Kerala

ബിജെപിയില്‍ അംഗത്വമെടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് നടന്‍ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ല.

പാര്‍ട്ടിയുമായി ഇപ്പോള്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പൊതുരംഗത്ത് സജീവമാകാന്‍ അതിയായ താത്പര്യമുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് കൊല്ലം തുളസി ബിജെപിയില്‍ ചേര്‍ന്നത്.

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. ‘തന്നെ ആര്‍ക്കും വേണ്ട, താന്‍ കുടുങ്ങി കിടക്കുന്ന കേസില്‍ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടത്’- കൊല്ലം തുളസി പറയുന്നു. ശബരിമലയില്‍ ഒരു പ്രശ്നം വന്നപ്പോള്‍ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബിജെപിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു

ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന പിഎസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.

ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ശുംഭന്മാരാണ് ശബരിമല വിധി പുറപ്പെടുവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

ഇടുക്കി ജില്ലയിലെ അടിമാലി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്.

രേഷ്മ അവസാനമായി ബന്ധുവായ നീണ്ടപ്പാറ സ്വദേശി അരുണിനൊപ്പം (അനു-23) പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെ രേഷ്മ സ്‌കൂള്‍ യൂണിഫോമില്‍ അനുവിനൊപ്പം നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍.

അടുത്ത ബന്ധുക്കളായ രേഷ്മയും അരുണും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നാണ് വിവരം. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് അരുണിന്റെ മൊബൈല്‍ ഫോണും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്.

രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ അരുണ്‍ തമിഴ്‌നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കില്‍ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു രാത്രി ഒന്‍പതു മണിയോടെ പവര്‍ ഹൗസിനു സമീപത്ത് നെഞ്ചില്‍ കത്തികൊണ്ട് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും.

വീട്ടിലെത്തിയ പരിചയക്കാരനെ തടഞ്ഞുവെച്ച് അയൽക്കാരായ യുവാക്കൾ സദാചാര ഗുണ്ടായിസം കാണിച്ചതിൽ മനംനൊന്ത് യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു. കൈത്തണ്ട മുറിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ്‌കുമാറിന്റെ ഭാര്യ അക്ഷര (36) ആത്മഹത്യ ചെയ്തത്. തീപ്പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ അക്ഷരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

വ്യാഴാഴ്ച രാത്രി 7.30ന് അക്ഷരയുടെ വീട്ടിലാണ് സംഭവം. അക്ഷര ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ സ്ഥാപനത്തിലെ ഉടമ പണമിടപാടുമായി സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലെത്തിയതിനിടെയാണ് നാട്ടുകാരായ നാല് യുവാക്കൾ തടഞ്ഞ് ചോദ്യം ചെയ്തത്. ഇത് കണ്ട് മാനഹാനി ഭയന്നാണ് അക്ഷര ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു.

സംഭവത്തിൽ ചാവടി സ്വദേശികൾ തന്നെയായ വിഷ്ണു, സുധിഷ്, മണികണ്ഠൻ, രഞ്ജിത്ത് എന്നിവർക്ക് എതിരെ വെള്ളറട പോലീസ് കേസെടുത്തു. നാറാണിയിൽ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു അക്ഷര. വ്യാഴാഴ്ച വൈകിട്ട് അക്ഷര ജോലി ചെയ്യുന്ന കടയുടെ സമീപത്തെ പണം ഇടപാട് സ്ഥാപന ഉടമ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് യുവാക്കൾ സംഘടിച്ചെത്തി ഇയാളെ തടയുകയും ബന്ധുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ വീടിനുള്ളിൽ കയറി യുവതി തീ കൊളുത്തുക ആയിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്ന് ഇ. ശ്രീധരന്‍. പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണാറായി സ്വീകരിക്കാറുളളതെന്നും ഇ. ശ്രീധരന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിയും യു.ഡി.എഫ് നേതാക്കളും മാന്യന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ എന്നിവരെല്ലാം നന്മ ആഗ്രഹിക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിക്ക് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാറില്ല. നല്ല സെക്രട്ടറി ഇല്ലാത്തതാണ് കാരണമെന്നും ഇ. ശ്രീധരന്‍ കേരളത്തിലെ പ്രമുഖ പത്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒന്നില്‍ സ്ഥാനാര്‍ഥിയാവുമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. സര്‍ക്കാരിന്റെ ഭാഗമാവണം എന്ന ലക്ഷ്യത്തോടെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവുമുണ്ടായേക്കാം. നിലവില്‍ വര്‍ഗീയ പാര്‍ട്ടിയെന്ന ആരോപണം ബി.ജെ.പിക്കെതിരെയുണ്ട്. ഈ പ്രതിശ്ചായ മാറ്റിയെടുക്കാനാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

രാജ്യസഭാംഗമാവാന്‍ താല്‍പര്യമില്ലെന്ന് ഇ. ശ്രീധരന്‍. രാജ്യസഭാംഗത്തിന് രാജ്യത്തിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. 2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

സ്‌കൂളിലേക്ക് പോയ പതിനേഴുകാരി തിരിച്ചെത്താത്തിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് കുത്തേറ്റ് മരിച്ചനിലയിൽ. ഇടുക്കി പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് പ്ലസ്ടു വിദ്യാർത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബൈസൺവാലി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥിനി സ്‌കൂളിൽ നിന്നെത്താത്തതിനെ തുടർന്ന് തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു. വിശദമായ അന്വേഷണത്തിൽ പള്ളിവാസൽ പവർഹൗസ് ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി പോലീസിന് വിവരം ലഭിച്ചു.

പെൺകുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പവർഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെൺകുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പോലീസ് പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

അഞ്ചൽ സ്വദേശിനി ഉത്രയെ രണ്ടുതവണ പാമ്പുകടിച്ചപ്പോഴും ഭർത്താവ് സൂരജിന്റെ പെരുമാറ്റം അസ്വഭാവികമായിരുന്നു എന്ന് വിവരിച്ച് ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി. ഉത്ര മരിച്ച സാഹചര്യങ്ങളിൽ സ്വാഭാവികതയില്ലെന്ന് കോട്ടയം ഫോറസ്റ്റ് വെറ്ററിനറി അസി. ഓഫീസർ ഡോ. ജെ കിഷോർകുമാറും വിചാരണ കോടതിയിൽ മൊഴിനൽകി.

ഉത്രയുടെ മരണത്തിന് കാരണമായ രണ്ടാമത്തെ മൂർഖൻ പാമ്പ് കടിച്ച സംഭവം വിശ്വസനീയമല്ലെന്നു ഡോക്ടർ വിശദീകരിച്ചു. മൂർഖൻ വിഷം ഉപയോഗിക്കുന്നതിൽ പിശുക്കുകാണിക്കുന്ന പാമ്പാണ്. ഒരാളെ രണ്ടുപ്രാവശ്യം കടിച്ചെന്നത് വിശ്വസിക്കാനാകില്ല. ഉത്ര വധക്കേസ് വിചാരണയ്ക്കിടെയാണ് സാക്ഷിയായ അദ്ദേഹം മൊഴി നൽകിയത്. പാമ്പ് കടിച്ചത് രണ്ടും ഒരേസ്ഥലത്താണെന്നത് കൈകൾ ചലിച്ചിരുന്നില്ല എന്നതാണ് സൂചിപ്പിക്കുന്നത്. മൂർഖൻ പാമ്പ് ജനൽവഴി കയറണമെങ്കിൽ അതിന്റെ മൂന്നിലൊന്ന് മാത്രം ഉയരമുള്ളതായിരിക്കണം. ഉത്രയെ ആദ്യം കടിച്ച അണലി മുകളിലേക്കുകയറി രണ്ടാംനിലയിലെത്തി എന്നത് ഒരു കാരണവശാലും വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഉത്രയെ പാമ്പ് കടക്കാനിടയായ സാഹചര്യം പരിശോധിച്ച കമ്മിറ്റിയിൽ അംഗമായിരുന്നെന്നും സ്വാഭാവികമായി പാമ്പ് കടിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അദ്ദേഹം മൊഴിനൽകിയിട്ടുണ്ട്.

അതേസമയം, ആദ്യത്തെ തവണ പാമ്പുകടിച്ച സമയത്തും ഉത്രയുടെ ഭർത്താവ് അസ്വഭാവികമായാണ് പെരുമാറിയതെന്നു ചികിത്സിച്ച ഡോക്ടർ മൊഴി നൽകി. അണലികടിച്ചശേഷം കൊണ്ടുവരാൻ താമസിച്ചതിനു കാരണംചോദിച്ചപ്പോൾ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയയാൾ തൃപ്തികരമായ മറുപടി തന്നില്ലെന്ന് അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നടത്തിയ ഡോ. ജഹരിയ ഹനീഫ് മൊഴിനൽകി. ഈ സമയമത്രയും ഉത്ര വേദനകൊണ്ടു കാലിലടിച്ചു കരയുകയായിരുന്നു. പ്രാഥമികമായി മരുന്നുകൾ നൽകിയശേഷം മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തെന്നും മൊഴിനൽകി.

അതേസമയം, ഉത്രയെ രാത്രിയിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കിയാണ് സൂരജ് ആശുപത്രിയിൽ എത്തിച്ചതെന്നു തെളിയിക്കുന്ന മൊഴികളും കോടതിക്ക് മുന്നിൽ സാക്ഷികൾ വിവരിച്ചു. അഞ്ചൽ സെന്റ് ജോൺസ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജീന ബദറിന്റെ മൊഴിയും സൂരജിനെ കുരുക്കുന്നതാണ്. അത്യാസന്നനിലയിൽ ഒരു സ്ത്രീയെ കൊണ്ടുവന്നെന്നറിഞ്ഞ് മുറിയിൽ ചെന്നപ്പോൾ എന്തോ കൈയിൽ കടിച്ചതാണെന്നുപറഞ്ഞ് ഭർത്താവ് ഇറങ്ങിപ്പോയെന്നാണ് ഡോക്ടർ ജീനയുടെ മൊഴി. പരിശോധനയിൽ ജീവന്റെ ലക്ഷണമൊന്നും കണ്ടില്ല. കൈകൾ ആൾക്കഹോൾ സ്വാബ് കൊണ്ടുതുടച്ചപ്പോൾ രക്തം കട്ടപിടിച്ചഭാഗത്ത് രണ്ട് കടിയുടെ പാടുകൾ കണ്ടെത്തി.

പിന്നീട് അമ്മ അകത്തുവന്നപ്പോഴാണ് ഉത്രയെ മുൻപ് അണലികടിച്ചവിവരം മനസ്സിലാക്കിയതെന്നും മൊഴിനൽകി. ഉത്രയുടെ അച്ഛനോട് മരണവിവരം പറഞ്ഞപ്പോൾ വീട്ടിൽ പാമ്പിനെ കണ്ടെന്ന് പോയിനോക്കിയവർ പറഞ്ഞെന്നും അത് മൂർഖനായിരുന്നെന്നു പറഞ്ഞതായും മൊഴിനൽകി. ചൊവ്വാഴ്ച സാക്ഷിവിസ്താരം തുടരും.

കോഴിക്കോട് നാദാപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍. പേരാമ്പ്ര സ്വദേശിയായ അജ്നാസിനെയാണ് നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ എത്തി അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.

പുറമേരി പഞ്ചായത്തിലെ അരൂര്‍ എളയിടത്ത് നിന്നാണ് പുലര്‍ച്ചെ ഒന്നരയോടെ അജ്നാസിനെ തട്ടിക്കൊണ്ടുപോയത്. സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കാണാനായി എത്തിയതായിരുന്നു പ്രാദേശിക വോളി താരമായ അജ്നാസ്. കളികഴിഞ്ഞു മടങ്ങുന്നതിനിടെയാണ് സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കി അജ്നാസുമായി അജ്ഞാതസംഘം കടന്നുകളഞ്ഞത്.

ഒന്നര ആഴ്ച്ചയ്ക്കിടെ നാദാപുരത്തുണ്ടാകുന്ന രണ്ടാമത്തെ തട്ടിക്കൊണ്ടുപോകല്‍ ആണിത്. ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ പിന്നീട് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. അജ്നാസിന്‍റെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. കോവിഡ് കാലത്ത് രണ്ട് തവണ അജ്്നാസ് വിദേശത്ത് പോയി തിരിച്ചെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്ത കുറ്റ്യാടി സ്വദേശിയില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടി വരും.

ഇടുക്കി കുമളിയിൽ യുവതിയെ ആൺസുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയും ഈശ്വരനും എട്ട് മാസമായി ഒന്നിച്ചായിരുന്നു താമസം. ഈശ്വരൻ റസിയയുടെ മകനെ ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇരുവരും തെറ്റിപ്പിരിഞ്ഞു. ഉപദ്രവത്തിനിരയായ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുമ്പ് റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

രാവിലെ റസിയ താമസിക്കുന്ന വീട്ടിലെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടും പോകുന്നതിനിടെയാണ്‌ മരിച്ചത്. രക്ഷപെട്ട പ്രതിയെ വാഗമണിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

മുൻ ഫുട്ബോൾ താരവും കേരളത്തിലെ ആദ്യത്തെ വനിതാ ഫുട്ബോൾ പരിശീലകയുമായ ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. നടക്ക\വ് സ്കൂളിൽ പരിശീലകയായി ജോലി ചെയ്യുകയായിരുന്നു. അർബുദ ബാധിതയായിരുന്നു. 35 വർഷമായി കളിക്കാരിയായും പരിശീലകയായും സജീവമായിരുന്നു.

മലബാറിലെ ഫുട്ബോളിന്റെ അംബാസിഡർ എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്ന ഫൗസിയ കേരള സ്പോർട്സ് കൗൺസിൽ പരിശീലക, നടക്കാവ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലക തുടങ്ങിയ പദവികൾ വഹിച്ചു. ഫൗസിയയുടെ പരിശീലനത്തിൽ നിരവധി കുട്ടികൾ രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയിരുന്നു

ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ കേരളത്തിന്റെ ഗോളി ഫൗസിയയായിരുന്നു. കേരളത്തിന് ജയിക്കാനായില്ലെങ്കിലും ഫൗസിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വെയ്റ്റ് ലിഫ്റ്റിങ്ങില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിങ്ങില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ്‌ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനങ്ങളായിരുന്നു ഫൗസിയയുടേത്.

2003-ല്‍ കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റു. 2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചു. 2005-ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006-ല്‍ ഒഡിഷയിൽ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ കാണാതായ ജസ്‌നയെ കണ്ടെത്താൻ ഇനി സിബിഐയുടെ അന്വേഷണം. ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധമാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നുമുള്ള സോളിസിറ്റർ ജനറലിന്റൈ അപേക്ഷയും അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

Copyright © . All rights reserved