എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മലയാളി യുവവ്യവസായി.
കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനില്‍ സ്ഥിര താമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റ കുട്ടികള്‍ക്ക് കിടിലന്‍ അവസരം ഒരുക്കുന്നത്. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്ന് സുധി പറയുന്നു.
എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.
‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’ സുധി പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി കൊടൈക്കനാലില്‍ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരില്‍ കൊടൈക്കനാലില്‍ വിവിധ ഇടങ്ങളില്‍ ഹോംസ്റ്റേ നടത്തുകയാണ്. ലോക്ക്ഡൗണ്‍ വിനോദ സഞ്ചാര മേഖലയെ കീഴ്‌മേല്‍ മറിച്ചെങ്കിലും 10,000 രൂപയോളം ചിലവു വരുന്ന താമസ സൗകര്യം സൗജന്യമായി കൊടുക്കുകയാണ്.
തോറ്റു പോയ എത്ര കുട്ടികളാണെങ്കിലും അവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്. തോറ്റു പോയവരാണ് പിന്നീട് ജയിച്ചിട്ടുള്ളത്. അതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നുമാത്രമാണ് ഈ ആശയത്തിന് പിന്നിലെന്ന് സുധി പറഞ്ഞു. ഈ മാസം അവസാനം വരെയാണ് ഓഫര്‍ കാലാവധി.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവാസികളെ ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ ആദരിക്കാറുണ്ട്. അങ്ങനെ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് മലയാളി കുടുംബത്തിനാണ്.
കോഴിക്കോട് സ്വദേശിയായ ഡോ. എ മുഹമ്മദ് ഫസലുദ്ദീന്‍, ഭാര്യ ഡോ. റസിയ എംവി മകന്‍ ആദില്‍ ഫസല്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.
പ്രൈം മെഡിക്കല്‍സിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറാണ് ഫസലുദ്ദീന്‍. അവിടത്തെ പീഡിയാട്രിക്ക് വിഭാഗത്തിലെ ഡോക്ടറാണ് റസിയ. ഇവരുടെ മകന്‍ ആദില്‍ ഡിപിഎസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ആറുവര്‍ഷമായി കുടുംബം യുഎഇയിലുണ്ട്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയി കാമുകനാൽ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശി അനിത എന്ന 32 വയസ്സുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ എത്തിയത് സഹോദരൻ മാത്രം. അനിതയുടെ ഭർത്താവ് മൃതദേഹം കാണാനോ മക്കളെ കാണിക്കാനോ തയ്യാർ ആയില്ല സംസ്കാരത്തിനായി കുട്ടികളെ ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കണം എന്ന് അറീച്ചെങ്കിലും ഭർത്താവ് തയ്യാറായില്ല.
ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന നിലപാടിലായിരുന്നു മുൻ ഭർത്താവ്. ജനപ്രതിനിധികൾ അടക്കം സംസാരിച്ചു എങ്കിലും വഴങ്ങിയില്ല തുടർന്ന് അനിതയുടെ സഹോദരനാണ് കർമങ്ങൾ ചെയ്ത് സംസ്കാരം നടത്തിയത്. അനിതക്ക് എതിരെ കടുത്ത രീതിയിൽ ആയിരുന്നു ഭർത്താവ് സംസാരിച്ചത് മക്കളുടെ പേര് ഈ സംഭവത്തിൽ വലിച്ചെഴക്കല്ലേ എന്നും പോലീസ് ഉദ്യോഗസ്ഥരോട് ഇയാൾ ആവിശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്തു അധികാരികളും ചേർന്നാണ് മൃതുദേഹം ഏറ്റുവാങ്ങി സംസ്കാരത്തിന് നേത്രത്വം നൽകിയത്. പിന്നീട് ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മരിച്ച അനിതയ്ക്ക് ഒരു മകനും മകളുമാണ്. അനിത കാമുകന്റെ കൂടെ പോയ ശേഷം കുട്ടികൾ അച്ഛന്റെ കൂടെ ആയിരുന്നു.
അതേ സമയം അനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പൊലീസ് നടത്തി. കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. പള്ളാത്തുരുത്തിയില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ പ്രതീഷ് തന്റെ മറ്റൊരു കാമുകിയായ കൈനകരി സ്വദേശിനി രജനിയുടെ സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയത്.
രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രതീഷിനൊപ്പം അനിത നാടു വിട്ടിരുന്നു. കായംകുളത്തെ അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു. ആലത്തൂരിലുള്ള ഒരു അഗ്രികള്‍ച്ചര്‍ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടെ ഗര്‍ഭിണിയായി. ഈ കാലയളവില്‍ പ്രതീഷ് ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. രജനിയുമായി ഒന്നിച്ചു കഴിയുന്നതിനിടെ പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോള്‍ അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.
ടാങ്കര്‍ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. എറണാകുളം നെട്ടൂര്‍ ലേക് ഷോർ ആശുപത്രി അസിസ്റ്റന്‍റ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിന്‍റെ മകന്‍ വിന്‍സണ്‍ വര്‍ഗീസ്(24), ലേക് ഷോറിലെ നഴ്‌സായ തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി(24) എന്നിവരാണ് മരിച്ചത്.
ഇരുവരും വൈറ്റില പാലത്തിനു സമീപത്തെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്ന വഴി പാലാരിവട്ടം ഭാഗത്തും നിന്നും വൈറ്റില മേല്‍പ്പാലം കയറിയിറങ്ങി വന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ലോറിക്കടിയിലേക്കാണ് തെറിച്ചുവീണത്. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഉടനെ തന്നെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഐലന്‍റിലേക്ക് അമോണിയം കയറ്റുന്നതിനായി പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഷഹ്‌സാദെ ഖാനെ (40) യാത്രക്കാര്‍ ചേർന്ന് തടഞ്ഞു വെച്ച് മരട് പൊലീസിനു കൈമാറി. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് ഇയാള്‍ക്കെതിരേ കേസെടുത്തു.
വിന്‍സന്‍ വര്‍ഗീസിന്‍റെ ഭാര്യ: അസ്‌ന. മകന്‍: എറിക് വില്‍സന്‍. മാതാവ്: റോസിലി.
ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്‌സിങ് വിദ്യാര്‍ഥിനി, ബാംഗ്ലൂര്‍), ജിയാമോള്‍.
കൊടകര കുഴൽപ്പണക്കേസിൽ രണ്ടു പ്രമുഖരെ കൂടി ചോദ്യം ചെയ്യുമെന്ന സൂചന നൽകി പ്രത്യേക അന്വേഷണ സംഘം. ഇതിലൊന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനാണെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകും.
കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന സാഹചര്യത്തിൽ പോലീസിന് ഇനി കാര്യമായി എന്താണ് ചെയ്യാനുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് വിലയിരുത്തും.
സുരേന്ദ്രനെ ബുധനാഴ്ച ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കേസന്വേഷണത്തിന്റെ ഇനിയുള്ള മുന്നോട്ടുപോക്ക്. നേരത്തെ ചോദ്യം ചെയ്ത നേതാക്കളിൽനിന്നു വ്യത്യസ്തമായി സുരേന്ദ്രനിൽ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ധർമ്മരാജനെ അറിയാമെന്നും തെരഞ്ഞെടുപ്പു സാമഗ്രികൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് അയാളുമായി ഇടപെട്ടതെന്നുമാണ് സുരേന്ദ്രനും മൊഴി നൽകിയത്. പണത്തിന്റെ ഇടപാടുകൾ തനിക്കറിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്.
കോന്നിയിൽ വച്ച് ധർമ്മരാജനെ കണ്ടിരുന്നോ എന്ന ചോദ്യത്തിന് പ്രചരണത്തിനിടെ പലരേയും കണ്ടിട്ടുണ്ടെന്ന ഉത്തരമാണ് നൽകിയത്. സെക്കന്റുകൾ മാത്രം നീളുന്ന ഫോണ്‍ കോളാണ് സുരേന്ദ്രനെയും ധർമ്മരാജനേയും കൂട്ടിയിണക്കാനായി പോലീസിന് കിട്ടിയിട്ടുള്ള തെളിവ് .
അധികം വൈകാതെ കൊടകര കേസ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പോലീസ് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.
കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികള്‍ മരിച്ചു. കുണ്ടറയ്ക്ക് സമീപമാണ് സംഭവം. ഏറെ ആഴമുള്ള കിണറിനുള്ളില്‍ വിഷവാതകം ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് പ്രഥമീക വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊറ്റങ്കര പോളശേരി സ്വദേശികളായ സോമരാജന്‍ , രാജന്‍ എന്നിവരും കൊറ്റങ്കര ചിറയടി സ്വദേശികളായ ശിവപ്രസാദ് മനോജ് എന്നിവരുമാണ് മരിച്ചത്.
ഏറെ ആഴമുള്ള ഈ കിണര്‍ ശചീകരിക്കാന്‍ ആദ്യം ഒരാളാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ശ്വാസതടസ്സമുണ്ടായതോടെ മറ്റുള്ളവര്‍ രക്ഷിക്കാനിറങ്ങുകയായിരുന്നു. ഇവരില്‍ നിന്നു പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തു. ഈ സമയം മൂന്നുപേര്‍ക്ക് ജീവനുണ്ടായിരുന്നു. ഇവര്‍ക്ക് സിപിആര്‍ നല്‍കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥാനായ വാത്മീകിനാഥ് കുഴഞ്ഞു വീണു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ് . നാലാമത്തെ ആളെയും പുറത്തെത്തിച്ച ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞു വീണത്. 80 അടിയോളമായിരുന്നു കിണറിന്റെ ആഴം. ജനവാസമേഖലയാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്.
നാല് തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ നാട് ഞെട്ടിയിരിക്കുകയാണ്. എംഎല്‍എ പി.സി. വിഷ്ണുനാഥ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി.
ഷെറിൻ പി യോഹന്നാൻ
എല്ലാം അവസാനിപ്പിച്ച് ഹജ്ജിന് പോകാൻ തയ്യാറെടുക്കുകയാണ് സുലൈമാൻ മാലിക്. വീട്ടിലെ വലിയ ആൾക്കൂട്ടത്തിൽ നിന്നു തന്നെ സമൂഹത്തിൽ അദേഹത്തിനുള്ള സ്ഥാനം മനസിലാക്കാം. എന്നാൽ സുലൈമാൻ മാലിക് ഹജ്ജിനല്ല പോയത്. നേരെ ജയിലിലേക്ക് കൊണ്ടുപോയ അലീക്കയെ അവിടെ വെച്ച് തന്നെ അവസാനിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നിലുള്ള കാരണം എന്താവാം? റമദാൻപള്ളിക്കാരുടെ പ്രിയപ്പെട്ടവനായ അലീക്കയുടെ മുൻകാല ചരിത്രം എന്തായിരിക്കാം?
2019ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് ‘മാലിക്’. മലയാള സിനിമയിലെ തന്നെ മികച്ച കാസ്റ്റ് & ക്രൂ ഒരുമിക്കുന്ന ചിത്രം അന്നുമുതൽ നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു. നിരവധി അഭിമുഖങ്ങളിലൂടെ മാലിക് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. നിലവിലെ പ്രതിസന്ധികൾ കാരണം തിയേറ്ററിൽ ‘അനുഭവിക്കാൻ’ ഒരുക്കിയ ചിത്രം ഒടിടി എന്ന ബദൽമാർഗം തിരഞ്ഞെടുക്കുകയായിരുന്നു.
മഹേഷ് നാരായണന്റെ മാലിക് ഒരു വലിയ സിനിമയാണ്. ചിത്രം ഒരുക്കിയ രീതിയും (സെറ്റ്, കലാസംവിധാനം, മേക്കപ്പ്) ചലച്ചിത്രഭാഷ കൈവരുമ്പോഴുള്ള സൗന്ദര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്. സുലൈമാൻ മാലിക്കിന്റെ ജീവിതത്തിലൂടെ 1965-2018 കാലയളവിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന പല സംഭവങ്ങളെ എക്സ്പ്ലോർ ചെയ്യുകയാണ് സംവിധായകൻ. അതിൽ തീരപ്രദേശത്തിന്റെ വളർച്ചയുടെ കഥയുണ്ട്, ന്യൂനപക്ഷ സമുദായങ്ങളുടെ പോരാട്ടത്തിന്റെ കഥയുണ്ട്, മുതലെടുപ്പിന്റെ കഥയുണ്ട്. കഥാപരിസരത്തിൽ സുനാമി, ബീമാപള്ളി വെടിവയ്പ്പ് മുതൽ ഓഖി വരെയുണ്ട്.
