ്യംചെയ്യലിലും സുനിലില്‍നിന്ന് പോലീസിന് യാതൊരുവിവരവും ലഭിച്ചില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേറെ ഫോണുകളുണ്ടോ എന്നതും പോലീസ് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒരന്വേഷണത്തിലും മയക്കുമരുന്ന് വില്പനയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു തെളിവുകളും പോലീസിന് കണ്ടെത്താനായില്ല.

കസ്റ്റഡിയിലെടുത്തത് മുതല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പോലീസിന് മുന്നില്‍ കരയുകയായിരുന്നു സുനില്‍ വര്‍ഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടില്‍ നടത്തിയ അന്വേഷണത്തിലും സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാള്‍ക്ക് മദ്യപാനം, പുകവലി പോലുള്ള ദുുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. ജോലി കഴിഞ്ഞാല്‍ പള്ളിയും ബൈബിള്‍ വായനയുമെല്ലാം ആയി കഴിയുന്ന ഒരാളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തില്‍ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതാണോ എന്ന സംശയമുണര്‍ന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാല്‍ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കള്‍ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ സി.ഐ.ക്കെതിരേ ആരോപണങ്ങളുയര്‍ന്നു. മേലുദ്യോഗസ്ഥരില്‍നിന്നടക്കം വലിയ സമ്മര്‍ദങ്ങളുണ്ടായി. എന്നാല്‍ സുനില്‍ അല്ല പ്രതിയെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്ന സി.ഐ. നവാസ് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ അന്വേഷണത്തിന് മേലുദ്യോഗസ്ഥരും പിന്തുണച്ചു.

‘സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെയും സുഹൃത്തിനെയും മൂന്നുദിവസവും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാല്‍ സമ്മര്‍ദ്ദമുണ്ടായി. പിടികൂടിയ മയക്കുമരുന്ന് ചെറിയ അളവാണെങ്കിലും പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണ്. അത്തരമൊരു കേസില്‍ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടത് വലിയ ആക്ഷേപത്തിനിടയാക്കി. എന്തുകൊണ്ടാണ് പ്രതിയെ വിട്ടതെന്ന് ചോദ്യമുയര്‍ന്നു, സമ്മര്‍ദങ്ങളുണ്ടായി.

പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. എന്റെ അന്വേഷണത്തില്‍ അയാള്‍ കുറ്റംചെയ്തതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് മേലുദ്യോഗസ്ഥരോട് പറഞ്ഞു. ഞാന്‍ ചെയ്തത് തെറ്റാണെന്ന് കണ്ടാല്‍ വകുപ്പുതല നടപടിയോ ശിക്ഷാനടപടിയോ സ്വീകരിച്ചോളൂ എന്നും മറുപടി നല്‍കി. രണ്ടുദിവസം വലിയ സമ്മര്‍ദത്തിലായി.പക്ഷേ, എനിക്ക് നൂറുശതമാനം ഉറപ്പായിരുന്നു അത് കള്ളക്കേസാണെന്ന്’, സി.ഐ. നവാസ് ആ ദിവസങ്ങള്‍ ഓര്‍ത്തെടുത്തു.

മയക്കുരുന്ന് കച്ചവടക്കാരോ ഇടനിലക്കാരോ വില്പനക്കാരുടെ ശത്രുക്കളോ ഒക്കെയാണ് ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാറുള്ളത്. എന്നാല്‍ വണ്ടന്‍മേട്ടിലെ കേസില്‍ വിവരം നല്‍കിയത് ശരിയാണെങ്കിലും മയക്കുമരുന്ന് വില്പനയുടെ മറ്റുതെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കി. ഇതോടെയാണ് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നത്.

അന്വേഷണത്തില്‍ വെല്ലുവിളിയുണ്ടെന്നും കസ്റ്റഡിയിലെടുത്ത ആളല്ല യഥാര്‍ഥ പ്രതിയെന്നും അന്വേഷണസംഘം ഡാന്‍സാഫില്‍ വിവരം നല്‍കിയ ആളെ അറിയിച്ചു. ഇയാള്‍ വഴി രഹസ്യവിവരം എത്തിയ രണ്ടാമത്തെ ആളിലേക്കും അവിടെനിന്ന് വിവരത്തിന്റെ ഉറവിടമായ ഷാനവാസ് എന്നയാളിലേക്കും അന്വേഷണം എത്തി.

