ഷെറിൻ പി യോഹന്നാൻ
രോഹിത് വി എസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനുള്ള താല്പര്യമാണ് മറ്റു റിലീസുകൾക്കിടയിലും കള തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. അദ്ദേഹത്തിന്റെ ഇബ്‌ലീസ് തിയേറ്ററിൽ ആസ്വദിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. ക്‌ളീഷേകൾ അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഇത്തരം പരീക്ഷണ ചിത്രങ്ങളുമായി മുന്നോട്ടു വരുന്നത് ധീരമായ ശ്രമമാണ്. ഇവിടെ കള വെറുതെ വളർന്നു പൊന്തുകയല്ല, ‘കള’ കളം മാറ്റി ചവിട്ടൽ കൂടിയാകുകയാണ്.
എന്നുമുതലാണ് കള കളയായത് ? മനുഷ്യൻ ഭൂമി വെട്ടിപിടിച്ചും കെട്ടിതിരിച്ചും കൃഷി ആരംഭിച്ചപ്പോൾ മുതലാണ്. അപ്പോൾ കളയുടെ സ്ഥാനം എവിടെയാണ്? അവർ എവിടെയാണ് വളരേണ്ടത്? ചെറിയൊരു കഥയെ വളരെ ആഴത്തിൽ അവതരിപ്പിച്ചതുകൊണ്ടാണ് കള ശക്തമായ ചലച്ചിത്രാനുഭവം ആവുന്നത്. വന്യം എന്ന ഗാനം പശ്ചാത്തലമായുള്ള ഗ്രാഫിക്കൽ സ്റ്റോറിയിലുണ്ട് ചിത്രത്തിന്റെ ജീവൻ. ഒരു സമ്പന്ന കുടുംബത്തിലേയ്ക്കും അവരുടെ ഒരു ദിവസത്തിലേക്കും വെറുതെ ക്യാമറ തിരിച്ചുവയ്ക്കുകയല്ല. വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്… വന്യമായ ചിലത്.
ടോവിനോയുടെയും സുമേഷ് മൂറിന്റെയും ഗംഭീര പ്രകടനത്തോടൊപ്പം ശക്തമായ പശ്ചാത്തലസംഗീതവും സൂക്ഷ്മമായ ഛായാഗ്രഹണവും ക്വാളിറ്റി മേക്കിങ്ങും ചേർന്ന് വരുമ്പോഴാണ് കള തീവ്രമായ കഥപറച്ചിൽ ഒരുക്കുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകൻ അത് അനുഭവിച്ചറിയുന്നുമുണ്ട്. ചിത്രത്തിൽ മൂറിന്റെ സ്ഥാനം ക്രെഡിറ്റ് കാർഡിൽ വ്യക്തമായി കാണാം. സൈക്കോളജിക്കൽ മൂഡ് ഒരുക്കി ആരംഭിക്കുന്ന ചിത്രം പിന്നീട് വളരെ വേഗമാണ് നീങ്ങുന്നത്.
A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാലും വയലൻസ് രംഗങ്ങളാൽ സമ്പന്നമായ ചിത്രമായതിനാലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്നില്ല. സ്പൂൺ ഫീഡിങ് ഇല്ലാതെ, ബീപ് ഇല്ലാതെ, വളരെ റിയലിസ്റ്റിക് ആയി ഇത്തരമൊരു കഥയെ അവതരിപ്പിച്ച സംവിധായകനൊരു സല്യൂട്ട്. ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ ചിത്രം തിയേറ്ററിൽ തന്നെയാണ് കാണേണ്ടത്. അവിടെയാണ് ഇത് പൂർണമായും അനുഭവിക്കേണ്ടത്. പല ലെയറുകളിലൂടെ ചിത്രം കഥ പറയുന്നുണ്ട്. അത് മനസ്സിലാക്കി എടുക്കേണ്ടത് പ്രേക്ഷകനാണെന്ന് മാത്രം.
Last Word – കളയായി പിഴുതെറിയപ്പെട്ടവന്റെ തിരിച്ചടിയാണ് പ്രമേയം. അത് ആഴത്തിൽ അറിയേണ്ടതാണ്. വലിയ കഥയോ കാര്യങ്ങളോ പ്രതീക്ഷിച്ചു സമീപിക്കേണ്ട ചിത്രമല്ല കള. മലയാള സിനിമയിലെ നായകസങ്കല്പങ്ങളെ കൂടി തച്ചുടയ്ക്കുകയാണ് രോഹിത്. തിയേറ്റർ വാച്ച് അർഹിക്കുന്ന മികച്ച ചിത്രം.
വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച വീഡിയോ ഗ്രാഫർക്ക് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ. പരുമല മാസ്റ്റർ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫർ വിനോദ് പാണ്ടനാടാണ് മരിച്ചത്. കുഴഞ്ഞുവീഴുന്പോഴും കാമറ നിലത്തുവീഴാതിരിക്കാൻ വിനോദ് കാണിച്ച ശ്രമത്തെ നിരവധിപേരാണ് അഭിനന്ദിക്കുന്നത്.
