പുതിയ കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 20ന് വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ പരമാവധി 200 പേര്‍ക്കാണ് പ്രവേശനം.
ഇത്തവണ സത്യപ്രതിജ്ഞ രാജ്ഭവനില്‍ വച്ച് നടത്താന്‍ ആദ്യം നിര്‍ദേശമുണ്ടായിരുന്നു. പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഒറ്റഘട്ടമായി ആയിരിക്കും നടത്തുന്നത്. 20ന് മുന്‍പ് ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കും. ഇടത് മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. 20ാം തിയതി മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറുമെന്നും വിവരം.
ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതിൽ സ്വതന്ത്രർ ഉൾപ്പെടെ 67 പേർ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ്ബാധ ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലെന്നു കേന്ദ്ര മന്ത്രിതല സമിതി യോഗത്തിന്റെ വിലയിരുത്തല്‍. എറണാകുളം ഏഴാമതും കോഴിക്കോട് ഒന്‍പതാമതും. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളും പട്ടികയില്‍. പരിശോധന കൂട്ടി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം.
സംസ്ഥാനത്ത് 41,971 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 64 കോവിഡ് മരണം സ്ഥിരീകരിച്ചു. 27,456 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 4,17,101. ആകെ രോഗമുക്തി നേടിയവര്‍ 14,43,633. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകള്‍ പരിശോധിച്ചു. 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,69,09,361 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല.
അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 124 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5746 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 387 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2795 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം 5305, തിരുവനന്തപുരം 4271, മലപ്പുറം 4360, തൃശൂര്‍ 4204, കോഴിക്കോട് 3864, പാലക്കാട് 1363, കണ്ണൂര്‍ 2794, കൊല്ലം 2827, ആലപ്പുഴ 2423, കോട്ടയം 2244, കാസര്‍ഗോഡ് 1706, വയനാട് 1145, പത്തനംതിട്ട 1137, ഇടുക്കി 1019 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
127 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 40, കാസര്‍ഗോഡ് 18, എറണാകുളം 17, തൃശൂര്‍, വയനാട് 9 വീതം, തിരുവനന്തപുരം, പത്തനംതിട്ട 8 വീതം, കൊല്ലം 6, പാലക്കാട് 5, കോഴിക്കോട് 3, ഇടുക്കി 2, കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,456 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
തിരുവനന്തപുരം 2403, കൊല്ലം 1412, പത്തനംതിട്ട 478, ആലപ്പുഴ 772, കോട്ടയം 1404, ഇടുക്കി 316, എറണാകുളം 4052, തൃശൂര്‍ 1686, പാലക്കാട് 3487, മലപ്പുറം 3388, കോഴിക്കോട് 4991, വയനാട് 591, കണ്ണൂര്‍ 1856, കാസര്‍ഗോഡ് 620 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 4,17,101പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,43,633 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,81,007 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 10,50,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,262 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 53,324 പേരെയാണ് പുതുതായി നിരീക്ഷണത്തിലാക്കിയത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 788 ഹോട്ട് സ്‌പോട്ടുകളാണുള്ളത്
ബംഗാളിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വൈകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിത കമ്മിഷന്‍ കുറ്റപ്പെടുത്തി. നിയമസഭാ സമ്മേളനം ബിജെപി ബഹിഷ്ക്കരിച്ചു. എന്നാല്‍ ബിജെപി നേതൃത്വം പരാജയം അംഗീകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
ബംഗാളിലെ ക്രമസമാധാനനില സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശം ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി എച്ച് എസ് ദ്വിവേദി പാലിച്ചില്ലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയുടെയും കൊല്‍ക്കത്ത കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളും അഡീഷന്‍ ചീഫ്സെക്രട്ടറി കൈമാറിയില്ല. അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നിലപാട് സ്ഥിതി വഷളാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ചീഫ്സെക്രട്ടറിയെ വിളിച്ചുവരുത്തിയത്. ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം ബംഗാളിലെ സംഘര്‍ഷമേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് വനിത കമ്മിഷന്‍ വ്യക്തമാക്കി. പല സ്ത്രീകള്‍ക്കും ബലാല്‍സംഗ ഭീഷണി നിരന്തരം നേരിടേണ്ടിവരുന്നു. പെണ്‍മക്കളുടെ സുരക്ഷയോര്‍ത്ത് സംസ്ഥാനം വിടാന്‍ ഒരുങ്ങിയിരിക്കുകയാണ് പല മാതാപിതാക്കളും. ഇരകള്‍ക്ക് ഭയം മൂലം കാര്യങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ലെന്നും വനിത കമ്മിഷന്‍ വ്യക്തമാക്കി. പശ്ചിം മേദിനിപുരില്‍ ബലാല്‍സംഗത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ വനിത കമ്മിഷന്‍ അംഗങ്ങള്‍ കണ്ടു. ഇരകള്‍ക്ക് നീതി ഉറപ്പാക്കുംവരെ നിയമസഭാ സമ്മേളനം ബഹിഷ്ക്കരിക്കാന്‍ ബിജെപി തീരുമാനിച്ചു.
കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അഭ്യര്‍ഥിച്ച് മഹിള മോര്‍ച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന്‍റെ നേതൃത്വത്തില്‍ ബിജെപി വനിത നേതാക്കള്‍ ഗവര്‍ണറെ കണ്ടു. അതിനിടെ, നിയമസഭയില്‍ മമത ബാനര്‍ജി ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. താന്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ല. ബിെജപി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ടിഎംസി നേതാവ് ബിമന്‍ ബാനര്‍ജിയെ സ്പീക്കറായി തിരഞ്ഞെടുത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
2019 നവംബറിലാണ് ഡിലിൻ തൻെറ കുഞ്ഞുമകളെ അവസാനമായി കണ്ടത്. അഞ്ചുവയസ്സുകാരിയായ ജോഹന്ന ലോക്ക് ഡൗണിനും കർശന നിയന്ത്രണങ്ങൾക്കും തൊട്ടുമുൻപ് കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പുറപ്പെട്ടതാണ്. അതിർത്തികൾ എല്ലാം അടച്ചു ഫ്ലൈറ്റുകളും ക്യാൻസൽ ചെയ്തതോടെ ജോഹന്ന കേരളത്തിൽ കുടുങ്ങിപ്പോയി. ഓസ്ട്രേലിയയിൽ നിന്നും എത്തി നാട്ടിൽ കുടുങ്ങിയ 173 കുട്ടികളിൽ ഒരാൾ ആണ് ജോഹന്ന. സിഡ്നിയിലേക്ക് തിരികെ കൊണ്ടുവരാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ ശ്രമങ്ങൾ എല്ലാം വൃഥാവിലായി.
ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള ഫ്ലൈറ്റുകൾ മാനേജ് ചെയ്യുന്ന ഖന്തസ് ചെറിയ കുട്ടികളെ ഒറ്റയ്ക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. അതിനാൽ മാതാപിതാക്കൾക്ക് കുട്ടിയെ കൊണ്ടുവരാൻ ഒന്നുകിൽ ഒരു സ്വകാര്യ വിമാനം ചാർട്ടർ ചെയ്യുകയോ അല്ലെങ്കിൽ എയർഇന്ത്യയെ ആശ്രയിക്കുകയോ വേണം.
ദൃശ്യയും ഡിലിനും കുട്ടിയെ തിരികെ കൊണ്ടു പോകാനായി നാട്ടിലേക്ക് തിരിച്ചു വന്നാൽ, തീരെ കുറച്ചു ഫ്ലൈറ്റുകളെ ഓസ്ട്രേലിയയിലേക്ക് ഉള്ളൂ എന്നതിനാൽ തിരികെ പോകാൻ ആവില്ല. അങ്ങനെയെങ്കിൽ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന 9000 പേരിൽ തങ്ങളും ഉണ്ടാവുമെന്ന് കാര്യം ഇരുവർക്കും ഉറപ്പാണ്.
ഒടുവിൽ മാതാപിതാക്കൾ ഒപ്പം ഇല്ലാത്ത കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ഒരു പ്രൈവറ്റ് കമ്പനിയുടെ ചാർട്ടേഡ് വിമാനം ബാംഗ്ലൂരിൽ നിന്ന് സിഡ്‌നിയിലേക്ക് വരാൻ ഇരുന്നതിൽ ടിക്കറ്റ് എടുത്തിരുന്നു. ആറാം തീയതി സിഡ്ണിയിൽ എത്തേണ്ടിയിരുന്ന വിമാനം ആസ്ട്രേലിയൻ ഗവൺമെന്റ് ഇന്ത്യയിൽനിന്നുള്ള മുഴുവൻ ഫ്ലൈറ്റുകളും നിരോധിച്ചതോടെ ക്യാൻസൽ ആയി. ഇരുവരുടേയും അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെട്ടു.
