Kerala

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ ഇന്ത്യയിലെ ക്രിമിനൽ കേസ് സുപ്രീംകോടതി റദ്ദാക്കും. മത്സ്യത്തൊഴിലാളികളെ കൊന്ന കുറ്റത്തിന് നാവികർക്കെതിരായ കേസ് റദ്ദാക്കാനുള്ള ഉത്തരവ് സുപ്രീം കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സ‍ർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസ‍ർക്കാർ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു.

2012 ഫെബ്രുവരിയിൽ കേരള തീരത്ത് ഇറ്റാലിയൻ നാവികർ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 10 കോടി രൂപ നഷ്ടപരിഹാരം നൽകുന്നതിന് ജൂൺ 15 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കടൽക്കൊല കേസിൽ നാവികർക്കെതിരെ വിചാരണ നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു.

കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സർക്കാരിന് തീരുമാനിക്കാം.

കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചിരിക്കുന്നത്. നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പാക്കാമെന്ന് സുപ്രീംകോടതി ഇതോടെ നിലപാടെടുക്കുകയായിരുന്നു. ഇരകളുടെ അവകാശികൾക്ക് നഷ്ടപരിഹാരം കൃത്യമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ കേരള ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവരുടെ അവധിക്കാല ബെഞ്ച് പറഞ്ഞു.

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തി ലക്ഷദ്വീപ് പോലീസ്. കേന്ദ്രം ദ്വീപിൽ ബയോ വെപ്പൺ പ്രയോഗിക്കുകയാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിനെതിരെയാണ് കേസ്.

ബിജെപി ലക്ഷദ്വീപ് നേതാവ് അബ്ദുൽ ഖാദർ നൽകിയ പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്.കവരത്തി പോലീസ് ആണ് ഐഷാ സുൽത്താനക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.124 A , 153 B വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐഷക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നു. ആയിഷയെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനെതിരെ രംഗത്ത് വന്ന ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം കഴിഞ്ഞദിവസം ആയിഷക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു.

പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണ് ബയോവെപ്പൺ എന്ന പ്രയോഗം.പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും അങ്ങനെയായി തനിക്ക് തോന്നിയെന്നും ഐഷ സുൽത്താന കഴിഞ്ഞ ദിവസം എഫ് ബിയിൽ കുറിച്ചിരുന്നു. കോവിഡ് കേസുകൾ പൂജ്യമായ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ വരവോടുകൂടിയാണ് വൈറസ് വ്യാപിച്ചതെന്നും അവർ പറയുന്നു. കൂടാതെ ആശുപത്രി സൌകര്യങ്ങൾ ഇല്ലായെന്ന് അറിയിച്ച മെഡിക്കൽ ഡയറക്ടറെ ഡീ പ്രമോട്ട് ചെയ്ത പ്രഫുൽ പട്ടേലിനെയാണ് താൻ ബയോ വെപ്പണായി താരതമ്യം ചെയ്‌തെന്നും അല്ലാതെ രാജ്യത്തെയും ഗവൺമെന്റിനെയും അല്ലെന്നും ഐഷ തന്റെ ഫെയ്‌സ്ബിക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

ബിജോ തോമസ് അടവിച്ചിറ

ഗോകുല ആർ എന്ന 29 കാരൻ ആണ് സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുന്നത്. വൃക്ക രോഗ ബാധിതനായി ചികിത്സയ്‌ക്കിടയിൽ കൊറോണ പിടിപെട്ടു ഗുരുതരാവസ്ഥയിൽ അമൃത ഹോസ്പിറ്റലിൽ വെറ്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഈ ചെറുപ്പക്കാരന് ദിവസം വലിയ ഒരു തുക തന്നെ ചികിത്സ ചിലവാകുന്നു. സ്വന്തം സഹോദരൻ പകുത്തു നൽകിയ ഒരു വൃക്കയിലൂടെ ജീവൻ നിലനിർത്തി ചികിത്സയുമായി മുന്നോട്ടു പോകുമ്പോൾ ആണ് കൊറോണയും പിടിപെടുന്നത്.

