Kerala

തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. ബുധനാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്‌. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

തൃശൂർ∙ സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്ക്കു ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിൽ കയ്യിലെ ഞരമ്പ് മുറിച്ച നിലയിൽ കാറിനുള്ളിലാണ് കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിയലാണ്.

ആദിത്യനെതിരെ ഭാര്യയും നടിയുമായ അമ്പിളി ദേവി, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായി ആദിത്യനും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യാ ശ്രമം.

കൊച്ചി: ലോക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങളുമായി എറണാകുളം ജില്ല. രണ്ടാം ദിവസവും കൊച്ചി നഗരത്തിലുൾപ്പെടെ പോലീസ് പരിശോധന കർശനമാക്കി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞ നിലയിലാണ്. ഹോട്ടലുകൾ മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. പൊതു അവധി ദിവസം കൂടിയായതിനാൽ നഗരം വിജനമാണ്. ചുരുക്കം ചില സ്വകാര്യ ബസുകൾ ശനിയാഴ്ച സർവ്വീസ് നടത്തിയെങ്കിലും ഇന്ന് പൂർണമായും അവസാനിപ്പിച്ചിരിക്കുകയാണ്. സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന ഇല്ലാത്തവർക്ക് പൊലീസ് പിഴ ചുമത്തി. പരിശോധന കർശനമാക്കിയതോടെ ലോക്ഡൗണിന് സമാനമാണ് കൊച്ചി നഗരം.

ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രോഗികളുടെ എണ്ണം 32167 ആയി. 28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ പത്ത് ലക്ഷം പേരിൽ 1300 പേർ രോഗബാധിതരാണ് എന്നതാണ് കണക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗവ്യാപനം രൂക്ഷമായ എറണാകുളത്ത് ചികിത്സാ സൗകര്യങ്ങള്‍ വിപുലമാക്കുകയാണ് ജില്ലാഭരണകൂടം. ഓക്സിജന്‍ ലഭ്യതയും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രി സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനിച്ചു. നിലവിലെ ചികിത്സാകേന്ദ്രങ്ങള്‍ക്കുപുറമെ ആദ്യഘട്ട പ്രതിരോധത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ ട്രീറ്റ്മന്‍റ് സെന്‍ററുകള്‍ പുനസ്ഥാപിക്കും.

വരുന്ന ആ‍ഴ്ച്ച 1500 ഓക്സിജന്‍ കിടക്കകളും അതിനടുത്തയാ‍ഴ്ച്ച 2000 ഓക്സിജന്‍ കിടക്കകളും ഒരുക്കലാണ് ലക്ഷ്യം.മു‍ഴുവന്‍ താലൂക്കുകളിലും ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും.സ്വകാര്യ ആശുപത്രികളില്‍ 20 ശതമാനം കിടക്കകളെങ്കിലും കോവിഡ് ചികിത്സക്ക് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കും. ഓക്സിജൻ ലഭ്യതയും ഇതോടൊപ്പം ഉറപ്പു വരുത്തും. ഇതിനായി എഫ്.എ.സി.ടി, പെട്രോനെറ്റ് എൽ.എൻ.ജി, ബി.പി.സി.എൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉപയോഗിക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്റെ അടുത്തഘട്ടം മെയ് ഒന്നുമുതല്‍ ആരംഭിക്കും. വാക്‌സിനേഷന്‍ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു.

18 മുതല്‍ 44 വയസ്സുവരെ പ്രായമുളളവര്‍ക്ക് മെയ് ഒന്നുമുതല്‍ വാക്‌സിന്‍ ലഭ്യമാകും. ഏപ്രില്‍ 28 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോവിൻ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്‌സിന്‍ സ്വീകരിക്കാനാവും. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും.

സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസര്‍മാര്‍ തന്നെയായിരിക്കും ഇത് നിര്‍വഹിക്കുക. നിലവില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

വാക്‌സിനേഷന്‍ സെന്ററുകള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണെന്നും മാർഗരേഖയിൽ പറയുന്നു.

