Kerala

8-ാം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ കണ്ടക്ടർ അറസ്റ്റിൽ. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ (31) ആണ് അറസ്റ്റിലായത്. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ വെച്ചാണ് കുട്ടിയെ ഇരയാക്കിയത്. ക്രൂരതയ്ക്ക് ഒത്താശ ചെയ്തു കൊടുത്ത ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ എബിനെയും (35) പോലീസ് പിടികൂടി.

ഇവരുടെ സുഹൃത്തായ കണ്ടക്ടർ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് അന്വേഷണം നടത്തി വരികയാണ്. ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാർത്ഥിനി. വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവെച്ചാണ് പെൺകുട്ടിയെ വശീകരിച്ചത്. 15ന് ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി.

പനിയാണെന്നു പറഞ്ഞ് അഫ്‌സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചു വരുത്തുകയും ചെയ്തു. അഫ്‌സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്ക്ക് 1.30നുള്ള ട്രിപ് ആളില്ലെന്ന കാരണത്താൽ മുടക്കിയ ശേഷം, പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റിയ ശേഷം കണ്ടക്ടറും ഡ്രൈവറും ഷട്ടർ താഴ്ത്തി പുറത്തു പോവുകയായിരുന്നു.

ഇതിനിടെ ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസിനുള്ളിൽ നിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർഥിനിയെ പൊലീസ് മെഡിക്കൽ പരിശോധനയ്ക്കും കൗൺസലിങ്ങിനും വിധേയമാക്കുകയും ചെയ്തു.

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുൻപിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് (19) കൊല്ലപ്പെട്ടത്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് സംഭവം. പ്രതിയായ നഗരത്തിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ട കെ.ടി. ​ജോമോന്റെ അറസ്റ്റ് രേഖപ്പെടുത്തി.

യുവാവിനെ കൊലപ്പെടുത്തിയതായി ജോമോൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. യുവാവിനെ കൊന്നുവെന്ന് പറഞ്ഞ് ജോമോൻ പൊലീസ് സ്റ്റേഷന് മുമ്പിൽ കൊണ്ടിടുകയായിരുന്നു. ഉടൻ തന്നെ ഷാനിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഷാനിനെ ​ജോമോൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയ ഷാനിനെ പലയിടങ്ങളിലേക്ക് കൊണ്ടുപോയി. ഇതി​നിടെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പുലർച്ചെ മൂന്നോടെ മൃതദേഹം തോളിലേറ്റി ജോമോൻ പൊലീസ് സ്റ്റേഷനി​​ലെത്തിക്കുകയും ചെയ്തു. നാലുപേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

മകനെ കാണാനില്ലെന്ന പരാതിയുമായി ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. നഗരത്തിലെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം… നിറക്കണ്ണുകളോടെ സദൻ പറയുന്നു.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. സദന് രണ്ടു മക്കള്‍ ആണ് ഉള്ളത്. സനീഷ് സദനും , സഞ്ജയ് സദനും. ഇരുവരും വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ഏറെ ആരോ​ഗ്യപ്രശ്നങ്ങൾ സദനെ അലട്ടിയിരുന്നു. ഈ പ്രശ്നങ്ങൾക്ക് ഇടയിലാണ് ഭാ​ഗ്യകടാക്ഷം.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും നിറക്കണ്ണുകളോടെ സദനും കുടുംബവും പറയുന്നു.

 

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ ആശുപത്രിയിൽ. തുടർച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ഥ്യം നേരിട്ട പൾസർ സുനിയെ തൃശൂർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മാനസിക സംഘർഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പൾസർ സുനി ആശുപത്രിയിലെത്തിച്ചത്.

സെക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ പൾസർ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂവെന്നും താരം പറഞ്ഞു.

എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനും ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.

ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്.

സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി പറഞ്ഞു. ‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.

അവരുടെയൊക്കെ പ്രൊഡക്ഷൻ ഹൗസിൽ ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം.

എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‌ലൈൻ മാത്രം വന്നിട്ടുപോയാൽ പോരാ. നിയമപരമായിട്ട് കംപ്ലെയിൻറ് സെൽ പ്രൊഡക്ഷൻ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവുമെന്നും പാർവതി പറഞ്ഞു.

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.

അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്​.

ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.

പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു​ ബാങ്ക്​ അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്​.

ബലാത്സംഗ കേസില്‍ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി സി ജോര്‍ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടിക്കാഴ്ച്ച നടത്തിയത്. വിട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കനെ ആലിംഗനം ചെയ്തും കൈയില്‍ മുത്തിയുമാണ് പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തത്.സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ് പറഞ്ഞു. മതവിശ്വാസവും കുടുംബ ജീവിതവും തകര്‍ത്ത് നക്‌സലിസവും കമ്മ്യൂണിസവും വളര്‍ത്താനാകുമെന്ന് തെറ്റായ ധാരണയാണ് ഇതിനെല്ലാം കാരണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാല്‍ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യന്‍ മതവിശ്വാസികള്‍ക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്.’അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികള്‍ ചെയ്ത മര്യാദകേടാണ് താന്‍ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. ലോകം മുഴുവന്‍ ബ്ലാക്ക് മാസിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

കേസിന്റെ വിധി പുറത്തുവന്നപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുന്‍ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തി. അപ്പീല്‍ കൊടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഹരിശങ്കര്‍ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോര്‍ജ് പറഞ്ഞു. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സര്‍ക്കിളിനേയും മഠത്തില്‍ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. താന്‍ രാത്രിചെല്ലുമ്പോള്‍ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.

വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിഐപിയെ തിരിച്ചറിയാൻ പോലീസ് കാണിച്ച ചിത്രങ്ങളിൽ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ ഘട്ടത്തിൽ വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നിൽ മെഹബൂബിന്റേതുമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിനിടെ, വാർത്തകളിൽ പറയുന്ന വിഐപി താൻ അല്ലെന്ന് വ്യക്തിമാക്കി മെഹബൂബ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമർശം.

ബാലചന്ദ്രകുമാർ പറഞ്ഞത്: ”വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാൻ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതിൽ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാൻ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പോലീസിനോട് പറഞ്ഞാൽ മതി.”-ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം, ദിലീപിന്റെ വീട്ടിൽ പോയ ദിവസം തനിക്ക് ഇപ്പോൾ ഓർമയില്ലെന്ന് മെഹബൂബ് പറഞ്ഞു. രേഖകൾ നോക്കി ആ ദിവസം കൃത്യമായി പറയാൻ സാധിക്കും. പോലീസിന് മുന്നിൽ സംശയം തോന്നുന്നവരുടെ ഫോട്ടോകൾ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാൻ തെറ്റുകാരൻ ആവണമെന്നുണ്ടോ? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു. തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.

ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.

കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം. പൂമാലകൾ അണിയിച്ചും കതിനകൾ പൊട്ടിച്ചുമാണ് സ്വീകരിച്ചത്. വിശ്വാസികളും ബന്ധുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാനായി തൃശൂർ മറ്റത്ത് തടിച്ചു കൂടിയത്.

കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിക്കുകയായിരുന്നു. ആദ്യം ബിഷപ്പ് മറ്റം പള്ളിയിൽ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിലെ ആരാധനാ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് 105 കതിനയാണ് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് ഫ്രാങ്കോയ്ക്ക് വേണ്ടി 105 കതിനകൾ പൊട്ടിച്ചത്.

വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരുന്നു ഫ്രാങ്കോയുടെ മടക്കം. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലും പോയി. ഇവിടെയും നിരവധി പേരാണ് ബിഷപ്പിനെ സ്വീകരിക്കാനായി കാത്തുനിന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.

തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.

RECENT POSTS
Copyright © . All rights reserved