ജോഹന്നയെ പോലെ നിരവധി കുട്ടികളാണ് മാതാപിതാക്കൾ ഇല്ലാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നത്. കുട്ടികൾക്ക് മാത്രമായി ഒരു ഫ്ലൈറ്റ് എന്നതിനെപ്പറ്റി ചിന്തിക്കാനാവില്ല എന്നാണ് സീനിയർ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ട്രേഡ് ഉദ്യോഗസ്ഥൻ ലിനറ്റ് വുഡ് പറയുന്നത്.
മൂവരും മലേഷ്യയിലാണ് ജീവിച്ചിരുന്നത്, മൂവരും ഒരുമിച്ചാണ് ഇന്ത്യയിലെത്തിയതും, കുറച്ചുനാൾ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം സമയം ചെലവഴിക്കാൻ ജോഹന്നയെ കേരളത്തിൽ നിർത്തിയശേഷം മലേഷ്യയിൽ നിന്ന് സിഡ്ണിയിലേക്ക് താമസം മാറാനായി ഇരുവരും തിരിച്ചുപോയി. കുട്ടിയുടെ വളർച്ചയുടെ പ്രധാനപ്പെട്ട ഭാഗമായ ഒന്നരവർഷം ജോഹന്ന മാതാപിതാക്കളിൽ നിന്ന് അകന്നു ജീവിച്ചു. ഒരമ്മയ്ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ വേർപാട്. മാതാപിതാക്കൾ എത്രയൊക്കെ ശ്രമിച്ചിട്ടും കുട്ടിയെ തിരികെ കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ വേദന.
‘കുട്ടി ഇഷാനിയെ കൈയ്യില്‍ എടുത്തു നില്‍ക്കുന്ന, പിങ്ക് സാരി ഉടുത്ത ആന്റിയാണ് മോളി അമ്മൂമ്മ (എന്റെ അമ്മയുടെ അമ്മയുടെ ഇളയ സഹോദരി.) ഇന്നവര്‍ കോവിഡിന് കീഴടങ്ങി. ഏപ്രില്‍ അവസാനത്തില്‍ ഒരു വിവാഹത്തിന് ക്ഷണിക്കാന്‍ വീട്ടിലേക്ക് വന്ന ഒരാളില്‍ നിന്നാണ് അവര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. ക്ഷണിക്കാന്‍ വന്ന ആള്‍ വീട്ടില്‍ വന്നതിനു രണ്ടു നാള്‍ കഴിഞ്ഞു കോവിഡ് പോസിറ്റീവ് ആയി. അമ്മൂമ്മയ്ക്കും ചില ലക്ഷണങ്ങള്‍ കണ്ടു, ഒടുവില്‍ തിങ്കളാഴ്ച അമ്മൂമ്മയും കോവിഡ് പോസിറ്റീവ് ആയി. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ആശുപത്രിയില്‍ ആക്കിയ അമ്മൂമ്മ ഇന്ന് മരിച്ചു. ഞങ്ങള്‍ക്കാര്‍ക്കും തന്നെ വിശ്വസിക്കാന്‍ ആവുന്നില്ല, ഈ സാഹചര്യം – അമ്മൂമ്മ പോയി എന്നും,’ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിയോഗത്തില്‍ നടി അഹാന കുറിച്ച വാക്കുകള്‍ ആണിവ.
അഹാനയുടെ അമ്മ സിന്ധുവിന്റെ അമ്മയുടെ ഇളയ സഹോദരി മോളിയാണ് ഇന്ന് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു അവര്‍.