കറുകച്ചാല്‍: കാറിനടിയില്‍ കയറി തകരാര്‍ പരിശോധിക്കുന്നതിനിടെ ജാക്കി തെന്നിമാറി യുവാവിനു ദാരുണാന്ത്യം. സ്വകാര്യബസ്‌ ജീവനക്കാരനായ ചമ്പക്കര കൊച്ചുകണ്ടം ബംഗ്ലാകുന്നില്‍ ആര്‍. രാഹുലാ(35)ണു രാത്രി മുഴുവന്‍ കാറിനടിയില്‍ കുടുങ്ങി, രക്‌തംവാര്‍ന്ന്‌ മരിച്ചത്‌. ഇന്നലെ രാവിലെ പത്രവിതരണക്കാരനാണു രാഹുലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌.

പന്തളം റൂട്ടിലോടുന്ന ചമ്പക്കര ബസിലെ ജീവനക്കാരനായിരുന്നു രാഹുല്‍. രാത്രി കറുകച്ചാല്‍ ചമ്പക്കര തൂമ്പച്ചേരി ബാങ്കുപടി ഭാഗത്താണു രാഹുലിന്റെ കാര്‍ ബ്രേക്ക്‌ഡൗണായത്‌. തുടര്‍ന്ന്‌, തകരാര്‍ പരിശോധിക്കാനായി ജാക്കിവച്ചുയര്‍ത്തിയ കാറിനടിയില്‍ കയറുകയായിരുന്നെന്നാണു സൂചന. ഇതിനിടെ, ജാക്കി തെന്നിമാറി, കാര്‍ ദേഹത്തമരുകയായിരുന്നു. രാത്രി മുഴുവന്‍ റോഡില്‍ രക്‌തംവാര്‍ന്ന്‌ കിടന്നാണു മരണമെന്നു സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി പത്തരയ്‌ക്കുശേഷവും രാഹുലിനെ കാണാതായതോടെ ഭാര്യ പലവട്ടം വിളിച്ചിരുന്നു. എന്നാല്‍, ഫോണ്‍ എടുത്തില്ല. ഇന്നലെ പുലര്‍ച്ചെ പത്രവിതരണത്തിനായി എത്തിയ യുവാവാണു കാറിനടിയില്‍ മൃതദേഹം കണ്ട്‌ പോലീസില്‍ വിവരമറിയിച്ചത്‌. പരിശോധനയില്‍ രാഹുലിനു കോവിഡ്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. ഭാര്യ: ശ്രീവിദ്യ.

കാക്കനാട്‌: മുട്ടാര്‍ പുഴയില്‍ മകള്‍ വൈഗയെ ജീവനോടെയെറിഞ്ഞു കൊലപ്പെടുത്തി നാടുവിടുമ്പോള്‍ സനു മോഹന്റെ പക്കലുണ്ടായിരുന്നത്‌ 9 ലക്ഷം രൂപ. അന്വേഷണസംഘത്തോട്‌ സനു മോഹന്‍ തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഏറെനാളത്തെ പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷമുണ്ടായ മകളോട്‌ സനുവിന്‌ വൈകാരികമായ അടുപ്പമുണ്ടായിരുന്നു. വൈഗയ്‌ക്കും അച്‌ഛനോടായിരുന്നു കൂടുതല്‍ ഇഷ്‌ടം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നും അച്‌ഛനൊപ്പം കാറില്‍ മടങ്ങുമ്പോള്‍ അവസാനയാത്രയാണെന്ന്‌ വൈഗ പ്രതീക്ഷിച്ചു കാണില്ല.

കങ്ങരപ്പടിയിലെ ഫ്‌ളാറ്റില്‍ എത്തിയശേഷം ഒരുമിച്ചു മരിക്കാമെന്ന്‌ സനു പറഞ്ഞപ്പോഴും വേണ്ടച്‌ഛാ എനിക്കു പേടിയാണെന്നാണ്‌ മകള്‍ പറഞ്ഞതെന്ന്‌ സനു ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. ആദ്യം ശ്വാസംമുട്ടിച്ചു. ബോധരഹിതയായ വൈഗ മരിച്ചെന്നു കരുതി കിടക്കവിരിയില്‍ പൊതിഞ്ഞ്‌ തോളിലിട്ടാണ്‌ പടിയിറങ്ങിയതും കാറില്‍ കയറിപ്പോയതും. എന്നാല്‍, മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യണമെന്ന ചിന്ത ഇയാളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സേലത്ത്‌ മള്‍ട്ടിപ്ലക്‌സ്‌ തീയറ്ററില്‍ സനു മോഹന്‍ രണ്ടു സിനിമകള്‍ കണ്ടത്‌ വൈഗയുടെ മൃതദേഹം കണ്ടെത്തിയ മാര്‍ച്ച്‌ 22-ന്‌ വൈകുന്നേരമാണ്‌.