ഇന്റര്‍നെറ്റ് കോളിലൂടെ രഹസ്യവിവരം നല്‍കിയതും വാഹനത്തില്‍ മയക്കുമരുന്ന് ഇരിക്കുന്ന ചിത്രം അയച്ചതും വിദേശനമ്പരില്‍നിന്നാണെന്നത് തുടക്കത്തിലേ സംശയമുണര്‍ത്തിയിരുന്നു. ഇതോടെ വിദേശ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്‍ സഹായത്തോടെ അന്വേഷണം നടത്തുകയും ഷാനവാസ് തന്നെയാണ് രഹസ്യവിവരം നല്‍കിയതെന്ന് ഉറപ്പിക്കുകയും ചെയ്തു. ഷാനവാസിനെ ഡാന്‍സാഫ് സംഘവും വണ്ടന്‍മേട് പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു.

ഇതേസമയം, ഷാനവാസിന്റെ ഫോണ്‍വിവരങ്ങള്‍ സൈബര്‍ സെല്‍ സഹായത്തോടെ പോലീസ് ശേഖരിച്ചിരുന്നു. ഷാനവാസിന്റെ ഫോണില്‍നിന്ന് വിനോദിന്റെ ഫോണിലേക്കും സൗമ്യയുടെ ഫോണിലേക്കും ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ദിവസം ഷാനവാസും വിനോദും കട്ടപ്പനയിലും ആമയാറിലും ഒരുമിച്ചുണ്ടായിരുന്നതായും ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത അതേസമയത്ത് തന്നെ സൗമ്യയെ വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സൗമ്യയുടെ ആദ്യമറുപടി. വിനോദിനെയും ഷാനവാസിനെയും കണ്ടിട്ടുപോലുമില്ലെന്നും ഇവരെ അറിയില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുപറഞ്ഞു. തുടര്‍ന്ന് ഫോണ്‍കോള്‍ വിവരങ്ങളടക്കമുള്ള തെളിവുകള്‍ പോലീസ് സംഘം സൗമ്യയുടെ മുന്നില്‍ നിരത്തി. ഇതോടെ സൗമ്യ എല്ലാകാര്യങ്ങളും തുറന്നുപറയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സൗമ്യ അബ്രഹാം 11-ാം വാര്‍ഡില്‍ മത്സരിച്ച് ജയിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമാണ് സൗമ്യയും നാട്ടുകാരനായ വിനോദും തമ്മില്‍ പരിചയത്തിലായതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മൊബൈല്‍ ഫോണ്‍ വഴി പതിവായി സംസാരിക്കുകയും ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു.

ഭാര്യയും കുട്ടികളുമുള്ള വിനോദ് വിദേശത്താണ് ജോലിചെയ്തുവരുന്നത്. സൗമ്യയുമായുള്ള പ്രണയബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാന്‍ ഇയാളും തീരുമാനിച്ചിരുന്നു. ഇതിനിടെ, എത്രയുംവേഗം ഒരുമിച്ചുള്ള ജീവിതം ആരംഭിക്കണമെന്ന് സൗമ്യ നിര്‍ബന്ധം പിടിച്ചു. അതിനായി ഭര്‍ത്താവിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു സൗമ്യയുടെ ആവശ്യം. ഭര്‍ത്താവിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. തുടര്‍ന്നാണ് വിനോദും സൗമ്യയും ചേര്‍ന്ന് സുനിലിനെ ഒഴിവാക്കാനുള്ള പദ്ധതികള്‍ ആലോചിച്ചുതുടങ്ങിയത്.

സുനിലിനെ വാഹനം ഇടിപ്പിച്ച് കൊല്ലാനായിരുന്നു ഇരുവരും ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ അങ്ങനെ ചെയ്താല്‍ പിടിക്കപ്പെടുമെന്ന് ഇരുവരും ഭയന്നു. പിന്നീട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ പദ്ധയിട്ടു. പക്ഷേ, കൂടത്തായി അടക്കമുള്ള സംഭവങ്ങള്‍ സൗമ്യയെ ഭയപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാമെന്നും ഇതേസമയം തന്നെ വിവാഹമോചനം നേടാമെന്നും ഇരുവരും കണക്കുകൂട്ടിയത്. ഒരുമാസം മുമ്പ് എറണാകുളത്തെ ഹോട്ടലില്‍വെച്ച് സൗമ്യയും വിനോദും ബാക്കി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

മയക്കുമരുന്ന് പദ്ധതി ഉറപ്പിച്ചതോടെ വിനോദ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പരിചയക്കാരനായ ഷാനവാസിനെയാണ് വിനോദ് മയക്കുമരുന്നിനായി ബന്ധപ്പെട്ടത്. ഷാനവാസ് ഷെഫിന്‍ വഴി മയക്കുമരുന്ന് സംഘടിപ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 16-ന് വിനോദ് ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലെത്തി. 18-ാം തീയതിയാണ് ഷാനവാസും വിനോദും ആമയാറില്‍ എത്തി സൗമ്യക്ക് മയക്കുമരുന്ന് കൈമാറിയത്. സി.ഡി.എസ്. തിരഞ്ഞെടുപ്പ് നടന്ന ദിവസമായിരുന്നു അത്. തുടര്‍ന്ന് സൗമ്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് അതിന്റെ ചിത്രം വിനോദിനും ഷാനവാസിനും അയച്ചുനല്‍കി. ഭര്‍ത്താവ് പോകുന്ന റൂട്ടും പറഞ്ഞു. തുടര്‍ന്ന് ഈ റൂട്ടും മറ്റുവിവരങ്ങളും ഷാനവാസ് ഫോണില്‍ റെക്കോഡ് ചെയ്യുകയും അത് പോലീസിന് രഹസ്യവിവരമായി കൈമാറുകയുമായിരുന്നു.