കെട്ടുറപ്പുള്ള തിരക്കഥയാണ് മാലിക്കിന്റെ കരുത്ത്. മൂന്നു കഥാപാത്രങ്ങളിലൂടെയുള്ള സുലൈമാൻ മാലിക്കിന്റെ ജീവിതാഖ്യാനം ഗംഭീരമാണ്. അതാണ് തിരക്കഥയുടെ ശക്തിയും പ്രേക്ഷകരെ രണ്ടേമുക്കാൽ മണിക്കൂർ സ്‌ക്രീനിൽ പിടിച്ചിരുത്തുന്ന പ്രധാന ഘടകവും. അലീക്കയായുള്ള ഫഹദിന്റെ പകർന്നാട്ടം ഞെട്ടിക്കുന്നതാണ്. മൂന്നു വേഷങ്ങളിൽ, മൂന്നു കാലത്തിന്റെ ഭാവങ്ങളെ ഉൾക്കൊണ്ട് മാനറിസത്തിലും ഡബിങ്ങിലും ശ്രദ്ധ പുലർത്തി, അലീക്കയെ പെർഫെക്ട് ആക്കിയിട്ടുണ്ട് ഫഹദ്. വിനയ് ഫോർട്ട്, നിമിഷ, ജോജു ജോർജ്, ദിലീഷ് പോത്തൻ, സനൽ അമൻ തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധേയം.
സിനിമ ആരംഭിക്കുന്നത് 12 മിനിറ്റിന്റെ സിംഗിൾ ഷോട്ടോടുകൂടിയാണ്. സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രത്തിലെ സംഗീതവും കളർ ഗ്രേഡിങ്ങും ഗംഭീരമാണ്. സുഷിൻ ശ്യാം ഒരുക്കിയ ‘തീരമേ… തീരമേ’ എന്ന ഗാനം ഇപ്പോഴും മനസ്സിൽ അലയടിച്ചുയരുകയാണ്. മാലിക്കിനെ മണിരത്നത്തിന്റെ ‘നായക’നോട് ചേർത്ത് നിർത്തിയുള്ള വായന സാധ്യമാണ്.
ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികൾക്കെതിരായ ജീവിത സമരം ഉൾപ്പെടുന്ന ഈ പൊളിറ്റിക്കൽ ഡ്രാമ, ധീരമായ കഥപറച്ചിൽ മാതൃക ആവുന്നുണ്ട്. മതവും രാഷ്ട്രീയവും തീരദേശജീവിതങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് സിനിമ തുറന്ന് പറയുന്നു. ഒരു നോവൽ കണക്കെ മാലിക് കഥ പറഞ്ഞവസാനിക്കുന്നു. പ്രണയവും പകയും പോരാട്ടവും നിസ്സഹായതയും അതിജീവനവുമെല്ലാം ഒന്നുചേരുന്ന ചലച്ചിത്രക്കാഴ്ച്ച.
മാലിക്, തീരദേശത്തെ മനുഷ്യരുടെ കഥയാണ്. നിശബ്ദരായ സഹജീവികളിൽ നിന്നും പ്രതികരിക്കാൻ പഠിച്ച ഒരു ജനതയുടെ കഥ (മാലിക് ടീസറിലെ സംഭാഷണം). രസമുള്ള കാഴ്ചകൾ തേടി മാലിക്കിലേക്ക് എത്തിയാൽ നിരാശയാവും ഫലം. സെൻസിറ്റീവായ വിഷയത്തെ ഭാവനയുമായി കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ കഥാപാത്രങ്ങൾ പ്രേക്ഷകനുമായി വികാരപരമായി ബന്ധപ്പെട്ടു നിൽക്കുന്നു. മാലിക് ആമസോൺ പ്രൈമിൽ അനുഭവിക്കുക. മലയാള സിനിമയുടെ നിലവാരം മനസിലാക്കുക.
ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.
ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.
പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.
ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.
ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.