ആത്മഹത്യ ചെയ്യണമെന്നുറപ്പിച്ചിരുന്നെങ്കില്‍ കാറില്‍ വിലകൂടിയ മദ്യവും സിഗററ്റും വാങ്ങി ശേഖരിക്കില്ലായിരുന്നു. മദ്യത്തിനു പുറമേ ലഹരിമരുന്നിനും സനു അടിമയാണെന്നും അന്വേഷണസംഘം സംശയിക്കുന്നു.

പുഴയില്‍ എറിയുംമുമ്പ്‌ വൈഗയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്ത്‌ കോയമ്പത്തൂരില്‍ പണയംവച്ചതും ഗോവയിലെ ചൂതാട്ടകേന്ദ്രത്തിലെത്തി ചൂത്‌ കളിച്ചതിനും പിന്നിലും ദുരൂഹതയുണ്ട്‌. ഒമ്പതു ലക്ഷം വിലമതിക്കുന്ന പുതിയ ഫോക്‌സ്‌ വാഗണ്‍ ആമിയോ കാര്‍ കോയമ്പത്തൂരിലെ പൊളിക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു വിറ്റു.

ഈ കാര്‍ പോലീസ്‌ തൃക്കാക്കരയില്‍ എത്തിച്ചിട്ടുണ്ട്‌. കോയമ്പത്തൂര്‍, സേലം, ഗോവ, ഊട്ടി, മഹാരാഷ്ര്‌ട, കൊല്ലൂര്‍, ഉഡുപ്പി, കാര്‍വാര്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പ്‌ ഇന്നു പൂര്‍ത്തിയാക്കും. സനുവിന്റെ ഭാര്യ രമ്യ, അടുത്ത ബന്ധുക്കള്‍ എന്നിവരെയും വൈകാതെ ചോദ്യംചെയ്യും.

കൊച്ചി ∙ സംസ്ഥാനത്ത് ഏറ്റവും മികച്ച ആരോഗ്യ, ചികിത്സാ സംവിധാനങ്ങളുള്ള ജില്ലയാണ് എറണാകുളം. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിൽ വളരെയേറെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളുള്ള ജില്ല. കോവി‍ഡ് ഒന്നാം തരംഗ കാലം മുതൽ വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചതാണെങ്കിലും ഇപ്പോൾ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം അനുദിനം കുതിച്ചുയരുകയാണ് എറണാകുളത്ത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് പോസിറ്റീവായതും ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളതും എറണാകുളത്തു തന്നെ.

ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ രാജ്യത്തുതന്നെ വൈറസ് വ്യാപനം ഏറ്റവും രൂക്ഷമായ ജില്ലയാണ് എറണാകുളം. 35 ലക്ഷം ജനസംഖ്യയുള്ള ജില്ലയിൽ 1.65 ലക്ഷം പേർക്ക് ഇതിനോടകം കോവിഡ് ബാധിച്ചു കഴിഞ്ഞു. അതായത് 21ൽ ഒരാൾ വീതം ജില്ലയിൽ ഇതിനകം കോവിഡ് പോസിറ്റീവായിക്കഴിഞ്ഞു. പ്രതിദിനം പത്തു ലക്ഷത്തിൽ 1300 പേർക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രാജ്യത്തെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇത് ഏറെ ഉയർന്ന നിലയിലാണ്. കോവിഡ് വ്യാപനം രൂക്ഷമായ ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ പോലും ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ എറണാകുളത്തേക്കാൾ കുറഞ്ഞ തോതിലാണു രോഗ വ്യാപനമെന്ന് ആരോഗ്യ വിദഗ്ധൻ ഡോ. പത്മനാഭ ഷെണോയ് പറഞ്ഞു.