വണ്ടന്‍മേട് സി.ഐ. നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫും സൈബര്‍സെല്ലുമെല്ലാം ഒത്തൊരുമിച്ച് നടത്തിയ അന്വേഷണമാണ് മയക്കുമരുന്ന് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത്. സൗമ്യയ്ക്ക് മയക്കുമരുന്ന് കൈമാറിയ ശേഷം കാമുകനായ വിനോദ് ജോലിസ്ഥലമായ സൗദ്യ അറേബ്യയിലേക്ക് തിരികെ മടങ്ങിയിരുന്നു. കേസില്‍ പ്രതിയായ ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഒരുപക്ഷേ, പ്രതി നാട്ടിലെത്തി കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു.

സൗമ്യയെയും മറ്റുപ്രതികളെയും അറസ്റ്റ് ചെയ്തശേഷം സുനില്‍ വര്‍ഗീസ് സി.ഐ.യെ കാണാനെത്തിയിരുന്നു. ആ സമയത്ത് ഭയങ്കര കരച്ചിലും സന്തോഷവുമെല്ലാം സുനിലിന്റെ മുഖത്ത് കാണാനായെന്നും സി.ഐ. പറഞ്ഞു.

കള്ളക്കേസുകളും അതിലുണ്ടാകുന്ന സമ്മര്‍ദങ്ങളും സി.ഐ. നവാസ് നേരത്തെയും അനുഭവിച്ചതാണ്. പലസാഹചര്യത്തിലും നിരവധി സമ്മര്‍ദമുണ്ടായിട്ടും അദ്ദേഹം ഒരു സമ്മർദത്തിനും വഴങ്ങിയിരുന്നില്ല. അതിന്‍റെ പ്രയാസങ്ങള്‍ പലപ്പോഴും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

നേരത്തെ മധ്യകേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലിചെയ്യുന്നതിനിടെ ഒരു കൊലക്കേസിലും ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ അദ്ദേഹം അനുഭവിച്ചിരുന്നു. കൊലക്കേസിലെ കൂട്ടുപ്രതിയാണെന്ന് കരുതുന്ന ഒരു യുവാവിനെയാണ് അന്ന് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ചോദ്യംചെയ്തതോടെ ഇയാള്‍ നിരപരാധിയാണെന്നും കുറ്റംചെയ്തിട്ടില്ലെന്നും നവാസിന് ബോധ്യമായി. നാലുദിവസത്തോളമാണ് യുവാവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തത്. അവസാനം യുവാവിനെ വിട്ടയക്കുകയും ചെയ്തു.

ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം 2019-ല്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ സി.ഐ.യായിരിക്കെ ആ യുവാവ് നവാസിനെ നേരില്‍കാണാനെത്തി. ‘സി.ഐ.യെ കണ്ടിട്ടേ പോകൂ എന്നുപറഞ്ഞാണ് ഒരു യുവാവ് അന്ന് സ്റ്റേഷനില്‍വന്നത്. കണ്ടയുടന്‍ കാലില്‍ തൊട്ട് നമസ്‌കരിച്ചു. അന്ന് കേസില്‍ പിടിച്ച് വിട്ടയച്ച ആളാണെന്ന് പറഞ്ഞു. എല്ലാവരും സംശയിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യമുണ്ടായിരുന്നത് സാറിന് മാത്രമാണെന്നും ഇപ്പോള്‍ കേരള പോലീസില്‍ എസ്.ഐ. ട്രെയിനിയായി ചേരാനിരിക്കുകയാണെന്നും ആ സന്തോഷം സാറുമായി പങ്കിടാനാണ് വന്നതെന്നും പറഞ്ഞു. സാര്‍ അന്ന് അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ താന്‍ ഒരു കേസിലെ പ്രതിയായേനെ എന്നും പറഞ്ഞു. ഒരു പൊതിയില്‍ ഈന്തപ്പഴവുമായാണ് ആ യുവാവ് വന്നത്. റംസാനായതിനാല്‍ ഇതുകൊണ്ട് നോമ്പുതുറക്കണമെന്നും അവന്‍ പറഞ്ഞു’, സി.ഐ. നവാസ് അന്നത്തെ സംഭവം ഓര്‍ത്തെടുത്തു.

