ക്രൂരമര്‍ദനമേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കാക്കനാട് പള്ളത്തുപടി സ്വദേശിയായ മൂന്നു വയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതുകൈയില്‍ രണ്ട് ഒടിവുകളും ശരീരത്തില്‍ പുതിയതും പഴയതുമായ മുറിവുകളുമുണ്ട്. മുഖത്തടക്കം പൊള്ളലേറ്റ പാടുകളുമുണ്ട്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില അടുത്ത 72 മണിക്കൂര്‍ വളരെ നിര്‍ണായകമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ശിശുക്ഷേമസമിതി അംഗങ്ങള്‍ ഇന്നു കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു വയസുകാരിയെ കാണും. കുട്ടിയുടെ അമ്മയും മുത്തശ്ശിയുമാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കുട്ടിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ഒളിവില്‍ പോയതായി സൂചന. നിലവില്‍ ഇവര്‍ പ്രതികളല്ലെന്നു തൃക്കാക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കുട്ടിയുടെ ബന്ധുക്കളില്‍നിന്നു തന്നെയായിരിക്കും മര്‍ദനമേറ്റിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.
കുട്ടി അപസ്മാരം വന്നു വീണപ്പോള്‍ ഉണ്ടായ പരിക്കാണെന്നായിരുന്നു ബന്ധുക്കള്‍ ആദ്യം പറഞ്ഞത്. പിന്നീട് പോലീസ് ചോദ്യം ചെയ്യലില്‍ കുട്ടിക്കു ബാധ കയറിയതാണെന്നും മുകളില്‍നിന്ന് എടുത്തു ചാടുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നെന്നും അമ്മ തിരുത്തിപ്പറഞ്ഞു.
കുന്തിരിക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയില്‍ പൊള്ളലേറ്റതെന്നും ഇവര്‍ പറഞ്ഞിരുന്നു. അതിനിടെ കുട്ടിയെ ആരോ മര്‍ദിച്ചു എന്ന അമ്മൂമ്മയുടെ മൊഴിയുമുണ്ട്. മൊഴികള്‍ പരസ്പരവിരുദ്ധമായതിനാല്‍ ബന്ധുക്കള്‍ പോലീസ് നിരീക്ഷണത്തിലാണ്.
മൂന്നു വയസുകാരിക്കു പരിക്കു പറ്റിയ സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. പരിക്ക് പറ്റിയ കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതില്‍ അമ്മക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയില്‍ പരിക്ക് പറ്റിയ കുട്ടിയുമായി അമ്മയും മുത്തശിയുമാണ് പഴങ്ങനാട് ആശുപത്രിയില്‍ എത്തിയത്. വീണ് പരിക്കു പറ്റിയതാണെന്നാണ് ഇവര്‍ ആശുപത്രിയില്‍ പറഞ്ഞത്.
കുട്ടിയുടെ ശരീരമാകെ ഗുരുതരമായ പരിക്കുള്ളതുകൊണ്ട് വിദഗ്ധ ചികിത്സക്കായി അവിടെനിന്നും കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു വിടുകയായിരുന്നു. മെഡിക്കല്‍ കോളജ് ഡോക്ടര്‍ പോലീസിനെ അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. കുട്ടിയുടെ ദേഹമാകെ കാണപ്പെട്ട മുറിവുകളും കൈയിലെ പൊള്ളലേറ്റതും ഒരു ദിവസം സംഭവിച്ചതല്ലെന്നു പോലീസ് സംശയിക്കുന്നു.
കുട്ടിയോടൊപ്പം താമസിച്ചവരെ ഒറ്റക്ക് ചോദ്യം ചെയ്താതാലെ സംഭവത്തിന്റെ ചുരുള്‍ അഴിയുകയുള്ളുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കുട്ടിയുടെ ബന്ധുക്കളായിട്ടുള്ളവര്‍ വ്യത്യസ്തമായ മൊഴികളാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. കുട്ടി തനിയെ വരുത്തിയ പരിക്കുകളാണെന്ന ബന്ധുക്കള്‍ പറഞ്ഞത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ മാസം 22 നാണ് പുതുവൈപ്പ് സ്വദേശി കാക്കനാട് പള്ളത്തുപടിയിലെ വീട് വാടകയ്ക്ക് എടുത്തത്. അന്ന് രാത്രിയിലാണ് കുടുംബസമേതം വാടക വീട്ടില്‍ ഇവര്‍ താമസിക്കാന്‍ എത്തിയതെന്നും പരിസരവാസികളുമായി യാതൊരു ബന്ധം സ്ഥാപിക്കുന്ന രീതിയിലുള്ള സമീപനമായിരുന്നില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ സുനി കൈലാസ് പറഞ്ഞു.
പള്ളത്തുപടിയിലുള്ള ഒരു വ്യക്തിയുടെ മൂന്ന് നില അപ്പാര്‍ട്ട്മെന്റിലെ മൂന്നാം നിലയിലെ വീടാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. പരിക്കുപറ്റിയ കുട്ടിയുടെ അമ്മയും അമ്മയുടെ ജ്യേഷ്ഠ സഹോദരിയും അവരുടെ ഭര്‍ത്താവും ഇവരുടെ മകനായ പന്ത്രണ്ടു വയസുകാരനും അമ്മൂമ്മയും ഒന്നിച്ചാണ് വാടക വീട്ടില്‍ താമസിക്കുന്നത്.
