Kerala

കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.

ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.

മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയ്ക്ക് നേരെ രാത്രിയിൽ അതിക്രമം. രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിലാണ് സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ യുവതി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടികൂടുകയും ചെയ്തു. നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്‌കുമാര്‍ ആണ് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.

ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്‍, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്‌സനി എന്നിവര്‍ രംഗത്തുണ്ട്.

പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 27 വർഷം കഠിന തടവിന് ഉത്തരവിട്ടു. കൂടാതെ 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടിൽ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.

ഇരയെ വിവാഹം കഴിച്ചതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കൊണ്ടായിരുന്നു കോടതി ശിക്ഷ വിധിച്ചത്. 2014 ഏപ്രിലിൽ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗർഭിണിയായതോടെ ഇയാൾ വാക്കുമാറുകയായിരുന്നു. എന്നാൽ, ഗർഭച്ഛിദ്രം നടത്തിയാൽ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു.

ഗർഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാൻ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കൾ ഇടപെട്ട് വിവാഹം നടത്തി നൽകുമെന്ന് കരാർ വ്യവസ്ഥയുണ്ടാക്കി. ജാമ്യം ലഭിച്ചപ്പോൾ ഇരയെ പള്ളിയിൽ വിവാഹം കഴിച്ചതായി രേഖയും ഉണ്ടാക്കി. എന്നാൽ, രണ്ടുദിവസത്തിന് ശേഷം പ്രതി പെൺകുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. 2020-ലാണ് ഇയാൾ തിരിച്ചെത്തിയത്. പിന്നീടാണ് ഇയാൾ അറസ്റ്റിലായതും കോടതി ശിക്ഷ വിധിച്ചതും.

വെസ്റ്റിഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായ ക്യാപ്റ്റൻ രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയപ്പോൾ സീനിയർ താരങ്ങളായ മൊഹമ്മദ് ഷാമിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചു.

കുൽദീപ് യാദവ് നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ യുവ സ്പിന്നർ രവി ബിഷ്നോയിയെ ഏകദിന ടീമിലും ടി20 ടീമിലും ഇന്ത്യ ഉൾപെടുത്തി. ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദീപക് ഹൂഡ ഏകദിന ടീമിൽ ഇടം നേടിയപ്പോൾ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ ഇടംനേടാൻ സാധിച്ചില്ല. ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ഇന്ത്യ ടീമിൽ ഉൾപെടുത്തിയിട്ടില്ല. ഇന്ത്യൻ ടീമിൻ്റെ ഫുൾ ടൈം ക്യാപ്റ്റനായ ശേഷമുളള രോഹിത് ശർമ്മയുടെ ആദ്യ പരമ്പരയാണിത്. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഫെബ്രുവരി 16 നാണ് ടി20 പരമ്പര ആരംഭിക്കുന്നത്.

ഏകദിന ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (wk), ദീപക് ചഹാർ, ഷാർദുൽ താക്കൂർ, യുസ്വെന്ദ്ര ചാഹൽ, കുൽദീപ് യാദവ് , വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മൊഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ.

ഇന്ത്യൻ ടി20 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (vc), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, റിഷഭ് പന്ത് (WK), വെങ്കടേഷ് അയ്യർ, ദീപക് ചഹാർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്ഷർ പട്ടേൽ, യുസ്വേന്ദ്ര ചഹാൽ, വാഷിംഗ്ടൺ സുന്ദർ, മൊഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ

പാലായിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തി.

പാലാ ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ(കല്യാണി)യെ യാണ് കാണാതായത്. ഇന്ന് രാവിലെ 7 മണി വരെ വീട്ടിലുണ്ടായിരുന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. വിവരമറിഞ്ഞു ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് ഉടൻ തന്നെ ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു.

തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിനിയെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. വിദ്യാർത്ഥിനിയെ ഉടനെ തന്നെ ഈരാറ്റുപേട്ടയിൽ എത്തിക്കുമെന്ന് പോലീസ് പറഞ്ഞു.

ഈരാറ്റുപേട്ട സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി വിഷ്ണുപ്രിയയെയാണ് ജനുവരി 26 ചൊവ്വാഴ്ച വീട്ടിൽ നിന്നും കാണാതായത്. രാവിലെ 6 മണിയോടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. തുടർന്ന് ബന്ധുക്കളും അയൽവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. രാവിലെ കിടപ്പ് മുറിയിൽ പെൺകുട്ടിയെ കണ്ടില്ലെന്നും വീട്ടിൽ നിന്ന് ഇറങ്ങി പോകാനുള്ള സാഹചര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.