അഴിമതിയുടെ കറപുരളാതെ, ആരെയും സുഖിപ്പിക്കാതെ സത്യസന്ധമായി ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് നവാസ് അറിയപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി, പാരലല്‍ കോളേജ് അധ്യാപകനായി ജോലിചെയ്തതിന് ശേഷമാണ് നവാസ് പോലീസ് സേനയിലെത്തുന്നത്. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ രണ്ടുവര്‍ഷമായി വണ്ടന്‍മേട് പോലീസ് സ്‌റ്റേഷനിലാണ് ജോലിചെയ്തുവരുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദന്‍’ മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തുകയാണ്. മാധ്യമപ്രവര്‍ത്തകനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. ടെലിവിഷന്‍ ജേണലിസം പശ്ചാത്തലമാക്കി മലയാളത്തില്‍ മുമ്പ് വന്ന സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ചിത്രമാണ് നാരദന്‍ എന്നാണ് ആഷിഖ് അബു പറയുന്നത്.

ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ സ്‌കിറ്റ് രൂപത്തിലും മറ്റും ഒരുപാട് ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും അനുകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ എല്ലാവരും കണ്ടിട്ടുമുണ്ട്. സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതേ പോലെ ആകാതിരിക്കണം എന്നതായിരുന്നു.

ടെലിവിഷന്‍ ജേണലിസ്റ്റുകളുടെ രീതിയെയും അവരുടെ ചേഷ്ടകളെയും കളിയാക്കുന്നത് മലയാളിക്ക് പുതിയ കാര്യമൊന്നുമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്റെ നാടക ഗുരു കൂടിയായ ദീപന്‍ ശിവരാമനാണ് ടൊവിനോയെ ഈ സിനിമയ്ക്കായി പരിശീലിപ്പിച്ചത്.

ദീപന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമ മനുഷ്യ വികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തില്‍ കടന്നുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ടെലിവിഷന്‍ ജേണലിസത്തെ കുറിച്ച് ക്രിയാത്മകമായ, ധാര്‍മികമായ വിമര്‍ശനങ്ങള്‍ നാരദനില്‍ കാണാമെന്നും ആഷിഖ് അബു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. അന്ന ബെന്നാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ചങ്ങനാശേരി എൻഎസ്എസ് കോളേജിൽ അധ്യാപികയായുള്ള അഭിമുഖത്തിൽ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനത്തിന് എൻഎസ്എസ് കോളേജ് വലിയ തുക ഡൊണേഷൻ ആവശ്യപ്പെട്ട ദുരനുഭവം വെളിപ്പെടുത്തി ഐപിഎസ് ഓഫീസറായിരുന്ന ആർ ശ്രീലേഖ.

അധ്യാപകരെ ആവശ്യമുണ്ടെന്ന പത്രപരസ്യം കണ്ട് കോട്ടയം ചങ്ങനാശ്ശേരി എൻഎസ്എസ് കോളേജിലെത്തിയപ്പോഴായിരുന്നു 25000 രൂപ ഡൊണേഷൻ ഫീയായി ആവശ്യപ്പെട്ടതെന്നും നൽകാനില്ലെന്ന് പറഞ്ഞപ്പോൾ ദരിദ്രരെ സഹായിക്കലല്ല നായർ സർവീസ് സൊസൈറ്റിയുടെ പരിപാടിയെന്ന് പരിഹസിച്ചെന്നും ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു.

ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് ലഭിച്ച് മെറിറ്റിൽ അഡ്മിഷൻ ലഭിക്കേണ്ടിയിടത്താണ് നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിലുള്ള കോളേജിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.

സംഭവം ആർ ശ്രീലേഖ വിശദീകരിക്കുന്നതിങ്ങനെ:

‘പത്രപരസ്യം കണ്ട് അഭിമുഖത്തിനായി ചങ്ങനേശ്ശേരി എൻഎസ്എസ് കോളേജിൽ എത്തി. റാങ്ക് പട്ടികയിൽ ഒന്നാമതായിരുന്നു. പിന്നീട് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് കോളേജിന്റെ ടെലഗ്രാം ലഭിച്ചു. ഇത് പ്രകാരം ദിവസങ്ങൾക്ക് ശേഷം കോളെജിൽ എത്തി. സർട്ടിഫിക്കറ്റ് അടക്കമുള്ള ഡോക്യുമെന്ററികൾ സൂപ്രണ്ടിനെ കാണിച്ചു. ഡോക്യുമെന്റ്സ് കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുച്ഛത്തോടെയുള്ള ചിരിയായിരുന്നു. കാര്യം തിരക്കിയപ്പോൾ ‘നിയമനത്തിനായി 25000 രൂപ കൊണ്ടുവന്നിട്ടുണ്ടോ’ എന്ന് ചോദിച്ചു.

