സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്തു. മലപ്പുറം തിരൂർ സ്വദേശിയായ 65 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കിടെ ന്യൂമോണിയ ഭേദപ്പെട്ടു. ഇതേ തുടര്‍ന്ന് ഇദ്ദേഹം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന്‌ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്.

പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക്‌ ഫംഗസ് പടരാനുള്ള സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്.

കൊല്ലത്ത് പൂയപ്പള്ളി സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട്.