സംസ്ഥാനത്ത് സിൽവർലൈൻ സർവേ വീണ്ടും ആരംഭിച്ചതിനു പിന്നാലെ തിരുവനന്തപുരത്തും കണ്ണൂരിലും സർവേക്കായി എത്തിയവരെ തടഞ്ഞു നാട്ടുകാരും സമരക്കാരും. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ പോലീസ് ചവിട്ടി വീഴ്ത്തി. സമരക്കാരെ പോലീസുകാരൻ ചവിട്ടുന്ന ദൃശ്യം പുറത്തു വന്നതിനെ തുടർന്നു വ്യാപക പ്രതിഷേധം ഉയർന്നു.
മംഗലപുരം മുരുക്കുംപുഴയ്ക്കടുത്ത് കരിച്ചാറയിൽ സർവേക്കായി എത്തിയ കെ-റെയിൽ അധികൃതരെയും റവന്യൂ അധികൃതരെയുമാണ് നാട്ടുകാരും കോണ്‍ഗ്രസ് പ്രവർത്തകരും തടഞ്ഞത്. പോലീസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടു കോണ്‍ഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തോടെയാണ് അതിരടയാള കല്ലിടാനായി ഉദ്യോഗസ്ഥർ എത്തിയത്. അതിനു മുന്‍പു തന്നെ നാട്ടുകാരും പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. തുടർന്ന് കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉന്തിനും തള്ളിനുമിടയിൽ ഒരു പ്രവർത്തകനെ പോലീസ് നാഭിക്കു ചവിട്ടി വീഴ്ത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. സംഘർഷം കണക്കിലെടുത്ത് സർവേ നടപടികൾ നിർത്തി ഉദ്യോഗസ്ഥർ മടങ്ങി.
എന്തു സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ലെന്നു പ്രതിഷേധക്കാർ വ്യക്തമാക്കി. നേരത്തെയും ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോണ്‍ഗ്രസ് പ്രവർത്തകർ പിഴുതെറിയുകയായിരുന്നു.
കണ്ണൂർ ചാലയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ സർവേക്കല്ലുകൾ പിഴുതു മാറ്റി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി സമരത്തിന് നേതൃത്വം നൽകി. പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ചാലയിൽ സർവേ കല്ലുമായി വന്ന വാഹനം ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഉച്ചയോടെ തടഞ്ഞിരുന്നു. മുദ്രാവാക്യവുമായി സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും സ്വകാര്യഭൂമിയിൽ കുറ്റിയിടാൻ അനുവദിക്കില്ലെന്നു പറഞ്ഞ് പ്രതിഷേധിച്ചു. 40 പേരെ എടക്കാട് പോലീസ് അറസ്റ്റ്ചെയ്തു നീക്കി. ഈ സംഭവത്തിനുശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കുറ്റികൾ പിഴുതുമാറ്റിയത്.
കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം അക്ഷരംപ്രതി നടപ്പാക്കുമെന്ന് പിന്നീട് സ്ഥലത്തെത്തിയ കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.കെ. സുധാകരൻ ചാലയിലെ വീടുകളിലെത്തി വീട്ടമ്മമാരടക്കമുള്ളവരുമായി സംസാരിച്ചു. വീടിനു സമീപം സ്ഥാപിച്ച കെ-റെയിൽ കല്ലുകൾ പിഴുതെറിയാൻ അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു. തുടർന്ന് 18 സർവേ കല്ലുകളാണ് കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പിഴുതു മാറ്റിയത്.
പോലീസുകാരൻ ബൂട്ടിട്ട് സമരക്കാരനെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു നിർദേശം. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക്, റൂറൽ എസ്പി നിർദേശം നൽകി.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
കാലുയർത്തുന്നതിനു മുന്‍പ് മൂന്നുവട്ടം ആലോചിക്കണം: വി.ഡി. സതീശൻ
പോത്തൻകോട്: ബൂട്ടിട്ടു ചവിട്ടിയ പോലീസുകാർക്കെതിരേ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോണ്‍ഗ്രസ് പ്രവർത്തകർക്കു നേരേ കാലുയർത്തുന്നതിനു മുന്‍പു മൂന്നു വട്ടം ആലോചിക്കണം. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തന്റെ വാക്കുകൾ ഭീഷണിയായി വേണമെങ്കിൽ കാണാമെന്നും സതീശൻ പറഞ്ഞു.