മൂന്നു വയസുകാരി കുട്ടിയുടെ കരച്ചില് പോലും പുറത്തു കേട്ടിട്ടില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവും പന്ത്രണ്ടു വയസുകാരനും തോളില്‍ ഒരു ബാഗ് മായി ഞായറാഴ്ച രാത്രിയില്‍ വെളിയിലേക്കു പോകുന്നതു കണ്ടതായി അയല്‍ക്കാര്‍ പറഞ്ഞു. അന്നു രാത്രിയിലാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്.
അമ്മൂമ്മ, അനുജത്തി, പന്ത്രണ്ടു വയസുകാരന് എന്നിവരെ വാടക വീട്ടിലാക്കിയിട്ടു ഭാര്യയും ഭര്‍ത്താവുമൊന്നിച്ചു ജോലിക്കായി കാനഡയില്‍ പോകുമെന്നാണ് പറഞ്ഞതെന്നു കെട്ടിട ഉടമ പറഞ്ഞു. മൂന്നു മാസം പള്ളിക്കരയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്
അവിടെ ബഹളം വച്ചു ജനല്‍ പാളികള്‍ തകര്‍ത്തപ്പോഴാണ് പറഞ്ഞയച്ചതെന്നു ഫ്ളാറ്റ് ഉടമ പറഞ്ഞു. കുട്ടി പരിക്കുപറ്റി ആശുപത്രിയി ലായ സംഭവം അറിഞ്ഞപ്പോള്‍ പള്ളിക്കരയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടുടമയുമായി ബന്ധപ്പെട്ടപ്പോഴാണ് അവിടെനിന്ന് ഇവരെ ഒഴിവാക്കിയ വിവരം അറിഞ്ഞതെന്നും പള്ളത്തുപടിയിലെ ഫ്ളാറ്റുടമ പറഞ്ഞു.
കുട്ടിക്ക് ഗുരുതരമായി പരിക്കുപറ്റിയ സംഭവം ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണെന്നാണ് വിലയിരുത്തല്‍. ഈ സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ഇടപെട്ടിട്ടുണ്ട്.
ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിൽ എടികെ മോഹന്‍ ബഗാന് താരം സന്ദേശ് ജിംഗാന് സൈബർ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന് രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കൽ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാൻ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാൻ വിവാദ പരാമര്‍ശം നടത്തിയത്. “ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാൻ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്സിനെയും സ്ത്രീകളെ തന്നെയും ജിംഗാൻ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുൻ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്സ് പിൻവലിച്ച 21 ാം നമ്പർ ജഴ്സി തിരികെ കൊണ്ടുവരണമെന്നും ആരോധകർ ആവശ്യപ്പെട്ടു.
ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽനിന്ന് കോവിഡ്19 റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്നു ദുബായ് വ്യോമയാന അതോറിറ്റി. യാത്ര പുറപ്പെടുന്നതിനു 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽ നടത്തിയിരുന്ന പരിശോധനയാണ് ഒഴിവാക്കുന്നത്.
നിലവിൽ ദുബായ് വിമാനത്താവളത്തിലേയ്ക്കു പോകുന്ന യാത്രക്കാർക്കു മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അബുദാബി, ഷാർജ വിമാനത്താവളങ്ങളിലേയ്ക്കു ഇന്ത്യയിൽ നിന്നു പോകുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിലെ റാപിഡ് പരിശോധന തുടരും. അതേസമയം, യാത്രക്കു 48 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ പരിശോധനാ ഫലം നിർബന്ധമാണ്. ദുബായ് വിമാനത്താവളത്തിലെത്തിയശേഷവും പിസിആർ പരിശോധനയുണ്ടാകും. പരിശോധനാഫലം പൊസിറ്റീവാണെങ്കിൽ മാത്രം ക്വാറന്റീനിൽ കഴിഞ്ഞാൽ മതിയെന്നും അതോറിറ്റി വ്യക്തമാക്കി.
കൽപ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ദുരൂഹതകൾ നിറഞ്ഞ കണ്ടത്ത്‌വയൽ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം വരെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്. വെള്ളമുണ്ട കണ്ടത്ത് വയൽ സ്വദേശികളായ ഉമ്മർ (24), ഫാത്തിമ (19) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന നിലയിലാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകിയത്.
കൊലപാതകം നടത്തിയശേഷം പ്രതി വിശ്വനാഥൻ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോണും മോഷ്‌ടിച്ചിരുന്നു. സിം മാറ്റിയെങ്കിലും മൊബൈൽ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ എവിടെയെന്ന് ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. കൊലപാതകം നടന്ന പിറ്റേ ദിവസംതന്നെ ഫോണിലെ ഐഎംഇഐ നമ്പർ ആർ ഇന്ത്യ സർച്ചിലേക്ക് പൊലീസ് നൽകിയിരുന്നു.
