വരാപ്പുഴ പീഡനക്കേസ് പ്രതിയെ മഹാരാഷ്ട്രയിൽ രണ്ടുപേർ ചേർന്ന് അടിച്ച് കൊന്ന് കിണറ്റിലിട്ടു. കണ്ണൂർ സ്വദേശി വിനോദ് കുമാറിന്‍റെ മൃതദേഹമാണ് കിണറ്റിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. വരാപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതടക്കം കേസുകളിൽ 25 ലേറെ വാറന്‍റുകൾ നിലനിൽക്കെ ഒളിവിൽ പോയതാണ് വിനോദ് കുമാർ. റായ്‍ഗഡിലെ കാശിഥ് ഗ്രാമത്തിലുള്ള ഒരു റിസോർട്ടിൽ മസാജിംഗ് പാർലറിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. റിസോർട്ടിന് സമീപത്തെ ആദിവാസി കോളിനിയിലെത്തി വിനോദ് കുമാർ മദ്യപിക്കാറുണ്ടായിരുന്നെന്ന് റായ്‍ഗഡ് പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ എട്ടാം തിയ്യതി മദ്യപാനത്തിനിടെ തർക്കമുണ്ടാവുകയും രണ്ടുപേർ ചേർന്ന് വിനോദിനെ അടിച്ച് കൊന്ന് കിണറ്റിൽ കെട്ടിത്താഴ്ത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ആദിവാസി യുവാക്കളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡിൽ തന്നെ സംസ്കരിച്ചു. വരാപ്പുഴ കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
രഞ്ജി ട്രോഫിയിൽ മേഘാലയയ്ക്കെതിരേ തകർപ്പൻ ജയത്തോടെ കേരളം തുടങ്ങി. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയിച്ചത്. രണ്ടു ഇന്നിംഗ്സിലുമായി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ ഏദൻ ആപ്പിൾ ടോം മാൻ ഓഫ് ദ മാച്ചായി. മേഘാലയയുടെ രണ്ടാം ഇന്നിംഗ്സ് 191 റണ്‍സിൽ അവസാനിച്ചു. ബേസിൽ തമ്പി നാലും ജലജ് സക്സേന മൂന്നും ഏദൻ രണ്ടു വിക്കറ്റുകൾ നേടി. ചിരാഗ് കുർന (75), ദുപ്പു സാഗ്മ (പുറത്താകാതെ 55) എ്ന്നിവർ മാത്രമാണ് മേഘാലയ്ക്കായി തിളങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ മേഘാലയ 148 റണ്‍സിന് പുറത്തായിരുന്നു.
പൊന്നൻ രാഹുൽ (147), രോഹൻ എസ്. കുന്നുമ്മൽ (107), വത്സൽ ഗോവിന്ദ് (106) എന്നിവരുടെ സെഞ്ചുറി കരുത്തിൽ കേരളം ആദ്യ ഇന്നിംഗ്സിൽ 505 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. മത്സരം ജയിച്ചതോടെ കേരളത്തിന് ഏഴ് പോയിന്റുകൾ ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് സഞ്ജുവിന് ഇടം ലഭിച്ചത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ ഇഷാൻ കിഷനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. മുൻ നായകൻ വിരാട് കോഹ്ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
രോഹിത് ശർമ നായകനാകുന്ന 18 അംഗ ടീമിൽ പരിക്ക് മാറി രവീന്ദ്ര ജഡേജയും സ്ഥാനം പിടിച്ചു. ജസ്പ്രീത് ബുംറയെ ട്വന്റി-20, ടെസ്റ്റ് ടീമുകളുടെ ഉപനായകനായും നിയമിച്ചിട്ടുണ്ട്. ഓൾറൗണ്ടർ ഷർദുൽ ഠാക്കൂറിനും വിശ്രമം അനുവദിച്ചു. മൂന്ന് ട്വന്റി-20 മത്സരങ്ങളാണ് ശ്രീലങ്കയ്ക്കെതിരേ ഇന്ത്യ കളിക്കുന്നത്. ഫെബ്രുവരി 24ന് ലക്നോവിലാണ് ആദ്യ മത്സരം. പിന്നാലെ 26, 27 തീയതികളിൽ രണ്ടും മൂന്നും മത്സരങ്ങൾക്ക് ധർമശാല വേദിയാകും.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക് വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വെങ്കിടേഷ് അയ്യർ, ദീപക് ചഹർ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹൽ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, ആവേഷ് ഖാൻ
പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കെ.കണ്ണപുരം പാലത്തിനു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു മരിച്ചതു കണ്ണൂരിലെ വ്യാപാരിയും ഹോട്ടൽ ഉടമയുടെ ഭാര്യയും. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. മൂകാംബിക ദർശനം കഴിഞ്ഞു കണ്ണൂരിലേക്കു തിരിച്ചു വരുന്ന വഴിയാണ് അപകടമുണ്ടായത്. കണ്ണൂർ അലവിൽ സ്വദേശി കക്കിരിക്കൽ ഹൗസിൽ കൃഷ്ണൻ-സുഷമ ദന്പതികളുടെ മകനും കണ്ണൂർ എംഎ റോഡിലെ പ്രേമ കൂൾബാർ ഉടമയുമായ ഒ.കെ.പ്രജിൽ (34), ചിറക്കൽ പുതിയാപറന്പ് സ്വദേശിനിയും കണ്ണൂർ പുലരി ഹോട്ടൽ ഉടമ വിജിനിന്റെ ഭാര്യയുമായ പൂർണിമ (30) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ എകെജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രജിലിന്റെ ഭാര്യ നീതു (28), മകൾ ആഷ്മി (7), പൂർണിമയുടെ ഭർത്താവ് കെ.വിജിൻ (35), മക്കളായ അനുഖി, അയാൻ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് രണ്ടു കുടുംബംഗങ്ങളും ചേർന്ന് മൂകാംബിക ദർശനത്തിനായി പോയത്. ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന വിജിൻ ഉറങ്ങിപ്പോയതാകും അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിൽ കാർ നിശേഷം തകർന്നു.
പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആർഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്.
ഇപ്പോള്‍ താൻ എച്ച്ആർഡിഎസിന്റെ ജോലിക്കാരിയാണെന്നു സ്വപ്ന കൂട്ടിച്ചേർത്തു. സ്വപ്ന പുതിയ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ അവരുടെ നിയമനം റദ്ദാക്കാൻ തീരുമാനിച്ചിരുന്നു.
സ്വപ്നയ്ക്കു ജോലി നൽകിയതു നിയമവിരുദ്ധമാണെന്നും തനിക്കോ ബോര്‍ഡിനോ പങ്കില്ലെന്നും ഡൽഹി ആസ്ഥാനമായ സര്‍ക്കാരിതര സംഘടനയായ എച്ച്ആർഡിഎസിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാർ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാക്കുകൾ;
ഈ സ്ഥാപനവുമായി നേരത്തേ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ ലഭിച്ച സഹായമാണു ജോലി. ജോലി ലഭിക്കുന്നതിനായി ഒരുപാടു പേരെ സമീപിച്ചിരുന്നു. ജോലി തരാൻ പേടിയാണെന്നു പലരും പറഞ്ഞു. അനിൽ എന്നൊരു സുഹൃത്ത് വഴിയാണ് എച്ച്ആർഡിഎസിൽ ജോലിക്ക് അവസരം കിട്ടിയത്.
രണ്ടു റൗണ്ട് അഭിമുഖങ്ങൾക്കു ശേഷമായിരുന്നു നിയമനം. സ്ഥാപനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും രാഷ്ട്രീയം വലിച്ചിടുന്നത്? വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാനാകൂ. എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളർത്തട്ടെ, ജീവിക്കാൻ അനുവദിക്കണം
ബാലുശേരി: പത്ത് ദിവസം മുന്‍പ് വിവാഹിതയായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇയ്യാട് നീറ്റോറ ചാലില്‍ ജിനു കൃഷ്ണന്റെ ഭാര്യ തേജ ലക്ഷ്മിയാണ് (18) ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തേജ അനക്കമില്ലാതെ കിടക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞതനുസരിച്ചാണ് വീട്ടുകാര്‍ മുറിയില്‍ എത്തിയത്. അവര്‍ നോക്കുമ്പോള്‍ തേജയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു.
എന്നാല്‍ ജനല്‍ കമ്പിയില്‍ തുണി കുരുക്കിട്ട് കെട്ടിയിരുന്നു. കഴിഞ്ഞ 9ന് ആണ് ഇരുവരും വിവാഹിതരായത്. തേജ ഓമശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് കോഴ്‌സിനു ചേര്‍ന്നിരുന്നു.
മാനിപുരം കാവില്‍ മുണ്ടേംപുറത്ത് പരേതനായ സുനിലിന്റെയും ജിഷിയുടെയും മകളാണ്. പൊലീസ് പരിശോധന തുടങ്ങി. തഹസിന്‍ദാറുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വിസ്റ്റ് നടപടികള്‍ നടത്തിയത്.
കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആൻസി കബീറിന്റെ ബന്ധുക്കള്‍. ഹോട്ടല്‍ ഉടമ റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തങ്ങളെ സ്വാധീനിക്കാൻ പ്രതികളിലൊരാളായ അബ്ദുള്‍ റഹ്മാൻ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. കേസ് വഴി തെറ്റിക്കുന്ന തരത്തില്‍ നടക്കുന്ന ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നും ആൻസി കബീറിന്റെ ബന്ധു നസിമുദ്ദീൻ പറഞ്ഞതായി റിപ്പോർട്ട്.
മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് വെളിപ്പെടുത്തലുമായി ആൻസിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്നു പേർ മരിച്ച, നവംബര്‍ ഒന്നിന് നടന്ന അപകടത്തില്‍ കാറോടിച്ചിരുന്നത് തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനായിരുന്നു. കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം നിരന്തരം മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ഒന്നാം പ്രതി റോയ് വയലാട്ട് കേസില്‍ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു എന്നാണ് ആരോപണം. ഇയാള്‍ മരിച്ച മറ്റൊരു മോഡല്‍ അഞ്ജനാ ഷാജന്റെ വീട്ടിലും പോയിരുന്നു. അഞ്ജനയുടെ സഹോദരനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്‌സോ കേസിന് ആധാരമായ സംഭവങ്ങള്‍ മോഡലുകളുടെ അപകട മരണത്തിന് മുമ്പാണ് സംഭവിച്ചത്. എന്നാൽ ഈ സംഭവവും മോഡലുകളുടെ മരണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന തരത്തിലാണ് അന്വേഷണമെങ്കില്‍ കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണയ്‌ക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ ഇന്ന് വിധി പറഞ്ഞത്. 56 പേർ കൊല്ലപ്പെട്ട കേസിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേർക്കു വധശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ടസഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.
നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരായിരുന്നു പ്രതികൾ.8 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ.പട്ടേൽ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. അതേസമയം
അഹമ്മദാബാദിൽ സ്‌ഫോടനം നടത്താൻ കേരളത്തിൽനിന്ന് നാല് ബൈക്കുകൾ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇതിൽ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടെതാണെന്നും എൻഐഎ പിന്നീട് സ്ഥിരീകരിച്ചു.
സ്‌ഫോടനത്തിൽ ബൈക്ക് തകർന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ ലഭിച്ച ഷാസി നമ്പർ പിൻതുടർന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി അന്വേഷണ ഉദ്യോഗസ്‌ഥർ 2012 ജൂണില്‍ കൊച്ചിയിലെത്തി . ഉടമയുടെ വിവരങ്ങൾ തേടിയെത്തിയ സംഘം മട്ടാഞ്ചേരി ആർടിഒ ഓഫീസ്, കൊച്ചി നഗരസഭാ മേഖലാ ഓഫീസ്, റേഷൻകട, സമീപത്തെ വീടുകൾ എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തിയിരുന്നു.
വധശിക്ഷയ്‌ക്കു വിധിച്ച 38 പേരിൽ രണ്ടു പേർ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ പീടിയേക്കൽ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നീ ഇരട്ടസഹോദരങ്ങളാണ് . സിമി വാഗമൺ തങ്ങൾപ്പാറയിൽ നടത്തിയ ആയുധപരിശീലന ക്യാമ്പിൽ ഷിബിലിയും ഷാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജൻസി എൻഐഎ കണ്ടെത്തിയിരുന്നു . അഹമ്മദാബാദ് സ്ഫോടന പരമ്പരയുടെ സൂത്രധാരൻ ഉൾപ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാമ്പിനെത്തിയവർക്ക് താമസസൗകര്യവും വാഹനവും ഏർപ്പെടുത്തിയത് ഷിബിലിയും ഷാദുലിയുമായിരുന്നു .
എറണാകുളം കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നാളെയേ നടത്തൂ. ഇതുമായി ബന്ധപ്പെട്ട ഇന്‍ക്വസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ചു. പോസ്റ്റ്‌മോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നാളെ നടത്തും. പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം.
കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി.കെ. ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. കിഴക്കമ്പലത്ത് വിളക്കണച്ചു പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ മർദ്ദിച്ചതെന്നാണ് ആരോപണം.
അതേസമയം സി.കെ ദീപു മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ട്വന്റി 20. ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ചു കൊണ്ട് വാര്‍ഡ് മെമ്പറടക്കം രംഗത്തെത്തി. ആക്രമണ വിവരം അറിഞ്ഞുചെന്ന തന്നെയും ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു.
“പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവർ സിറോസിസെന്നോ, എന്റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. എന്റെ ഒപ്പം പ്രവർത്തിച്ചിരുന്ന എന്റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎൽഎയെ കാല് കുത്തിക്കൂല്ല. ഓർത്തോ.” വാര്‍ഡ് മെമ്പര്‍ പറയുന്നു.
ദീപുവിനെ മർദ്ദിച്ച സമയത്ത് എം.എല്‍.എ അവിടെ എത്തി. എന്തിനാണ് എം.എല്‍.എ അവിടെ എത്തിയത് ? അക്രമത്തില്‍ എം.എല്‍.എയ്ക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് അവിടെ വന്നതെന്നും നിഷ ചോദിച്ചു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിച്ച ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ കുന്നത്തുനാട് എം.എല്‍.എ. ശ്രമിച്ചെന്നതില്‍ പ്രതിഷേധിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിത്തിലാണ് ദീപുവിന് മർദ്ദനമേറ്റത്.
ചികിത്സയിലിരിക്കെയാണ് ദീപു മരിക്കുന്നത്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ദീപുവിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന എറണാകുളം രാജഗിരി ആശുപത്രിക്കു മുന്നില്‍ നടക്കുന്നത്. സംഭവത്തില്‍ നാലു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സൈനുദ്ദീന്‍ സലാം, അബ്ദുള്‍റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
എന്നാൽ ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി ശ്രീനിജിന്‍ പറഞ്ഞു. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തുകൊണ്ട് അന്ന് പരാതിപ്പെട്ടില്ലെന്നും ശ്രീനിജിന്‍ ചോദിച്ചു.
തനിക്കെതിരേ നടന്ന സമരത്തിന്റെ ഭാഗമായല്ല ഇത്തരത്തിലൊരു സംഭവം കിഴക്കമ്പലത്ത് ഉണ്ടായതെന്നും ശ്രീനിജിന്‍ പറഞ്ഞു. സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങളിലുള്ള നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതൊന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ലെന്നും ശ്രീനിജിന്‍ പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ കുറ്റക്കാരെ സംബന്ധിച്ച് പൊലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കൂടുതല്‍ വ്യക്ത വരുത്തേണ്ടതുണ്ട്. സിപിഎം പ്രവര്‍ത്തകർ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും പി.വി ശ്രീനിജിന്‍ പറഞ്ഞു.
പണ്ടുതൊട്ടേ പ്രണവിനെ ഇഷ്ടമാണ്, പ്രണവിനോടുള്ള ഇഷ്ടം പെട്ടന്നുണ്ടായതല്ലെന്നും നടി ഗായത്രി സുരേഷ്. പണ്ടുതൊട്ടേ പ്രണവിനെ ഇഷ്ടമായിരുന്നെന്നും നടി ഗായത്രി സുരേഷ്. ഇന്ത്യ ഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗായത്രിയുടെ പ്രതികരണം.
പ്രണവിനെ കല്യാണം കഴിക്കണം എന്നുള്ളത് ഒരു ആഗ്രഹമാണ്. പക്ഷേ അതിനുവേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല. എന്റെ യാത്രയില്‍ വേറെ ഒരാളെ കണ്ട് ഇഷ്ടപ്പെട്ടാല്‍, ഒരുപക്ഷേ ഞാന്‍ അയാളെ കല്യാണം കഴിച്ചേക്കാം. എന്നാലും പ്രണവിനെ കല്യാണം കഴിക്കുക എന്നത് ഒരു ആഗ്രഹമാണെന്നും ഗായത്രി പറഞ്ഞു.
ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഗായത്രി പറഞ്ഞു. എനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെയുള്ള ഇഷ്ടമാണ് എനിക്കുമെന്നും ഗായത്രി പറയുന്നു.
എനിക്ക് പതിനാലോ, പതിമൂന്നോ വയസ് പ്രായമുള്ളപ്പോള്‍ ഒരു ബുക്കില്‍ ലാലേട്ടന്റെ ഒരു ഫാമിലി ഇന്റര്‍വ്യൂവില്‍ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോള്‍ കൊള്ളാലോ ഇവന്‍ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നെ പ്രണവിനെ കാണുന്നത് സാഗര്‍ എലിയാസ് ജാക്കിയിലെ ആ ഒറ്റ സീനിലാണ്. പിന്നെ പ്രണവ് സിനിമയിലേക്ക് വന്നു. പ്രണവിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.
പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്. പരിഹസിക്കുന്നവരല്ല നമുക്ക് വേണ്ടത്. നല്ലോണം പൊക്കിപ്പറയുന്ന, ഇന്‍സ്പെയര്‍ ചെയ്യുന്ന ഒരു ജനതയെയാണ് നമുക്ക് വേണ്ടതെന്നും ഗായത്രി പറഞ്ഞു.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
2016ല്‍ സജിത്ത് ജഗദ്‌നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ല്‍ സഖാവ്, ഒരു മെക്‌സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു.
ടൗണിൽ ഒരു ബസും ബൈക്കും കൂട്ടിയിടിച്ചു, ആർക്കും ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.. ആ തിക്കിലും തിരക്കിൽ നിന്നും മാറി രണ്ടുപേർ ഓട്ടോ പിടിച്ചു. വണ്ടിയിൽ കയറിയ അവർ പറഞ്ഞു, മരിച്ചത് ഒരു കോളേജ് വിദ്യാർത്ഥിയാണെന്ന്. ആ വാക്കുകൾ കേട്ടപ്പാടെ ബാബുരാജിന്റെ മനസിൽ തീകോരിയിട്ട അനുഭവമായിരുന്നു. മകൻ രാവിലെ ഇതുവഴിയാണല്ലോ രാവിലെ ബൈക്കിൽ പോയത് എന്ന ചിന്തയായതോടെ ആകെയൊരു വെപ്രാളം.
തിരിച്ച് സ്റ്റാൻഡിലെത്തിയപ്പോൾ അടുത്ത കൂട്ടുകാർ നിറകണ്ണുകളുമായി നിൽക്കുന്നു. ഇതോടെ ആ ദാരുണ മരണം സംഭവിച്ചത് തന്റെ മകൻ 24കാരനായ രാഹുൽ ആണെന്ന് ആ പിതാവ് വേദനയോടെ തിരിച്ചറിഞ്ഞു. തൊട്ടടുത്തുണ്ടായിട്ടും റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന മകനെ അറിയാതെ പോയതിന്റെ നെഞ്ചു നീറ്റത്തിലാണ് ഇന്ന് ബാബുരാജ്.
നഗരത്തിൽ മുളങ്കാടകത്തിനു സമീപം അഞ്ചുകല്ലുംമൂട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് രാമൻകുളങ്ങര വരമ്പേൽക്കട മില്ലേനിയം നഗർ 55 കിണറുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ ബി.ബാബുരാജ്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസാണ് രാഹുലിന്റെ ജീവനെടുത്തത്. ഓട്ടോ സ്റ്റാൻഡിന്റെ തൊട്ടടുത്തു വച്ചാണ് ഇന്നലെ രാവിലെ വാഹനാപകടത്തിൽ മരിച്ചത്. ചവറ ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന സ്വകാര്യബസ് രാഹുൽ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു.
ആദ്യ വിവാഹം 1982 ൽ, പിന്നീടങ്ങോട്ട് 17 കെട്ടി; ഇത് 66കാരൻ രമേശ് ചന്ദ്രയുടെ അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ്, ഇരയായവരിൽ ഡോക്ടർമാരും അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും!
ചെറിയ അപകടമെന്തോ നടന്നുവെന്നേ ആ സമയം സ്റ്റാൻഡിൽ ഉണ്ടായിരുന്ന ബാബു കരുതിയുള്ളൂ. എന്നാൽ അത് തന്റെ മകന്റെ ജീവനെടുത്ത അപകടമാണെന്ന് വൈകിയാണ് ബാബുരാജ് അറിഞ്ഞത്. അപകടമുണ്ടായി അഞ്ചു മിനിറ്റിലധികം കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ വണ്ടി ലഭിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി.
എംകോം പൂർത്തിയാക്കിയ ശേഷം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കൊപ്പം ബാങ്ക് പരീക്ഷയ്ക്കു പരിശീലനവും നടത്തിവരികയായിരുന്ന രാഹുൽ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന ബാബുരാജും കുടുംബവും വാടക വീട്ടിലാണു താമസം. രാഹുലിന്റെ അമ്മ: സിന്ധു. സഹോദരൻ: രാജേഷ്. രാഹുലിനെ ഇടിച്ചിട്ട സ്വകാര്യബസിന്റെ ഡ്രൈവർ സംഭവസ്ഥലത്തു നിന്ന് ഓടിക്കളഞ്ഞു. ഇയാൾക്കു വേണ്ടി അന്വേഷണം നടത്തി വരികയാണ്. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.