അങ്ങനെയൊരു കാര്യം സൂചിപ്പിച്ചിട്ടില്ലല്ലോയെന്ന് പറഞ്ഞപ്പോൾ ‘അത് ഇവിടുത്തെ എഴുതപ്പെടാത്ത ഒരു ചട്ടമാണെന്നായിരുന്നു’ മറപടി. 1984 ൽ 25000 വലിയ തുകയാണ്.
ഒന്നാം റാങ്ക് കാരിയാണ്, മെറിറ്റിൽ അഡ്മിഷൻ വേണം. പണം ഒഴിവാക്കി തരണം എന്ന് പറഞ്ഞപ്പോൾ ജനറൽ സെക്രട്ടറിയെ പോയി കാണുവെന്നായിരുന്നു മറുപടി. അങ്ങനെ ജനറൽ സെക്രട്ടറിയുടെ ഓഫീസിൽ എത്തി. അമ്മയെ പുറത്തിരുത്തി
കൊണ്ട് അദ്ദേഹത്തെ ഓഫീസിൽ കയറി കണ്ട് പ്രതിസന്ധിയെകുറിച്ച് പറഞ്ഞു.

‘പണം വാങ്ങുന്നത് ഞങ്ങളുടെ പോളിസിയാണ് ബോർഡ് എടുത്ത തീരുമാനമാണ്. പൈസ ഒഴിവാക്കാൻ പറ്റില്ല. ടീച്ചർ എന്നു പറയുമ്പോൾ നല്ല ശമ്പളം അല്ലേ കിട്ടുന്നത്. ഒരു വർഷം കൊണ്ട് അത് തിരിച്ചടക്കാൻ കഴിയുമല്ലോ’ എന്നായിരുന്നു മറുപടി. എന്നാൽ തരാൻ പണം ഇല്ലെന്ന് ഞാൻ വീണ്ടും അവർത്തിച്ചു.

‘ഞാനൊരു നായർ പെൺകുട്ടിയാണ്. അച്ഛൻ കുട്ടികാലത്തെ മരിച്ചു. രണ്ട് ചേച്ചിമാരുണ്ട്. അമ്മയ്ക്ക് ജോലിയില്ല. ആ പരിഗണനയിലെങ്കിലും ജോലി തരണം. നിങ്ങൾ നായർ സർവ്വീസ് സൊസൈറ്റിയല്ലേ. ആ പരിഗണനയിൽ എനിക്ക് ജോലി തന്നൂടേ.’ എന്ന് ചോദിച്ചു

‘നായർ സർവ്വീസ് എന്നു പറയുന്നത് നിങ്ങളെപോലെയുള്ള നിർധന നായർമാരെ സഹായിക്കലല്ല. പ്രസ്ഥാനത്തെ സഹായിക്കാനാണ് സർവ്വീസ് എന്നു പറയുന്നത്. ഞങ്ങളുടെ എല്ലാസ്ഥാപനങ്ങളും കൃത്യമായി നടന്നുപോകണ്ടേ. ജോലി വേണ്ടെങ്കിൽ രാജിക്കത്ത് എഴുതിതന്ന് പോയിക്കോളു. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവരെ നിയമിക്കാം. അവരിൽ നിന്നും 75000 രൂപവരെ വാങ്ങിക്കാൻ കഴിയും.’ എന്നായിരുന്നു ശ്രീലേഖയ്ക്ക് ലഭിച്ച മറുപടി.

അപ്പോയിൻമെന്റ് ലെറ്റർ കീറി അദ്ദേഹത്തിന്റെ മേശപ്പുറത്ത് വെച്ചിട്ടാണ് ഇറങ്ങി പോന്നതെന്ന് ശ്രീലേഖ പറയുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ തനിക്ക് എൻഎസ്എസിന്റെ തന്നെ അപ്പോയിൻമെന്റ് ലെറ്റർ വന്നിരുന്നു. പണം ഇല്ലാതെ തന്നെ നിയമനം നടത്താമെന്നായിരുന്നു അറിയിപ്പായിരുന്നു കത്തിലെന്നും ശ്രീലേഖ വ്യക്തമാക്കി. ജോലി നിഷേധിച്ചതിന് ഹൈക്കോടതി പോകുമെന്നൊക്കെ പറഞ്ഞതുകൊണ്ടായിരിക്കണം അത്തരമൊരു കത്ത്.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിലായിരുന്നു നിയമനം. കത്തുമായി ജോയിൻചെയ്യാൻ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പോയപ്പോഴും അനുഭവം സമാനമായിരുന്നു. ‘നല്ലതിന് വേണ്ടിയല്ല ഈ നിയമനം. കോടതിയിൽ പോകുമെന്ന് പറഞ്ഞത് കൊണ്ടാണ് ഈ പോസ്റ്റിംഗ്. മൂന്നോ നാലോ വർഷം സാലറി പോലും കിട്ടാൻ പോകുന്നില്ല. ഒരുപാട് ട്രാൻസ്ഫെറുകൾ ഉണ്ടാവും. അങ്ങനെ നിങ്ങൾ സഹികെട്ട് 25000 രൂപ കൊടുക്കും. ശേഷമായിരിക്കും പേ സ്ലിപ്പോ ശമ്പളമോ കിട്ടുകയുള്ളൂ.’ എന്ന് അവിടുത്തെ പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയതോടെ താൻ ജോയിൻ ചെയ്യാതെ മടങ്ങിയെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു.

