കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം.

ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. സംഭവത്തിനു പിന്നിൽ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നൽകിയിരുന്നു.

അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദര‌‌ീഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.

കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെതന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.