വൈറസ് പകരാനുള്ള സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ചു കൂട്ട പരിശോധന നടത്തുന്നതു കൊണ്ടാണ് എറണാകുളം ജില്ലയിലെ കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നു നിൽക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. പരിശോധനയുടെ എണ്ണം കൂടുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ‌) കുറയുകയാണു വേണ്ടത്. പരിശോധനകളുടെ എണ്ണം വർധിക്കുന്നതിനൊപ്പം ടിപിആറും വർധിക്കുന്നുവെങ്കിൽ സമൂഹത്തിലെ രോഗവ്യാപനം അത്രത്തോളം രൂക്ഷമാണെന്നു തന്നെയാണു വ്യക്തമാകുന്നത്.

ജില്ലയിലെ ചില മേഖലകളിൽ രോഗവ്യാപന തോത് 48% വരെ ഉയർന്നു. കീഴ്മാട് പഞ്ചായത്തിലാണു ടിപിആർ 48% എത്തിയത്. അതായത് 100 പരിശോധനകൾ നടത്തുമ്പോൾ 48 പേർ പോസിറ്റീവാകുന്നു. എന്നാൽ തുടർച്ചയായ പരിശോധനയിലൂടെ ഇവിടെ ടിപിആർ 20 ശതമാനമായി കുറഞ്ഞു. ചിറ്റാറ്റുകരയിൽ 30% ടിപിആർ ആയിരുന്നത് 17 ശതമാനമായും കളമശേരിയിലേത് 33 ശതമാനത്തിൽ നിന്ന് 12% ആയും കുറഞ്ഞിട്ടുണ്ട്. ടിപിആർ ഉയർന്നു നിൽക്കുന്ന സ്ഥലങ്ങളിൽ അടുത്തയാഴ്ചയോടെ രോഗവ്യാപന തോത് കുറയുമെന്നു കലക്ടർ എസ്.സുഹാസ് പറഞ്ഞു.

കൊറോണ വൈറസിനെതിരെയുള്ള നമ്മുടെ ജാഗ്രതയിൽ ഇടക്കാലത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം ഇടക്കാലത്തു കുറഞ്ഞപ്പോൾ സ്വാഭാവികമായും ഇനിയൊരു തരംഗം ഇവിടെയുണ്ടാകില്ലെന്നുള്ള തെറ്റായ ധാരണയും ജനങ്ങൾക്കുണ്ടായി. കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വർധിക്കാൻ 2 കാരണങ്ങളുണ്ടാകാമെന്നു ഡോ. പത്മനാഭ ഷെണോയ് പറയുന്നു.

1. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നമ്മുടെ ജാഗ്രതയിൽ വലിയ കുറവുണ്ടായി. ഇതു വൈറസ് വ്യാപനത്തിനു സഹായിച്ചു.

2. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വേരിയന്റ് കൂടുതൽ പേരിലേക്കു രോഗമെത്തിക്കാനുള്ള സാധ്യതയുണ്ട്. ഒരേ സമയം കൂടുതൽ പേരിലേക്കു വൈറസ് വ്യാപിക്കാനിടയാക്കിയ സാഹചര്യം ഇത്തരമൊരു ശക്തമായ വേരിയന്റിന്റെ സാന്നിധ്യത്തിലേക്കു തന്നെയാണു വിരൽ ചൂണ്ടുന്നത്. ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.

കോവിഡിനെ പ്രതിരോധിക്കാനുള്ള അടിസ്ഥാന മാർഗങ്ങൾ തുടരുന്നതിനൊപ്പം ചികിത്സാ രംഗത്തും ശക്തമായ ഇടപെടൽ നടത്തേണ്ട സമയമാണിത്. രോഗികളുടെ എണ്ണം ഇനിയും ഉയർന്നാൽ ജില്ലയിൽ ചികിത്സയ്ക്ക് കിടക്കകൾ ലഭിക്കാത്ത സാഹചര്യമുണ്ടാകും. ഇപ്പോൾ തന്നെ ഐസിയു കിടക്കകൾ മതിയായ തോതിൽ ലഭ്യമാകാത്ത സാഹചര്യമുണ്ട്. രോഗികളുടെ എണ്ണം ഇനിയും ഉയരാമെന്നതു മനസ്സിലാക്കി കൂടുതൽ ഐസിയു, ഓക്സിജൻ സൗകര്യമുള്ള കിടക്കകൾ അടിയന്തരമായി തയാറാക്കണം.

