Kerala

പാലക്കാട് തന്നെ നടന്ന ദുരഭിമാന കൊലപാതകത്തിന് ശേഷവും സമാനമായ അവസ്ഥ നേരിടുന്ന യുവാവിന്റെ ജീവന് സംരക്ഷണം നൽകാൻ പോലീസ് തയ്യാറാവുന്നില്ലെന്ന് പരാതി. പാലക്കാട് മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയാണ് ഭാര്യവീട്ടുകാരുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ ബന്ധുക്കളാണ് മൂന്ന് തവണ ആക്രമണം നടത്തിയിരിക്കുന്നത്.

പോലീസിൽ പരാതി നൽകിയിട്ടും വധശ്രമത്തിന് കേസെടുക്കാതെ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു പോലീസ്. മങ്കര സ്വദേശി അക്ഷയ് ആണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസ് സംരക്ഷണം തേടുന്നത്. ഒക്ടോബർ രണ്ടിനായിരുന്നു മങ്കര സ്വദേശികളായ അക്ഷയ്‌യുടെയും സുറുമിയുടെയും വിവാഹം.

വിവാഹത്തിന് പിന്നാലെ പലവട്ടം ഭീഷണിയും ആക്രമണവും ഉണ്ടായി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ബൈക്കിൽ പോകുമ്പോൾ ഭാര്യ സുറുമിയുടെ രണ്ട് അമ്മാവൻന്മാർ ഉൾപ്പെടെ ആറിലധികംപേർ ചേർന്നാണ് അക്ഷയ്‌യെ ആക്രമിച്ചത്.

മുഖത്തിനും കാലിനും പരുക്കേറ്റെങ്കിലും കൊല്ലാനെത്തിയവരിൽ നിന്ന് അൽഭുതകരമായി അക്ഷയ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മങ്കര പോലീസിൽ പരാതി നൽകിയെങ്കിലും രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസ് കേസ് അവസാനിപ്പിച്ചു.

മൂന്നാമത്തെ ആക്രമണമായിട്ടും വധശ്രമത്തിന് പോലും പോലീസ് കേസെടുത്തില്ലെന്നാണ് അക്ഷയ് പരാതിപ്പെടുന്നത്. കൈയ്യോ കാലോ ജീവൻ തന്നെയോ നഷ്ടപ്പെട്ടിട്ട് കേസെടുക്കാനല്ല തനിക്ക് സുരക്ഷയാണ് പോലീസിൽ നിന്നും വേണ്ടതെന്ന് അക്ഷയ് ആവർത്തിക്കുകയാണ്. പോലീസ് ഒത്തുതീർപ്പിനാണ് ശ്രമിക്കുന്നത്. നിരന്തരം ഭീഷണിയുണ്ടെന്ന് സുറുമിയും പറയുന്നു. അതേസമയം, പാലക്കാട് തേങ്കുറുശ്ശിയിൽ അനീഷെന്ന യുവാവിനെ ദുരഭിമാനക്കൊലയ്ക്ക് ഇരയാക്കിയ ശേഷവും പോലീസ് തുടരുന്ന നിഷ്‌ക്രിയ ഭാവം വലിയ വിമർശനത്തിനാണ് കാരണമാകുന്നത്. ഇതൊക്കെ വെറും അടിപിടി കേസാണെന്നാണ് പോലീസ് വാദമെന്ന് കുടുംബം ആരോപിക്കുന്നു.

വര്‍ക്കല: വര്‍ക്കല അയിരൂരില്‍ മദ്യലഹരിയില്‍ അമ്മയെ മര്‍ദ്ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടവ തുഷാരമുക്ക് ചരുവിള കുന്നുവിളവീട്ടില്‍ റസാഖിനെയാണ് അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ഈ മാസം പത്താം തീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മര്‍ദ്ദനം സഹോദരി ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ച് കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. അമ്മയെ റസാക്ക് ചവിട്ടുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്നാണ് അമ്മ പോലീസിനോടും പറഞ്ഞത്. സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊച്ചിയില്‍ ഫ്ലാറ്റ് സമുച്ചത്തിന്റെ ആറാംനിലയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നിതിനിടെ വീണ് പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വീട്ടുടമയായ ഇംത്യാസ് അഹമ്മദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ മൊഴിയെടുത്തശേഷം വിട്ടയച്ചു.

അന്യായമായി തടവില്‍ പാര്‍പ്പിച്ചതും, ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തിക്കുമാണ് വീട്ടുടമ അഡ്വക്കേറ്റ് ഇംത്യാസ് അഹമ്മദിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം അഞ്ചിന് മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റില്‍നിന്ന് സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഷെഡിന് മുകളില്‍ വീണാണ് സേലം സ്വദേശിനി കുമാരിക്ക് പരുക്കേറ്റത്.

തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. അന്നുമുതല്‍ ഒളിവിലായിരുന്ന ഇംത്യാസ് അഹമ്മദിന് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ജാമ്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയിലാണ് വീട്ടുടമയ്ക്കെതിരെ കേസെടുത്തത്. മുറിയില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ പുറത്തിറങ്ങി രക്ഷപെടാനാണ് കുമാരി ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.

പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പി ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മാണി സി കാപ്പന്‍. ജോസഫ് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും എന്‍സിപിയും താനും നിലവില്‍ എല്‍ഡിഎഫില്‍ തന്നെയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം ജോസഫ് പറഞ്ഞതിനോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് എന്‍സിപി സംസ്ഥാന നേതൃത്വം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആയിരിക്കുമെന്നാണ് പിജെ ജോസഫ് പറഞ്ഞത്. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിജെ ജോസഫ് ഇക്കാര്യം പറഞ്ഞത്. കേരളാ കോണ്‍ഗ്രസിനുള്ള സീറ്റ് മാണി സി കാപ്പന് വിട്ടു കൊടുക്കുമെന്നും എന്‍സിപി ആയി തന്നെ പാലായില്‍ നിന്ന് മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം മാണി സി കാപ്പന്‍ പാലായില്‍ മത്സരിച്ചേക്കുമെന്ന സൂചന കോണ്‍ഗ്രസ് നേതാക്കള്‍ പ്രാദേശിക തലത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. അനൗദ്യോഗികമായി യുഡിഎഫ് നേതാക്കളും കാപ്പന്‍ ക്യാമ്പും ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിയെടുത്തതിന് പകരമായി എല്‍ഡിഎഫില്‍ നിന്നൊരു ഘടകകക്ഷിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സ്ഥലം വിട്ടുനല്‍കില്ലെന്ന് പരാതിക്കാരിയും അയല്‍വാസിയുമായ വസന്ത.

‘ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ആരേയും ദ്രോഹിച്ചിട്ടില്ല, പിടിച്ചുപറിച്ചിട്ടില്ല. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകും. എന്റെ വസ്തുവല്ലെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. അത് എന്റേതാണെന്ന് തെളിയിക്കണം. വേറെ ഏത് പാവങ്ങള്‍ക്ക് വേണമെങ്കിലും വസ്തു കൊടുക്കാം. ഇവര്‍ക്ക് കൊടുക്കണമെങ്കില്‍ എന്നെ കൊല്ലേണ്ടി വരും. നിയമത്തിന്റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാം. കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷെ ഗുണ്ടായിസം കാണിച്ചവര്‍ക്ക് ഒരിക്കലും വസ്തു വിട്ടുനല്‍കില്ല’ വേണമെങ്കില്‍ അറസ്റ്റ് വരിക്കാനും ജയിലില്‍ കിടക്കാനും തയ്യാറാണെന്നും വസന്ത പറഞ്ഞു.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായ പൊള്ളലേറ്റ രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പരാതിക്കാരിയായ വസന്തയ്‌ക്കെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, ചൊവ്വാഴ്ച ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഇളയമകന്‍ രഞ്ജിത്ത് മന്ത്രിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവത്തില്‍ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വീടുവെച്ച് നല്‍കാനുള്ള നിര്‍ദേശം മുഖ്യമന്ത്രി നല്‍കി. എത്രയുംവേഗം അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് അടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. സംരക്ഷണമടക്കമുള്ളവ ഇനി സര്‍ക്കാര്‍ നോക്കും. മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശവും ജില്ലാഭരണ കൂടത്തിന് നല്‍കിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കും. പോലീസ് നടപടിയില്‍ വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കം സര്‍ക്കാര്‍ പരിശോധിക്കും.

കോവിഡിനെ അതിജീവിച്ച് സിനിമ സംവിധായകനും തിരക്കഥാകൃത്തും ഇടത് സഹയാത്രികനുമായ എം.എ.നിഷാദ്. തന്റെ ശരീരത്തിൽ വെെറസ് സംഹാര താണ്ഡവമാടിയതിന്റെ ഓർമകൾ വളരെ വെെകാരികമായ കുറിപ്പിലൂടെ പങ്കുവയ്‌ക്കുകയാണ് അദ്ദേഹം. ഇത് തന്റെ രണ്ടാം ജന്മമാണെന്നാണ് നിഷാദ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. മൂന്ന് ദിവസം വെന്റിലേറ്ററിൽ കിടന്നെന്നും ശാരീരികമായി ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയെന്നും നിഷാദ്. ഈ കാലയളവിൽ സുഹൃദ്‌ബന്ധങ്ങൾ തനിക്ക് നൽകിയ കരുത്തിനെ കുറിച്ചും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലഭിച്ച ചികിത്സയെ കുറിച്ചും നിഷാദ് വിശദമായി കുറിച്ചിരിക്കുന്നു.

എം.എ.നിഷാദിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്, പൂർണരൂപം

രണ്ടാം ജന്മം….

എങ്ങനെയെഴുതണമെന്ന് എനിക്കറിയില്ല…എവിടെ തുടങ്ങണമെന്നും…
പക്ഷെ,ജീവിതത്തിലെ, ഒരു നിർണ്ണായകഘട്ടം, അത് കടന്ന് വന്ന വഴി, നിങ്ങൾ സുഹൃത്തുക്കളെ അറിയിക്കണമെന്നുളളത് എന്റെ കടമയാണെന്ന്, ഞാൻ വിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി, കൂടുതൽ സമയവും,ഞാൻ പുനലൂരിലായിരുന്നു. വിശ്രമമില്ലാത്ത നാളുകളിൽ എപ്പോഴോ കോവിഡ് എന്ന വില്ലൻ,എന്നെയും ആക്രമിച്ചു. മാധ്യമ സുഹൃത്തായ ന്യൂസ് 18 ലെ മനോജ് വൺമളയിൽ നിന്നാണ്, എനിക്കും രാജേഷ് ചാലിയക്കരക്കും,കോവിഡ് പിടിപെട്ടത്.

