രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന പിണറായി വിജയന് ആശംസകളുമായി വിഡി സതീശന്‍ എംഎല്‍എ. എന്ത് കാര്യത്തിന് വിളിച്ചാലും അദ്ദേഹത്തിന് ക്യതൃമായ മറുപടി ഉണ്ടാകും. പിണറായി വിജയനോട് അടുപ്പം തോന്നിച്ച ഘടകമാണ് അതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവെയാണ് വിഡി സതീശന്‍റെ പ്രതികരണം.

‘ മഹാപ്രളയത്തിന്റെയും കൊവിഡ് മാഹമാമാരിയുടെയും കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, പലവട്ടം. ഒന്നുകില്‍ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ 10 മിനുട്ടിനകം തിരിച്ച് വിളിക്കും. എന്നിട്ട പറയുന്ന കാര്യ ശ്രദ്ധിക്കും. അതിനു ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സംസാരിച്ചാല്‍ യെസ് എന്നോ നോ എന്നോ പറയും. നോ എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ശരിയാണ്. എന്നിട്ട് വേണ്ട നടപടിയും സ്വീകരിക്കും. എന്തായാലും വിളിച്ചാല്‍ ഒരു തീരുമാനമുണ്ടാവും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്,’ വിഡി സതീശന്‍ പറഞ്ഞു.

ഇന്ന് വെെകിട്ട് മൂന്നരക്ക് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.