സർക്കാർ മേഖലയിൽ 9 ആശുപത്രികളിലായി 639 കിടക്കകൾ മാത്രമാണു ചികിത്സയ്ക്കു ലഭ്യമായിട്ടുള്ളത്. ഇതിൽ 416 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗ തീവ്രതയുള്ളവരെ ചികിത്സിക്കാനായി വിവിധ ആശുപത്രികളിലായി 223 കിടക്കകളാണു ലഭ്യമായിട്ടുള്ളത്. രോഗ തീവ്രതയുള്ളവരുടെ എണ്ണം ഉയർന്നാൽ ഈ കിടക്കകൾ തികയാതെ വരും.

English Summary: High Surge in Covid Cases: Ernakulam is Top District in Coronavirus Spread in India

സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടേയും ആദിത്യന്‍ ജയന്റെയും വിവാഹ വാര്‍ത്ത മുതല്‍ പല വിവാദങ്ങളും പ്രചരിച്ചിരുന്നു. തങ്ങള്‍ മനോഹരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ഇരുവരും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആദിത്യന്‍ ജയനെതിരെ കടുത്ത ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അമ്പിളി ദേവി എത്തിയിരുന്നു. ഇതിന് മറുപടിയായി അമ്പിളി ദേവിക്കെതിരെ ആദിത്യനും കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അമ്പിളിയ്ക്ക് വേറെയൊരാളുമായി ബന്ധമുണ്ടെന്നും, ഇതിന്റെ ചില സ്‌ക്രീന്‍ ഷോട്ടുകളുമായിരുന്നു ആദിത്യന്‍ പുറത്ത് വിട്ടത്.

ആദിത്യന്റെ ഈ ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് അമ്പിളി ദേവി. ” അത്ര മോശം സ്ത്രീ ആയിരുന്നെങ്കില്‍ എന്തിനാ കല്യാണം കഴിച്ചത്. ഷിജു മേനോന്റേത് പ്രൊപ്പോസല്‍ വന്നതാണ്. ഡിവോഴ്സ് കഴിഞ്ഞ ശേഷം എന്റെ ഡാന്‍സ് ടീച്ചര്‍ വഴി ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. അത് എന്റെ അച്ഛനും അമ്മയ്ക്കും ഈ പറയുന്ന ഷിജു മേനോന്‍ എന്ന് പറയുന്നയാളുടെ കുടുംബത്തിനുമൊക്കെ അറിയാവുന്ന റിലേഷനാണ്. പക്ഷേ പോകെപ്പോകെ എന്റെ മകന്റെ ഒരു കാര്യം വച്ച്, കുഞ്ഞിനെക്കൊണ്ടു പോകാന്‍ പറ്റില്ലെന്ന് വന്നപ്പോള്‍ അത് അവിടെ വെച്ച് കട്ട് ചെയ്യുകയായിരുന്നു. കല്യാണത്തിലെത്തുമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയതാണ്.

ഒരു സ്ത്രീ കൊള്ളില്ല എന്നുണ്ടെങ്കില്‍ എന്തായാലും കല്യാണം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അറിയാന്‍ പറ്റുമല്ലോ. അത്രയും മോശപ്പെട്ട ഒരു സ്ത്രീയാണ് ഞാനെങ്കില്‍ അന്നേ എന്നെ കളഞ്ഞിട്ട് പോകാമല്ലോ. ഓരോ പ്രശ്നങ്ങളുണ്ടാക്കി പല തവണ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്. ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും… വായില്‍ നിന്ന് വരുന്ന ഭാഷകള്‍ പോലും നമുക്ക്, മനുഷ്യര്‍ പറയുമോ അങ്ങനെയൊക്കെ…എനിക്ക് ആദിത്യനെക്കുറിച്ച് അറിയാവുന്ന രണ്ട് കാര്യങ്ങളുണ്ടായിരുന്നു. ലീഗലായിട്ട് ഒരു കല്യാണവും, ലിവിംഗ് റിലേഷനില്‍ ഒരു മോനുമുണ്ടെന്ന് അറിയാമായിരുന്നു. വേറെയൊന്നും അറിയില്ലായിരുന്നു. എന്റെ കുഞ്ഞിന്റെയടുത്ത് ഭയങ്കര ജീവനായിരുന്നെന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി. അത്രയ്ക്ക് പൊട്ടന്മാരായിപ്പോയി ഞങ്ങള്‍.’- അമ്പിളി ദേവി പറയുന്നു.