മലപ്പുറത്ത് ആ​ദിവാസി വൃദ്ധൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരുളായി ഉൾവനത്തിൽ വാൾക്കെട്ട് മലയിൽ അധിവസിക്കുന്ന കരിമ്പുഴ മാതനാണ് മരിച്ചത്. 67 വയസായിരുന്നു. 20 വർഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിൽ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.

ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷൻ വാങ്ങാൻ വരുകയായിരുന്നു. ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല.

പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. തുടർന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ ഇതേ വരെ അടുത്ത് ചെല്ലാൻ കഴിഞ്ഞിട്ടില്ല. കരിക്കയാണ് ഭാര്യ.

കെഎസ്ഇബിയുടെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വികെ പ്രശാന്ത് എംഎല്‍എ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷന്‍ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. തട്ടിപ്പിന് പിന്നില്‍ വടക്കേ ഇന്ത്യന്‍ സംഘമാണ്. ഇവര്‍ക്കെതിരെ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.

വികെ പ്രശാന്ത് പറഞ്ഞത്: ”വീട്ടിലെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കാണിച്ചു കൊണ്ട് എനിക്ക് ലഭിച്ച മെസ്സേജാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത് . മെസ്സേജില്‍ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ സന്ദേശം ലഭിച്ചിട്ടുള്ളത്. മെസ്സേജില്‍ പറഞ്ഞിരിക്കുന്ന നമ്പറിലേക്ക് വിളിക്കുന്നവരോട് ടീം വ്യൂവര്‍, എനി ഡെസ്‌ക് തുടങ്ങിയ ആപ്ലികേഷനുകള്‍ ഡൌണ്‍ ലോഡ് ചെയ്യാനാവശ്യപ്പെടും.

””തുടര്‍ന്ന് അതിലൂടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തി പണം അപഹരിക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് ഇതിനകം നടന്നതായാണ് അറിയുന്നത്. വടക്കേ ഇന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നില്‍. KSEB ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് പത്രവാര്‍ത്തകളും നല്‍കിയിട്ടുണ്ട്. BSNL ബില്ലുകളുമായി ബന്ധപ്പെട്ടും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി അറിയുന്നു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.”

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളി പ്രതി ദിലീപ്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പോലെ ഫോണ്‍ ഹാജരാക്കാന്‍ സാധിക്കില്ല. തന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഈ ഫോണില്‍ ഇല്ലെന്നും ദിലീപ് ക്രൈംബ്രാഞ്ചിന് നല്‍കി മറുപടിയില്‍ പറഞ്ഞു.

ഹാജരാക്കണമെന്ന ആവശ്യപ്പെട്ട ഒരു മൊബൈല്‍ ഫോണ്‍ ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്നതാണ്. മറ്റൊരു ഫോണില്‍ ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കും. ഫലം കോടതിക്ക് കൈമാറാം. അല്ലാതെ പൊലീസിന് നല്‍കില്ല. അവര്‍ തനിക്കെതിരെ കള്ളക്കഥയുണ്ടാക്കുമെന്നാണ് ദിലീപ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണ്‍ പരിശോധിക്കണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചു.

ഇത് പരിശോധിച്ചാല്‍ തനിക്കെതിരായ ഗൂഝാലോചനയുടെ തെളിവുകള്‍ ലഭിക്കുമെന്നാണ് ദിലീപ് അവകാശപ്പെടുന്നത്.അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപും കൂട്ടുപ്രതികളും അഞ്ച് മൊബൈല്‍ ഫോണുകള്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിന്റെയും അനൂപിന്റെയും രണ്ട് വീതവും സുരാജിന്റെ ഒരു ഫോണുമാണ് ഒളിപ്പിച്ചത്. കേസിലെ നിര്‍ണായക തെളിവായ ഈ മൊബൈലുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ക്ക് ഇന്നലെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.

ഇതിന് മറുപടിയായാണ് ഫോണുകള്‍ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചിരിക്കുന്നത്.ദൃശ്യങ്ങള്‍ക്കായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകന്‍ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ എങ്ങനെ ലഭിച്ചു, പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയില്‍ വരുന്നത്. പീഡനദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോണ്‍ കോളുകള്‍ വന്നത്. ഇക്കാര്യവും റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സ്വിറ്റ്‌സര്‍ലാന്റില്‍ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തല്‍. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ അദ്ദേഹവുമായി അകല്‍ച്ചയിലാണ്. ഇയാള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

RECENT POSTS
Copyright © . All rights reserved