കണ്ണൂരില്‍ വീടിന്റെ സീലിങ് തകര്‍ന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൊടിക്കുണ്ട് കൊയിലി വീട്ടില്‍ വസന്ത (60) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വസന്തയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

വീടിന്റെ സീലിങിന്റെ ബീം തകര്‍ന്നതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. മരം അടക്കമുള്ളവ കൊണ്ട് നിര്‍മിച്ച വീടിന്റെ മച്ച് പാടെ തകര്‍ന്നു വീണ നിലയിലായിരുന്നു. മുകള്‍ ഭാഗം മുഴുവനായും താഴേക്ക് വീണു.
മുകള്‍ നിലയിലുണ്ടായിരുന്ന മുറികളിലെ മേശ, അലമാര, കട്ടില്‍ ഉള്‍പ്പെടെയുള്ളവ താഴത്തെ മുറിയില്‍ കിടന്നിരുന്ന വസന്തയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍, മുകളില്‍ കിടക്കുകയായിരുന്ന മകന്‍ ഷിബുവും താഴേക്ക് വീണു. അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഷിബുവിനെ എടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.

പിന്നീട് ഒരു കോണി വച്ച് ഷിബുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. വസന്തയെയും പുറത്തെടുക്കാന്‍ പൊലീസും ഫയര്‍ഫോഴ്‌സും ഏറെ പണിപ്പെട്ടു. വീടിന് ഏതാണ്ട് 50 വര്‍ഷത്തെ പഴക്കമുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.