Kerala

സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ത്ഥിച്ചു. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.

റിജിയണല്‍ ഡയറക്ടര്‍ ഓഫീസര്‍ പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. റുചി ജെയിന്‍, ജിപ്മര്‍ പള്‍മണറി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. സക വിനോദ് കുമാര്‍ എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് വിങ്ങുമായും സംഘം ചര്‍ച്ച നടത്തി.

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേയാണ് സംഘം സംതൃപ്തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീല്‍ഡ് തലത്തില്‍ നിന്നും നേരിട്ട് കിട്ടിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

ആശുപത്രികളിലെ രോഗീ പരിചരണം, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആര്‍. സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്. രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്‌സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തി.

കോഴിക്കോട്: അഞ്ചു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശ റെയ്ഹാനയാണ് മരിച്ചത്.
ബേപ്പൂര്‍ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പില്‍ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു.

അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്.
കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിൻെറ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് സംഭവം പോലീസില്‍ അറിയിക്കുകയായിരുന്നു.

വൈക്കം: ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് വയസുള്ള കുഞ്ഞിനെ കൂട്ടി യുവതി ഫേസ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടി. നാനാടം പിതൃകുന്നം സ്വദേശിയായ 23കാരിയാണ് കുഞ്ഞിനെയും കൂട്ടി ഫേസ്ബുക്ക് കാമുകനൊപ്പം പോയത്. തിങ്കളാഴ്ച രാവിലെ 10.30ന് കുഞ്ഞിനെയും കൂട്ടി അക്ഷയ സെന്ററിലും നഗരസഭയിലും പോയി വരാമെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്.യുവതിയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് വൈക്കം പോലീസ് സേറ്റേഷനില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ യുവതിയും കുഞ്ഞും ആലപ്പുഴ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയുടെ കൂടെയുണ്ടെന്ന് വിവരം ലഭിച്ചു.

ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇയാളുമായി യുവതി അടുപ്പത്തിലാകുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. ആലപ്പുഴ കൈനകരിയില്‍ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്റെ മരണത്തെ തുടര്‍ന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമായത് പോലിസിനേയും ബുദ്ധിമുട്ടിച്ചു. തുടര്‍ന്ന് വിവരം ലഭിച്ച മറ്റൊരു ഫോണിനെ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ഫേസ്ബുക്ക് സുഹൃത്തിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.

ബിവ്‌റേജ് ഔട്ട്‌ലെറ്റിന് മുന്‍പിലെത്തി കല്യാണപ്പെണ്ണും ചെക്കനും കല്യാണവേഷത്തില്‍ ഇരുന്നപ്പോള്‍ ആദ്യം ആളുകള്‍ അമ്പരന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് അത് വ്യത്യസ്തമായൊരു പ്രതിഷേധമാണെന്് അറിഞ്ഞത്. ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ തിരൂര്‍ കെ.ജി. പടിയിലെ ബീവറേജസ് ഔട്ട്ലെറ്റിനു മുമ്പില്‍ നടത്തിയ ശ്രദ്ധക്ഷണിക്കല്‍ സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധമായിരുന്നു സംഘടിപ്പിച്ചത്.

ഈ പ്രതിഷേധവേദിയിലാണ് സംഘടനാപ്രവര്‍ത്തകരായ പൊന്നാനി സ്വദേശികളായ ഇസ്ഹാഖ് വരനായും ഫവാസ് വധുവായും വേഷമിട്ട് എത്തിയത്. ബീവറേജില്‍ ആയിരങ്ങള്‍ക്ക് വരിനിന്ന് മദ്യംവാങ്ങാം, കല്യാണത്തിന് 20 പേര്‍ക്കേ പങ്കെടുക്കാവൂ എന്ന വിവേചനത്തിലാണ് ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം.

കാറ്ററിങ് മേഖലയെ സംരക്ഷിക്കുക, കാറ്ററിങ് മേഖലയെ ചെറുകിട വ്യവസായമായി അംഗീകരിക്കുക, ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് മാനദണ്ഡം പാലിച്ച് വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. പ്രതിഷേധസമരം ഉദ്ഘാടനംചെയ്തു. സംഘടനയുടെ ജില്ലാസെക്രട്ടറി സലീം ബ്രദേഴ്‌സ് അധ്യക്ഷതവഹിച്ചു. കെ.എച്ച്.ജി.ഒ.എ. ജില്ലാസെക്രട്ടറി ആര്‍. ഇബ്രാഹിംകുട്ടി, മുഹമ്മദ്, ഷമീര്‍, നാസര്‍ ബിസ്മി, മജീദ് എന്നിവര്‍ പ്രസംഗിച്ചു.