കുഴഞ്ഞു വീണപ്പോഴും കാമറ കൈയിൽ താങ്ങി അടുത്തുള്ള ആളെ ഏൽപ്പിക്കുന്ന വിനോദിന്റെ വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ നടന്ന വിവാഹത്തിനിടെയാണ് വിനോദ് കുഴഞ്ഞുവീഴുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വീണ്ടും അലങ്കോലമായി പിസി ജോർജിന്റെ പ്രസംഗം. പാറത്തോട്ടിൽ പിസി ജോർജിന്റെ പ്രചാരണ യോഗത്തിനിടെയാണ് ജനപക്ഷം പ്രവർത്തകരും യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകരും തമ്മിൽ തർക്കമുണ്ടായതും പരിപാടി അലങ്കോലമായതും. പാതിവഴിയിൽ പ്രസംഗം ഉപേക്ഷിച്ച് മടങ്ങിയ പിസി ജോർജ് സിപിഎം-എസ്ഡിപിഐ പ്രവർത്തകരാണ് തന്റെ പ്രസംഗം അലങ്കോലപ്പെടുത്തിയതെന്ന് ആരോപിച്ചു.
പിസി ജോർജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രചാരണ വാഹനങ്ങൾ കടന്നുപോയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. പ്രചാരണ വാഹനങ്ങളുടെ ശബ്ദം കാരണം പിസി ജോർജിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ തടസ്സപ്പെട്ടതോടെ ഇത്തരം പ്രവണതകൾ ശരിയല്ലെന്ന് ജോർജ് ആവർത്തിക്കുകയും ചെയ്തു.
ഇതിനു ശേഷവും പ്രചാരണ വാഹനങ്ങൾ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവർത്തകർ സിപിഎം പ്രവർത്തകരെ കടന്നാക്രമിക്കുകയും സംഘർഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയുമായിരുന്നു. തുടർന്ന് താൻ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിസി ജോർജ് മടങ്ങി.
‘പ്രസംഗം തടസ്സപ്പെടുത്താനുളള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പലിശക്കാരനായ ഒരാളെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇരുന്നൂറിൽ അധികം ചെക്കുകേസുകളിൽ പെട്ടയാളാണ്. അത് ഞാൻ പറഞ്ഞതാണ് ബുദ്ധിമുട്ടായിരിക്കുന്നത്.’
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി എംപിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പത്മജ വേണുഗോപാലും.
അതേസമയം, പത്മജ വേണുഗോപാലുമായുള്ള വ്യക്തി ബന്ധത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് താന്‍ പോയി. അത് തന്റെ ഇഷ്ടം മാത്രമാണെന്നും സുരേഷ് ഗോപി റിപ്പോര്‍ട്ടര്‍ ടിവി അഭിമുഖത്തില്‍ പറഞ്ഞു.
”രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെങ്കില്‍, മത്സരം അതിലെ അനിവാര്യതയാണെങ്കില്‍ സ്വന്തം അച്ഛനാണെങ്കിലും മത്സരിക്കണം. പത്മജ ചേച്ചിക്ക് ഇഷ്ടമല്ലാത്ത പ്രസ്ഥാനത്തിലേക്ക് ഞാന്‍ പോയി. അത് എന്റെ ഇഷ്ടമാണ്. ആ പ്രസ്ഥാനത്തിന്റെ ഐഡിയോളജിക്കും നിര്‍വഹണ പൊരുമയ്ക്കും ശക്തി പകരാന്‍ വേണ്ടി അവര്‍ക്കൊപ്പം ഞാന്‍ പോയി. അവര്‍ക്ക് വേണ്ടി ഈ മണ്ഡലത്തില്‍ ഞാന്‍ പൊരുതുന്നു. ബന്ധം എന്നത് ബന്ധം തന്നെയാണ്. അതിനൊരു കോട്ടവും തട്ടില്ല’- സുരേഷ് ഗോപി പറഞ്ഞു.
തിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ മാളിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ദുർഹന്ധം വമിച്ചതിനെ തുടർന്ന് മാൾ അധികൃതരും, പരിസരവാസികളും കിണർ പരിശോധിക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തുന്നത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കാണാതായ വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് സംശയിച്ചിരുന്നുവെങ്കിലും പിന്നീട് അയാളല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് എബിവിപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ കന്യാസ്ത്രീകൾ ദേശീയ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകി. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി വേണമെന്ന് കന്യാസ്ത്രീകൾ ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ കാൺപൂർ റെയിൽവേ എസ്എസ്പി കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. റെയിൽവേയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് പിന്തുണയറിയിച്ചു.
കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു സന്യാസാർഥിനികളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു എബിവിപി പ്രവർത്തകരുടെ ആക്രമണം. എന്നാൽ, ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചതിൽ നിന്ന് രണ്ടു യുവതികളും 2003-ൽ മാമ്മോദീസ സ്വീകരിച്ചവരാണെന്നു കണ്ടെത്തി. അതോടെ അവർ ഇരുവരും തന്നെ ജന്മനാ ക്രൈസ്തവരാണെന്നു വ്യക്തമാകുകയും മതപരിവർത്തനം എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നു തെളിയുകയും ചെയ്തു.
കന്യാസ്ത്രീകളായ ലിബിയ തോമസ്, ഹേമലത, സന്യാസാർഥികളായ ശ്വേത, ബി. തരംഗ് എന്നിവർക്കാണ് ട്രെയിനിൽ വച്ച് ദുരനുഭവമുണ്ടായത്. ഒഡീഷ സ്വദേശിനികളായ സന്യാസാർഥികളെ വീട്ടിൽ എത്തിക്കുന്നതിന് പോകുമ്പോഴാണ് നാലംഗ സംഘത്തിന് നേരെ എബിവിപി ആക്രമണം നടന്നത്.
ഋഷികേശിലെ പഠന ക്യാന്പിൽ പങ്കെടുത്ത ശേഷം ഹരിദ്വാറിൽ നിന്നു പുരിയിലേക്കു പോകുന്ന ഉത്കൽ എക്സ്പ്രസിൽ മടങ്ങുമ്പോഴാണ് ഇവർ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയത്.
സംഭവത്തിൽ ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയിരുന്നു. കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പിന്നീട് പ്രതികരിക്കുകയും ചെയ്തു.
തിരുവനന്തപുരം: കിഫ്ബിയില് നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിനെതിരേ രൂക്ഷ വിമര്ശവുമായി ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത്. കിഫ്ബിക്കെതിരായ റെയ്ഡ് തെമ്മാടിത്തരം മാത്രമല്ല ഊളത്തരവുമാണ്. ആദായ നികുതി കമ്മിഷണർക്കു വിവരമില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹിയിലെ യജമാനൻമാർക്കു വേണ്ടി എന്തും ചെയ്യുന്ന കൂട്ടരാണു കേന്ദ്ര ഏജൻസികൾ. കിഫ്ബിയുടെ സൽപ്പേര് നശിപ്പിക്കാനാണു റെയ്ഡ് നടത്തിയത്. കേന്ദ്ര ഏജൻസികളുടെ വരവ് അവസാനത്തേതെന്നു കരുതുന്നില്ല. ഈസ്റ്റർ അവധിക്കു മുൻപ് ഇഡിയുടെ വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും കരാറുകാരുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു. പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് ആസ്ഥാനത്ത് പരിശോധനയ്ക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട പരിശോധനയാണ് കിഫ്ബിയിൽ കേന്ദ്ര ഏജൻസി നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്ഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോണ്ട്രാക്ടര്മാര്ക്ക് കൈമാറിയ തുകയുടെ വിവരങ്ങള് പദ്ധതികള്ക്ക് വേണ്ടി വിവിധ കോണ്ട്രാക്ടര്മാരിൽ നിന്നും ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച് രേഖകളാണ് കിഫ്ബിയിൽ നിന്നും ശേഖരിച്ചത്.
മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളി ശക്തമായ മഴയിലും കാറ്റിലും മധ്യകേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മരം ഒടിഞ്ഞു വീണ് കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് മരം ഒടിഞ്ഞു വീണത്. മധുര സ്വദേശികളായ അരുൺ, കതിർ എന്നിവർ മരത്തിനടിയിൽപ്പെട്ടു. ഇതിൽ അരുൺ എന്ന യുവാവിന്റെ കാലിന് ഗുരുതര പരുക്കേറ്റു. കതിരിന്റെ പരിക്ക് നിസാരമാണ്.
എറണാകുളം ജില്ലയുടെ മലയോര ഗ്രാമങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. ആലുവയിലെ ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ കെട്ടികൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.
വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു.
”ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നു പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്” എന്നാണ് സാനിയ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ തനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താരം പറഞ്ഞു. അതേസമയം, ദ പ്രീസ്റ്റ് ആണ് സാനിയയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം കെട്ടുകഥ ഊതിപ്പെരുപ്പിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.ജാഗ്രത പുലർത്തിയില്ല എന്നതു മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്നും മന്ത്രി കൂട്ടിചേർത്തു.
ആഴക്കടൽ മത്സ്യബന്ധനത്തിന് കരാറില്ല. കപ്പലുണ്ടാക്കാനുള്ള കരാർ റദ്ദാക്കി ഒരുമാസം കൊണ്ട് കപ്പലുണ്ടാക്കാനാവില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ഏതെങ്കിലും ഒരാൾ ഫയൽ കണ്ടു എന്നതൊന്നും കാര്യമല്ലെന്നും ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമ്മാണവും തമ്മിൽ ബന്ധമില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.