പുനലൂർ താലൂക്ക് ആശുപത്രിയിലെ,സൂപ്രണ്ട് ഡോ.ഷഹർഷാ,ഞങ്ങളോട് ഹോം ക്വാറന്റെെനിൽ പോകാൻ നിർദേശിച്ചു. അതനുസരിച്ച് എന്റെ പുനലൂരിലെ വീട്ടിൽ, ഞങ്ങൾ ക്വാറന്റെെനിൽ പ്രവേശിച്ചു..,

സുഹൃത്തുക്കളും, പാർട്ടി സഖാക്കളും, എല്ലാവിധ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.., ഏഴാം തിയതി, പോസിറ്റീവായ എനിക്ക് തുടക്കത്തിൽ വലിയ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ല. ഇടക്കിടക്ക് വരുന്ന പനി അലോസരപ്പെടുത്തിയിരുന്നു.

മൂന്ന് നാല് ദിവസത്തിനുള്ളിൽ മണവും രുചിയും, പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. എനിക്ക് അസുഖം വന്നാൽ, ലോകത്തിന്റെ ഏത് കോണിൽ നിന്നാണെങ്കിലും ഞാൻ വിളിക്കുന്നത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വന്തം ഡോക്ടറായ പി.കെ.നസീറുദ്ദീനെയാണ്. എന്റെ ഉമ്മയുടെ സഹോദരി ഭർത്താവായ അദ്ദേഹം, ഞങ്ങൾക്കെല്ലാവർക്കും എന്നും ഒരാശ്വാസമാണ്. പ്രത്യേകിച്ച് എനിക്ക്. അദ്ദേഹത്തിന്റെ സ്വരം കേട്ടാൽ തന്നെ എന്റെ അസുഖം പകുതി മാറും, അതൊരു വിശ്വാസമാണ്…അത്രക്ക് കൈപുണ്യമാണദ്ദേഹത്തിന്.

അദ്ദേഹം കുറിച്ച് തന്ന മരുന്നുകൾ ചെറുതല്ലാത്ത ആശ്വാസം നൽകിയിരുന്നു. അതോടൊപ്പം പ്രിയ സുഹൃത്തും ജ്യേഷ്ഠ സഹോദരനെപോലെ ഞാൻ സ്നേഹിക്കുന്ന ചെറിയാൻ കല്പകവാടിയും എന്നും ഫോണിൽ വിളിച്ച് അന്വഷിച്ചുകൊണ്ടിരുന്നു. മസ്ക്കറ്റിൽ നിന്നും അനുജൻ ഷാലു നാട്ടിൽ വന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. അവനോടും,എന്റെ ഉമ്മയുടെ സഹോദരൻ അഡ്വ.ഷാഫിയോടും, കസിൻ നിയാസിനോടും,അടുത്ത സുഹൃത്തുക്കളായ,മനോജ്, എബി മാമ്മൻ,ഗംഗ വിനോദ്, അരുൺ.എസ്,നിമ്മി ആർ.ദാസ് അങ്ങനെ കുറച്ച് പേരോട് മാത്രമേ വിവരമറിയിച്ചുളളൂ.

കോവിഡ് രോഗം ബാധിച്ചത്, ഒരു വ്യാപക പ്രചരണമായി മാറാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കോവിഡ് ബാധിച്ച അഞ്ചാം നാൾ മുതൽ എന്റെ ആരോഗ്യം വഷളായി തുടങ്ങി. വൈറസ് എന്റെ ശരീരത്തിൽ അതിന്റെ സംഹാര താണ്ഡവമാടി തുടങ്ങി.

അത് മനസ്സിലായത്, ചുമച്ചപ്പോൾ കണ്ട രക്ത കറകളിലാണ്. ഉടൻ തന്നെ ഞാൻ ഡോ ഷഹർഷായെ വിളിച്ചു. അദ്ദേഹം ആംബുലൻസ് തയ്യാറാക്കി. ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചർ വിവരം അറിഞ്ഞപ്പോൾ തന്നെ എന്നെ വിളിച്ചു. എന്ത് സഹായത്തിനും കൂടെയുണ്ട് എന്ന കരുതൽ നിറഞ്ഞ ഉറപ്പും നൽകി.

തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സെക്രട്ടറി പ്രഭാവർമ്മ സാർ നിർദ്ദേശിച്ചു. പ്രഭാവർമ്മ സാർ, അങ്ങയോടുളള നന്ദി ഞാൻ എങ്ങനെ പ്രകടിപ്പിക്കും! സ്വകാര്യ ആശുപത്രിയിൽ പോകാനിരുന്ന എന്നെ ‘തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതി’ എന്നുളളത് വർമ്മ സാറിന്റെ തീരുമാനമായിരുന്നൂ.