യുക്രെയ്‌നിൽ നിന്നുള്ള മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി. ഡൽഹിയിൽ നിന്നുള്ള ആദ്യ സംഘമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 11 മലയാളികളാണ് സംഘത്തിലുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നന്ദി പറഞ്ഞു വിദ്യാർത്ഥികൾ പ്രതികരിച്ചു.നാലുപേര്‍ കരിപ്പൂരിലും എത്തി.

ഇനിയും വിദ്യാർത്ഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. അവരെയും എങ്ങനെയും രക്ഷിക്കണമെന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു. മടങ്ങിവരവിന് സഹായിച്ച പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അവർ നന്ദി പറഞ്ഞു. ഇനി രണ്ട് വിമാന സർവ്വീസുകൾ കൂടി കൊച്ചിയിലേക്കെത്തും.

റൊമേനിയൻ അതിർത്തിയിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടപ്പുണ്ടെന്നും അവരേയും രക്ഷിക്കണമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഉക്രൈനിൽ നിന്നും തിരിച്ച 4 മലയാളി വിദ്യാർത്ഥികൾ കരിപൂർ വിമാന താവളത്തിലും എത്തിയിട്ടുണ്ട്. മൂന്ന് വിമാനങ്ങളിലുമായി ഇത് വരെ 82 മലയാളികൾ തിരിച്ചെത്തിയിട്ടുണ്ട്.

‘പ്രതിയെ പിടികൂടിയെങ്കിലും മകന്റെ ജീവൻ തിരിച്ചു കിട്ടില്ലല്ലോ’ ഇത് ഹോട്ടൽ റിസപ്ഷനിസ്റ്റായിരുന്ന നീലൻ എന്ന അയ്യപ്പന്റെ പിതാവ് മാടസ്വാമിയുടെ വാക്കുകളാണ്. നീലന്റെ വിയോഗത്തോടെ മാടസ്വാമിയുടെ കുടുംബമാണ് തകർന്നടിഞ്ഞത്. കന്യാകുമാരി ജില്ലയിലെ കോട്ടാർ, ചെട്ടിത്തെരുവ് സ്വദേശി മാടസ്വാമി-വേലമാൾ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കൊല്ലപ്പെട്ട നീലൻ.

ചേച്ചി ചിദംബരം (സിന്ധു), അനുജത്തി ശിവപ്രിയ എന്നിവരുടെ വിവാഹം കഴിഞ്ഞു. നീലന്റെ വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് നീലനെ അക്രമി വെട്ടിനുറുക്കിയത്. നീലന്റെ ശമ്പളം കൊണ്ടായിരുന്നു വീട്ടുചെലവുകൾ നടന്നിരുന്നത്.

ശമ്പളം കിട്ടുന്ന ദിവസം അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ വീട്ടുചെലവിനുള്ള തുക നീലൻ അയച്ചുകൊടുക്കും. നാട്ടുകാരുടെ എന്ത് ആവശ്യങ്ങൾക്കും മുന്നിലുണ്ടാകുന്ന നീലന് ദുശീലങ്ങൾ ഒന്നുംതന്നെയില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

കൊവിഡിനെ തുടർന്നുള്ള ലോക്ക് ഡൗണിൽ ഹോട്ടൽ അടച്ചതിനെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ നീലൻ ഒമ്പതുമാസങ്ങൾക്ക് മുമ്പാണ് വീണ്ടും ഹോട്ടലിൽ തിരികെയെത്തിയത്. രണ്ടുമാസം മുമ്പാണ് വീട്ടിലെത്തി മടങ്ങിയത്. ചേട്ടന്റെ വിയോഗം തനിക്കും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമാണെന്ന് സഹോദരി ശിവപ്രിയ പറഞ്ഞു.

കേരളത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തില്‍ ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവുമില്ല. രാഷ്ടീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശ് കേരളത്തില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയില്‍ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് നല്‍കുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.

