പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം ദുരൂഹമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ട് ദിവസം മുന്‍പാണ് കാഞ്ഞിരമുക്ക് വാലിപ്പറമ്പില്‍ ഭരതന്റെ മകന്‍ അമലിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 22 വയസായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണത്തില്‍ ദുരൂഹത ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. പെരുമ്പടപ്പ് സിഐ വി.എം.കേഴ്‌സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കോട്ടയം ∙ ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി മനോരമ ന്യൂസിന്‍റെ ‘പൊരിഞ്ഞ പോര്’ പരിപാടിയില്‍ പറഞ്ഞു.
എൽഡിഎഫ് ഘടകക്ഷിയിൽനിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമാണ്. കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍നിന്നു മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണു തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഉണ്ടാകുന്നത്. വിഷയത്തില്‍ ഇനി എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടി വരും.
ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നു. ജോയ് എബ്രഹാമിന്‍റെ കാലാവധി കഴിഞ്ഞ സീറ്റാണു നൽകിയത്. സീറ്റ് കോൺഗ്രസിന്‍റേതെന്നതു വാദം മാത്രമെന്നും ജോസ് പ്രതികരിച്ചു.
ഓശാന ഞായറാഴ്ച കുരുത്തോല ഏറ്റുവാങ്ങി രാഹുൽ ഗാന്ധി. തൊടുപുഴ മുതലക്കോടം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോർജ് താനത്തുപറമ്പിലിൽ നിന്നാണ് രാഹുൽ കുരുത്തോല സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി തൊടുപുഴയിൽ നിന്ന് ചെന്നൈയിലേക്ക് പോകും മുൻപ് മുതലക്കോടം സെൻ്റ് ജോർജ് സ്കൂളിലെ ഹെലിപാടിൽ വച്ചാണ് രാഹുൽ കുരുത്തോല ഏറ്റുവാങ്ങിയത്. ഡീൻ കുര്യാക്കോസ് എംപി, കോൺഗ്രസ് നേതാവ് റോയ് കെ.പൗലോസ്, കേരളാ കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഇ. ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് താനെന്ന് ഇ ശ്രീധരൻ സ്വയം പ്രഖ്യാപിക്കുമ്പോൾ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കൈരളി ചാനലിലെ പ്രോഗ്രാമിലായിരുന്നു പ്രതികരണം. പാലക്കാട് ഇ. ശ്രീധരന്റെ അത്ഭുത പ്രവർത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ. ശ്രീധരൻ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പിൽ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഏറെ ചർച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരൻ ബി.ജെ.പിയിൽ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിനിടെ തവനൂർ മണ്ഡലത്തിൽ നടന്ന രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ടി ജലീലിന്റെ കൈയ്യിലിരുന്ന് ഫിറോസിക്ക വരില്ലേ എന്ന കുട്ടിയുടെ ചോദ്യമാണ് വൈറലായി മാറിയത്.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിക്കുന്നത് ഫിറോസ് കുന്നംപറമ്പിലാണ്.
കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാർഥിയാണെന്ന് സമീപത്തുള്ളയാൾ പറയുന്നതും എന്നാൽ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
കോവിഡ് ബാധിച്ച് അവശനിലയിലായ ദമ്പതികൾക്ക് കൃത്യമായ ചികിത്സ ലഭിക്കാതെ ദാരുണമരണം. ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളായ കെ രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരാണ് ഇവർ. പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പിആർഒ ആണ്. വന്ദന കെകെ നഗറിലെ സ്വകാര്യ സ്‌കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പാളായിരുന്നു. ഇവർക്ക് മക്കളില്ല.
തനിച്ചുതാമസിച്ചിരുന്ന ഇരുവരും ഒരാഴ്ചയിലേറെയായി അസുഖബാധിതരായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് ഏറെദിവസമായിട്ടും ഇരുവരെയും പുറത്തു കാണാതിരുന്നതോടെ സംശയംതോന്നിയ അയൽക്കാർ വന്നുനോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്.
നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.
മരണവിവരമറിഞ്ഞ് ബന്ധുക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്‌കാരം നടത്തും.