കേരളം പിണറായിക്ക് തീറെഴുതി കിട്ടിയതല്ല : കെ. സുധാകരൻ
ബസ്സില്‍ കുഴഞ്ഞു വീണ യുവാവിന് സഹയാത്രികയായ നഴ്‌സിന്റെ കരുതലില്‍ പുതുജീവിതം. അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിലെ ഐസിയു സ്റ്റാഫ് നേഴ്‌സ് ആയ ഷീബ അനീഷിന്റെ അവസരോചിത ഇടപെടലില്‍ അങ്കമാലി സ്വദേശി വിഷ്ണു(24) വിനാണ് ജീവിതം തിരിച്ചുകിട്ടിയത്.
അങ്കമാലി സ്വദേശിനിയായ ഷീബ ജോലി കഴിഞ്ഞു വീട്ടിലേക്കു കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുമ്പോഴാണ് 16ാം തിയതി രാവിലെ സംഭവം ഉണ്ടായതു. തിരക്കുണ്ടായിരുന്നതിനാല്‍ പുരുഷന്‍മാരുടെ ഭാഗത്തു കൂടിയാണ് ബസില്‍ കയറിയത്. മുന്നോട്ടു മാറി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരാള്‍ തോണ്ടുന്നതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോഴാണ് കറുകുറ്റിയില്‍നിന്നു കയറിയ യുവാവ് പുറകിലോട്ടു മറിഞ്ഞു വീഴുന്നതു കാണുന്നത്.
പിന്നിലുണ്ടായിരുന്നവരോടു പിടിക്കാന്‍ പറഞ്ഞെങ്കിലും അതിനു മുന്‍പേ വീണു കഴിഞ്ഞിരുന്നു. കൂടെയുള്ളവരോടു സഹായം തേടി കാലു ഫുഡ്‌ബോഡില്‍നിന്നു മാറ്റിവച്ചു കിടത്തി പള്‍സ് പരിശോധിച്ചെങ്കിലും ലഭിച്ചില്ല. ഓടുന്ന ബസിലായതു കൊണ്ടും പള്‍സ് കൃത്യം അറിയാന്‍ സാധിക്കാതെ വന്നു.
പള്‍സ് കിട്ടാതെ വന്നതോടെ സിപിആര്‍ നല്‍കാനാണ് തോന്നിയത്. നൂറോ സര്‍ജറി ഐസിയുവില്‍ ജോലി ചെയ്യുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും അടിയന്തര ചികിത്സ നല്‍കാനുള്ള മനസ്സുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാമെന്നു പറഞ്ഞെങ്കിലും ബസ് നിര്‍ത്താന്‍ പറ്റില്ലെന്ന നിലപാടാണ് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്നുമുണ്ടായത്. സഹയാത്രികരോട് ഫോണ്‍ എടുത്തു തരാന്‍ പറഞ്ഞ് ആശുപത്രിയിലേക്കു വിളിച്ച് ഐസിയു ആംബുലന്‍സ് അയയ്ക്കാന്‍ നിര്‍ദേശം നല്‍കി.
ആദ്യ സിപിആര്‍ കൊടുത്തതോടെ ആള്‍ അനങ്ങാന്‍ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആര്‍ ചെയ്തു. ഇതിനിടെ യുവാവ് ഫിക്‌സിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകള്‍ നല്‍കി. ഇതിനിടെ ഉണര്‍ന്ന യുവാവ് ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോകണമെന്നു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അടുത്ത സ്റ്റോപ്പില്‍ നിര്‍ത്താമെന്നാണു ബസ് ജീവനക്കാര്‍ പറഞ്ഞത്.
അങ്കമാലിയില്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചു തുടര്‍ ചികിത്സ നല്‍കുകയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകള്‍ക്കായി എത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു.
എറണാകുളം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തില്‍ ഇടപെടാനുള്ള ധൈര്യം നല്‍കിയതെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഏഴു മാസമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ന്യൂറോ സര്‍ജറി ഐസിയുവിലാണ് ജോലി. ഭര്‍ത്താവ് പി.എസ്.അനീഷ് പിറവം ചിന്‍മയ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടറാണ്.
ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോള്‍ ദിലീപിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍.
മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയില്‍ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാന്‍ ദിലീപ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി. താന്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോള്‍ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ ഭാഗ്യലക്ഷ്മി പറഞ്ഞു..
ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:
ഒരുപാട് കഥകളിവര്‍ നിര്‍മ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവര്‍ തമ്മില്‍ സംസാരിച്ച കുറേ അധികം ശബ്ദങ്ങള്‍ പുറത്ത് വന്നിരുന്നു. പറയാതെ ഡാന്‍സിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയില്‍ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതില്‍ ഒരു വിഷയത്തില്‍ ഞാനൊരു ദൃക്‌സാക്ഷിയാണ്. ദൃക്‌സാക്ഷിയെന്ന് വച്ചാല്‍ ഞാനൊരു ഭാഗമാണ് ആ വിഷയത്തില്‍. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തില്‍ ഡാന്‍സ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാന്‍ വായിച്ചു.
അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവര്‍ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങള്‍ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാന്‍സിന് എന്ന്. ഞാന്‍ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു. ഞാന്‍ ഗീതു മോഹന്‍ദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാല്‍, ഞാന്‍ നമ്പര്‍ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്.
അന്ന് ദിലീപും മഞ്ജുവും തമ്മില്‍ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാന്‍ തോന്നിയില്ല. ഞാന്‍ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാന്‍സ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാന്‍ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാന്‍ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോള്‍ അവിടെ കഴിഞ്ഞു. അവര്‍ രണ്ട് പേരും തമ്മില്‍ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവര്‍ ഓക്കെ പറഞ്ഞു. നല്ല രീതിയില്‍ ഒരു പേയ്‌മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാന്‍ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നതുകൊണ്ടാണ് ഞാന്‍ ഇത് പറഞ്ഞത്.
അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോള്‍ വന്നു. നോക്കുമ്പോള്‍ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തത് എന്ന് ചോദിച്ചു. ഡാന്‍സ് ഫിക്‌സ് ചെയ്ത് കൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവള്‍ അത് കളിക്കാന്‍ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്. ചേച്ചി പറഞ്ഞാ കേള്‍ക്കും എന്ന് പറഞ്ഞു.
അപ്പോ ഞാന്‍ പറഞ്ഞു 14 വര്‍ഷം കൂടെ ജീവിച്ച നിങ്ങള്‍ക്കവളെ സ്വാധീനിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാന്‍ കഴിയും, ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.
അപ്പോ ഞാന്‍ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കില്‍ ഡാന്‍സ് നിര്‍ത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാന്‍ ഡീല്‍ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവര്‍ ഡാന്‍സ് കളിച്ചു. ഇതാണ് ആ വിഷയത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്നത്. അല്ലാതെ അവര്‍ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. ഗുരുവായൂര്‍ ഡാന്‍സ് കളിക്കാന്‍ പോവുന്നതിന് മുന്‍പ് ഒക്കെ ഞാന്‍ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്.
വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാന്‍സ് കളിക്കുന്നതിന് മുന്‍പ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോള്‍ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്. ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെര്‍മിഷനോട് കൂടി ഞാന്‍ ഇപ്പോള്‍ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാര്‍ത്തകള്‍ വരാതിരിക്കാനാണ് പറയുന്നത്.
നടിയുടെ വിഷയമുണ്ടായ സമയത്ത് ഇദ്ദേഹമൊരു ഇന്റര്‍വ്യൂവില്‍ പറയുകയുണ്ടായി, കൂടാന്‍ പാടില്ലാത്ത ആള്‍ക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്. അപ്പൊ ഇദ്ദേഹം നില്‍ക്കുന്ന അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ മോശമായ അവസ്ഥയില്‍ എത്തി നിന്നത്. അപ്പൊ ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യര്‍ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയില്‍ വന്നു നിങ്ങള്‍ അവര്‍ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയില്‍ ഇങ്ങനെ പറഞ്ഞാല്‍ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്.
ചെന്നൈയിൽ മകന് വിഷംനൽകിയ ശേഷം മലയാളി വീട്ടമ്മ ജീവനൊടുക്കി. അമ്പത്തൂർ രാമസ്വാമി സ്കൂൾ റോഡിൽ ലത (38) യും മകൻ തവജും (14) ആണ് ജീവിതം അവസാനിപ്പിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. ഇരുവരും കണ്ണൂർ സ്വദേശികളാണ്.
അമ്മയെ അബോധാവസ്ഥയിൽ കണ്ട തവജ് ചൊവ്വാഴ്ച രാവിലെ അയൽവാസിയെ വിവരമറിയിച്ചു. അവർ വന്നുനോക്കിയപ്പോൾ ലതയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനിടയിൽ തവജും അബോധാവസ്ഥയിലായി.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. സംഭവത്തിൽ അമ്പത്തൂർ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സാമ്പത്തിക പ്രയാസത്തെത്തുടർന്ന് ലത മകന് വിഷംനൽകി ജീവനൊടുക്കിയെന്നാണ് നിഗമനം. സാമ്പത്തികഞെരുക്കം കാരണം ഇവർ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികൾ വെളിപ്പെടുത്തി. 15 വർഷംമുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയായത്.
