തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സഭ കൊല്ലം രൂപത പുറത്തിറക്കിയ ഇടയ ലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മത്സ്യനയത്തെ സഭ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ്. ഇടയലേഖനം പുറത്തിറക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം തിരുത്തമമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്ക്കാനുമുള്ള ശ്രമം നടക്കുന്നു എന്നാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ പലതും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കടലിലെ ധാതുക്കള്‍ ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണെന്നും കൊല്ലം രൂപത പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആക്ഷേപമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പന്റെ പ്രശ്നമാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.
കേന്ദ്രം ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനേയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വന വാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉള്ളതുപോലെ അവകാശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നാണ് രൂപത മുന്നോട്ടുവെക്കുന്ന ആവശ്യം. കടലിന്റെ മക്കള്‍ കേരളത്തിന്റെ സൈന്യമാണെന്നു പറയുമ്പോഴും ഈ സൈന്യത്തിനെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് ലത്തീന്‍ സഭ ഉന്നയിക്കുന്നത്.
സഭയുടെ നിലപാടിനു പിന്നിലെ ഉദ്ദേശം വ്യക്തമാക്കണമെന്നാണ് മന്ത്രി വാദം. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്. ഇത് വിഷയത്തിലുള്ള ധാരണക്കുറവ് കാരണമോ രാഷ്ട്രീയമായ താല്‍പ്പര്യം കാരണമോ ആവാം. കൊല്ലം ജില്ലയിലെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ബിഷപ്പുമാരും അന്ധമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടില്ല. ഫിഷറീസ് ആക്ടിനെ അടിസ്ഥാന രഹിതമായാണ് വ്യാഖ്യാനിക്കുന്നത്. സഭ ഈ നിലപാട് പുനഃപരിശോധിക്കും എന്നാണ് വിശ്വാസമെന്നും മന്ത്രി വ്യക്തമാക്കി. ഗവണ്മെന്റിന്റെ നയങ്ങളെ വിമര്ശിക്കന് എല്ലാവര്ക്കും അവകാശമുണ്ട്. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ച് അതിന്റെ പേരില്‍ പ്രചാരവേല നടത്തുന്നത് ധാര്‍മികമായി ശരിയാണോ എന്ന് അതിറക്കിവര്‍ തന്നെ പരിശോധിക്കണമെന്നും മേഴിസിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ∙ കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചത് സത്യവാങ്മൂലത്തിൽ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയിൽ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടർന്ന്. സത്യവാങ്മൂലത്തിൽ ജീവിത പങ്കാളിയുടെ പേരിനും സ്വത്തിനും നേരെ ‘ബാധകമല്ല’ എന്നാണ് രേഖപ്പെടുത്തിയതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഇന്ന് രാവിലെ നടന്ന സൂക്ഷ്മപരിശോധനയിലാണ് യുഡിഎഫ് പ്രവർത്തകർ പരാതി ഉന്നയിച്ചത്. വാഗ്വാദങ്ങൾക്കു ശേഷം പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസർ അറിയിക്കുകയായിരുന്നു.
സുലൈമാൻ ഹാജിക്ക് നിലവിലെ ഭാര്യക്കു പുറമെ പാക്കിസ്ഥാൻ സ്വദേശിനിയായ ഭാര്യയുണ്ടെന്നും അവരുടെയും വിവരങ്ങൾ നാമനിർദേശ പത്രികയിൽ ഇല്ലെന്നും പ്രവർത്തകർ പരാതി ഉന്നയിച്ചു. പാക്കിസ്ഥാൻ സ്വദേശിനിയോടൊപ്പമുള്ളതെന്ന് അവകാശപ്പെടുന്ന വിവാഹ ഫോട്ടോയും മറ്റു ചില രേഖകളും ഇവർ കാണിച്ചു. ഇതിനു പുറമെ അദ്ദേഹം കേരളത്തിൽ റജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങളും സ്വത്തിനൊപ്പമില്ലെന്നുമാണ് അവരുടെ വാദം.
എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. തുടർന്ന് പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ച രാവിലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ സ്ഥാവര – ജംഗമ ആസ്തിയായുള്ളത് 52,58,834 രൂപ. കൈവശമുള്ളത് വെറും 5500 രൂപ. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്.