യുപിയില്‍ ബിജെപി ഭരണം ആവര്‍ത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിര്‍വ്വാദത്തോടെ തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു. വന്‍ വികസനമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുപിയില്‍ ഉണ്ടായത്. കണ്ണില്ലാത്തവര്‍ മാത്രമേ യുപിയില്‍ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.

നേരത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോയില്‍ കേരളത്തെക്കുറിച്ച് യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ‘നിങ്ങളുടെ ഒരു വോട്ട് ഉത്തര്‍പ്രദേശിന്റെ ഭാവി നിര്‍ണയിക്കും. അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും’ എന്നായിരുന്നു പ്രസ്താവന. വീഡിയോക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കം രാഷ്ട്രീയ നേതാക്കളും സാംസ്‌ക്കാരിക പ്രവര്‍ത്തകരും രൂക്ഷ ഭാഷയിലാണ് യോഗിക്ക് മറുപടി നല്‍കിയത്.യുപി കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട യുപി, കേരളം പോലെയാകാന്‍ വേണ്ടി വോട്ട് ചെയ്യൂ.’ എന്നാണ് വിഡി സതീശന്‍ പ്രതികരിച്ചത്.

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡല്‍ഹിയില്‍ എത്തി. മലയാളികള്‍ ഉള്‍പ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും യാത്രക്കാരെ സ്വീകരിച്ചു.സംഘത്തില്‍ 29 മലയാളികളാണ് ഉള്ളത്.

തിരികെ എത്തിയവരില്‍ 16 മലയാളി വിദ്യാര്‍ത്ഥികളുണ്ട്. ഇവരെ രാവിലെ 6:15നുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ കേരളത്തിലേക്ക് അയക്കും. 14 വിദ്യാര്‍ത്ഥികളെ കേരള ഹൗസിലേക്ക് മാറ്റി. ഇവരെ ഇന്ന് വൈകുന്നേരം 5:15നുമുള്ള വിമാനത്തിലും നാട്ടിലേക്ക് അയക്കും. സുരക്ഷിതമായി തിരികെ എത്തിയതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇന്ത്യയുടെ യുക്രൈന്‍ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ഹംഗറിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം നാട്ടിലെത്തും. കൂടുതല്‍ വിമാനങ്ങള്‍ രക്ഷാ ദൗത്യത്തിനായി റൊമേനിയയിലേക്കയക്കും ഓപ്പറേഷന്‍ ഗംഗ വഴി കൂടുതല്‍ ഇന്ത്യക്കാരെ വേഗത്തില്‍ തിരികെയെത്തിക്കുകയാണ് കേന്ദ്രം.

റൊമേനിയയിലും ഹംഗറിയിലും എത്തിയവര്‍ക്കായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും നാളെ കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്റെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് തിരിക്കും. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 16000 ആളുകളാണ് ഇനി യുക്രൈനില്‍ നിന്ന് തിരികെ എത്താനുള്ളത്. ഇതില്‍ രണ്ടായിരത്തോളം മലയാളി വിദ്യാര്‍ഥികളുമുണ്ട്.

കിയേവില്‍ ബങ്കറുകളില്‍ അഭയം തേടിയ ഇന്ത്യക്കാരെ തിരിച്ചെത്താന്‍ സഹായം റഷ്യ അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തില്‍ യുക്രൈനും ഇന്ത്യക്ക് പിന്തുണ നല്‍കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ സജ്ജമാക്കാന്‍ വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

600ലധികം സിനിമകളിൽ വേഷമിട്ടിട്ടുള്ള കുഞ്ചൻ മലയാള സിനിമയിൽ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് . അധികവും ഹാസ്യ റോളുകൾ ആണ് അഭിനയിച്ചിട്ടുള്ളത്. 1969ൽ പുറത്തിറങ്ങിയ “മനൈവി” എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം 1970ൽ റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാളം സിനിമാരംഗത്തെത്തിയത്. ഇപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കഥയാണ് ഏറെ ശ്രദ്ധ നേടുന്നത്. കഥയിലെ നായകന്മാർ മോഹൻലാലും മണിയൻപിള്ള രാജുവും ആണ്. ഒരൊറ്റ രാത്രികൊണ്ട് ധാരാവിയിലെ ചേരികൾ ഒഴിപ്പിച്ച കഥ നമ്മൾ ആറാം തമ്പുരാൻ എന്ന ചിത്രത്തിൽ കേട്ടിരുന്നു.