രണ്ടാം മോഡി സര്‍ക്കാറിന്റെ മന്ത്രിസഭാ പുനഃസംഘടനയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കോവിഡ് രണ്ടാം തരംഗം തടയുന്നതിലെ പരാജയവും മറച്ചുവെക്കാനാണ് മന്ത്രിസഭാ പുനഃസംഘടനയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ ഭിക്ഷാംദേഹികളെ ഉള്‍പ്പെടുത്തി ഒരു മാറ്റം വരുത്തിയാല്‍ അത് മുഖം മിനുക്കലല്ല മുഖം കൂടുതല്‍ വികൃതമാക്കലാണ്. ഭാഗ്യാന്വേഷികള്‍ മന്ത്രിസഭയില്‍ കയറി എന്നതിനപ്പുറം ഒരു പ്രത്യേകതയും പുനഃസംഘടനയ്ക്ക് അവകാശപ്പെടാനില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് വിട്ട പ്രമുഖ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രിസ്ഥാനത്തില്‍ എത്ര സിന്ധ്യമാര്‍ പോയാലും കോണ്‍ഗ്രസ് തകരില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ സിന്ധ്യ എന്താണെന്ന് എല്ലാവര്‍ക്കും ബോധ്യമാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ സിന്ധ്യ തോറ്റതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്സല്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു രണ്ടാം മോദി സര്‍ക്കാറിന്റെ മന്ത്രിസഭ പുനസംഘടനാ പ്രഖ്യാപനം. 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.

നഴ്സായ മലയാളി യുവാവിനെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ അന്ധേരിയിലെ സാക്കിനക്കയിലാണ് മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ കുന്നപ്പിള്ളിയിൽ പറമ്പിലക്കാടൻ വീട്ടിൽ അരുണാണ് മരിച്ചത്. 35 വയസ്സായിരുന്നു.

സാക്കിനക്കയിലെ താമസ സ്ഥലത്ത് സുഹൃത്താണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ് വാക്സിൻ ഡ്യൂട്ടിക്ക് വേണ്ടി ദുബൈയിൽ ആയിരുന്നു അരുൺ. ഈ അടുത്താണ് മുംബൈയിലേക്ക് ഇദ്ദേഹം തിരികെയെത്തിയത്. മുൻപ് ഇസ്രായേലിലും അരുൺ ജോലി ചെയ്തിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.

ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവർ നാട്ടിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാഡ് കൂപ്പറിലെ രാജേവാഡി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരിയുമായി സംസാരിച്ച് സ്വന്തം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ച് മലയാളി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് പ്രവാസികള്‍ കേട്ടത്. തൃശൂര്‍ കീഴൂര്‍ സ്വദേശി സതീഷ് (55)ആണ് മരിച്ചത്.

കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഏറെ കാലമായി യുഎഇയിലുള്ള ഇദ്ദേഹം പ്രമുഖ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. നേരത്തെ ഷാര്‍ജയില്‍ താമസിക്കുന്ന സന്തോഷ് ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച അഷ്‌റഫ് താമരശ്ശേരിയെ ഫോണ്‍ വിളിച്ച് തന്റെ കൂടെ താമസിക്കുന്നയാള്‍ ആത്മഹത്യ ചെയ്‌തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും അഭ്യര്‍ഥിച്ച ശേഷം എന്നെന്നേക്കുമായി സതീഷ് യാത്ര പറയുകയായിരുന്നു. പിന്നീട്, ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇതുസംബന്ധമായി അഷ്‌റഫ് താമരശ്ശേരി ഫെയ്‌സ് ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.

അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ഇന്ന് വ്യാഴ്യാഴ്ചയായതുകൊണ്ട് വല്ലാത്ത തിരക്കായിരുന്നു.ഒന്ന് ട്രാഫിക് തിരക്കില്‍പ്പെട്ടാലോ,എവിടെയെങ്കിലും കുറച്ച് സമയം നഷ്ടപ്പെട്ടാലോ,ഇന്ന് നാട്ടിലേക്ക് അയക്കേണ്ട മയ്യത്തുകള്‍ ഞായറാഴ്ചയിലേക്ക് മാറ്റപ്പെടും,അതിനാല്‍ ഓട്ടത്തിന് പുറകെ ഓട്ടം ആയിരുന്നു.ഇന്ന് അഞ്ച് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്.ഇതിനിടയില്‍ എപ്പോഴോ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നിരുന്നു.ഷാര്‍ജയിലെ ഒരു സന്തോഷിന്റെ ഫോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൂടെയുളള ഒരാളുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം.കൂടെ താമസിക്കുന്ന ഒരാള്‍ മരണപ്പെട്ടു,എന്ന് നാട്ടിലെത്തിക്കുവാന്‍ സാധിക്കും.

ഞാന്‍ സന്തോഷിനോട് ചോദിച്ചു,അയാള്‍ എങ്ങനെയാണ് മരണപ്പെട്ടത് എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അയാള്‍ പറഞ്ഞു.തൂങ്ങിയാണ് മരിച്ചത്,എന്നാല്‍ ഞായറാഴ്ച വൈകുന്നേരമാകും നാട്ടിലേക്ക് അയക്കാന്‍ എന്ന് ഞാന്‍ മറുപടി നല്‍കുകയും ചെയ്തു.കമ്പനിയിലെ PRO അഷ്‌റഫിക്കായെ വിളിക്കും,ഞായറാഴ്ച തന്നെ അയാളുടെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കണമെന്ന അപേക്ഷയുമായി അയാള്‍ ഫോണ്‍ വെക്കുകയും ചെയ്തു.ഏകദേശം രാവിലെ പത്ത് മണിയാകും സന്തോഷിന്റെ ഫോണ്‍ എനിക്ക് വന്നത്.

ഉച്ചക്ക് 2 മണി കഴിഞ്ഞ് ഷാര്‍ജയില്‍ നിന്നും സന്തോഷ് പറഞ്ഞത് പ്രകാരം ഒരാള്‍ വിളിച്ചു. ഇവിടെ ഒരു മലയാളി തൂങ്ങിമരിച്ചു,എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നായിരുന്നു ചോദ്യം. വിളിച്ചയാളിനോട് എനിക്ക് വല്ലാത്ത ദേഷ്യവും,അമര്‍ഷവും തോന്നി,രാവിലെ മരണപ്പെട്ടിട്ട് ഇപ്പോഴാണോ എന്ത് ചെയ്യണമെന്ന് എന്നോട് ചോദിക്കുന്നതെന്ന് അല്പം നീരസത്തോടെ തന്നെ ഞാന്‍ ആ കമ്പനിയുടെ PRO യോട് ചോദിച്ചു. രാവിലെയല്ല,മരിച്ചിട്ട് കുറച്ച് സമയം ആയിട്ടേയുളളു. എന്ന് അയാള്‍ മറുപടി നല്‍കിയപ്പോള്‍,ഞാന്‍ വീണ്ടും ചോദിച്ചു.

നിങ്ങളുടെ കമ്പനിയിലെ സന്തോഷ് രാവിലെ എന്നെ വിളിച്ചിരുന്നു,അത് പറഞ്ഞ് തീരുന്നതിന് മുമ്പെ ആ PRO പറഞ്ഞു, അഷ്‌റഫിക്കാ തൂങ്ങി മരിച്ചത് സ്വദേശി സന്തോഷാണ്.അത് കേട്ടപ്പോള്‍ തന്നെ വിശ്വാസം വരാതെ ഒന്ന് കൂടി ഞാന്‍ അയാളോട് ചോദിച്ച് ഉറപ്പ് വരുത്തി.മരിച്ചത് സന്തോഷ് തന്നെയാണ്. സഹോദരാ മരിക്കുവാന്‍ പോകുന്നത് നീയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍,ഞാന്‍ വരുമായിരുന്നില്ലേ നിന്റെയടുത്തേക്ക്.പരിഹരിക്കാന്‍ കഴിയാത്ത എന്ത് പ്രശ്‌നങ്ങളാണ് ഈ ദുനിയാവിലുളളത്. എന്തിനായിരുന്നു എന്നെ വിളിച്ച് അങ്ങനെ പറഞ്ഞത്,എന്തായിരുന്നു നിന്റെ പ്രശ്‌നം,അത് എന്നാേട് പറയാമായിരുന്നില്ലേ…..
വളരെയധികം വേദനയോടെ

