ദക്ഷിണ ദില്ലിയിലെ അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയ ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടി(ഡിഡിഎ)യുടെ നടപടിയ്‌ക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ഡല്‍ഹിയിലുള്ള മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ഒത്തു ചേരലായി മാറി ഈ പ്രതിഷേധ പ്രകടനം. പള്ളി പൊളിച്ചതിനെതിരെ നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് ഇടവകാംഗങ്ങള്‍.

പൊളിച്ചു മാറ്റിയ ദേവാലയ അവശ്ഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫരീദാബാദ് രൂപതയിലെ നിരവധി വൈദികര്‍ ചേര്‍ന്ന് വൈകുന്നേരം 6.30ന് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുക്കാന്‍ നിരവധി വിശ്വാസികളെത്തി. ദിവ്യബലിക്ക് ശേഷമാണ് വൈദികരും വിശ്വാസികളും ചേര്‍ന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്.

അന്ധികൃത നിര്‍മ്മാണമാണെന്നു വ്യക്തമാക്കി ഇന്ന് രാവിലെ പത്തിനാണ് ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നേതൃത്വത്തില്‍ ദേവാലയം പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ വിശ്വാസികളെപള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ അധികൃതര്‍ തടയുകയായിരുന്നു.

എന്നാല്‍ പള്ളി അനധികൃതമായി നിര്‍മ്മിച്ചതല്ലെന്നും പള്ളി പൊളിക്കുന്നത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തടഞ്ഞിരുന്നതാണെന്നും പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. ഇടവകയുടെ കീഴില്‍ മലയാളികളടക്കം അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട്. ഫാ. ജോസ് കന്നുംകുഴിലാണ് ഇടവക വികാരി.