(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)
“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം
ലഡോ സരായിയിലെ നാനൂറിലേറെ സീറോ മലബാർ കുടുംബങ്ങളുടെയും നഴ്സുമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള വിശ്വാസികളുടെയും മേഖലയിലെ ഏക ആശ്രയമായിരുന്ന ലിറ്റിൽ ഫ്ളവർ കത്താലിക്കാ പള്ളിയെ മാത്രം ഒറ്റതിരിഞ്ഞ് അന്യായമായി ഇടിച്ചുനിരത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു വികാരി ഫാ. ജോസ് കണ്ണംകുഴി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നോട്ടീസിലും സർക്കാർ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായ ഹൈക്കോടതി വിധി മറ്റൊരു അന്പലത്തിന്റെ കാര്യത്തിലാണെന്നും ഇപ്പോൾ പൊളിച്ച പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവക കമ്മിറ്റിക്കാരും പറഞ്ഞു.
ഇടിച്ചുനിരത്തിയ സീറോ മലബാർ പള്ളിയുടെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ടെന്നും 40 വർഷമായി സ്ഥലത്തിന്റെ കരം, വൈദ്യുതി, വെള്ളം ചാർജുകൾ മുടക്കമില്ലാതെ അടച്ചുവരുന്നുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥനായ ജോണ്‍ ഫിലിപ്പോസ് പറഞ്ഞു.1972ൽ കോഴി കർഷകർക്കായി സർക്കാർ തന്നെ നൽകിയ സ്ഥലമാണ് 1982ൽ താൻ വാങ്ങിയത്. ഈ സ്ഥലത്ത് കൃഷി ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചത്.
പിന്നീട് തന്റെ ആർട്ട് ഗാലറി ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. ഒഴിപ്പിക്കൽ നീക്കം വന്നപ്പോൾ ഗാലറി നിർത്തി. പിന്നീട് അഞ്ചു വർഷം സ്ഥലം വെറുതെ കിടക്കുകയായിരുന്നു. 2005ലാണ് സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥലം ഒഴിപ്പിക്കാൻ 2000ൽ സർക്കാർ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഓർഡർ വാങ്ങി. അന്നു വീടു പൊളിച്ചവർ പോലും ഇപ്പോഴും അംബേദ്കർ കോളനിയെന്നു നാമകരണം ചെയ്ത ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ, ജൈന ക്ഷേത്രം, വൈഷ്ണവ ക്ഷേത്രം, ബുദ്ധമത ആശ്രമം, സിക്ക് ഗുരുദ്വാര, മസ്ജിദ് തുടങ്ങിയവയും ആയുർവേദ കേന്ദ്രവും നിരവധി വീടുകളും പൊളിച്ച പള്ളിക്ക് അടുത്തായുണ്ട്.
ഏതെങ്കിലും ആരാധനാലയത്തെയോ വ്യക്തികളെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കാൻ പാടില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും 2016ൽ ഉത്തരവ് നൽകിയതാണ്. ലിറ്റിൽ ഫളവർ സീറോ മലബാർ പള്ളിയിൽ പഴയതുപോലെ ആരാധകൾ തുടരാമെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
പള്ളി പൊളിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി വികസന അഥോറിറ്റി (ഡിഡിഎ) ആണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമപരമായ വശങ്ങൾ അറിയില്ലെന്നും നീതി നടപ്പാക്കുമെന്നു മാത്രം ഉറപ്പു പറയുകയാണെന്നും ഗോവയിലുള്ള ഡൽഹി മുഖ്യമന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.അതേസമയം, ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ബ്ലോക് ഡെവലപ്മെന്റ് ഓഫീസറുടേതാണു പൊളിക്കലിനായി പതിച്ച നോട്ടീസെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്നാകാമെന്നും പള്ളി അധികൃതരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമായി മാത്രമേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ ലഫ്. ഗവർണറാണോ, അതോ ഭൂമി മാഫിയയുടെ താത്പര്യത്തിൽ ഉദ്യോഗസ്ഥരാണോ ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കട്ടെയെന്നും ഇടവകക്കാർ പറഞ്ഞു.
പൊളിക്കൽ നടപടി ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയാണു നടപ്പാക്കിയതെന്നാണു പ്രാഥമികമായി തനിക്കു കിട്ടിയ വിവരം. ഡിഡിഎ കേന്ദ്രസർക്കാരിന്റെ കീഴിലാണ്. ഡൽഹി സർക്കാരിന് ഒരു നിയന്ത്രണവുമില്ല- ഗോവയിൽ കേജരിവാൾ പറഞ്ഞു.
പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.
ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.
ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.