കൈവശമുള്ള ഇന്നോവ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്.
2,95,000 രൂപ കമ്പാേള വിലവരുന്ന ഭൂമിയുണ്ട്. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്റെ കമ്പാേള വില 31.5 ലക്ഷം രൂപയാണ്. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപ വരും.
വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്.
പത്താം ക്ലാസ് തോൽവിയാണ് വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ് സ്റ്റേഷൻ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രമിനൽ കേസുമുണ്ട്.
വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ് കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
റോഡ് സേഫ്റ്റി ലോക ടി20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യന്‍ ലെജന്‍ഡ്സിന്റെ എതിരാളി ശ്രീലങ്ക ലെജന്‍ഡ്സ്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ജോണ്ടി റോഡ്സ് നയിച്ച ദക്ഷിണാഫ്രിക്ക ലെജന്റ്സിനെ തോല്‍പ്പിച്ചാണ് ദില്ഷന് നായകനായ ശ്രീലങ്ക ലെജന്റ്സ് ഫൈനലില്‍ കടന്നത്. ഞായറാഴ്ച രാത്രിയാണ് ഫൈനല്‍.
ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്താണ് ലങ്കയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 125 റണ്‍സില്‍ ഒതുങ്ങി. ഓപ്പണര്‍ മോര്‍നെ വാന്‍വിക്കാണ് (53) ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോറര്‍. അല്‍വിറോ പീറ്റേഴ്സന് (27), ജസ്റ്റിന് കെംപ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത പേസര്‍ നുവാന്‍ കുലശേഖരയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
മറുപടിയില്‍ 17.2 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലങ്ക ലക്ഷ്യത്തിലെത്തി. എന്നാല്‍ ചിന്തക ജയസിംഗെയും (47*) വിക്കറ്റ് കീപ്പര്‍ ഉപുല്‍ തരംഗയും (39*) ചേര്‍ന്നാണ് ലങ്കയെ വിജയത്തിലെത്തിച്ചത്. ദില്‍ഷനും സനത് ജയസൂര്യയും 18 റണ്‍സ് വീതമെടുത്ത് പുറത്തായി.
നേരത്തേ ബ്രയാന്‍ ലാറ നയിച്ച വെസ്റ്റിന്‍ഡീസ് ലെജന്റ്സിനെ 12 റണ്‍സിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്നു വിക്കറ്റിനു 218 റണ്‍സെന്ന വമ്പന്‍ സ്കോര്‍ പടുത്തുയര്‍ത്തി. വിന്‍ഡീസിന്റെ മറുപടി നിശ്ചിത ഓവറില്‍ 206 ല്‍ ഒതുങ്ങി.
പ്രഭാതഭക്ഷണം സമയത്ത് നല്‍കിയില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കരയ്ക്കടുത്ത് മാവടി സുശീലാഭവനില്‍ സുശീല(58)യാണ് ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസനെ (63) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒന്പതോടെയായിരുന്നു കൊലപാതകം നടന്നത്.
കാട്ടാക്കട നെയ്യാര്‍ ഡാം പമ്പരംകാവ് സ്വദേശിയായ സോമദാസന് ഏഴുവര്‍ഷംമുന്‍പാണ് താഴത്തുകുളക്കടയില്‍ റബ്ബര്‍ വെട്ട് ജോലിക്കായെത്തിയത്. പിന്നീട് അമ്പൂരി സ്വദേശിനിയായ സുശീലയെ കൂട്ടിക്കൊണ്ടുവരുകയും മാവടിയില്‍ വീടുവെച്ച് താമസിക്കുകയുമായിരുന്നു. സോമദാസന്റെ ആദ്യഭാര്യ മരിച്ചു. സുശീലയും നേരത്തേ വിവാഹം കഴിച്ചിരുന്നു. സോമദാസന് ആദ്യ ഭാര്യയില്‍ മൂന്നുമക്കളുണ്ട്. സുശീലയ്ക്ക് മക്കളില്ല.
സോമദാസനും സുശീലയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിചെയ്തിരുന്ന സോമദാസന് വെള്ളിയാഴ്ച രാവിലെ പുരയിടത്തില്‍നിന്നു ജോലിക്കിടെ വീട്ടിലെത്തിയിട്ടും സുശീല ഭക്ഷണം തയ്യാറാക്കി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കാവുകയും വീട്ടുമുറ്റത്തുനിന്ന സുശീലയുടെ തലയ്ക്ക് തടിക്കഷണംകൊണ്ട് അടിക്കുകയുമായിരുന്നു.
