തിരുവനന്തപുരം: കോവിഡ് സാഹചര്യം രൂക്ഷമായി തുടര്‍ന്നാല്‍ രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങ് ലളിതമായ രീതിയില്‍ രാജ്‌ഭവനില്‍ നടക്കും. 20-നാണ് സത്യപ്രതിജ്‌ഞ നിശ്‌ചയിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിക്കു പുറമെ പുതിയ 20 മന്ത്രിമാര്‍, കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍, മേയര്‍, തിരുവനന്തപുരം എം.എല്‍.എ, എം.പി, ചീഫ് സെക്രട്ടറി, ഡി.ജി.പി, പൊതുഭരണ സെക്രട്ടറി, ഗവര്‍ണറുടെ എ.ഡി.സി. എന്നിവരടക്കം 50 പേരെമാത്രം ചടങ്ങില്‍ പങ്കെടുപ്പിക്കാനാണ് ആലോചന. മറ്റു വി.ഐ.പികള്‍ക്കു സത്യപ്രതിജ്‌ഞാ ചടങ്ങിന്റെ ഓണ്‍ലൈന്‍ ലിങ്ക് നല്‍കും. പി.ആര്‍.ഡി. വഴി ചടങ്ങ് ജനങ്ങളിലേക്കെത്തിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം 17നു സി.പി.എം. നേതൃത്വം കൈക്കൊള്ളും. ലളിതമായി ചടങ്ങ് നടത്താനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനമെന്നു സൂചനയുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാർക്ക് ഉടൻ പരോൾ. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കണമെന്ന് ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദ്ദേശം നൽകി. തൊണ്ണൂറ് ദിവസത്തേക്കാണ് പരോൾ. രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എണ്ണം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിശ്ചയിച്ച ഹൈ പവർ കമ്മറ്റിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം കൊവിഡ് ഒന്നാം തരംഗത്തിലും സമാന രീതിയിൽ തടവുകാർക്ക് പരോൾ അനുവദിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിൽ ജയിലുകളിൽ വ്യാപകമായി കോവിഡ് പടരുന്ന സാഹചര്യത്തിലാണ് വീണ്ടും പരമാവധി ജയിൽവാസികൾക്ക് പരോൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
തിരു.: സംസ്ഥാനത്ത് ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്താന്‍ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് നാല് ദിവസത്തേക്കുള്ള ഓക്സിജന്‍ ആവശ്യത്തിന് കരുതലുണ്ട്. എന്നാല്‍, ചില ആശുപത്രികള്‍ സംവിധാനവുമായി ബന്ധപ്പെടാതെ നില്‍ക്കുന്നുണ്ട്. അവര്‍ പെട്ടെന്നാണ് ആവശ്യം പറയുന്നത്. ഇനിയും ഓക്സിജന്‍ വലിയ അളവില്‍ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചില ആശുപത്രികള്‍ ഓക്സിജന്‍ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വര്‍ദ്ധനവുണ്ടാവുമ്പോള്‍ സ്റ്റോക്ക് ചെയ്യാനാണ്. സംസ്ഥാനത്ത് ഇപ്പോള്‍ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജന്‍ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണിനിടയിലും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം ഓക്‌സിജനാണന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
. കോവിഡ് പ്രതിസന്ധിയിലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്
ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടയൂർക്കാവ്, കഴക്കൂട്ടം ഉൾപ്പടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ തന്നെ ചോർന്നുവെന്ന് വിലയിരുത്തി ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ പാർട്ടിക്ക് മുൻപ് ലഭിച്ചിരുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും നേമം നഷ്ടമാകാൻ പ്രധാന കാരണം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്നും പാർട്ടി വിലയിരുത്തുന്നു.
ജില്ലാ പ്രസിഡന്റ് വിവി രാജേഷ് മത്സരിച്ച വട്ടിയൂർക്കാവിൽ അടിസ്ഥാന വോട്ടുകൾ മാത്രം സമാഹരിച്ചെന്നാണ് വിലിരുത്തൽ. ഇവിടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മുൻ ജില്ലാ പ്രസിഡന്റ് എസ് സുരേഷിനേക്കാൾ കൂടുതൽ വോട്ട് രാജേഷ് നേടിയെന്നും വിലയിരുത്തി.