ആയിരത്തിലധികം പരിശോധനകൾക്കു ശേഷം സെപ്‌തംബർ ആറിന് ഈ ഐഎംഇഐ നമ്പർ ഫോണിൽ സിം ഉപയോഗിക്കുന്നതായി കണ്ടെത്തി. വിശ്വനാഥന്റെ ഭാര്യയാണ് ഈ ഫോണിൽ നെറ്റ് ഉപയോഗിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. കൊലപാതക സ്ഥലത്തുനിന്ന് ശേഖരിച്ച ഫൂട്ട് പ്രിന്റ് പ്രതിയുടേതെന്ന് കണ്ടെത്താനും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ചീർപ്പിലെ മുടി പ്രതിയുടേതാണെന്നും പൊലീസ് ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിച്ചു. രക്തക്കറ പുരണ്ട ഷർട്ടും പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മാത്രം പിന്നിട്ടപ്പോഴാണ് ദമ്പതികൾ കൊല്ലപ്പെടുന്നത്. 2018 ജൂലൈ അഞ്ചിന് അർധരാത്രിക്കുശേഷം ആറിന് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു കൊല നടന്നത്. മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതികളെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന 10 പവൻ ആഭരണവുമെടുത്ത് വീട്ടിലും പുറത്തും മുളകുപൊടി വിതറി രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത് ഉമ്മറിന്റെ ഉമ്മ ആയിശയാണ്. തൊട്ടടുത്തുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലായിരുന്ന അവർ രാവിലെ മകന്റെ വീട്ടിലെത്തിയപ്പോഴാണ് ദാരുണ രംഗം കണ്ടത്. ഇരട്ടക്കൊലപാതകമാണ് നടത്തിയത് എന്നതും കൊല്ലപ്പെട്ടവരുടെ പ്രായവും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുവടി കൊണ്ടുവന്നതും ഇരുവരുടെയും തലയ്‌ക്കടിച്ചതുമെല്ലാം പരമാവധി ശിക്ഷക്ക് അർഹമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടു.
കൊലക്കുറ്റത്തിന് വധശിക്ഷയും പത്തുലക്ഷം രൂപ പിഴയും വിധിച്ച കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി ഹാരിസ് പ്രതിക്ക് ഭവനഭേദനത്തിന് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചക്കും തെളിവ് നശിപ്പിക്കലിനും ഏഴു വർഷം വീതം തടവും ഒരുലക്ഷം രൂപ പിഴ വിധിച്ചതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
തിരുവനന്തപുരം: പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. 85 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം. നിലവിലെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടി. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏതാനും മാസം മുന്‍പ്് ഗവര്‍ണര്‍ സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നിലനിന്ന അഭിപ്രായഭിന്നത ഏറെ വിവാദമായിരുന്നു. ഗവര്‍ണറുടെ പഴ്‌സണല്‍ സ്റ്റാഫിലെ നിയമനത്തിനെതിരേ കത്തു നല്‍കിയ പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് ഒടുവില്‍ സര്‍ക്കാര്‍ ഗവര്‍ണറെ അനുനയിപ്പിച്ചത്. ഇതിനു ശേഷം ഗവര്‍ണറുടെ ഓഫിസിലെ രണ്ട് നിയമനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു.
തൃക്കാക്കരയിൽ രണ്ട് വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി വെന്റിലേറ്ററിലാണ്.
ഇന്ന് പുലർച്ച ഒരു മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമ്മയും അമ്മൂമ്മയുമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ കുട്ടിയുടെ അമ്മയിൽ നിന്നും അമ്മൂമ്മയിൽ നിന്നും മൊഴിയെടുത്തപ്പോൾ വ്യത്യസത മൊഴിയായിരുന്നു ഇരുവരും നൽകിയത്.
കുട്ടിക്ക് ഹൈപ്പർ ആക്ടീവ് സ്വഭാവമുണ്ടെന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടെ മുകളിൽ നിന്ന് വീണാണ് അപകടമുണ്ടായതെന്നുമാണ് അമ്മ മൊഴി നൽകിയത്.അതേസമയം, മർദനമുണ്ടായെന്നും ചിലർ കുട്ടിയെ അടിച്ചെന്നുമാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുന്നത്.
തൃക്കാക്കര പൊലീസെത്തി വിശദമായി മൊഴിയെടുത്തപ്പോഴാണ് രണ്ടാനച്ഛന്റെ മർദനം കുറച്ച് ദിവസങ്ങളിലായി കുട്ടിക്ക് അനുഭവിക്കേണ്ടി വന്നെന്ന് കണ്ടെത്തുകയായിരുന്നു.
തലേന്ന്, കുടിച്ച് ലക്കുകെട്ടെത്തിയ ‘കസ്റ്റമർ’ കടിച്ചുകീറിയ ചുണ്ടിലെ മുറിവുകൾ മറച്ചു പിടിക്കാൻ വാരിത്തേച്ച ലിപ്സ്റ്റിക്. പൗഡർ ഇട്ട് വെളുപ്പിച്ചെടുത്ത കവിൾത്തടങ്ങൾ. മുട്ടോളം കയറ്റിക്കുത്തിയ മുറിപ്പാവാട. മനഃപൂർവം ഹുക്ക് ഇടാൻ മറന്ന ജാക്കറ്റ്… കാമാഠിപുരയിലെ തെരുവുകളിൽ മറ്റേതൊരു പെൺകുട്ടിയേയും പോലെ സ്വയം വിൽപനയ്ക്കുവച്ച ശരീരവും മരവിച്ച, മടുപ്പുമാത്രം ബാക്കിയായ മനസ്സുമായി ജീവിച്ചിരുന്ന ഗംഗ ഹർജീവൻദാസ് എന്ന പതിനേഴുകാരി, ഗംഗുഭായ് കത്യാവാഡി എന്ന മാഫിയ രാജ്ഞിയായി മാറിയ കഥയുമായി ബോളിവുഡ് ചിത്രം ‘ഗംഗുഭായ് കത്യാവാഡി’ പ്രദർശനത്തിനൊരുങ്ങുമ്പോൾ ഒരു കാലത്ത് മുംബൈ നഗരത്തെ വിറപ്പിച്ച, കാമാഠിപുരയുടെ കിരീടം വയ്ക്കാത്ത രാജ്ഞിയായിരുന്ന ഗംഗുഭായിയുടെ ജീവിതം ഒരിക്കൽകൂടി ചർച്ചയാകുകയാണ്.