തലപൊട്ടി ബോധരഹിതയായ ഭാര്യയെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കുളക്കട ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുസമീപം എത്തിയ സോമദാസന് ഒരു കടയുടമയുടെ കൈയില്‍നിന്നു ഫോണ്‍ വാങ്ങി 100-ല്‍ വിളിച്ച് വിവരംപറഞ്ഞു. ഉടന്‍തന്നെ പുത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തുകയായിരുന്നു. മുറ്റത്ത് ചോരവാര്‍ന്നുകിടന്ന സുശീലയെ പോലീസ് ജീപ്പില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
കേരള കോൺഗ്രസിന് ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നമായി ലഭിച്ചേക്കും. ട്രാക്ർ ഓടിക്കുന്ന കർഷകൻ ലഭിച്ചില്ലെങ്കിൽ തെങ്ങിൻ തോപ്പ്, ഫുട്ബോള്‍ എന്നിവയും ആവശ്യപ്പെട്ടിരുന്നു. ചങ്ങനാശേരി ഒഴികെ 9 മണ്ഡലത്തിലും മറ്റാരും ഈ ചിഹ്നം ചോദിച്ചിട്ടില്ല. ചങ്ങനാശേരിയിൽ ക്രിസ്ത്യൻ സെക്കുലർ പാർട്ടി ചോദിച്ചു. രണ്ടു പേർ ആവശ്യപ്പെട്ടാൽ നറുക്കിടും.
പി.ജെ.ജോസഫും മോന്‍സ് ജോസഫും വെള്ളിയാഴ്ച എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടുമുൻപായിരുന്നു രാജി. അയോഗ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഇരുവരും ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) പ്രതിനിധികളായാണ് വിജയിച്ചത് എന്നതാണ് തിടുക്കത്തിലുള്ള നീക്കത്തിന് പിന്നിൽ. രാജിവയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചു.
ഏറ്റുമാനൂർ, പൂഞ്ഞാർ നിയോജക മണ്ഡലങ്ങളിൽ എൻഡിഎ മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ. ബിജെപിയുടേയും ബിഡിജെഎസ്സിന്റെയും സ്ഥാനാർഥികളാണ് ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിച്ചത്.
ബിജെപിക്കായി എൻ ഹരികുമാറും ബിഡിജെഎസിനായി ടിഎൻ ശ്രീനിവാസനുമാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മണ്ഡലത്തിൽ ഇരുപാർട്ടികളും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് രണ്ടു സ്ഥാനാർഥികളെ നിർത്തുന്ന സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നത്.
പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ഡി.ജെ.എസ്. സ്ഥാനാർഥികളെ മാറ്റണമെന്ന നിർദേശം ബി.ജെ.പി. മുന്നോട്ടുവെച്ചിരുന്നെങ്കിലും മാറ്റില്ലെന്ന കടുത്ത നിലപാടാണ് ബിഡിജെഎസ് എടുത്തത്.
ഏറ്റുമാനൂരിൽ യുഡിഎഫിലും പ്രതിസന്ധിയാണ്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് പുറമെ മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി, പത്രിക സമർപ്പിച്ചിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ലതിക മത്സരിക്കുക. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ പ്രിൻസ് ലൂക്കോസാണ് യുഡിഎഫ് സ്ഥാനാർത്ഥി.
കേരളത്തില്‍ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ബി.ജെ.പിയെന്ന് അഭിപ്രായ സർവ്വേ. മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ സർവ്വേയിലാണ് വോട്ടർമാർ ബി.ജെ.പിക്കെതിരെ പ്രതികരിച്ചത്.
34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം സി.പി.ഐ.എമ്മിനാണ്.
11.8 ശതമാനം പേർ സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലീം ലീഗ് 9.1%, കോണ്‍ഗ്രസ് 8.%, ആരോടും വെറുപ്പില്ല -27% എന്നിങ്ങനെയാണ് സര്‍വ്വേയില്‍ ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
മോദി പ്രഭാവം 2.6 % ശതമാനം മാത്രമെന്നും സര്‍വേഫലം വ്യക്തമാക്കുന്നു. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേരാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ പറയുന്നത്. തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ ഒന്നാം സ്ഥാനത്ത് സ്വര്‍ണക്കടത്താണ്.