‘എന്റെ അമ്മയ്ക്ക് അവരുമായി ചേര്‍ന്ന ധാരാളം ഓര്‍മ്മകള്‍ ഉണ്ട്. വളരെ ആക്ടിവ് ആയ ഒരാള്‍. എനിക്കുറപ്പുണ്ട്, ആശുപത്രിയില്‍ അഡ്മിറ്റ് ആവുമ്പോഴും അമ്മൂമ്മ കരുതിയിട്ടുണ്ടാവില്ല അവര്‍ മരിക്കുമെന്ന്. 64 വയസായിരുന്നു, വാക്സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. ഞാനിതു വരെ കേട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിച്ചിരുന്നു… രണ്ടു ഡോസ് വാക്സിന്‍ എടുത്തവരില്‍ കോവിഡ് ബാധയുണ്ടായാല്‍ കൂടി അത് വളരെ മൈല്‍ഡ് ആയിരിക്കും എന്നും. എനിക്ക് തെറ്റി. രണ്ടു ഡോസ് വാക്സിന്‍ എടുത്താലും നിങ്ങള്‍ സുരക്ഷിതരല്ല. വാക്സിന്‍ ചിലര്‍ക്കെല്ലാം ഒരു ഷീല്‍ഡ് ആണ്, ഒരിക്കലും ഒരു ഗ്യാരന്റി അല്ല. ചെറിയ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ അമ്മൂമ്മ ടെസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്നും ഞാനിപ്പോള്‍ ആശിച്ചു പോകുന്നു. ടെസ്റ്റ് ചെയ്യുന്നതില്‍ വന്ന താമസം വൈറസ് ഉള്ളില്‍ പടരാന്‍ കാരണമായിരുന്നിരിക്കാം.
നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവായി ഈ കാര്യങ്ങള്‍ തിരിച്ചറിഞ്ഞു, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയൂ
കൃത്യമായി വാക്സിന്‍ എടുത്ത, ഏറെ പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെട്ടു. അത് കൊണ്ട്, വാക്സിന്‍ എടുത്താലും ഇല്ലെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക.
ചെറിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ഉടനെ ടെസ്റ്റ് ചെയ്യുക. കൃത്യവും സമയനിഷ്ഠവുമായ പ്രതികരണത്തിലൂടെ മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാവൂ.
വീട്ടിലിരിക്കുക. മറ്റു വീടുകളില്‍ പോകാതിരിക്കുക. അത് അവര്‍ക്കും നിങ്ങള്‍ക്കും നല്ലതല്ല. എല്ലാം പിന്നീടാകാം. അത് കൊണ്ട് ദയവായി ശ്രദ്ധിക്കുക.
മോളി അമ്മൂമ്മേ, റസ്റ്റ് ഇന്‍ പീസ്. അവസാനമായി ഒന്ന് കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്. എന്റെ ഫേസ്ബുക്കില്‍, ഞാന്‍ എന്ത് കുറിച്ചാലും ഇടുന്ന ഉഷാറായ കമന്റുകള്‍ ഞാന്‍ മിസ്സ് ചെയ്യും. അമ്മൂമ്മയുടെ സഹോദരി, മക്കള്‍, കൊച്ചുമക്കള്‍, എന്റെ അമ്മ, അപ്പൂപ്പന്‍ എല്ലാവരും അമ്മൂമ്മയെ മിസ് ചെയ്യുകയും എല്ലാ ദിവസവും ഓര്‍ക്കുകയും ചെയ്യും. ‘അമ്മൂസേ’ എന്ന വിളി എനിക്ക് ഇപ്പോഴും കേള്‍ക്കാം. ആ ശബ്ദം എന്റെ ഓര്‍മ്മയില്‍ നിന്നും മായാതിരിക്കട്ടെ. ജീവിതത്തിന്റെ മറുകരയില്‍ കാണാം,’ അഹാന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
View this post on Instagram
കോവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനൊപ്പം പതിനൊന്നിലധികം സംസ്ഥാനങ്ങളാണ് സമ്പൂർണമായി അടച്ചുപൂട്ടിയിരിക്കുന്നത്. ഡൽഹി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ്, ഗോവ സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധസമിതി പറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവില്‍ പതിനഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗോവയില്‍ 48.5, ഹരിയാന 36.1, പുതിച്ചേരി 34.9, പശ്ചിമ ബംഗാള്‍ 33.1 എന്നിങ്ങനെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുകയാണ്. കര്‍ണ്ണാടക ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.9 ശതമാനമാണെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു.
കർണാടകയിലെ ലോക്ക്ഡൗൺ 24 വരെയാണ് നീട്ടിയിരിക്കുന്നത്. ഗോവയിൽ നാളെ മുതലാണ് ലോക്ക്ഡൗൺ നിലവിൽ വരിക. 15 ദിവസത്തെ ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.
നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവു വന്നത് ആശ്വാസമായിട്ടുണ്ട്. രണ്ടാം തരംഗത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഓക്സിജൻ പ്രതിസന്ധിയിലും കുറവുണ്ട്. കൂടുതൽപേർക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ സർക്കാർ നീക്കം. മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ പാലക്കാട്ടെ വീട്ടില്‍ നിന്നും ആയിരുന്നു ശ്രീകുമാറിനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
വി.എ ശ്രീകുമാറിന്റെ വാര്‍ത്തക്കുറിപ്പ്:
ഞാന്‍ 30 വര്‍ഷത്തോളമായി അഡ്വെര്‍ട്ടൈസിങ് ആന്‍ഡ് ബ്രാന്‍ഡിങ് കമ്പനി നടത്തിവരുന്ന പ്രൊഫഷണലാണ്. എന്റെ അഡ്വര്‍ട്ടൈസ് ബിസിനസുമായി ബന്ധപ്പെട്ട്, മറ്റ് എല്ലാ ബിസിനസുകാരും ചെയ്യുന്നതു പോലെ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ എടുക്കകുയും നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്. വായ്പകള്‍ പലിശ സഹിതം തിരിച്ചടക്കുകയും നിക്ഷേപങ്ങള്‍ ലാഭസഹിതം മടക്കിക്കൊടുക്കുകയമുണ് പതിവ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് സാധാരണക്കാര്‍ മുതല്‍ ആഗോള ബിസിനസ് ഭീമന്മാര്‍ വരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
പരസ്യ വിപണിയെ ആദ്യവും അധികവും ഈ പ്രതിസന്ധി ബാധിച്ചു. പല പരസ്യ കമ്പനികളും ഇതിനോടകം തന്നെ അടച്ചു പൂട്ടിക്കഴിഞ്ഞു. ആഗോള- പ്രാദേശിക തലത്തില്‍ മാധ്യമ സ്ഥാപനങ്ങളേയും പരസ്യ രംഗത്തെ പ്രതസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ വായപ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒരു വായ്പദായകനുമായി ഒരു വ്യവഹാരം ഉണ്ടായിരുന്നു. ഇലഷന്‍ ക്യാംപയിനുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വ്യവഹാരത്തില്‍ കൃത്യമായി ഹാജരാകുന്നതില്‍ വീഴ്ചവന്നു.
കേസില്‍ ഹാജരാകുന്നതില്‍ സംഭവിച്ച ആ നോട്ടപ്പിശകിനെ തുടര്‍ന്ന്, നിയമപരമായ നടപടികളോട് പൂര്‍ണമായും സഹകരിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഇന്ന് ഹാജരാകേണ്ടി വന്നു. ഇത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണ്. ഇതിന് മാധ്യമങ്ങള്‍ നല്‍കിയ വലിയ വാര്‍ത്താ പ്രാധാന്യം എന്നെ അതിശയപ്പെടുത്തി. കോവിഡ് പ്രതിസന്ധി കൊണ്ടുണ്ടായ സാമ്പത്തികപ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യപ്പെടുകയും തുടര്‍ന്ന് ബഹുമാനപ്പെട്ട ആലപ്പുഴ സിജെഎം കോടതിയുടെ അനുവാദത്തോടെ കോടതിയില്‍ വെച്ച് കേസ് അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.
അതോടുകൂടി ഈ വിഷയവും അതിലെ വ്യവഹാരങ്ങളും പൂര്‍ണമായി അവസാനിക്കുകയും ചെയ്തു. പ്രസ്തുത വ്യവഹാരത്തിന് സിനിമാ നിര്‍മ്മാണവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ സിനിമാ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുമല്ല. എനിക്ക് സിനിമയുടെ സംവിധാന രംഗത്തുമാത്രമാണ് ബന്ധമുള്ളത്. ഇതുവരെ എന്നോട് സ്നേഹിച്ച് സഹകരിച്ച എല്ലാ മാധ്യമ സുഹൃത്തുക്കള്‍ക്കും നന്ദി. കോവിഡ് മഹാമാരിയില്‍ എന്നെപ്പോലെ പ്രതിസന്ധിയിലായ പതിനായിരക്കണക്കിന് ബിസിനസുകാരുണ്ട്. കോടിക്കണക്കിന് സാധാരണ ജനങ്ങളുണ്ട്. മനോധൈര്യം കൈവിടാതെ ഈ ബിസിനസ്- തൊഴില്‍- ജീവിത പ്രതിസന്ധികളെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രാവിലെ പ്രചരിച്ച വാര്‍ത്തയിലെ അവാസ്തവങ്ങള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
ഇന്നുമുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന 16 വരെ സര്‍വീസ് ഉണ്ടായിരിക്കില്ല.
ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള ഫീഡര്‍ ബസ് സര്‍വീസ് ആയ പവന്ദൂതും 16 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ ഘടകകക്ഷിയായ ജനതാദൾ-എസില്‍നിന്നുള്ള മന്ത്രിയെ നാളെ തീരുമാനിക്കും. ഘടകകക്ഷികളില്‍ ആര്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാവുമെന്നു തീരുമാനിച്ചില്ലെങ്കിലും കഴിഞ്ഞതവണ മന്ത്രിസ്ഥാനം വഹിച്ചതിന്റെ ആനുകൂല്യം ഇത്തവണയും ലഭിക്കുമെന്ന കണക്കുകൂട്ടലുമായാണ് ജെഡിഎസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ചേര്‍ന്ന് മന്ത്രിയെ തീരുമാനിക്കുന്നത്.
മൂന്നു സീറ്റില്‍ മത്സരിച്ച ജെഡിഎസിന് രണ്ടിടത്താണു ജയിക്കാനായത്. ചിറ്റൂരില്‍ മുതിര്‍ന്ന നേതാവും നിലവില്‍ ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയും, തിരുവല്ലയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസുമാണ് വിജയിച്ചത്. ഇരുവരും നേരത്തേ മന്ത്രിസ്ഥാനം വഹിച്ചതിനാല്‍ ഇത്തവണ ആരാവും മന്ത്രിയെന്നതില്‍ ജെഡിഎസില്‍ ആകാംക്ഷയുണ്ട്. കഴിഞ്ഞ തവണ ജെഡിഎസില്‍ മന്ത്രിസ്ഥാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഇത്തവണയും ഉണ്ടാവുമെന്ന സൂചനയാണ് നിലനില്‍ക്കുന്നത്.
അതേസമയം കഴിഞ്ഞ തവണത്തേതുപോലെ രണ്ടുപേർക്കുമായി മന്ത്രിപദവി വീതിച്ചുനൽകാനുള്ള ഫോർമുലയാണു പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത്. മാത്യു ടി. തോമസിന് ആദ്യടേം ലഭിച്ചേക്കുമെന്ന സൂചനയാണു പാർട്ടി വൃത്തങ്ങൾ നൽകു ന്നത് അതേസമയം, മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മുൻപില്ലാത്തവിധം മാർഗനിർദേശങ്ങളാണു സിപിഎം മുന്നോട്ടുവയ്ക്കുന്നത് എന്നത് ഘടകകക്ഷികളെ വലയ്ക്കുന്നുണ്ട്.
33,878 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച കെ. കൃഷ്ണന്‍കുട്ടി അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. അതേസമയം മാത്യു ടി. തോമസിനും അഞ്ചാമൂഴമാണ്. 11,421 വോട്ടിന്റെ ഭൂരിപക്ഷമുള്ള മാത്യു ടി.തോമസ് പിണറായി മന്ത്രിസഭയില്‍ ആദ്യത്തെ രണ്ടര വര്‍ഷവും, വി.എസ്. മന്ത്രിസഭയിലും മന്ത്രിയായിരുന്നു.
നാളെ ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ മന്ത്രിസ്ഥാനം സംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യുമെന്നും സമവായമായില്ലെങ്കില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡ തീരുമാനിക്കുമെന്നും മുതിര്‍ന്ന നേതാവ് സി.കെ.നാണു പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മാത്യു ടി. തോമസും കൃഷ്ണന്‍കുട്ടിയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
കോവിഡ് വരുമെന്നല്ലേയുള്ളു, പിപിഇ കിറ്റ് ഇട്ട് അല്ല നിന്നിരുന്നതെങ്കിലും ആ രോഗിയെ രക്ഷിക്കാന്‍ തന്നെയേ ശ്രമിക്കൂ എന്നും കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച സംഭവത്തില്‍ പ്രതികരിച്ച് സന്നദ്ധ പ്രവര്‍ത്തകരായ രേഖയും അശ്വിനും.