1940കളിൽ ഗുജറാത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച ഗംഗ എന്ന പെൺകുട്ടി സ്വപ്നം കണ്ടതു മുഴുവൻ സിനിമയായിരുന്നു. ഗുജറാത്തിൽ സിനിമയ്ക്ക് കാര്യമായ പ്രചാരം ഇല്ലാതിരുന്നതിനാൽ മുംബൈ എന്ന സ്വപ്നനഗരിയിലേക്ക് ചേക്കേറി സിനിമാനടിയാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതിന് എവിടെ പോകണമെന്നോ എന്തുചെയ്യണമെന്നോ ആരെ കാണണമെന്നോ ഗംഗയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഗംഗയുടെ അച്ഛന്റെ കടയിൽ കണക്കെഴുതാനായി മുംബൈയിൽനിന്ന് ഒരു ചെറുപ്പക്കാരൻ എത്തിയത്.
മുംബൈക്കാരൻ എന്ന യോഗ്യത മാത്രം മതിയായിരുന്നു ഗംഗയ്ക്ക് അയാളെ ഇഷ്ടപ്പെടാൻ. ഗംഗയുടെ സിനിമാ മോഹം കേട്ടപ്പോൾ എല്ലാം ഞാൻ ശരിയാക്കിത്തരാം എന്ന് അയാൾ വാക്കുനൽകി. അങ്ങനെ ഇരുവരും പ്രണയത്തിലായി. എന്നാൽ ഈ ബന്ധം അറിഞ്ഞ വീട്ടുകാർ ഗംഗയ്ക്ക് വേറെ കല്യാണം ഉറപ്പിച്ചു. അതോടെ മറ്റു വഴികളില്ലാതെ തന്റെ പതിനേഴാം വയസ്സിൽ ഗംഗ കാമുകനൊപ്പം വീടുവിട്ടിറങ്ങി, സ്വപ്നം കണ്ട ജീവിതം കയ്യെത്തിപ്പിടിക്കാൻ നേരെ മുംബൈയിലേക്ക്.
മുംബൈയിലെത്തിയ ഇരുവരും അന്ധേരിയിലെ ഒരു വാടകമുറിയിൽ കുറച്ചുകാലം താമസിച്ചു. കല്യാണം നടത്താനായി പണം ആവശ്യമുണ്ടെന്നും അതിനായി ചില സുഹൃത്തുക്കളെ കാണാൻ പോകുകയാണ് താനെന്നും തിരിച്ചുവരുന്നതു വരെ തന്റെ ചെറിയമ്മയ്ക്കൊപ്പം പോയി താമസിക്കണമെന്നും ഗംഗയോടു പറഞ്ഞ ശേഷം അയാൾ ബാഗുമായി ഇറങ്ങി. വൈകാതെ ഗംഗയെ കൂട്ടിക്കൊണ്ടുപോകാൻ ചെറിയമ്മ എത്തി. പക്ഷേ, അന്ധേരയിൽനിന്നു ഗംഗയുമായി പുറപ്പെട്ട ടാക്സി ചെന്നു നിന്നത് ചെറിയമ്മയുടെ വീട്ടിലായിരുന്നില്ല, മുംബൈയിലെ കുപ്രസിദ്ധമായ ചുവന്ന തെരുവ്, കാമാഠിപുരയുടെ കവാടത്തിനു മുന്നിലായിരുന്നു.
നിന്റെ കാമുകൻ 500 രൂപയ്ക്ക് നിന്നെ വിറ്റെന്നും ഇനിയുള്ള കാലം ഇവിടെ കഴിയണമെന്നും പറഞ്ഞ് ‘ചെറിയമ്മ’ ഗംഗയെ കാമാഠിപുരയിലെ ഒരു വേശ്യാലയത്തിൽ കൊണ്ടുചെന്നുവിട്ടു. എന്താണ് നടക്കുന്നതെന്നു മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധം മരവിച്ചുപോയ അവസ്ഥയിലായിരുന്നു ഗംഗ അപ്പോൾ. ഭക്ഷണവും വെള്ളവും കഴിക്കാതെ 3–4 ദിവസം അവൾ പ്രതിഷേധിച്ചു. രക്ഷിക്കണേ എന്ന് നിലവിളിച്ചു. പക്ഷേ, കാമാഠിപുരയിലെ ചുവരുകൾക്കുള്ളിൽതന്നെ ആ പ്രതിഷേധങ്ങളും നിലവിളികളും കെട്ടടങ്ങി. പതിയെ അവൾ കാമാഠിപുരയിലെ ഒരാളായി മാറി.
കാമാഠിപുരയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി പതിയെ ഗംഗ വളർന്നു. അപ്പോഴേക്കും ഗംഗയിൽ നിന്നു ‘കാമഠിപുര കാ ഗംഗു’ ആയി അവൾ മാറിയിരുന്നു. പല പ്രമുഖരും കാമാഠിപുരയിൽ എത്തിയാൽ ആദ്യം ആവശ്യപ്പെടുന്ന പേരുകളിൽ ഒന്ന് ഗംഗു ആയിരുന്നു. അങ്ങനെയിരിക്കെയാണ് ആജാനബാഹുവായ ഒരു കസ്റ്റമർ ഗംഗുവിനെ തേടി വന്നത്. പതിവിൽ കൂടുതൽ പണം നൽകി അയാൾ ഗംഗുവുമായി ഒരു രാത്രി വിലയ്ക്കെടുത്തു. എന്നത്തേയും പോലെ ഒരു രാത്രി പ്രതീക്ഷിച്ച ഗംഗുവിനു പക്ഷേ, നരകതുല്യമായ ഒരു രാത്രിയായിരുന്നു അയാൾ സമ്മാനിച്ചത്. ഇരയെ കിട്ടിയ മൃഗത്തെപ്പോലെ ഗംഗുവിനെ അയാൾ അക്ഷരാർഥത്തിൽ കടിച്ചുകീറി.