ബഹുമാനപ്പെട്ട മന്ത്രി ശ്രീ കടകംപിള്ളി സുരേന്ദ്രൻ വിവരം അറിഞ്ഞ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ഷർമ്മിദിനെ ബന്ധപ്പെട്ടു. എനിക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെന്നും നിർദ്ദേശിച്ചു. ഡോ ഷർമ്മിദ് എന്റെ ബന്ധുവാണ്. അദ്ദേഹം എന്നെ അഡ്മിറ്റ് ചെയ്യാനുളള എല്ലാ നടപടികളും ചെയ്തു.

പുനലൂരിൽ നിന്നും ഉണ്ണി എന്ന സഹോദരൻ എന്നെയും കൊണ്ട് ആംബുലൻസുമായി തിരുവനന്തപുരത്തേക്ക്..,ജീവിതത്തിലാദ്യത്തെ ആംബുലൻസ് യാത്ര. മെഡിക്കൽ കോളജിൽ അഡ്മിറ്റായ ശേഷവും പനിയും,ക്ഷീണവും വിട്ടു മാറിയില്ല.

പതിനാറാം തിയതി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി. കേരളം ചുവപ്പണിഞ്ഞതിന്റെ സന്തോഷം.., പുനലൂർ നിലനിർത്തിയതിന്റെ സന്തോഷം..,

പതിനാറിന് രാത്രിയിൽ എനിക്ക് ശ്വാസം മുട്ട് തുടങ്ങി ! അന്ന് രാത്രി ഓക്‌സിജന്റെ സഹായത്തോടെയാണ് ഞാൻ ഉറങ്ങിയത്. പിറ്റേന്ന് രാവിലെ സ്‌കാനിങ്ങിന് വിധേയനായി. ശ്വാസകോശത്തെ പതുക്കെ വൈറസ് ബാധിച്ചിരിക്കുന്നു! ഓക്‌സിജൻ ലെവൽ താഴുന്നു! ഉടൻതന്നെ, തീവ്ര പരിചരണ വിഭാഗത്തിലേക്ക് (ICU) എന്നെ മാറ്റാൻ തീരുമാനിച്ചു.

ഉമ്മയും വാപ്പയും അറിയണ്ട എന്നാണ് ഞാൻ ആഗ്രഹിച്ചത്. അവർ വിഷമിക്കുമല്ലോ, പക്ഷെ എന്റെ ഉമ്മ ഇതിനോടകം അറിഞ്ഞിരുന്നു. ഉമ്മയോടും, എന്റെ ഭാര്യ ഫസീനയോടും ഒരുപാട് നേരം സംസാരിച്ചു. ഉമ്മ നൽകിയ ധൈര്യം ചെറുതല്ലായിരുന്നു.

ഐസുവിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവായെന്ന ആശ്വാസകരമായ വാർത്ത കേൾക്കാൻ പറ്റിയത് ചെറുതല്ലാത്ത സന്തോഷം നൽകിയെങ്കിലും എന്റെ ശരീരത്തിൽ നല്ല പ്രഹരം ഏൽപ്പിച്ചിട്ട് തന്നെയാണ് വൈറസ് പോയത്.

ജീവിതത്തിൽ ഇന്നുവരെ ആശുപത്രി കിടക്കയിൽ കിടന്നിട്ടില്ലാത്ത ഞാൻ അങ്ങനെ ഐസിയുവിലേക്ക്.., തിരുവനന്തപുരം മെഡിക്കൽ കോളജിലെ Ultra Modern Covid Speciality I C U..,അവിടെയാണ് എന്നെ പ്രവേശിപ്പിച്ചത്.

മൂന്ന് ദിവസം വെന്റിലേറ്ററിൽ..,പുറംലോക വാർത്തകളും കാഴ്‌ചകളും എനിക്കന്ന്യം. ഞാൻ എനിക്ക് പരിചിതമല്ലാത്ത വേറൊരു ലോകം കണ്ടു. ഒരു വല്ലാത്ത മരവിപ്പ്. എന്റെ ഉറ്റവരേയും, ഉടയവരേയും ഓർത്ത്..,ആ കിടക്കയിൽ ഞാൻ.., ദേഹം മുഴുവൻ ഉപകരണങ്ങൾ..,

ഡോ അനിൽ സത്യ ദാസിന്റെയും ഡോ അരവിന്ദന്റെയും നേതൃത്വത്തിൽ ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘം രോഗികളെ ശുശ്രൂഷിക്കാൻ സജ്ജരായിരുന്നു. ഒന്ന് ഞാൻ പറയാം, തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെ ഇത്രയും സജ്ജീകരണങ്ങളും വിദഗ്ധരും മറ്റെവിടേയുമില്ല..,നിസ്വാർഥ സേവനത്തിന്റെ മകുടോദാഹരണമാണ് അവിടം. എല്ലാ രോഗികളും അവിടെ സമന്മാരാണ്. എല്ലാവരേയും ഒരേ കരുതലിൽ..,വലുപ്പ ചെറുപ്പമില്ല..,

