കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷക ചട്ടത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നു പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള. ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ അതിജീവിതയായ യുവനടി ഉന്നയിച്ചെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. അഡ്വക്കേറ്റ്‌സ്‌ ആക്‌ടിലെ 35-ാം വകുപ്പിനു വിരുദ്ധമായി ഇടപെട്ടിട്ടില്ലെന്നും ബാര്‍ കൗണ്‍സിലിനു നല്‍കിയ മറുപടിയില്‍ അദ്ദേഹം വ്യക്‌തമാക്കി.

രാമന്‍പിള്ളയുടെ മറുപടി ബാര്‍ കൗണ്‍സില്‍ പരാതിക്കാരിയായ നടിക്ക്‌ അയച്ചുകൊടുത്തിട്ടുണ്ട്‌. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവുസഹിതം നല്‍കാന്‍ നടിക്ക്‌ അവസരമുണ്ട്‌. നടി പരാതി ഉന്നയിച്ച മൂന്ന്‌ അഭിഭാഷകരില്‍ അഡ്വ. ഫിലിപ്പ്‌ ടി. വര്‍ഗീസ്‌, സുജേഷ്‌ മേനോന്‍ എന്നിവര്‍ മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു ബാര്‍ കൗണ്‍സില്‍ വീണ്ടും ഇരുവര്‍ക്കും കത്തയച്ചു.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിില്‍ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിച്ചുനോക്കാമെന്നും നടിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, നേരിട്ടു തെളിവൊന്നും ഹാജരാക്കിയിട്ടില്ല. അതുപോരെന്നും നടിതന്നെ തെളിവുകള്‍ ഹാജരാക്കേണ്ടിവരുമെന്നുമാണു ബാര്‍ കൗണ്‍സില്‍ വൃത്തങ്ങള്‍ പറയുന്നത്‌.

കേസ്‌ അട്ടിമറിക്കാന്‍ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലെ ആശങ്കയാണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്‌. സാക്ഷികളുടെ മൊഴിമാറ്റാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണു പരാതിയിലെ ആവശ്യം.

അഭിഭാഷകന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്തവയാണു നടന്നതെന്നാണു നടിയുടെ പരാതിയില്‍ പറയുന്നത്‌. തന്നെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നും ഇത്‌ അഭിഭാഷകവൃത്തിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും നടി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പരാതിയില്‍ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്നു ബോധ്യമായാല്‍ ബാര്‍ കൗണ്‍സില്‍ ഈ വിഷയം അച്ചടക്ക കമ്മിറ്റിക്കു വിടും. തുടര്‍ന്നു കോടതി നടപടിയുടെ രീതിയില്‍ വിസ്‌താരവും തെളിവു പരിശോധനയും നടത്തിയാകും തീര്‍പ്പുണ്ടാക്കുക.