നാടുകാണി പവിലിയന് സമീപത്തെ പാറക്കെട്ടിൽ നിന്നും വീണ് പരിക്കേറ്റനിലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയേയും തൂങ്ങിമരിച്ചനിലയിൽ യുവാവിനേയും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി. ഇതിനിടെ, വാക്കുതർക്കത്തിനിടെ യുവാവ് തന്നെ പാറക്കെ്ടിൽ നിന്നും പിടിച്ചുതള്ളിയെന്നാണ് പെൺകുട്ടി അവശനിലയിൽ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാറക്കെട്ടിലെ മരത്തിൽ മേലുകാവ് ഇല്ലിക്കൽ (മുരിക്കുങ്കൽ) അലക്‌സി (23)നെ തൂങ്ങിമരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. പിന്നീട് പാറക്കെട്ടിന് താഴെ പരിക്കേറ്റനിലയിൽ പെൺകുട്ടിയേയും കണ്ടെത്തിയിരുന്നു. ഇരുവരേയും വ്യാഴാഴ്ച വൈകീട്ട് മുതൽ കാണാതായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
അലക്‌സിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് കാണിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ, പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തെങ്കിലേ സംഭവം പൂർണമായി വെളിപ്പെടുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പ്രണയത്തിലായിരുന്ന അലക്‌സും പെൺകുട്ടിയും വ്യാഴാഴ്ച വൈകീട്ട് നാടുകാണിയിൽ എത്തി. വീട്ടുകാർ ഇരുവരുടേയും വിവാഹം നടത്താൻ സമ്മതിക്കാത്തതിനാൽ ഒരുമിച്ച് മരിക്കാമെന്ന് അലക്‌സ് പെൺകുട്ടിയോട് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചതോടെ തർക്കമായി. തർക്കത്തിനിടെ തന്നെ തള്ളി താഴെയിട്ടെന്ന് പെൺകുട്ടി അർധബോധാവസ്ഥയിൽ മൊഴി നൽകിയിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ കണ്ട് മരിച്ചെന്നുകരുതി അലക്‌സ് അടുത്തുള്ള മരത്തിൽ സ്വന്തം പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പിറ്റേദിവസം പോലീസ് കണ്ടെത്തുന്നതുവരെ അവിടെ കിടന്നു. നിലവിൽ പെൺകുട്ടി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിനുശേഷം അലക്‌സ്, പെൺകുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
ബിജെപിയെ തെരഞ്ഞടുക്കുന്നതാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം എന്നൊന്നും താൻ പറയില്ലെന്ന് രാജ്യസഭാംഗവും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ നടൻ സുരേഷ് ഗോപി.
എനിക്ക് നായനാരുമായും കരുണാകരനുമായും നല്ല ബന്ധമുണ്ടായിരുന്നു. എ.കെ.ജിയെ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷെ ജീവിതത്തിലെ ഒരുഘട്ടത്തിൽ എന്റെ ആശയങ്ങൾ ശരിയായി വിശദീകരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ബിജെപിയിൽ ചേരുന്നത് ആവശ്യമാണെന്ന് ഞാൻ കരുതി’-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്നിലെ നടനെ കൊന്നുകളയില്ല. അടുത്ത വർഷത്തോട് കൂടി രാജ്യസഭാ കാലാവധി കഴിയുമെന്നും പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും രാജ്യസഭയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയാണ് എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമെന്ന് താൻ പറയില്ലെന്നും എന്നാൽ തങ്ങൾക്കൊരു അവസരം നൽകണമെന്നും അദ്ദേഹം മാധ്യമത്തോട് പറഞ്ഞു.നടൻ എന്ന നിലയിൽ ജനങ്ങൾക്കിടയിലിറങ്ങി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് എംജിആറിനേയും ജയലളിതയേയും എൻടിആറിനേയും പോലുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍.
‘കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവര്‍ക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,’ കുമ്മനം പറഞ്ഞു.
രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട് അക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്.
മറ്റ് സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ സ്വീകരിച്ചിരുന്നത്.
പമ്പാ നദിയിൽ കുളിക്കാൻ പോയ മൂന്ന് യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു. മരിച്ച യുവാക്കൾ – ശ്രീജിത്ത്, ഹനീഷ്, സാജാദ് എന്നിവരാണ് കരുണാഗപ്പള്ളി സ്വദേശികൾ. ഹരിപാഡിനടുത്തുള്ള വിയാപുരത്താണ് നിർഭാഗ്യകരമായ അപകടം സംഭവിച്ചത്. പ്രദേശത്തെ അവരുടെ സുഹൃത്തിനെ കാണാൻ മൂവരും വീയപുരത്ത് എത്തി.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ അവർ സുഹൃത്തുക്കളുടെ വീട്ടിലെത്തി, പിന്നീട് അഞ്ച് യുവാക്കളുടെ സംഘം കുളിക്കാനായി പമ്പാ നദീതീരത്ത് പോയി, എന്നാൽ അഞ്ചുപേരിൽ മൂന്നുപേരെ കാണാതായി.
പ്രദേശത്തെ ജനങ്ങളും അഗ്നിശമന സേനയും സംയുക്തമായി നടത്തിയ തെരച്ചിലിന് ശേഷമാണ് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പിന്നീട് കയാംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.