വെന്റിലേറ്ററിലെ ആദ്യ ദിനങ്ങളിൽ എന്റെ ശരീരം സൂചികളുടെ പറുദീസയായിരുന്നു. എന്നും രക്തസാമ്പിളുകൾ എടുത്തുകൊണ്ടേയിരുന്നു. മരുന്നും മറ്റും ട്രിപ്പിലൂടെ ഒഴുകി. എന്റെ മുന്നിൽ കിടന്നിരുന്ന ഒരമ്മച്ചിയുടെ മരണം ഞാൻ കണ്ടു. പിന്നെയും രണ്ട് മൂന്ന് മരണങ്ങൾ. മനസ് വല്ലാതെ അസ്വസ്തമായി..,അന്ന് മലയാളത്തിന്റെ പ്രിയ സുഗതകുമാരി ടീച്ചറെ ഞാൻ കണ്ടു. എന്റെ മൂന്ന് ബെഡ് അകലെ.., ടീച്ചർ അവശയായിരുന്നു. രണ്ട് നാൾ കഴിഞ്ഞ് ടീച്ചറുടെ ചേതനയറ്റ ശരീരം എന്റെ മുന്നിലൂടെ കടന്ന് പോകുന്നത് തീരാത്ത വേദനയായി. ഞാനുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നു ടീച്ചർക്ക്. പുനലൂർ തൂക്കുപാല സമരത്തിൽ എന്റെ ക്ഷണം സ്വീകരിച്ച് ടീച്ചർ അന്നെത്തിയിരുന്നു. ടീച്ചർക്ക് യാത്രാമൊഴി,

ഡോ അനിൽ സത്യദാസിന്റെ നേതൃത്വത്തിൽ എന്റെ ആരോഗ്യ സ്ഥിതി മോണിറ്റർ ചെയ്തു കൊണ്ടേയിരുന്നു. ദൈവത്തിന്റെ കരസ്‌പർശം ചിലർക്ക് അവകാശപ്പെട്ടതാണ്. അതിൽ ചിലരാണ്,ഡോ.ഷർമ്മിദും ഡോ.അനിൽ സത്യദാസും ഡോ.അരവിന്ദും പിന്നെ എന്റെ കൊച്ചാപ്പ ഡോ നസീറുദ്ദിനുമൊക്കെ..,

ഐസിയുവിടെ അനുഭവം ഒരെഴുത്തിൽ തീരില്ല. അപ്രിയ സത്യങ്ങൾ എന്തിനെഴുതണം. സ്വന്തം ജീവൻ പോലും വകവെക്കാതെ പ്രവർത്തിക്കുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെ നഴ്‌സ് സഹോദരിമാരും,ആരോഗ്യ പ്രവർത്തകരും. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി ആത്മാർത്ഥമായി ശ്രുശൂഷിക്കുന്ന അവർ. അവരെ നമ്മൾ മലാഖമാർ എന്ന് തന്നെ വിളിക്കണം. അതെ അവർ ഭൂമിയിലെ മാലാഖമാർ തന്നെ.

നാലാം നാൾ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ഓക്സിജൻ മാസ്ക്കിലേക്ക് എന്നെ മാറ്റി. അനുജൻ ഷാലു പിപിഇ കിറ്റും ധരിച്ച് എന്നെ കാണാൻ അകത്ത് വന്നു. അവന്റെ മുഖം കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം അനുർവചനീയമാണ്. ഞാൻ അഡ്മിറ്റായ അന്ന് മുതൽ അവൻ പുറത്തുണ്ട്. എന്റെ രക്തം,എന്റെ കരളിന്റെ കരളാണവൻ. ഷാലുവിനെ പോലെ ഒരനുജനും എന്റെ പൊന്നു പെങ്ങളായ ഷൈനയുമാണ് എന്റെ ശക്തി, എന്റെ പുണ്യം.

ഷാലുവിനൊപ്പം പുറത്ത്, എന്റെ ഹൃദയത്തിന്റെ ഭാഗമായ എന്റെ ഉമ്മയുടെ സഹോദരൻ അഡ്വ.ഷാഫി എന്തിനും ഏതിനും എന്നുമെനിക്ക് താങ്ങും തണലുമാണദ്ദേഹം. ഞങ്ങൾ തമ്മിൽ അധികം പ്രായ വ്യത്യാസമില്ലാത്തത് കൊണ്ട് തന്നെ എല്ലാം തുറന്ന് പറയാൻ എനിക്കെന്നും അദ്ദേഹമുണ്ട്. ഞാൻ വക്കീലെ എന്നാണ് വിളിക്കാറ്. എന്റെ ഭാര്യ ഫസീനക്കും, ഉമ്മാക്കും ധൈര്യം നൽകിയതും വക്കീലാണ്. എന്റെ നന്മ, എന്റെ ഉയർച്ച അത് മാത്രമാണ് അഡ്വ.ഷാഫിയുടെ സന്തോഷം.

പിന്നെ മറ്റൊരാൾ എന്റെ കസിൻ. എന്റെ കളിക്കൂട്ടുകാരൻ, എന്റെ ചങ്ക് നിയാസ്. ഇവരെല്ലാലരും,രാവും പകലും എന്റെ പുറത്തേക്കുളള വരവിന് വേണ്ടിയുളള കാത്തിരുപ്പിലായിരുന്നു. ‘അദ്ഭുതകരമായ മാറ്റം’ അങ്ങനെയാണ് ഡോക്ടർ വിശേഷിപ്പിച്ചത്. ന്യുമോണിയ വളരെ ചെറിയ തോതിലാണ് ബാധിച്ചത്. അത് തുടക്കത്തിൽ തന്നെ നിയന്ത്രണ വിധേയമാക്കി.