ആ ചികിത്സയ്ക്ക് തന്നെ വലിയൊരു തുക ചിലവായ കുടുംബം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാരുണ്യം കൊണ്ട് മാത്രമാണ് ഇപ്പോൾ കാര്യങ്ങൾ നടന്നുപോകുന്നത്. യുവാവിന് ജനിച്ചു പതിനാലു ദിവസം മാത്രം പ്രായം ആയ കുട്ടിയുണ്ട്. ബസേലിയസ് കോളേജിൽ സുവോളജി വിദ്യാർത്ഥിയായിരുന്ന ഗോകുൽ കോട്ടയം പാമ്പാടി സ്വദേശിയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗോകുലിന്റെ ചികിത്സാച്ചെലവ് അവരുടെ കുടുംബത്തിന്റെ പരിധിക്കപ്പുറമാണ്. അഭ്യുദയകാംക്ഷികളുടെ സാമ്പത്തിക സഹായത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷ.

ഗോകുലിന്റെ സഹോദരൻ രാഹുലിന്റെ അക്കൗണ്ട് നമ്പർ

Rahul R Ac നമ്പർ: 30908548534 IFSC: SBIN0013665

G pay / Phone pe – 9961617742

കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രദേശ വാസികളുടെ അടക്കം സഹായത്തോടെയാണ് ഒളിവിൽ കഴിയുകയായിരുന്ന മാർട്ടിൻ ജോസഫിനെ കണ്ടെത്തിയത്.

മുണ്ടൂരിൽ നിന്ന് കഴിഞ്ഞ ദിവസം മാർട്ടിൻ ജോസഫിന്റെ സുഹൃത്തിനെ പൊലീസ് പിടികൂടിയിരുന്നു. ആ സമയത്ത് മാർട്ടിനും ഇതേ പരിസരത്തുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് മുണ്ടൂർ മേഖല കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ലാറ്റിൽ വച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. മാർട്ടിൻറെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലായിരുന്നു താമസം.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് മാർട്ടിൻ അതിക്രൂരമായി ല്ലപീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

സോഷ്യൽമീഡിയയിലെ രസകരമായ വീഡിയോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമാണ് ഗായകൻ വിധു പ്രതാപും ഭാര്യയും നർത്തകിയും അവതാരകയുമായ ദീപ്തിയും. ഇരുവരും കഴിഞ്ഞദിവസം വിൻഡേജ് ഓർമ്മകളെ തൊട്ടുണർത്തുന്ന വീഡിയോയുമായി സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകരോട് സംവദിക്കുന്ന പ്രതികരണം പരിപാടിയുടെ പഴയ കാല മാതൃകയുമായാണ് ദമ്പതികൾ സോഷ്യൽമീഡിയയിലെത്തിയത്.

രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിലുമുണ്ട്. ആരാധകർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുന്നതാണ് വീഡിയോ. ദമ്പതികളുടെ എനർജറ്റിക്കായ പ്രകടനത്തെ വാഴ്ത്തിയവരോട് നന്ദി പറയാനും ഇരുവരും മടിച്ചില്ല. ഇതിനിടെ വിധുവിനും ദീപ്തിക്കും കുട്ടികളില്ലേ എന്നു ചോദിച്ചയാൾക്കും ഇരുവരും മറുപടി നൽകി. ഇപ്പോൾ തങ്ങൾക്കു കുട്ടികളില്ലെന്നും എന്നാൽ അതോർത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോർത്ത് വേറെ ആരും വിഷമിക്കണ്ട എന്നും ഇരുവരും കൂട്ടിച്ചേർത്തു. ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെന്നും ദമ്പതികൾ പറഞ്ഞു.

മുമ്പ് പങ്കുവെച്ച വീട്ടിലെ പുതിയ നായക്കുട്ടിയുടെ വീഡിയോകളെ കുറിച്ചും ദീപ്തിയും വിധുവും വാചാലരാകുന്നുണ്ട്. അത് തങ്ങളുടെ സ്വന്തമല്ലെന്നും ബംഗളുരുവിൽ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ദീപ്തി പറയുന്നു. ലോക്ഡൗൺ കാലം തുടങ്ങിയതു തൊട്ട് ഇരുവരും വ്യത്യസ്തങ്ങളായ വീഡിയോയുമായി എത്തുന്നത് പതിവാണ്.