‘ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ രോഗി ശ്വാസം കിട്ടാതെ അവശനിലയിലായിരുന്നു. ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ടായിരുന്നു ഭക്ഷണം കൊടുക്കാന്‍ എത്തിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും അവര്‍ ഓട്ടത്തിലായിരുന്നു. എത്താന്‍ ഒരു പത്തു മിനുട്ട് എടുക്കുമെന്ന് പറഞ്ഞു. അപ്പോള്‍ അയാളെ രക്ഷിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളു, രേഖ പറഞ്ഞു.
‘ആശങ്കയല്ല, ആ രോഗിയെ രക്ഷിക്കണമെന്നാണ് അപ്പോള്‍ തോന്നിയത്. അതിപ്പോള്‍ ഞങ്ങള്‍ പി.പി.ഇ കിറ്റ് ഇട്ട് അല്ല നില്‍ക്കുന്നതെങ്കിലും ആ ആളെ രക്ഷിക്കാനേ ശ്രമിക്കുകയുണ്ടായിരുന്നുള്ളു. അതിപ്പോള്‍ കോവിഡ് വരുമെന്നല്ലേയുള്ളു. മറ്റൊന്നും ചിന്തിക്കില്ല,’ രേഖ പറഞ്ഞു. 24 ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രേഖയും അശ്വിനും.
കോവിഡ് ബാധിതനായ 37 കാരനായ സാബുവിനെയാണ് സന്നദ്ധ പ്രവര്‍ത്തകരായ രേഖയും അശ്വിനും ആംബുലന്‍സ് വരാന്‍ കാത്തു നില്‍ക്കാതെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവരെ അഭിനന്ദിച്ച് രോഗിക്ക് പ്രാഥമിക ചികിത്സ നല്‍കിയ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫീസര്‍ അരുണും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. അഭിനന്ദിക്കുന്നതിന് പകരം വാര്‍ത്ത വളച്ചൊടിയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പുന്നപ്രയിലെ പോളിടെക്നിക് വനിത ഹോസ്റ്റല്‍ സിഎഫ്എല്‍ടിസില്‍ രാവിലെ പത്തോടെയാണ് സംഭവം. രോഗികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എത്തിയതാണ് സന്നദ്ധപ്രവര്‍ത്തകരായ രേഖയും അശ്വിനും.
ഭക്ഷണം നല്‍കുന്നതിനിടെ മൂന്നാം നിലയിലുള്ള രോഗി ശ്വാസംമുട്ടലില്‍ പിടയുന്നതായി അവിടെയുള്ളവര്‍ വന്നു പറഞ്ഞതിനെ തുടര്‍ന്ന് ഓടി ചെന്ന ഇവര്‍ കണ്ടത് ശ്വസിക്കാന്‍ ബുദ്ധിമുട്ടി അവശനിലയില്‍ കിടക്കുന്ന രോഗിയേയാണ്. പെട്ടെന്നു തന്നെ അടുത്തുള്ള ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 10 15 മിനിട്ട് താമസമുണ്ടെന്നാണ് അറിയിച്ചത്.
തുടര്‍ന്ന് സമയം പാഴാക്കാതെ ഇരുവരും രോഗിയെ മറ്റുള്ളവരുടെ സഹായത്തോടെ താഴെയെത്തിച്ചു. ഇരുവരും പിപിഇ കിറ്റ് ധരിച്ച് ബൈക്കില്‍ കയറി അവര്‍ക്ക് ഇടയില്‍ സാബുവിനെ ഇരുത്തി ആശുപത്രിയില്‍ എത്തിച്ചു. ആംബുലന്‍സിനു കാക്കാതെ സ്വന്തം സുരക്ഷ പോലും നോക്കാതെയാണ് ഈ ചെറുപ്പക്കാരുടെ മാനുഷിക ഇടപെടല്‍. ഉടനെ തന്നെ അടുത്തുള്ള സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ഐസിയു ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആംബുലന്‍സ് വരാന്‍ അവര്‍ കാത്തുനിന്നിരുന്നെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടമാകുമായിരുന്നെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.