ഞാനൊരു കമ്യൂണിസ്റ്റാണ്, അതുപോലെ ഒരു വിശ്വാസിയും.., എന്റെ ഉമ്മയുടെ പ്രാർത്ഥനകൾക്ക് നാഥൻ ഉത്തരം നൽകി. സർവ്വശക്തന്റെ അപാരമായ കരുതലും അനുഗ്രഹവും എനിക്ക് ലഭിച്ചു. നിസ്ക്കാര പായയിലിരുന്ന് എന്റെ ഉമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഐസിയുവിലെ മരവിപ്പ് വീണ അന്തരീക്ഷത്തിൽ ഒരമ്മയുടെ കരുതലും വാത്സല്യവും ഞാനനുഭവിച്ചറിഞ്ഞു, ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ആരോഗ്യ പ്രവർത്തകയായ ലതി ചേച്ചിയിലൂടെ.., സമയത്തിന് എനിക്കാഹാരം നൽകാനും എന്നെ ശുശ്രൂഷിക്കാനും എന്റെ ഉമ്മയുടെ സ്ഥാനത്ത് ലതി ചേച്ചിയുണ്ടായിരുന്നു. ഞാനെങ്ങനെ മറക്കും..,ചേച്ചിയെ ?

എന്ത് ജാതി എന്ത് മതം..,മാനവികതയാണ് ഏറ്റവും വലുത്. എന്റെ നാട്ടിലെ പുനലൂരിൽ നിന്നും ഒരു സഹോദരി സിസ്റ്റർ സ്‌മിത, എനിക്കൊരുപാട് ആശ്വാസമായിരുന്നു ആ സഹോദരി. സഖാവ് ശശിധരന്റെ മകൾ. എവിടെ നിന്നൊക്കെയാണ് എനിക്ക് സഹായം ലഭിച്ചതെന്നറിയില്ല. എല്ലാവരും ഞാൻ ആദ്യമായി കണ്ടവർ.

മേൽ നേഴ്സുമാരായ അനീഷ്, മിഥുൻ കൃഷ്ണ, അമൽ. ഒപിയിലെ സെക്യൂരിറ്റി പ്രിയ സഹോദരൻ അരുൺ വർമ. അങ്ങനെ പകരം വെക്കാനില്ലാത്ത എത്രയോ പേർ. എട്ടാം നാൾ ഓക്സിജൻ സഹായമില്ലാതെ ഞാൻ ശ്വസിക്കാൻ തുടങ്ങി. രക്തത്തിലെ ഇൻഫക്ഷൻ പൂർണ്ണമായി മാറി. ജീവിതത്തിലേക്ക് പതുക്കെ ഞാൻ തിരിച്ചുവരുന്നു എന്നുളളത് അനുഭവിച്ചറിഞ്ഞു. ഐസിയുവിൽ നിന്ന് മാറ്റാൻ ഡോക്ടർ തീരുമാനിച്ചു. പേ വാർഡിലേക്ക് മാറ്റണമെങ്കിൽ ബൈ സ്റ്റാൻഡർ വേണം. കോവിഡ് ഒപിയാണ്. ആരും ധൈര്യം കാണിക്കില്ല. പക്ഷെ, വർഷങ്ങളായി ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന റഹീം ഒരു മടിയും കൂടാതെ എന്റെ ബൈ സ്റ്റാൻഡർ ആകാൻ എത്തി. പേ വാർഡിലേക്ക് മാറിയ ദിവസം ഞാൻ സൂര്യപ്രകാശം കൺകുളിർക്കെ കണ്ടു. വീണ്ടും അഞ്ച് ദിവസം കൂടി ഒപിയിൽ നിരീക്ഷണത്തിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ശബ്ദ നിയന്ത്രണവും ഏർപ്പെടുത്തി.

റൂമിൽ വന്ന ദിവസം ഏറ്റവും ദുഖകരമായ വാർത്ത ഞാൻ അറിഞ്ഞു..,അനിൽ നെടുമങ്ങാട് ഇനിയില്ല എന്ന സത്യം ! താങ്ങാവുന്നതിനുമപ്പുറമായിരുന്നു ആ വേർപ്പാട്. എത്ര നേരം ഞാൻ കരഞ്ഞു എന്നെനിക്കറിയില്ല. എന്റെ സഹോദര തുല്ല്യൻ. അവൻ നല്ല നടനായിരുന്നു. ജീവിതത്തിൽ അഭിനയിക്കാനറിയാത്ത നല്ല നടൻ. ആഴ്‌ചയിൽ ഒരിക്കൽ ‘നിഷാദിക്ക’ എന്ന വിളി ഇനിയില്ല. എന്തിനാടാ അനിലേ നീ ഇത്രയും വേഗം.., ജീവിതം അങ്ങനെയാണ്..,