ജില്ലാ പഞ്ചായത്തിലെ സിറ്റിങ് ഡിവിഷൻ നിലനിർത്താൻ എസ് സുരേഷിന് സാധിച്ചില്ലെന്ന് വി വിരാജേഷ് യോഗത്തിൽ ചൂണ്ടിക്കാട്ടിയത് വാക് തർക്കത്തിന് ഇടയാക്കി. പ്രകോപിതനായ എസ് സുരേഷ് ജില്ലയിലെ ബിജെപിക്കുണ്ടായ പരാജയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ഇരുനേതാക്കളും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇടപ്പെട്ട് ജില്ലാ കോർകമ്മിറ്റി വിളിക്കാൻ നിർദേശിച്ചതായാണ് വിവരം.
അതേസമയം, ബിജെപി ശക്തി കേന്ദ്രങ്ങളിലും വോട്ട് കുറഞ്ഞിട്ടുണ്ട്. സ്വാധീനമേഖലയിലെ ബൂത്തുകളിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന 25 മുതൽ 100 വരെ വോട്ടുകൾ കുറഞ്ഞു. സിറ്റിങ് വാർഡുകളിൽ ബഹൂഭൂരിപക്ഷത്തിലും വോട്ടുകുറഞ്ഞു. നേമത്തെ നായർ വോട്ടുകളിൽ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചു. മുസ്ലിം വോട്ടുകൾ എൽഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തിൽ വിലയിരുത്തി.
കഴക്കൂട്ടത്ത് മത്സരിച്ച ശോഭാ സുരേന്ദ്രൻ പരാജയം വിലയിരുത്താനുള്ള യോഗത്തിൽ പങ്കെടുത്തില്ല. ഇതിനിടെ സ്ഥാനാർത്ഥി നിർണയം വൈകിയതും പരാജയത്തിന് കാരണമായതായി നേതൃത്വത്തിനെതിരെ വിമർശനമുയർത്തിയിട്ടുണ്ട് ഒരു വിഭാഗം.
ജീവിത മാർഗം തേടി ഒന്നിച്ച് ഗൾഫിലെത്തിയ ബാല്യകാല സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ചു. പ്രവാസ ലോകത്തേക്ക് മലപ്പുറം സ്വദേശികളായ ശരത്തും, മനീഷും എത്തിയത് ഒരേ വിമാനത്തിൽ. ജീവനറ്റ് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരുമിച്ച് ഒരേ വിമാനത്തിൽ… ഈ സാഹചര്യത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശേരി.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:
കഴിഞ്ഞയാഴ്ച ഖാര്‍ഫേക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയച്ചു.
അപകടത്തില്‍ മരിച്ചുപോയ ശരത്തും,മനീഷും ബല്യകാല സുഹൃത്തുക്കളാണ്. കുട്ടിക്കാലം മുതല്‍ ഒരുമ്മിച്ച് കളിച്ച് വളര്‍ന്നവര്‍. ഇരുവരും ജീവിത മാര്‍ഗ്ഗം അന്വേഷിച്ച് ഗള്‍ഫിലേക്ക് വരുന്നത് ഒരേ വിമാനത്തില്‍. തികച്ചും യാദൃശ്ചികമെന്ന് പറയട്ടെ മരിച്ച് നിശ്ചലമായി കിടക്കുമ്പോഴും അവസാന യാത്രയും ഒരുമിച്ച് ഒരേ വിമാനത്തില്‍
ഷാര്‍ജയിലെ മുവെെല നാഷനല്‍ പെയിന്‍റ്സ് സമീപമാണ് മനീഷ് താമസിക്കുന്നത്. പിതാവുമായി ചേര്‍ന്ന് സ്വന്തമായി ബിസ്സിനസ്സ് നടത്തുകയാണ് മനീഷ്
കമ്പനിയുടെ ആവശ്യത്തിനായി അജ്മാനില്‍ നിന്നും റാസല്‍ ഖെെമ ഭാഗത്തേക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ പിന്നില്‍ നിന്നും മറ്റൊരു വാഹനം വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവര്‍ക്കും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു
മനീഷിന് മൂന്ന് മാസം പ്രായമുളള ഒരു കുട്ടി ഉണ്ട്. ഭാര്യ നിമിത. നാട്ടിലുളള പിതാവ് വന്നതിന് ശേഷം നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുകയായിരുന്നു മനീഷ്. പെട്ടെന്ന് യാത്ര വിലക്ക് കാരണം പിതാവിന്‍റെ യാത്ര മുടങ്ങുകയായിരുന്നു. ആദ്യമായി കുഞ്ഞിനെ ഒരു നോക്ക് കാണുവാന്‍ മനീഷ് നാട്ടിലേക്ക് പോകുവാന്‍ ഇരിക്കുമ്പോഴാണ് ഈ ദാരുണ്യമായ അന്ത്യം
ഒരു ഫാര്‍മസിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു ശരത്. മലപ്പുറം മഞ്ചേരി കാട്ടില്‍ ശശിധരന്‍റെ മകനാണ് ശരത്. അടുത്ത കാലത്താണ് ശരത്തിന്‍റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഗോപിക.
ഇരുവരുടെയും ആത്മാവിന് നിത്യശാന്തിക്ക് പ്രാര്‍ത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി
കഴിഞ്ഞയാഴ്ച ഖാേര്‍ഫക്കാന്‍ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ യുവാക്കളായ സുഹൃത്തുക്കളുടെ മൃതദേഹം ഇന്ന്…
Posted by Ashraf Thamarasery on Tuesday, 4 May 2021
മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് (41) കോവിഡ് ബാധിച്ച് മരിച്ചു. മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോർട്ടറായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
ഇന്ന് പുലർച്ചെ രണ്ടിന് ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വടക്ക് പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷൻ ചാനലിൽ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകൻ മഹേശ്വർ.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് ആശങ്കയകറ്റാന്‍ ഹിന്ദിയില്‍ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വാക്സീനും സൗജന്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആരും പരിഭ്രാന്തരാകരുതെന്നും എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ലോക്ക്ഡൗണില്‍ ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ തൊഴില്‍ വകുപ്പ് ആധികാരികപ്പെടുത്തിയതാണോ എന്ന് ശ്രദ്ധിക്കണമെന്നും സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനേഷനായി കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ തൊഴില്‍ വകുപ്പുമായി ബന്ധപ്പെടുക. നിങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കിയിട്ടുണ്ട്. ടോള്‍ ഫ്രീ നമ്പര്‍ 155214, 180042555214. ഏത് പ്രതിസന്ധിഘട്ടത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
प्रिय अतिथि श्रमिक साथियों ,
संयम बरतें , सुरक्षित रहें , स्वस्थ रहें।
केरल सरकार केरल में आपके प्रवास के दौरान…
Posted by Pinarayi Vijayan on Saturday, 8 May 2021
കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ മാർച്ചിൽ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എംഎ യൂസഫലി കൈമാറിയിരുന്നു. കേരളത്തെ പ്രളയം ദുരിതത്തിലാക്കിയ സമയത്തും സഹായ ഹസ്തവുമായി എംഎ യൂസഫലി രംഗത്തെത്തിയിരുന്നു.
മോഡിക്കെതിരെ വിമർശന പോസ്റ്റ് ഷെയർ ചെയ്ത കോൺഗ്രസ്സ് നേതാവ് അഡ്വ: അനിൽ ബോസ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു.മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്ന് ഫെയ്സ്ബുക് അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്യുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഒരുമാസത്തേക്ക് ലൈവ് വരുന്നതിനും വിലക്ക്. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് അനിൽ ബോസ് പറഞ്ഞു.
ബി.ജെ.പിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫെയ്സ്ബുക്കും തമ്മില്‍ ധാരണയുണ്ടെന്നാണ് മനസ്സിലാകുന്നതെന്നും അനിൽ ബോസ് പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും വസ്തുതാപരമായ ആക്ഷേപങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു കൊണ്ട് എത്രകാലം മോഡിക്കും കൂട്ടർക്കും മുന്നോട്ടുപോകാൻ കഴിയും രാജ്യത്ത് ഉയർന്നുവരുന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുന്ന ആളുകളെ ഭീഷണിപ്പെടുത്തുകയും അതും അവരുടെ ട്വിറ്റർ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും ചെയ്യുന്നത് ഭീരുക്കളുടെ നടപടിയാണെന്ന് അഡ്വ. അനിൽ ബോസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം മോദിയെ വിമർശിച്ചതിന്റെ പേരിൽ കവി കെ.സച്ചിദാനന്ദന്റെ ഫെയ്സ്ബുക് അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.