പത്ത് വർഷം ഒറ്റമുറിക്ക് അകത്തെ ഇരുട്ടിനകത്ത് കഴിഞ്ഞ സജിതയും വീട്ടുകാർ പിടിക്കുമോ എന്ന ഭയവും പേറി ജീവിച്ച റഹ്മാനും ഒടുവിൽ സ്വസ്ഥമായി കുടുംബജീവിതം ആരംഭിച്ചിരിക്കുകയാണ്. വീട്ടുകാരെ ഭയന്നാണ് ഇത്രനാളും ഒളിച്ചിരിക്കേണ്ടി വന്നതെന്ന് ഇരുവരും പറയുന്നു. വ്യത്യസ്ത മതക്കാരായതിനാൽ പ്രണയത്തെ കൊടുംക്രൂരമായി കാണുന്ന സമൂഹം തന്നെയാണ് ഇത്രനാളത്തെ ഇരുവരുടേയും നരക ജീവിതത്തിന് ഉത്തരവാദിയെന്ന് പറയാതെ പറയുകയാണ് സജിതയുടേയും റഹ്മാന്റെയും മുഖത്തെ ഭയം. എല്ലാം കലങ്ങിത്തെളിഞ്ഞിട്ടും പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും ഇരുവർക്കും ഭയം ഇനിയും വിട്ടുമാറിയിട്ടില്ല.

‘ഇനി സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നത്. ഇപ്പോഴും വീട്ടുകാരെ ഭയമാണ്.’ പാലക്കാട് അയിലൂരിൽ പത്ത് വർഷത്തെ വീടിനകത്തെ ഒളിവുജീവിതം അവസാനിപ്പിച്ച സജിതയും റഹ്മാനും പറയുന്നു. കഴിഞ്ഞ ദിവസം ഇവരുടെ കഥ പുറത്തറിഞ്ഞതോടെ ഒട്ടേറേ പേരാണ് ഈ വീട്ിലേക്കെത്തിയത്. ആലത്തൂർ എംപി രമ്യാ ഹരിദാസും ഇവരെ കാണാനെത്തിയിരുന്നു.

‘ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.’-പത്ത് വർഷത്തെ ഒളിവുജീവിതത്തെ കുറിച്ച് ചോദിക്കുമ്പോൾ റഹ്മാന്റെ വാക്കുകളിതാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ഈ വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് മാരിയത്. ‘ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.’- റഹ്മാൻ തന്റെ ദുരിതങ്ങൾവിവരിക്കുന്നു.

പ്രത്യേക ഓടാമ്പലും ഷോക്കടിക്കുന്ന പൂട്ടുമൊക്കെ വാതിലിന് ഘടിപ്പിച്ചതിനെ കുറിച്ചും റഹ്മാൻ തുറന്നു പറയുന്നുണ്ട്. ‘വാതിലിൽ ചെറിയ മോട്ടോർ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല ടോയ് കാറുകളിലുള്ള മിനിമോട്ടോർ എല്ലാ കടകളിലും കിട്ടും. ഞാൻ ഇങ്ങനെ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുറേയൊക്കെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ട്.’

താൻ ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാൻ വേണ്ടിയാണ്. ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പോലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരുപ്രശ്‌നവും ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവർ എന്നെ പുറത്താക്കിയിരിക്കുകയാണ്.’- റഹ്മാൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

സാഹചര്യം കൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്നാണ് സജിതയും പറയുന്നത്. ”ഒരിക്കലും ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോൾ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. എന്നാലും ഇക്കയുടെ വീട്ടുകാരെ പേടിയുണ്ട്.”-സജിത പറഞ്ഞു.

കൊല്ലത്ത്, കാമുകന്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ കാരണം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത് കൊണ്ടാണെന്ന് പോലീസ്. കൊല്ലം ഇടമുളയ്ക്കല്‍ തുമ്പിക്കുന്നില്‍ ഷാന്‍ മന്‍സിലില്‍ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ഷാനവാസ് ചൊവ്വാഴ്ച വൈകിട്ടാണ് ആര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

കൊല്ലപ്പെട്ട ആതിര ഇന്‍സ്റ്റഗ്രാമില്‍ അടിക്കടി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. കാമുകനായ ഷാനവാസിന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാനവാസ് ആതിരയെ തീ കൊളുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

 

ഗുരുതരമായി പരുക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആതിരയെ തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷാനവാസും ചികിത്സയിലാണ്.

ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച ശേഷം ആതിരയും ഷാനവാസും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒന്നിച്ച് കഴിയുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ആറുമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്. രണ്ട് പേര്‍ക്കും ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളുമുണ്ട്.

നാട്ടിൽ കലാപം സൃഷ്ടിക്കണമെന്ന് സംഘപരിവാറിനെ ഉപദേശിച്ച ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസിന് എതിരെ മുൻമന്ത്രി ടിഎം തോമസ് ഐസക്ക്. ബിജെപിയെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണകവർച്ചാകേസിൽ നിന്നും ജനശ്രദ്ധതിരിക്കാനായി നാട്ടിൽ കലാപവും കൊലപാതകങ്ങളും സൃഷ്ടിക്കണമെന്ന് ക്ലബ് ഹൗസ് ചർച്ചയ്ക്കിടെ ഉപദേശിച്ച ടിജി മോഹൻദാസ് ചോരക്കൊതി പൂണ്ട അധോലോക നായകനാണെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കുഴൽപ്പണക്കേസിൽ നിന്ന് തലയൂരാൻ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കൾക്ക് ടി.ജി മോഹൻദാസ് ഓതിക്കൊടുത്ത ഉപായം, ആ പാർടിയുടെ മാഫിയാ സ്വഭാവത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ബൗദ്ധികവിഭാഗം സംസ്ഥാന കൺവീനറാണത്രേ മോഹൻദാസ്. കുഴൽപ്പണവിവാദത്തിലെ കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ജനവിശ്വാസം ആർജിക്കണമെന്നല്ല ബുദ്ധിശാലി ഉപദേശിച്ചുകൊടുക്കുന്നത്. മറിച്ച് നാട്ടിൽ കലാപവും കൊലപാതകവും അഴിച്ചു വിട്ട് എത്രയും വേഗം വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കണമെന്നാണ്. ജനാധിപത്യസംവിധാനത്തിൽ പ്രവർത്തിക്കുന്ന പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ വാക്കുകളല്ല നാം കേട്ടത്. മറിച്ച് ചോരക്കൊതി പൂണ്ട ഒരു അധോലോക നായകന്റെ ഭ്രാന്തൻ പദ്ധതികളാണ്. അദ്ദേഹത്തിന് എത്രയും വേഗം കുഞ്ഞുസ്‌ഫോടനങ്ങളെ അപ്രസക്തമാക്കുന്ന മെഗാ സ്‌ഫോടനങ്ങൾ വേണം. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന രീതി കാലഹരണപ്പെട്ടു കഴിഞ്ഞു. പകരം ഒരു പല്ല് പറിക്കുന്നവരുടെ താടി അടിച്ചു പൊട്ടിക്കണം. ഡിസ്പ്രപ്പോഷണേറ്റ് റിട്ടാലിയേഷൻ എന്നും ഇംഗ്ലീഷ് പ്രയോഗവും നടത്തിയിട്ടുണ്ട്. അനുപാതം കവിഞ്ഞ തിരിച്ചടി എന്ന് തർജമ ചെയ്യാം, ആ പ്രയോഗത്തെ. അതിനുള്ള ആയുധങ്ങൾ ആവോളം കൈയിലുണ്ടത്രേ.
അന്തംവിട്ടാൽ എന്തും ചെയ്യുന്ന പ്രതിയുടെ ഭ്രാന്തുപിടിച്ച അവസ്ഥയിലേയ്ക്ക് ബിജെപി നേതൃത്വം നിലം പതിച്ചു കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട യുവമോർച്ചക്കാർ പങ്കെടുത്ത ക്ലബ്ബ്ഹൗസ് യോഗത്തിലാണ് ഈ ആഹ്വാനം എന്ന് ഓർക്കുക. ഏതോ കില്ലർ സ്‌ക്വാഡുകൾക്കുള്ള കൽപന തന്നെയാണിത്. വീര്യം നഷ്ടപ്പെട്ട അണികളെ ഉത്തേജിപ്പിക്കാൻ കുരുതിയ്ക്കുള്ള ആഹ്വാനം. അനുപാതം കവിഞ്ഞു നിൽക്കണം പ്രതികാരം എന്നു കൽപ്പിക്കുന്നതിലൂടെ സാധാരണ പ്രവർത്തകരെയൊന്നുമാവില്ല ഉന്നം വെയ്ക്കുന്നത്. സംസ്ഥാനത്തെയും രാജ്യത്തെയും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾക്കുള്ള പച്ചയായ ആഹ്വാനമായിത്തന്നെയാണ് നിയമസംവിധാനം ഈ ശബ്ദരേഖയെ കണക്കിലെടുക്കേണ്ടത്.