ഇന്ന് എന്റെ വീട്ടിലെ ഉമ്മറത്ത് ഇരുന്ന് ഈ കുറിപ്പെഴുതുമ്പോൾ ഒരുപാട് സുമനസ്സുകളെ ഓർക്കാതിരിക്കാൻ കഴിയില്ല. എന്റെ പാർട്ടി സെക്രട്ടറി സ:കാനം രാജേന്ദ്രൻ, സ:മുല്ലക്കര രത്നാകരൻ, സിപിഎം നേതാക്കളായ എസ്.ജയമോഹൻ, ഏരിയാ സെക്രട്ടറി എസ്.ബിജു, സിപിഐ നേതാക്കളായ ആർ.രാധാകൃഷ്ണൻ, വി.പി.ഉണ്ണികൃഷ്ണൻ, ഐ.മൻസൂർ, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാജി സാർ, എസ്.എം.ഖലീൽ, കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ധർമ്മരാജൻ സാർ, പുനലൂരിലെ വ്യവസായിയായ കുമാർ പാലസിലെ സതീഷണ്ണൻ, വിജയകൃഷ്ണ ജുവല്ലേഴ്സിലെ വിജയഅണ്ണൻ….അങ്ങനെ ഒരുപാട് പേർ.., കുഞ്ഞ് നാൾ മുതൽ എന്നെ വാത്സല്ല്യത്തോടെ സ്നേഹിക്കുന്ന ഡോക്ടർ ഷർമ്മിദിന്റെ ഭാര്യാ മാതാവ് മുംതാസിത്ത..,ഇവരുടെയൊക്കെ പ്രാർത്ഥനകൾ ഒരുപാട് അനുഗൃഹം എനിക്ക് നൽകി..,

സുഹൃത്തുക്കൾ പവിഴ മുത്തുകളാണ്..,വിപുലമായ സൗഹൃദവലയം എനിക്കുണ്ട്..,എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവർത്തകൻ നാരായണ മൂർത്തി, ഡോ.അമല ആനീ ജോൺ, എൻ.ലാൽ കുമാർ..,അവരുടെയൊക്കെ സമയോചിതമായ ഇടപെടലുകൾ മറക്കാൻ കഴിയില്ല. കൂടെ പടിച്ച എബി മാമ്മനും ഭാര്യ സിലുവും രാജേഷ് കെ.യു, ഷ്യാം എബ്രഹാം ,എന്റെ സഹോദരി ഗംഗയും സഹോദരൻ വിനോദും സ്‌കൂൾ കോളേജ് സൗഹൃദങ്ങളും എല്ലാം എനിക്ക് വേണ്ടി പ്രാർത്ഥിച്ചതും നന്ദിയോടെ സ്മരിക്കട്ടെ.

ശബ്ദ നിയന്ത്രണത്തിലാണ്. ഒരുമാസം പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നു ഡോക്ടർമാർ. പൊതു പരിപാടികളില്ല. സമൂഹ മാധ്യമങ്ങളിലൂടെ നമ്മുക്ക് സംവേദിക്കാം. എല്ലാവർക്കും നല്ലത് മാത്രം ആശംസിക്കുന്നു.

ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് 18 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകള്‍ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

രോഗ വ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, ഹോളണ്ട്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.

രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗ വ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം.

കോവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞദിവസം 3047 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ട മണ്ണില്‍ തന്നെ രാജനും ഭാര്യയ്ക്കും അന്ത്യവിശ്രമം. രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നതിനിടെ രാജന്‍ മരിച്ചു, പിന്നാലെ അമ്പിളിയും. ഇതോടെ പറക്കമുറ്റാത്ത രാജന്റെയും അമ്പിളിയുടെയും മക്കളായ രാഹുലും രഞ്ജിത്തും അനാഥരായി. ഇരുവരുടെയും മരണത്തിന്റെ നടുക്കത്തിലാണ് പോങ്ങില്‍ ഗ്രാമം.

രാജനും കുടുംബവും താമസിക്കുന്ന ലക്ഷംവീട് കോടതി ഉത്തരവുമായി ഒഴിപ്പിക്കാനെത്തുമ്പോഴാണ് രാജന്‍ ഭാര്യ അമ്പളിയെ ചേര്‍ത്തുപിടിച്ച് പൊട്രോളൊഴിച്ചു തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. അയല്‍വാസിയുടെ പരാതിയിലാണ് കോടതി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടത്.

തന്റെ വസ്തു അയല്‍വാസിയുടെ പരാതിയില്‍ ഒഴിപ്പിക്കാന്‍ ഉത്തരവിട്ട നടപടിയില്‍ പ്രതിഷേധിക്കാനും ഉത്തരവു നടപ്പിലാക്കാതിരിക്കാനും വേണ്ടിയാണ് രാജന്‍ ശരീരത്തില്‍ പെട്രോളൊഴിച്ചത്. തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന രാജന്‍ മരിച്ചതോടെ നാട്ടുകാരും ബന്ധുക്കളും അന്ത്യവിശ്രമമൊരുക്കിയത് കോടതി ഉത്തരവില്‍ ഒഴുപ്പിക്കാന്‍ ശ്രമിച്ച മണ്ണിലാണ്.

ഇതിന് അടുത്തായി അമ്പിളിക്കും അന്ത്യവിശ്രമം ഒരുക്കും. ആശാരിപ്പണിക്കാരനായി രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. ഇവരെയാണ് അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി ഒഴിപ്പിക്കാനായി ഉത്തരവിട്ടത്. രാജന്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരനാണ്.

എല്ലാ ദിവസവും ജോലിക്കു പോകുന്നതിനു മുന്‍പായി വീട്ടില്‍ പ്രഭാതഭക്ഷണമുണ്ടാക്കി രാജന്‍ നിര്‍ധനരായവര്‍ക്കു നല്‍കുമായിരുന്നു. ഇത് രാജന്‍ മുടക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെ രാജനെ നാട്ടുകാര്‍ക്ക് പ്രിയമായിരുന്നു.
മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്.