രണ്ടുദിവസം കഴിഞ്ഞാണ് ഗംഗുവിന് ബോധം വന്നത്. ആ സംഭവത്തിൽനിന്നു തന്റെ മനസ്സിനെയും ശരീരത്തെയും പഴയപടിയാക്കി മാറ്റാൻ ഗംഗുവിന് ആഴ്ചകൾ തന്നെ വേണ്ടിവന്നു. എല്ലാം ഒന്നു ശരിയായി വന്നപ്പോഴേക്കും അയാൾ വീണ്ടും ഗംഗുവിനെ ആവശ്യപ്പെട്ടെത്തി. ഇത്തവണ അയാൾക്കൊപ്പം രാത്രി പങ്കിടാൻ തയാറാകില്ലെന്ന് ഗംഗു തറപ്പിച്ചുപറഞ്ഞു. പക്ഷേ, അയാൾ ഇരട്ടിത്തുക വാഗ്ദാനം ചെയ്തതോടെ ഗംഗുവിന്റെ ബ്രോക്കർ കച്ചവടം ഉറപ്പിച്ചു. ഇത്തവണ അയാൾ വന്നുപോയ ശേഷം ഒരാഴ്ചയോളം ഗംഗു ആശുപത്രിയിലായിരുന്നു. അത്രകണ്ട് ശാരീരിക പീഡനങ്ങൾ അവൾ അനുഭവിച്ചിരുന്നു. ആശുപത്രിയിൽ നിന്നിറങ്ങിയ ഗംഗു നേരെ പോയത് കാമാഠിപുരയ്ക്കു സമീപമുള്ള ഒരു ഗുണ്ടാ കേന്ദ്രത്തിലേക്കായിരുന്നു. തന്നെ ഈ വിധം ഉപദ്രവിച്ച അയാൾ ആരാണെന്ന് അന്വേഷിച്ചായിരുന്നു ആ യാത്ര.
ഒടുവിൽ അന്ന് മുംബൈ വിറപ്പിച്ച കരീംലാല എന്ന അധോലോക നായകന്റെ സംഘത്തിൽപെട്ട ഷൗക്കത്ത് ഖാൻ എന്ന ഗുണ്ടയാണ് തന്നെ ഈ വിധമാക്കിയതെന്ന് ഗംഗുവിന് മനസ്സിലായി. അതോടെ ഗംഗു നേരെ പോയത് കരീംലാലയുടെ വീട്ടിലേക്കായിരുന്നു. പൊലീസും പട്ടാളവും പോലും കയറാൻ മടിച്ചിരുന്ന കരീംലാലയുടെ വീട്ടിലേക്ക് ഗംഗു ഒറ്റയ്ക്ക് ചെന്നുകയറി. കരീംലാലയെ നേരിട്ടുകണ്ട് കാര്യം പറഞ്ഞു. ഗംഗുവിന്റെ ധൈര്യം കരീംലാലയ്ക്ക് ബോധിച്ചു. ഇനി അവൻ അവിടെ വന്നാൽ എന്നെ അറിയിക്കണമെന്നും ബാക്കി ഞാൻ നോക്കിക്കോളാമെന്നും കരീംലാല ഗംഗുവിന് ഉറപ്പുനൽകി. കരീംലാലയുടെ ഈ വാക്കുകൾ ഗംഗുവിന്റെ കണ്ണുനനയിച്ചു. തന്റെ പഴ്സിൽ കരുതിയിരുന്ന ഒരു രാഖിയെടുത്ത് ഗംഗു കരീംലാലയുടെ കയ്യിൽ കെട്ടി. അതോടെ കരീംലാല ഗംഗുവിന്റെ രാഖി ഭായ് ആയി മാറി. ഗംഗു കരീംലാലയുടെ രാഖി ബഹനും.
കരീംലാല ഗംഗുവിന് വാക്കുനൽകിയതറിയാതെ ഗംഗുവിനെ തേടി ഷൗക്കത്ത് ഖാൻ വീണ്ടുമെത്തി. എന്നാൽ ഇത്തവണ ഷൗക്കത്തിനെ കാത്തിരുന്നത് കരീംലാലയായിരുന്നു. കാമാഠിപുരയിൽ വച്ചുതന്നെ ഷൗക്കത്തിനെ കരീംലാല കൊന്നു. ഇനി ഗംഗുവിനെ ആരെങ്കിലും ഉപദ്രവിച്ചാൽ ഇതായിരിക്കും അവരുടെ സ്ഥിതിയെന്നു മുന്നറിയിപ്പും നൽകി. അതോടെ ഗംഗു എന്ന ദേവദാസിപ്പെണ്ണ് ഗംഗുഭായ് ആയി മാറി. പിന്നീടങ്ങോട്ട് കാമാഠിപുരയുടെ കാര്യങ്ങൾ നിയന്ത്രിക്കുന്ന മാഫിയ ക്വീൻ ആയി അവർ വളർന്നു.