നാലുവർഷം മുമ്പ് ബന്ധം വേർപെടുത്തി. അതിനുശേഷം ലത മകനുമൊത്ത് തനിച്ചു താമസിക്കുകയായിരുന്നു. തവജ് അമ്പത്തൂരിൽ സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്.
മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് വിഭജനം സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പായില്ല. തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയും അലസിപ്പിരിഞ്ഞു. ഈ ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും.
ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നാണ് മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെബി ഗണഷ്‌കുമാർ എംഎൽഎ എന്നിവരാണു കേസിലെ എതിർകക്ഷികൾ. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചർച്ചയിൽ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെബി ഗണേഷ്‌കുമാർ സമയം ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു ഗണേഷ്‌കുമാർ തയാറായില്ല.
ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നത്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്.ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ. എൻ സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
അതേസമയം, ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഉള്ളതെന്നു കോടതിയിൽ മകൾ ഉഷ മോഹൻദാസ് സത്യവാങ്മൂലം സമർപ്പിച്ചു. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. കൂടാതെ 270 പവൻ സ്വർണാഭരണങ്ങളും ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം. രേഖ ചോര്‍ന്നത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു.
ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും തുടര്‍നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തും.
കഴക്കൂട്ടം: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും രക്ഷകനായി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുഞ്ഞ് ഇസാനും കുടുംബത്തിനുമാണ് സ്പീക്കറുടെ അടിയന്തിര ഇടപെടല്‍ ജീവിതം തിരിച്ചുനല്‍കിയത്.
കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരം കുറക്കോട് എത്തിയപ്പോഴായിരുന്നു റോഡില്‍ ഒരു കുഞ്ഞ് കിടക്കുന്നത് കണ്ടത്. വഴിയരികില്‍ വാഹനം നിര്‍ത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും കണ്ടു. തൊട്ടടുത്തായി കുഞ്ഞിന്റെ മാതാവിനെയും പരിക്കുപറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഒപ്പം കുഞ്ഞ് ഇസാനെ സ്പീക്കറും ഒപ്പമുണ്ടായിരുന്ന പി.എ സുധീഷും ചേര്‍ന്ന് വാരിയെടുത്തു. സ്പീക്കറുടെ വാഹനത്തില്‍ കയറ്റി തൊട്ടടുത്തുള്ള കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു.നിലവില്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണിയാപുരം ജൗഹറ മന്‍സിലില്‍ ഷെബിന്‍, ഭാര്യ സഹ്‌റ, ഏഴു മാസം പ്രായമുള്ള മകന്‍ ഇസാന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. എതിരെ വന്ന മറ്റൊരു വാഹനം തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഷെബിനാണ് വാഹനം ഓടിച്ചിരുന്നത്.
സഹ്‌റക്കും മകന്‍ ഇസാനുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇസാന്റെ തലക്കും സഹ്‌റയുടെ ഇടത് കാലിനും തലക്കും കഴുത്തിനുമാണ് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ എത്തിയതിന് ശേഷവും സ്പീക്കര്‍ എം.ബി രാജേഷ് കുടുംബത്തിന് ചികിത്സക്ക് വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നു. കുടുംബത്തെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കാനും സ്പീക്കര്‍ മറന്നില്ല. ഈ ജന്മം മറക്കാനാകാത്ത അത്രയും വലിയ കാര്യമാണ് സ്പീക്കര്‍ ചെയ്തതെന്നും അദ്ദേഹത്തിനോട് ഏറെ നന്ദി ഉണ്ടെന്നും ഇസാന്റെ പിതാവ് ഷെബിന്‍ പറഞ്ഞു.
പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.
കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെയെത്തിയാണ് ശ്രീനിവാസന് നേരെ ആക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ കൊലക്കേസില്‍ പൊലീസ് നേരത്തെ അറിയിച്ച ശഖ്വാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ക്ക് പുറമെ പട്ടാമ്പി സ്വദേശിയും ഉള്‍പ്പെടുന്നു എന്നാണ് പുതിയ വിവരം. കൊലപാതകങ്ങളില്‍ ആറ് പ്രതികളുണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് എലപ്പുളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ഏപ്രില്‍ 20 വരെ നിരോധനാജ്ഞ നിലനില്‍ക്കും. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും തനിയ്ക്ക് വധഭീഷണിയുണ്ടായെന്ന് അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്.
എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ജോസില്‍ നിന്നും വധഭീഷണിയുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നിരുന്നു. വാഴൂര്‍ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കര്‍മ്മത്തില്‍ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ പ്രതീഷ് ശേഖര്‍ എന്ന വ്യക്തിയ്ക്ക് വര്‍ക്ക് നല്‍കിയിരുന്നു. ഉടന്‍ ഞാന്‍ നിര്‍മ്മാതാവ് സിഎച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടന്‍ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് അറിഞ്ഞത്.
വാഴൂര്‍ ജോസ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താനാണ് പിആര്‍ഒ എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാന്‍ ഫേസ്ബുക്കില്‍ പിആര്‍ഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമര്‍ ലുലു പറയുന്നു.
ഇതിന് പിന്നാലെയാണ് വാഴൂര്‍ ജോസിന്റെ ഭീഷണി കോള്‍ വന്നത് എന്ന് ഒമര്‍ ലുലു പറയുന്നു. ‘ഒമര്‍ എന്തിനാണ് എഫ്ബിയില്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് വാഴൂര്‍ ജോസ് ചോദിച്ചു. ജോസേട്ടനെ ഞാന്‍ പിആര്‍ഒ ജോലി ഏല്‍പ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കിയത് ഏന് ഞാനും ചോദിച്ചു. ഒമറേ അങ്ങനെ ആണെങ്കില്‍ നിനക്കുള്ള പണി ഞാന്‍ തരാം. നിന്നേ തീര്‍ത്തുകളയും എന്ന് വാഴൂര്‍ ജോസ് ഭീഷണിപ്പെടുത്തി,’. ഒമര്‍ ലുലു പറഞ്ഞു.
ഇന്നാണ് പുതിയ സിനിമകള്‍ക്കായി വാഴൂര്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിച്ചതായി ഒമര്‍ ലുലു അറിയിച്ചത്. ‘മലയാള സിനിമയില്‍ നമ്മള്‍ വര്‍ഷങ്ങളായി കാണുന്ന ഒരു പേരാണ് പിആര്‍ഒ വാഴൂര്‍ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു. പവര്‍സ്റ്റാറിന്റെയും നല്ലസമയത്തിന്റെയും പിആര്‍ഒ ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു പ്രതീഷ് ശേഖര്‍ മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ’ എന്നൊരു പോസ്റ്റും അദ്ദേഹത്തെ പങ്കുവെച്ചിരുന്നു.
‘പവര്‍ സ്റ്റാര്‍’, ‘നല്ല സമയം’ എന്നീ സിനിമകളാണ് ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാറിന് തിരക്കഥ എഴുതിയത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. പവര്‍ സ്റ്റാര്‍ തിയേറ്ററിലും നല്ല സമയം ഒടിടിയിലുമായിരിക്കും റിലീസ് ചെയ്യുകയെന്ന് ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു.
റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാറിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ റാണിയെയും മകളേയും വാഹനാപകടത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. കഴിഞ വെള്ളിയാഴ്ച കാക്കനാട്ട് വച്ചായിരുന്നു സംഭവം. അതേ സമയം സംഭവത്തിൽ ഇതുവരെ പോലീസിന് ആരും പരാതി നൽകിയിട്ടില്ല.
ദുഖവെള്ളിയാഴ്ചയായിരുന്നു സംഭവം. റാണിയുടെ അടുത്ത ബന്ധു കാക്കനാട്ടാണ് താമസം. ഇവരുടെ വീട്ടിൽ നിന്നും ഇവിടെ രാവിലെ പള്ളിയിൽ പോകുകയായിരുന്നു റാണിയും മകളും. നടന്നു പോകുന്നതിനിടെ ദൂരദർശൻ കേന്ദ്രത്തിന് സമീപത്തിനടുത്തുവച്ച് ഒരു വാൻ ഇവർക്കു നേരെ പാഞ്ഞടുത്തത്.
വാഹനം കാലിൽ ഉരസി അതിവേഗം കടന്നു പോയി. പിന്നീട് പുറകോട്ടും ആഞ്ഞു വന്നു. ഒഴിഞ്ഞു മാറിയതു കൊണ്ട് റാണിയും കുട്ടിയും രക്ഷപ്പെടുകയായിരുന്നു.
പരിഭ്രമത്തിനിടയിൽ വാഹനത്തിൻ്റെ നമ്പർ തിരിച്ചറിയാനായില്ലെന്നാണ് വിവരം. ഒരു സാധാരണ അപകടം ആയിരുന്നോ ഇത് എന്ന സംശയം ഇവർക്ക് തോന്നിയെങ്കിലും ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.