2016ലെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നയുടനെ കണ്ണൂരിനെ ചോരക്കളമാക്കാൻ ആർഎസ്എസ് നടത്തിയ കളികളാണ് ഈ ഘട്ടത്തിൽ ഓർമ്മ വരുന്നത്. എൽഡിഎഫിന്റെ വിജയാഹ്ലാദ പ്രകടനത്തിലേയ്ക്ക് ബോംബെറിഞ്ഞാണ് സഖാവ് രവീന്ദ്രനെ വകവരുത്തിയത്. തൊട്ടുപിന്നാലെ സ. സി.വി ധനരാജിന്റെ കൊലപാതകം. അതിനുപിന്നാലെ സഖാവ് മോഹനന്റെ കൊലപാതകം. അടുപ്പിച്ചടുപ്പിച്ച് മൂന്നു കൊലപാതകങ്ങളാണ് അവർ നടത്തിയത്.
അതിൽ സ. ധനരാജിന്റെ കൊലയാളികളിൽ പാറശാല പരശുവയ്ക്കൽ സ്വദേശിയും ഉണ്ടായിരുന്നു. പാറശാലക്കാരന് കണ്ണൂരുകാരനോട് വ്യക്തിവൈരാഗ്യം ഉണ്ടാകേണ്ട ഒരു കാര്യവുമില്ല. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്തത് ഈ പാറശാല സ്വദേശിയാണ്. ഇത്തരത്തിൽ ഇരയെ തെരഞ്ഞെടുക്കാനും കൊല ആസൂത്രണം ചെയ്യാനും പ്രത്യേകം ചുമതലപ്പെടുത്തപ്പെട്ട കാര്യവാഹകന്മാർ ആർഎസ്എസിലുണ്ട് എന്ന് സംശയലേശമെന്യെ സമൂഹത്തിന് ബോധ്യമായത് ഈ കൊലപാതകത്തിലെ പാറശാല സ്വദേശിയുടെ സാന്നിധ്യത്തിലൂടെയാണ്. ഇത്തരം ക്രിമിനലുകൾ ഉൾപ്പെട്ടിരുന്ന യോഗത്തിലാണോ ടി.ജി മോഹൻദാസിന്റെ ആഹ്വാനം എന്ന് സംസ്ഥാന പോലീസും ഇന്റലിജൻസ് വിഭാഗവും ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, വി.വി രാജേഷ് തുടങ്ങിയവരൊക്കെ സന്നിഹിതരായിരുന്ന ക്ലബ്ബ്ഹൗസ് യോഗത്തിലാണ് മോഹൻദാസ് തന്റെ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചത്. ദൂരവ്യാപകങ്ങളായ പ്രത്യാഘാതങ്ങൾ ഇനി നാം പ്രതീക്ഷിക്കുക തന്നെ വേണം. സംസ്ഥാനത്ത് നിലവിൽ യാതൊരു രാഷ്ട്രീയസംഘർഷവും നിലനിൽക്കുന്നില്ല. ഈ ഘട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള അക്രമം ആർഎസ്എസിന്റെ ഭാഗത്തു നിന്നുണ്ടായാൽ അത് ഈ യോഗതീരുമാനം അനുസരിച്ചായിരിക്കുമെന്ന് വ്യക്തം.
കുഴൽപ്പണക്കേസ് ബിജെപി സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ പൂർണ്ണമായും തകർക്കും. ബിജെപിയുടെ വോട്ട് ശതമാനം 2016 തെരഞ്ഞെടുപ്പുവരെ അനുക്രമമായി വർദ്ധിച്ചുവന്നത് താഴ്ന്നുതുടങ്ങി. ഈ ഇടിവിന് കുഴൽപ്പണം ആക്കം കൂട്ടും. ഇത് എത്രമാത്രം അവരെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ക്ലബ്ബ്ഹൗസിലെ അവരുടെ കൂടിച്ചേരലിലെ വർത്തമാനങ്ങൾ. ഇവിടെ നടക്കുന്ന ചർച്ചകൾ രഹസ്യമല്ല, പബ്ലിക് ഡൊമൈനിൽ പങ്കെടുക്കുന്ന ഒരാൾക്കു ലഭ്യമാക്കാനാവും എന്നുപോലും ഈ നേതാക്കൻമാർക്കു തിരിച്ചറിവില്ലാതെ പോയിയെന്നതും വിസ്മയകരമാണ്.

ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടന്നതിനു പിന്നിലെ പകയുടെ തുടക്കം ബെംഗളൂരുവിലെ ഡെന്റൽ കോളജിൽ. കേസിലെ ആറാം പ്രതി കൊല്ലം സ്വദേശി അജാസ്, സുഹൃത്തായ കൊച്ചിയിലെ ഡോക്ടർ, പരാതിക്കാരി ലീന, ഇവരുടെ പങ്കാളി സുകാശ് ചന്ദ്രശേഖർ എന്നിവർ ബെംഗളൂരു കോളജിലെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പഠനകാലത്തു തന്നെ മോഡലിങ്ങിലും സിനിമയിലും തിളങ്ങിയ ലീന കൂടുതൽ അടുപ്പം സുകാശിനോടു കാണിക്കാൻ തുടങ്ങിയതോടെ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഇടർച്ചയുണ്ടായി. പഠനം പൂർത്തിയാക്കാതെ കോളജ് വിട്ട അജാസ് ബിസിനസ് തുടങ്ങാൻ കൊച്ചിയിൽ സ്ഥിരതാമസമാക്കി.

ബെംഗളൂരുവിലും പിന്നീട് ന്യൂഡൽഹിയിലും ഒരുമിച്ചു താമസിച്ചു ബിസിനസ് തുടങ്ങിയ ലീനയും സുകാശും കുറഞ്ഞ കാലത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ച നേടിയതു മുഴുവൻ സഹപാഠികളെയും ഞെട്ടിച്ചു. ഇതിനിടെയാണു തെക്കൻ ഡൽഹിയിലെ ഇവരുടെ വാടക ഫാം ഹൗസിൽ ഡൽഹി, ചെന്നൈ പൊലീസ് സംഘങ്ങൾ ഒരുമിച്ചു പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങൾ അടക്കം 20 കോടി രൂപ വിലമതിക്കുന്ന 9 കാറുകളും 81 മുന്തിയ ഇനം വാച്ചുകളും പിടിച്ചെടുത്തു. വാഹനങ്ങളും വാച്ചുകളും സുകാശ് ചന്ദ്രശേഖർ മോഷ്ടിച്ചതാണെന്നാണു പൊലീസ് അന്നു വെളിപ്പെടുത്തിയത്.

തുടർന്ന് ഒട്ടേറെ വഞ്ചനാക്കേസുകൾ സുകാശിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്തതോടെ ലീന ഒറ്റയ്ക്കു കൊച്ചിയിൽ താമസമാക്കി. ആഡംബരക്കാറുകൾ ഒളിപ്പിച്ച സൗത്ത് ഡൽഹിയിലെ ഫാംഹൗസിനെ കുറിച്ചു പൊലീസിനു വിവരം നൽകിയത് അജാസാണെന്നാണു സുകാശും ലീനയും അഭിഭാഷകരോട് പറഞ്ഞത്. ഇതിനിടെ വ്യാജ സിബിഐ ഓഫിസർ ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലും സുകാശ് ചന്ദ്രശേഖർ പ്രതിയായി. ശിക്ഷിക്കപ്പെട്ട കേസുകളിൽ പരോളിൽ ഇറങ്ങുമ്പോൾ സുകാശ് കൊച്ചിയിൽ ലീനയെ സന്ദർശിച്ചിരുന്നു.