എന്നാൽ അത്തരം ഒരു സംഭവം മോഹൻലാലിൻറെ യഥാർഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ചിട്ടുണ്ട് അത് പക്ഷെ ധാരാവി അല്ല.. ആ കഥ പറയുകയാണ് ഇപ്പോൾ നടൻ കുഞ്ചൻ, അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്. കുറച്ച് പഴയ കഥയാണ്, അതായത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘കടത്തനാടന്‍ അമ്പാടി’ എന്ന സിനിമയുടെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു. ചിത്രത്തിലെ താരങ്ങളായ നസീര്‍, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, സംവിധായകനായ പ്രിയദര്‍ശന്‍ എന്നിങ്ങനെ തങ്ങളെല്ലാവരും മലമ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഇവിടെ വച്ചായിരുന്നു സംഭവമുണ്ടാകുന്നത്.

എന്നാൽ ഒരു ദിവസം വൈകുന്നേരം ആ ഗസ്റ്റ് ഹൗസിലെ മാനേജര്‍ വന്ന് ഞങ്ങളോട് റൂം ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിനു കാരണം പറഞ്ഞത് ഏതോ വിഐപികള്‍ക്കായി റൂം നേരത്തെ പറഞ്ഞു വച്ചിരുന്നു. അതിനാലായിരുന്നു മാനേജര്‍ ഒഴിയാന്‍ പറഞ്ഞത് എന്നായിരുന്നു. എന്നാൽ വളരെ അപ്രതീക്ഷിതമായി ഇങ്ങനെ ഒരു കാര്യം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും വല്ലാതായി. അതികം താമസിക്കാതെ അവർ പറഞ്ഞതുപോലെ പുതിയ അതിഥികള്‍ എത്തുകയും ചെക്ക് ഇന്‍ ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തു. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റൊരിടത്ത് റൂം കണ്ടെത്തുക പ്രയാസമായിരുന്നു. ഒപ്പം പോകാനുള്ള മടിയും കാരണം തങ്ങള്‍ ഒരു ചെറിയ പണി ഒപ്പിക്കുകയായിരുന്നുവെന്നാണ് കുഞ്ചന്‍ പറയുന്നത്.

ഞാനും രാജുവും കോടി നേരെ മേക്കപ്പ് റൂമിലേക്ക് പോയി, ഷൂട്ടിങ്ങ് ആവശ്യത്തിനായി അവിടെ ഉണ്ടായിരുന്ന വെളിച്ചപ്പാടിന്റെ വാള്‍ ഞാന്‍ കൈയില്‍ എടുത്തു, രാജു എന്റെ മുഖത്തും ദേഹത്തും കുങ്കുമം പൂശി. ചോരയെന്ന് തോന്നിപ്പിക്കാന്‍ തലയിലൂടെ വെള്ളമൊഴിച്ചു കുഞ്ചന്‍ പറഞ്ഞു. പിന്നെയായിരുന്നു ആ രസകരമായ സംഭവം നടക്കുന്നത്. ഒരു പ്രിയദര്‍ശന്‍ സിനിമ പോലെ തന്നെയായിരുന്നു അത്. ‘ആ വാളും പിടിച്ച് അലറിക്കൊണ്ട് ഗസ്റ്റ് ഹൗസ്സിന്റെ ഇടനാഴിയിലൂടെ ഞാന്‍ ഓടി, എന്റെ പുറകെ രാജുവും ലാലും പ്രിയനും ഓടിവന്നു. എന്റെ അലറക്കവും ഒപ്പം മറ്റുള്ളവരുടെ ബഹളവും കൂടിയായപ്പോള്‍ എനിക്ക് ബാധ ഇളകിയതാണെന്ന് കരുതി ചെക്കിന്‍ ചെയ്യാൻ നിന്ന ആളുകള്‍ പേടിച്ചു. ആ പേടി ഇരട്ടിപ്പിക്കാന്‍ ലാലും മണിയനും പ്രിയനും ചേര്‍ന്നു പറഞ്ഞു മാറിക്കോ ഇല്ലെങ്കില്‍ വെട്ട് കൊള്ളും’എന്ന്.

ഇതെല്ലം കണ്ടതോടെ അവിടെ പുതിയതായി താമസിക്കാൻ വന്നവര്‍ ഭയന്ന് മുറിയുടെ കതക് അടച്ചു. ചിലര്‍ ജീവനും കൊണ്ടോടിയെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു. നിമിഷ നേരം കൊണ്ട് തന്നെ അവിടേക്ക് താമസിക്കാന്‍ വന്ന 25 പേരും എങ്ങോട്ടോ പോയെന്നാണ് കുഞ്ചന്‍ പറയുന്നത്. ആ ഒറ്റ രാത്രി കൊണ്ട് അവിടെ വന്നവരെ അനായാസം ഒഴിപ്പിക്കുകയായിരുന്നു, ഇതിന്റെ എല്ലാം പിന്നിലെ മാസ്റ്റർ ബ്രെയിൻ മോഹൻലാൽ ആയിരുന്നു എന്നാണ് കുഞ്ചൻ പറയുന്നത്.

RECENT POSTS
Copyright © . All rights reserved