രഞ്ജിത്ത് പ്ലസ്ടു പഠനശേഷം വീട്ടില്‍ നില്‍ക്കുകയാണ്. അച്ഛനും അമ്മയും മരിച്ചതോടെ രാഹുലിന്റെയും രഞ്ജിത്തിന്റെ ജീവിതം വഴിമുട്ടിയനിലയിലാണ്. കോടതി ഉത്തരവില്‍ എപ്പോള്‍ വേണമെങ്കിലും കൈവിട്ടുപോകാമെന്ന ചെറിയ വീട്ടില്‍ ഇവര്‍ അനാഥരായി കഴിയേണ്ടിവരും.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചതോടെ ആരും ഇല്ലാതായത് രണ്ടു കുട്ടികള്‍

നെയ്യാറ്റിന്‍കര പൊങ്ങയില്‍ സ്വദേശി രാജന്‍ കോടതി നടപടികള്‍ പ്രതിരോധിക്കാന്‍ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. അപകടത്തിന് കാരണക്കാരിയിട്ടില്ലെന്ന വാദത്തില്‍ പൊലീസ് ഉറച്ചു നില്‍ക്കുകയാണ്

രണ്ടു കുട്ടികളെ അനാഥാരാക്കി കൊണ്ടാണ് രാജനും ഭാര്യ അമ്പിളിയും മരണത്തിന് കീഴടങ്ങിയത്. ഒഴിപ്പിക്കാനെത്തിയവരെ മടക്കിയയക്കാന്‍ പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ചതാണ് അപകടത്തിനിടയാക്കിയത്. നെയ്യാറ്റിന്‍കരയ്ക്കടുത്ത് പൊങ്ങയിലുള്ള ലക്ഷംവീട് കോളനിയിലെ നാല് സെന്റിലാണ് രാജനും ഭാര്യ അമ്പിളിയും രണ്ട് ആണ്‍മക്കളും താമസിച്ചിരുന്നത്. രാജന്റെ കൈയിലിരുന്ന സിഗരറ്റ് ലാംമ്പ് പൊലീസുകാര്‍ അപകം ഒഴിവാക്കാന്‍ തട്ടിതെറിപ്പിക്കുകയായിരുന്നു.

പക്ഷെ വിപരീതഫലമാണ് ഉണ്ടാക്കിയത്. തീദേഹത്തേക്ക വീണ് ആളിക്കത്തി. ആറുദിവസം ആശുപത്രിയില്‍ കിടന്ന ശേഷം രാജനും പിന്നാലെ ഭാര്യും മരണത്തിന് കീഴടങ്ങിയതോടെ അനാഥാരായത് രണ്ടു കുട്ടികളാണ്. അധാകാരികളുട പിടിവാശിയാണ് അപകടമുണ്ടാക്കിയത് എന്നതില്‍ കുട്ടികള്‍ ഉറച്ചുനില്‍ക്കുകയാണ്.വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോളാണ് വീട് ഒഴിപ്പിക്കാന്‍ പൊലീസ് പിടിവാശികാട്ടിയത് എന്നാണ് ബന്ധുക്കളുടെയും ആരോപണം.

കോടതിയുടെ നടപടിക്ക് സംരക്ഷണം കൊടുക്കുക മാത്രമാണ് ചെയ്തെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം ഒഴിപ്പിക്കാനെത്തിയ തര്‍ക്കഭൂമിയില്‍ തന്നെയാണ് രാജന്റെ മൃതദേഹം സംസ്ക്കരിച്ചത്. ഇന്ന് അമ്പിളിയുടെയും സംസ്ക്കാരം ഇവിടെ നടക്കും. തീകൊളുത്തിയ അന്നു വൈകിട്ട് ഒഴിപ്പിക്കലിന് സ്റ്റേ ലഭിച്ചെങ്കിലും അതൊന്നും രണ്ടു ജീവനുകള്‍ക്ക് പകരമായില്ല

തിരുവനന്തപുരത്ത് ആത്മഹത്യാശ്രമത്തിനിടെ മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കൾ നോവാകുന്നു. രാജന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിൽ കുഴിയെടുക്കുന്ന മകനെ പൊലീസുകാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു കരളലിയിക്കുന്ന സംഭവം ഉണ്ടായത്.

സാറേ ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?’ കൊടിക്കുന്നിൽ സുരേഷ് എംപിയാണ് അങ്ങേയറ്റം വേദനാജനകമായ വിഡിയോ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.. രണ്ടും കയ്യും കൂപ്പി പറയുകയാണ്, ഉപദ്രവിക്കരുതെന്ന് പ്രായമായൊരു സ്ത്രീ പൊലീസുകാരോട് പറയുന്നതും വിഡിയോയിൽ കേൾക്കാം.

വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനും മുന്നിലാണ് രാജൻ ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച രാജൻ ലൈറ്റർ കത്തിക്കാനോങ്ങിയതിനിടെ തീ പടർന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജൻ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അമ്മയും കൂടി പോയാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കൾ പറയുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ 22–ാം തിയതിയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. താൻ തീ കൊളുത്തിയില്ലെന്നും, മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു.

Copyright © . All rights reserved