25.2ശതമാനം പേരാണ് സ്വര്‍ണക്കടത്താണെന്ന് പറയുന്നത്. ശബരിമല വിവാദം – 20.2 ശതമാനം, കോവിഡ് പ്രതിരോധം- 13ശതമാനം, പ്രളയ ദുരിതാശ്വാസം- 8ശതമാനം മോദി ഫാക്ടര്‍ – 2.6ശതമാനം എന്നിങ്ങനെയായിരിക്കുമെന്നും സര്‍വേ പറയുന്നു.
ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയവരുടെ ജീവൻ കവർന്ന് പാതിവഴിയിൽ അപകടം. ചിറയിൻകീഴിൽ കാറ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ചിറയിൻകീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാർ പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് മറിയുകയായിരുന്നു. രകഅഷകരായി നാട്ടുകാരെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ പുഴയിലേക്ക് കുത്തനെ വീഴുകയായിരുന്നു. സഞ്ചരിക്കുന്ന പാതയിലെ മണ്ണിടിച്ചിലാണ് അപകടമുണ്ടാക്കിയത്. പുഴയുടെ സമീപമുള്ള മണ്ണിന്റെ ബലക്കുറവു മൂലം റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണമായത്.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ജോതി ദത്തും മധുവുമെന്ന് പോലീസ് അറിയിച്ചു.
നേമത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലമാണ് സോഷ്യൽമീഡിയയിൽ വൈറൽ. ഇല്ലായ്മകളുടെ അയ്യരുകലിയാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലമെന്ന് സോഷ്യൽമീഡിയ പറയുന്നു. സ്വന്തമായി വീട്, വാഹനം എന്നിവ ഇല്ലെന്ന് പറഞ്ഞ് തുടങ്ങുന്ന സത്യവാങ്മൂലത്തിൽ ഉണ്ടെന്ന് പറയുന്ന കാര്യങ്ങൾ ഒന്നോ രണ്ടോ മാത്രമാണ്.
ഏതെങ്കിലും വ്യക്തിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വായ്പ സ്വീകരിക്കുകയോ വായ്പ കൊടുക്കാനോ ഇല്ല, ബാധ്യതകൾ ഇല്ല, ജീവിത പങ്കാളി ഇല്ല, ഇൻഷൂറൻസ് കമ്പനികളിലോ ബാങ്കിലോ നിക്ഷേപങ്ങൾ ഇല്ല, സ്വർണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളോ ഇല്ല തുടങ്ങി ഒരു വലിയ നിര സത്യവാങ്മൂലത്തിൽ കാണാം. സ്വന്തമായി വീടില്ലാത്ത കുമ്മനം മേൽവിലാസമായി ബിജെപി സംസ്ഥാന ഓഫീസിന്റെ മേൽവിലാസമാണ് നൽകിയിരിക്കുന്നത്.
മിസോറാം ഗവർണർ കാലത്തെ ശമ്പളം സ്വന്തമായി സൂക്ഷിക്കാതെ സേവനപ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം .കുമ്മനം രാജശേഖരന്റെ കൈയ്യിൽ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടിലായി 46,584 രൂപയുമുണ്ട്. ഇതിന് പുറമേ ജന്മഭൂമി പത്രത്തിൽ 5000 രൂപയുടെ ഓഹരിയുമുണ്ട്.
അതേസമയം, നേമത്ത് മത്സരിക്കുന്ന എതിരാളിയായ കെ മുരളീധരൻ ശക്തനാണെന്ന പ്രചാരണവും കുമ്മനം തള്ളി. കെ മുരളീധരൻ കരുത്തനല്ല. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണ് മുരളീധരൻ കരുത്തു കാണിക്കേണ്ടത്. മണ്ഡലം ഇടയ്ക്ക് ഉപേക്ഷിച്ചു പോകുന്നയാൾക്ക് എന്ത് കരുത്താണുള്ളത്? നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് പറഞ്ഞത് വികസനം മുൻനിർത്തിയാണെന്നും കുമ്മനം പ്രതികരിക്കുന്നു.