സ്വമേധയാ അല്ലാതെ കാമാഠിപുരയിൽ എത്തുന്ന എല്ലാ പെൺകുട്ടികളെയും ഗംഗുഭായ് സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചു. കാമാഠിപുരയിൽ ജനിക്കുന്ന എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കി. കാമാഠിപുരയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് അവിടുത്തെ ഭരണാധികാരിയായി. കാമാഠിപുരയുടെ അവസാന വാക്കായി ഗംഗുഭായ് മാറി. അങ്ങനെയിരിക്കെയാണ് കാമാഠിപുരയിലെ ചുവന്ന തെരുവ് ഒഴിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. അതോടെ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലായി.
കാമാഠിപുര ഒഴിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഗംഗുഭായും സംഘവും ശക്തമായി എതിർത്തു. ഇതിന്റെ ഭാഗമായി ഗംഗുഭായ് അന്നത്തെ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റുവിനെ നേരിട്ടു കണ്ടതായും നടപടി പിൻവലിക്കമെന്നാവശ്യപ്പെട്ടതായും എഴുത്തുകാരൻ ഹുസൈൻ സൈദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ഇവർ നടത്തിയ ചർച്ചയെക്കുറിച്ച് ഔദ്യോഗിക രേഖകൾ ഒന്നും നിലവിലില്ലെങ്കിലും സൈദിയുടെ പുസ്തകത്തിൽ ഇതിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.
കാമാഠിപുര ഒഴിയണമെന്നും നിങ്ങൾക്ക് കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചുകൂടേ എന്നും നെഹ്റു ഗംഗുഭായോട് ചോദിച്ചത്രേ. ഇതിനു മറുപടിയായി ‘എന്നാൽ താങ്കൾക്ക് എന്നെ കല്യാണം കഴിക്കാമോ’ എന്ന മറുചോദ്യമാണ് നെഹ്റുവിന് ലഭിച്ചത്. ഈ ചോദ്യം അദ്ദേഹത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ഉപദേശിക്കാൻ എളുപ്പമാണെന്നും ജീവിച്ചുകാണിക്കാനാണ് പാടെന്നും നെഹ്റുവിനോട് പറഞ്ഞശേഷമാണ് ഗംഗുഭായ് അവിടെനിന്നു തിരിച്ചുപോയത്. അതോടെയാണ് കാമാഠിപുര ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറിയതെന്നു പറയപ്പെടുന്നു. ഗംഗുഭായ് മരിച്ച ശേഷം അവരുടെ ഓർമയ്ക്കായി കാമാഠിപുരയിൽ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
സ്വന്തം ഭർത്താവ് 500 രൂപയ്ക്ക് വിറ്റ ഒരു പെൺകുട്ടി, പിന്നീട് അനേകായിരം ലൈംഗിക തൊഴിലാളികളുടെ അമ്മയും രക്ഷകയുമായി മാറിയ കഥയാണ് ഗംഗുഭായിയുടെ ജീവിതത്തിന് പറയാനുള്ളത്. ചതിക്കപ്പെട്ട് കാമാഠിപുരയിലെത്തുന്ന ഓരോ പെൺകുട്ടിക്കും പ്രതീക്ഷയുടെ അടയാളമായിരുന്നു അവർ. ലൈംഗിക തൊഴിലാളികളെ വേട്ടമൃഗങ്ങളെപ്പോലെ കാണുന്നവരുടെ പേടിസ്വപ്നമായിരുന്നു ഗംഗുഭായ്. ലൈംഗിക തൊഴിലാളി ആയതുകൊണ്ടുമാത്രം ഒരു പക്ഷേ, ചരിത്രം സൗകര്യപൂർവം മറന്ന, ചരിത്രത്തിന്റെ ഏടുകളിൽനിന്ന് പലരും മനഃപൂർവം മായ്ച്ചുകളഞ്ഞ പോരാളി, അതായിരുന്നു ഗംഗുഭായ്.
കൊച്ചി : അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റി അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല. ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ് വിളിച്ചിട്ടുണ്ട്. മറ്റു പ്രതികളുടെ ഫോണുകളിലേക്കു വന്നതും പോയതുമായ നിരവധി നമ്പറുകളിലേയ്‌ക്കെല്ലാം പോലീസുകാര്‍ വിളിച്ചുനോക്കുകയാണ്. എല്ലാ നമ്പറുകളിലേക്കും വിളിച്ചു പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു നമ്പറുകള്‍ അരിച്ചുപെറുക്കുന്നത്. എന്തെങ്കിലും തുമ്പുകിട്ടുമെന്ന പ്രതീക്ഷയാണു ക്രൈംബ്രാഞ്ചിന്.
പ്രതികളുടെ ഭാര്യ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോള്‍ ലിസ്‌റ്റും എടുത്തു വിളിക്കുന്നുണ്ട്. ഇവരൊക്കെ മുമ്പു വിളിച്ച പലരുടെയും നമ്പര്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്. മറ്റുപലരുമാണു നമ്പറുകള്‍ ഉപയോഗിക്കുന്നത്. കാവ്യാ മാധവന്‍ വര്‍ഷങ്ങള്‍ മുമ്പു വിളിച്ച ഒരു നമ്പറിലേക്കു വിളിച്ചപ്പോള്‍ ചെന്നെത്തിയതു തിരുവനന്തപുരത്തുള്ള പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയ്‌ക്കും.
പ്രതികളെ വിളിച്ചവരുമായുള്ള ബന്ധം, ജോലി, മറ്റു വ്യക്‌തിവിവരങ്ങളെല്ലാം പോലീസുകാര്‍ ചോദിച്ചറിയുന്നുണ്ട് . സംശയമുള്ളവരെ വിളിപ്പിച്ചു വിശദീകരണം തേടുന്നു. ആയിരക്കണക്കിനു നമ്പറുകളിലേക്കു തിരിച്ചു വിളിക്കുക ഏറെ ശ്രമകരമാണ്. ഇതുവരെ നിര്‍ണായകമായ തെളിവു ലഭിച്ചതായി പോലീസ് പറയുന്നുമില്ല. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടാകും ക്രൈംബ്രാഞ്ചിനു പ്രധാനമാകുക. റിപ്പോര്‍ട്ട് ഈയാഴ്‌ച മുദ്രവച്ച കവറില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറും.
കേസില്‍ സഹായിച്ചവരുമായി മൊബൈല്‍ആപ്പുകള്‍ വഴിയും എസ്.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഫോണ്‍കാള്‍ ഇടപാടുകളില്‍ പലതും പ്രതികള്‍ തന്നെ റെക്കാഡ് ചെയ്‌ത് സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്‌ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുമുണ്ട്. കൂറുമാറിയ 20 സാക്ഷികളെ പ്രതികള്‍ സാമ്പത്തികമായി സ്വാധീനിച്ചെന്നാണു സംശയം. ഫോണ്‍ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാല്‍ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് നിര്‍ണായകമാകും.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തു കേസില്‍ കക്ഷി ചേരാന്‍ ഇരയായ നടി നല്‍കിയ അപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്‌ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു ദിലീപ് നല്‍കിയ ഹര്‍ജിയിലാണു നടി കക്ഷിചേരുന്നത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്കു നിര്‍ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അനുകൂല നിലപാടുണ്ടാകില്ലെന്ന ആശങ്കയെ തുടര്‍ന്നാണ് അന്വേഷണം സംഘം തുടരന്വേഷണം നടത്തുന്നതെന്നും അന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നുമാണു ദിലീപിന്റെ വാദം.
തിരുവനന്തപുരം പേട്ടയിൽ ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ അന്തിമറിപ്പോർട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആക്രമിച്ചുവെന്ന് ആദ്യം പരാതി നൽകിയ പെൺകുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു.
ഗംഗേശാനന്ദക്കെതിരായ ആക്രമണം വലിയ ചർച്ചയായിരുന്നു. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി. ഗംഗേശാനന്ദക്കെതിരെ ബലാൽസംഗത്തിന് പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുന്നിലും പെണ്‍കുട്ടി സ്വാമിക്കെതിരെ മൊഴി നൽകി. എന്നാൽ സ്വയം ലിംഗം മുറിച്ചുവെന്ന് ആദ്യം മൊഴി നൽകിയ ഗംഗേശാനന്ദ പിന്നീട് ഉറക്കത്തിൽ ആരോ ആക്രമിച്ചതെന്ന് മാറ്റിപ്പറഞ്ഞു.
വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.
സംഭവത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗൂഡാലോചന ആരോപിച്ച് ഗംഗേശാനന്ദ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് എല്ലാ പരാതികളും ഒരു വഷത്തോളം ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിച്ചു. സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ നിഗമനം.
സുഹൃത്തായ അയപ്പദാസുമായി ചേർന്നാണ് പെണ്‍കുട്ടി പദ്ധതി തയ്യാറാക്കിയത്. ബന്ധത്തിന് തടസ്സം നിന്ന ഗംഗേശാനന്ദനയെ കേസിൽപ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തൽ. സംഭവ ദിവസം രണ്ടുപേരും കൊല്ലത്തെ കടൽ തീരത്തിരുന്നാണ് പദ്ധതി തയ്യാറാക്കിയത്. കത്തിവാങ്ങി നൽകിയത് അയ്യപ്പദാസാണ്. ലിംഗം മുറിക്കുന്നതിനെ കുറിച്ച് ഗൂഗിളിൽ പരിശോധിച്ചിട്ടുണ്ട്. അന്നു തന്നെ സ്വാമിയുടെ ലിംഗം മുറിച്ചു.
ഉറക്കത്തിൽ മുറിച്ചുവെന്ന സ്വാമിയുടെ മൊഴി കളവാണെന്ന് ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് അനുമാനിക്കുന്നു. മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും സഹായിയേയും പ്രതിചേർക്കാനാകുമോ എന്നതിൽ ക്രൈം ബ്രാഞ്ച് എജിയുടെ നിയമോപദേശം തേടി. പെണ്‍കുട്ടിയുടെ മൊഴിയിൽ നിലവിൽ സ്വാമി ഗംഗേശാനന്ദക്കെതിരെ ആദ്യം എടുത്ത കേസിൽ ഇനി കുറ്റപത്രം സമർപ്പിക്കാമോയെന്നും നിയമപദേശം തേടിയിട്ടുണ്ട്.
കിടപ്പുമുറിയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് വിഷവാതകം പരത്തി കുടുംബം മരിച്ച സംഭവം കൊടുങ്ങല്ലൂരിനെ നടുക്കി. നഗരത്തിനോട് ചേര്‍ന്ന ഉഴുവത്ത് കടവിലെ വീടിന്റെ മുകള്‍ നിലയിലാണ് കൂട്ടമരണമുണ്ടായത്. ഇവരുടെ മരണം ആസൂത്രിതമാണെന്നാണ് പോലീസ് നിഗമനം.
ശനിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് താഴത്തെ നിലയിലെത്തിയ ആഷിഫ് ഉമ്മയുടെ അടുത്തെത്തി ഏറെ സംസാരിച്ചിരുന്നു. ഉമ്മയെ പരിചരിക്കാനെത്തിയ സഹോദരിയോട് തമാശകളും പറഞ്ഞാണ് ആഷിഫും കുടുംബവും ഉറങ്ങാന്‍ മുകള്‍നിലയിലെ മുറിയിലേക്ക് പോയത്.
സാധാരണ രാവിലെ എഴുന്നേല്‍ക്കാറുള്ള ഇവരെ പത്ത് മണിയായിട്ടും കണ്ടില്ല. ഏറെ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ നാട്ടുകാരെയും പറവൂരിലുള്ള സഹോദരനെയും വിളിച്ചു വരുത്തുകയായിരുന്നു. പുലര്‍ച്ചെയാണ് വിഷവാതകം മുറിയില്‍ പരത്തിയതെന്നാണ് സൂചന.
സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ആഷിഫ് വിഷവാതകം ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കള്‍ നേരത്തെ വാങ്ങിയിരുന്നുവെന്നാണ് കരുതുന്നത്.
ഒരാഴ്ചമുമ്പാണ് അബീറയും മക്കളും കാക്കനാട്ടുള്ള വീട്ടില്‍ പോയത്. ആഷിഫ് ഇവരെ അവിടെ കൊണ്ടുവിട്ട്, ജോലിയുള്ളതുകാരണം തിരിച്ചുപോരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് കുടുംബം തിരിച്ചെത്തിയത്. കടബാധ്യതകളുണ്ടെങ്കിലും ഇവരുടെ കുടുംബജീവിതം സന്തോഷകരമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
മുകള്‍നിലയിലുള്ള കിടപ്പുമുറിയില്‍ താഴെ വിരിച്ച കിടക്കയില്‍ നാലുപേരും മരിച്ചനിലയിലായിരുന്നു.പാത്രത്തില്‍ രാസവസ്തുക്കള്‍ കലര്‍ത്തി കത്തിച്ചുണ്ടാക്കിയ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നാണ് നിഗമനം. ഇതിനുപയോഗിച്ചതെന്ന് കരുതുന്ന പാത്രവും രാസവസ്തുക്കളുടെ അവശിഷ്ടവും ആത്മഹത്യക്കുറിപ്പും മുറിയില്‍നിന്ന് കണ്ടെടുത്തു. വലിയ സാമ്പത്തികബാധ്യത മൂലമാണ് മരിക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുറിയിലെ പാത്രം എടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നും അതില്‍ വിഷദ്രാവകമുണ്ടെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുമുണ്ട്.
ഞായറാഴ്ച രാവിലെ 11 മണിയായിട്ടും ഇവര്‍ പുറത്തിറങ്ങാതായതോടെയാണ് ശ്രദ്ധിച്ചത്. താഴത്തെനിലയില്‍ പ്രായമുള്ള ഉമ്മ ഫാത്തിമയും സഹായിക്കാനെത്തിയിരുന്ന ആഷിഫിന്റെ സഹോദരിയുമാണുണ്ടായിരുന്നത്.
ഇവര്‍ അയല്‍വാസികളെ കൂട്ടിവന്ന് വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പറവൂര്‍ പട്ടണംകവലയിലുള്ള സഹോദരന്‍ അനസിനെ വിവരം അറിയിച്ചു. ഇദ്ദേഹമെത്തി വാതില്‍ പൊളിച്ചാണ് ഉള്ളില്‍ കടന്നത്. മുറിയുടെ ജനലുകളും വാതിലുകളും വായു പുറത്തുപോകാത്തവിധം കടലാസ് ഒട്ടിച്ചുവെച്ചിരുന്നു.
ഓണ്‍ലൈനിലൂടെയാണ് രാസവസ്തുക്കള്‍ വരുത്തിയതെന്ന് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. ആഷിഫ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കംചെയ്തിട്ടുണ്ട്.
അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറാണ് ആഷിഫ്. നിലവില്‍ വീട്ടിലിരുന്നാണ് ജോലിചെയ്തിരുന്നത്. എറണാകുളം കാക്കനാട് സ്വദേശിയാണ് അബീറ.
റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജു, കൊടുങ്ങല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ ബ്രിജുകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി മേല്‍നടപടി സ്വീകരിച്ചു. പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നിശ്ശബ്ദകൊലയാളി എന്നു പേരുള്ള വിഷവാതകം. കാര്‍ബണും ഓക്‌സിജനും േചര്‍ന്നുണ്ടാകുന്ന ഈ വാതകത്തിന് നിറമോ മണമോ ഇല്ല. തൂക്കവും കുറവാണ്. ഓക്‌സിജന്റെ കുറവുമൂലം ജ്വലനം പൂര്‍ണമാകാത്തപ്പോഴാണ് ഇത് സാധാരണയായി ഉണ്ടാകുക.
വാതകം രക്തത്തില്‍ കലര്‍ന്നാല്‍ കാര്‍ബോക്‌സി ഹീമോഗ്ലോബിനുണ്ടാകും. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവിനെ ദോഷകരമാംവിധത്തില്‍ നിയന്ത്രിക്കും. അളവില്‍ കൂടുതല്‍ വാതകം ശ്വസിച്ചാലാണ് മരണം സംഭവിക്കുക.
വായുസഞ്ചാരമില്ലാത്ത മുറികളില്‍ ഇവ ശ്വസിച്ചാല്‍ മാരകമാകും