അഷ്‌റഫ് താമരശ്ശേരി

ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാറിന്റെ മരണത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ബിജെപി ഹരിയാന ഘടകം. ഹരിയാന ബിജെപി ഐടി ആന്റ് സോഷ്യല്‍ മീഡിയാ മേധാവി അരുണ്‍യാദവാണ് ദിലീപ് കുമാറിനെതിരെ വിദ്വേഷ പരാമര്‍ശം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുഹമ്മദ് യൂസഫ് ഖാന്‍ എന്ന ദിലീപ് കുമാര്‍ ഹിന്ദു പേരില്‍ ധാരാളം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്നാണ് ഹരിയാന ബിജെപി നേതാവ് അരുണ്‍യാദവ് പറഞ്ഞത്.
പരാമര്‍ശത്തിനെതിരെ ശിവസേന നേതാവും ബോളിവുഡ് താരവുമായ ഊര്‍മ്മിള മഡോത്ക്കര്‍ ശക്തമായാണ് പ്രതികരിച്ചത്. ‘ഷെയിം ഓണ്‍ യു’ എന്ന് പെരുവിരല്‍ താഴേക്ക് കൊടുത്ത ഒരു ഇമോജിയും ചേര്‍ത്താണ് ഊര്‍മ്മിള മറുപടി നല്കിയത്.

ദിലീപ് കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ചെയ്ത പോസ്റ്റിലാണ് വിദ്വേഷകരമായ വാക്കുകള്‍ ഹരിയാന ബിജെപി ഉപയോഗിച്ചത്. മുഹമ്മദ് യൂസഫ് ഖാന്‍ ഹിന്ദു പേരില്‍ ധാരാളം പണം സമ്പാദിച്ചുവെന്ന് എഴുതിയ വാചകത്തില്‍ ബ്രാക്കറ്റിലാണ് ദിലീപ് കുമാറെന്ന് ചേര്‍ത്തിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകത്തിന് തീരാനഷ്ടമാണെന്നും അനുശോചനം ദു:ഖാര്‍ത്തരായ ബന്ധുക്കളെ അറിയിക്കുന്നുവെന്നുമാണ് പിന്നീട് നല്കിയിരിക്കുന്നത്. തുടര്‍ന്ന് ആത്മശാന്തിയും അന്തരിച്ച നടന് ഹരിയാന ബിജെപി ഘടകം നേരുന്നുണ്ട്. ഊര്‍മ്മിള മഡോത്ക്കര്‍ ബിജെപിയുടെ വിദ്വേഷകരമായ പോസ്റ്റിനെതിരെ ശക്തമായി രംഗത്ത് എത്തിയതോടെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധവും ഉയര്‍ന്നു കഴിഞ്ഞു.

 

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ‘ജിബൂട്ടി’ ആറ് ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്നു. എസ്.ജെ സിനു എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ജോബി പി. സാം ആണ് നിര്‍മ്മിക്കുന്നത്. ചിത്രം ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ഒടുവിലെ വാര്‍ത്ത.

ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. വൈല്‍ഡ് ആന്‍ഡ് റോ ആക്ഷനുകള്‍ ആണെന്ന് സൂചന നല്‍കി കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍, ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും.

മുമ്പ് പുറത്തിറങ്ങിയ ‘വിണ്ണിനഴകേ കണ്ണിനിതളേ’ എന്ന റൊമാന്റിക് സോംഗും ശ്രദ്ധ നേടിയിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായ, അമിത് ചക്കാലക്കലിന്റെ റഫ് ലുക്കും പോസ്റ്ററില്‍ അനാവരണം ചെയ്തിരുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ടി.ഡി ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു. ഓഡിയോ റൈറ്റ്സ്: ബ്ലൂഹില്‍ മ്യൂസിക്സിക്സ്. ചിത്രസംയോജനം: സംജിത് മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: തോമസ് പി.മാത്യു, ആര്‍ട്ട്: സാബു മോഹന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം: ശരണ്യ ജീബു, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, സ്റ്റണ്ട്സ്: വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി. ഡിസൈന്‍സ്: സനൂപ് ഇ.സി, വാര്‍ത്താ പ്രചരണം: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.

RECENT POSTS
Copyright © . All rights reserved