തട്ടിപ്പിലൂടെ സുകാശ് നേടിയ വൻതുക ലീനയെ സുരക്ഷിതമായി ഏൽപിച്ചിരുന്നതായാണ് അജാസും സുഹൃത്തായ ഡോക്ടറും വിശ്വസിച്ചത്. ലീനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കടവന്ത്രയിലെ ലീനയുടെ ബ്യൂട്ടി പാർലറിനു സമീപത്തു തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അജാസും താമസം തുടങ്ങി. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായും പൊലീസുമായും അടുപ്പം സൂക്ഷിക്കാൻ അജാസ് ശ്രമിച്ചിരുന്നു. പൊലീസിന്റെ നീക്കങ്ങൾ ഗുണ്ടകൾക്കും ഇവരുടെ നീക്കങ്ങൾ പൊലീസിനും കൈമാറിയ അജാസ് ഇരുകൂട്ടരുടെയും വിശ്വസ്തനായി.

ഇതിനിടെയാണു കേരളത്തിലെ അതിസമ്പന്നരെ ഭീഷണിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി പണം തട്ടുന്ന വിവരം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിൽ നിന്ന് അജാസ് അറിഞ്ഞത്. ഇക്കാര്യം അജാസ് സുഹൃത്തായ ഡോക്ടറോടു പങ്കുവച്ചു. സുകാശ് ചന്ദ്രശേഖർ ഏൽപിച്ച പണം ലീനയുടെ പക്കൽനിന്നു തട്ടിയെടുക്കാനുള്ള പദ്ധതിയിൽ രവി പൂജാരിയെ ഉൾപ്പെടുത്താൻ നിർദേശിച്ചതു സുഹൃത്തായ ഡോക്ടറാണ്. രവി പൂജാരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഈ ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തിയപ്പോൾ സഫലമായത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ 6 വർഷത്തെ പ്രയത്നം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന ബെക്സ് ഓടിച്ച കാറിടിച്ചു സുഡാനി ബാലൻ മരിച്ചതിനെ തുടർന്നായിരുന്നു വധശിക്ഷ. ബന്ധു സേതുവാണു സഹായമഭ്യർഥിച്ച് യൂസഫലിയുടെ പക്കലെത്തിയത്.

സുഡാനി കുടുംബത്തോടു പലവട്ടം സംസാരിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായില്ല. 6 വർഷം ശ്രമിച്ച ശേഷമാണ് അനുനയിപ്പിക്കാനായതെന്നും അവർക്കുള്ള നഷ്ടപരിഹാരമായി ജനുവരിയിൽ തന്നെ താൻ ഒരു കോടി രൂപ കോടതിയിൽ കെട്ടിവച്ചതായും യൂസഫലി പറ‍ഞ്ഞു. നിയമനടപടികൾക്കു ശേഷം ഇപ്പോഴാണു മോചനം സാധ്യമായത്.

ഏപ്രിൽ 11നു കൊച്ചി പനങ്ങാട്ട് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തെ തുടർന്നുള്ള നട്ടെല്ല് ശസ്ത്രക്രിയയ്ക്കു ശേഷം അബുദാബിയിലെ വീട്ടിൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചെത്തുകയാണ് യൂസഫലി. ബെക്സ് സംഭവത്തിൽ ഇടപെട്ടതിനെ കുറിച്ച് ആദ്യമായി വിശദമാക്കുന്നതും ഇപ്പോഴാണ്. ‘‘ മരിച്ച ബാലന്റെ പിതാവുമായി ഒട്ടേറെത്തവണ സംസാരിച്ചു. അപകട ശേഷം സുഡാനിലേക്കു മടങ്ങിയ അവരെ തിരികെ അബുദാബിയിൽ കൊണ്ടു വന്നു താമസിപ്പിക്കുകയും ചെയ്തു.

അവരെല്ലാം ഉൾപ്പെടെ പ്രാർഥിച്ചതുകൊണ്ടാകാം ഞാൻ ഹെലികോപ്റ്റർ അപകടത്തിൽ നിന്നു രക്ഷപ്പെട്ടത്,’’ അദ്ദേഹത്തിന്റെ വാക്കുകൾ. അബുദാബിയില്‍ നിന്നും ജയില്‍ മോചിതനായ ബെക്സ് കൃഷ്ണന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാനായി മകന്‍ അദ്വൈതും ഭാര്യ വീണയും എത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved