പലസ്തീന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിന് ആദരസൂചക പൗരത്വവും (ഓണററി സിറ്റിസണ്‍ഷിപ്പ്) നഷ്ടപരിഹാരവും നല്‍കാന്‍ ഇസ്രായേല്‍. ന്യൂഡല്‍ഹിയിലെ എംബസിയിലെ ഉപമേധാവി റോണി യദീദിയ ക്ലിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ ജനത തങ്ങളില്‍ ഒരാളായാണ് സൗമ്യയെ കാണുന്നത്. സൗമ്യ ഓണററി പൗരത്വത്തിന് അര്‍ഹയാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. ദേശീയ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കും. സൗമ്യയുടെ കുഞ്ഞിനെ ഇസ്രായേല്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യക്ക് ലഭിച്ച മഹത്തായ അംഗീകാരമായാണ് ഇസ്രായേലിന്റെ തീരുമാനത്തെ കാണുന്നതെന്ന് ഭര്‍ത്താവ് സന്തോഷ് പ്രതികരിച്ചു. മകന്‍ അഡോണിന്റെ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളെ കുറിച്ചും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചതായും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സൗമ്യയുടെ ഭര്‍തൃ സഹോദരി ഇസ്രായേലിലുള്ള ഷെര്‍ലി പ്രതികരിച്ചു.