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

• കടകൾ ഏഴരയ്ക്കുതന്നെ അടയ്ക്കണം. ഒമ്പതുമണിവരെ പ്രവർത്തിക്കാമെന്നാണ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നത്‌. മാളുകളും തിയേറ്ററുകളും ഏഴരയ്ക്കുതന്നെയാണ്‌ അടയ്‌ക്കേണ്ടത്‌.

• കടകൾ അടയ്ക്കുന്നതിന് ഇളവുകൾ ആവശ്യമുള്ളിടത്ത് അനുവദിക്കും.

• ലോക്ഡൗൺ അന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുന്നില്ല

• രാത്രി ഒമ്പതുമുതൽ കർഫ്യൂ.

• 24-ന് എല്ലാ സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾക്കും അവധി

• ഹയർസെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല.

• 24, 25 തീയതികളിൽ അത്യാവശ്യ സർവീസുകൾക്ക് മാത്രമാകും അനുമതി.

• വിവാഹം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾ അനുവദിക്കും. 75 പേർമാത്രമേ പരമാവധി പങ്കെടുക്കാവൂ.

• ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം അമ്പതുശതമാനമായി കുറയ്ക്കും.

• ആവർത്തനക്രമത്തിൽ 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തും.

• സ്വകാര്യ സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം അനുവദിക്കണം.

• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾമാത്രം. ട്യൂഷൻ സെന്ററുകൾ തുറക്കില്ല. സമ്മർ ക്യാമ്പുകളും നിർത്തിവെക്കണം.

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് വാക്സിൻ ക്ഷാമം അതിരൂക്ഷം. വിവിധ ജില്ലകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനെടുക്കാൻ എത്തിയവരുടെ തിക്കും തിരക്കുമാണ്. പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ വാക്കു തർക്കവും ഉന്തും തള്ളുമുണ്ടായി.

കോട്ടയത്ത് മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ടോക്കണ്‍ വിതരണത്തിനിടെ വാക്ക് തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളിലാണ് ടോക്കണു വേണ്ടി തിക്കും തിരക്കുമുണ്ടായത്. സാമൂഹ്യ അകലം പാലിക്കാതെയാണ് ഇവിടെ ജനങ്ങള്‍ തിങ്ങിക്കൂടിയത്.

രാവിലെ മുതലെത്തി ക്യൂ നിൽക്കുന്നവരെ അവഗണിച്ച് പിന്നീടെത്തിയവർക്ക് പൊലീസ് ടോക്കൺ നൽകുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതോടെ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും ബഹളവുമായി.

പാലക്കാട് മോയന്‍സ് എല്‍പി സ്‌കൂളില്‍ നടക്കുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആയിരത്തോളം പേരാണ് രാവിലെ തന്നെ സാമൂഹ്യ അകലം പാലിക്കാതെ വരിനിന്നത്. മുതിര്‍ന്ന പൗരന്മാരാണ് ഏറെയുമുള്ളത്.

സംസ്ഥാനത്തിന് ലഭിച്ച 65 ലക്ഷം വാക്സിൻ ഡോസുകളിൽ 62,36,676 ഡോസ് വാക്സിനും ഇതിനകം വിതരണം ചെയ്തതായും മൂന്ന് ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രണ്ട് ലക്ഷത്തിലധികം ഡോസ് വാക്സിനുകളാണ് പ്രതിദിനം സംസ്ഥാനത്ത് നൽകുന്നതെന്നും ഇതിനാൽ നിലവിൽ ബാക്കിയുള്ള മൂന്ന് ലക്ഷം ഡോസുകൾ പെട്ടെന്ന് തീരുമെന്നും മന്ത്രി വ്യക്തമാക്കി. 50 ലക്ഷം വാക്സിൻ ഡോസുകൾ വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ ഉടൻ അംഗീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved