Kerala

തൃശൂര്‍ കൊരട്ടിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് സ്വദേശി എബിന്റെ മൃതദേഹമാണ് കനാലില്‍ നിന്ന് കണ്ടെടുത്തത്.

കൊരട്ടി പടിഞ്ഞാറെ അങ്ങാടിയിലെ കട്ടപ്പുറം, കാതിക്കുടം ഇറിഗേഷന്‍ കനാലില്‍ ആയിരുന്നു മൃതദേഹം. തിരുമുടിക്കുന്ന് വലിയവീട്ടില്‍ ഡേവിസിന്റെ മകന്‍ എബിന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. മുപ്പത്തിമൂന്നു വയസായിരുന്നു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ രീതിയില്‍ ചില അടയാളങ്ങള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

അടിവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടും സമീപത്തു നിന്ന് കിട്ടി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. എബിനോടൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പഠിച്ചത് എം.എസ്​സി. ഇലക്ട്രോണിക്സ്, തൊഴിൽ മീൻപിടുത്തം, സ്വന്തമായി ഒരു യൂട്യൂബ് ചാനൽ അതാണ് കോട്ടയം കുടമാളൂരുകാരൻ സെബിൻ സിറിയക്. എം.എസ്സി ഇലക്ട്രോണിക്സ് ബിരുദധാരിയായ സെബിൻ കാനഡയിലേക്ക് പറക്കാനൊരുങ്ങി നിൽക്കവെയാണ് ഒരു നേരമ്പോക്കിനായി ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ പകർത്തി ഇന്റർനെറ്റിലിട്ടത്. കിട്ടിയത് മികച്ച പ്രതികരണം അന്നു തോന്നിയ ആശയം കാനഡയിലേക്കുള്ള പോക്ക് റദ്ദാക്കുന്നതിൽ വരെ സെബിനെ എത്തിച്ചു.

ഒരു വിനോദത്തിനപ്പുറം ചൂണ്ടയിടലിനെ തന്റെ തൊഴിലായി സമീപിക്കുകയാണ് സെബിൻ. പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഫിഷിങ്ങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമസ്ഥനാണ് ഇന്ന് സെബിൻ. ചെറുമീൻ, വരാൽ, വാള തുടങ്ങി കേരളത്തിലെ വിവിധയിനം മീനുകളെ എങ്ങനെ പിടിക്കാമെന്ന് സെബിൻ തന്റെ വീഡിയോകളിൽ പങ്കുവയ്ക്കുന്നു. ചൂണ്ടയിടലിന്റെ വിവിധ വശങ്ങൾ തന്റെ വീഡിയോകളിൽ അവതരിപ്പിക്കുന്നു.

കേരളത്തിലങ്ങോളം ഇങ്ങോളം മുംബൈ, മംഗലാപുരം തുടങ്ങി അന്യസംസ്ഥാനങ്ങളിലും ചുണ്ടക്കാരനായി യാത്ര ചെയ്തു കഴിഞ്ഞു സെബിൻ. വിദേശ ജോലി വേണ്ടെന്നു വച്ച് തന്റെ യൂട്യൂബ് ചാനൽ പ്രൊഫഷനാക്കിയപ്പോൾ വീട്ടുകാരും സെബിന് സപ്പോർട്ട്.

ഇപ്പോൾ ചൂണ്ടയിടൽ വീഡിയോകൾക്കപ്പുറം മറ്റ് മേഖലകളും ഉണ്ട് സെബിന്. താൻ പഠിച്ച ഇലക്ട്രോണിക്സിനപ്പുറം ചൂണ്ടയിടൽ പ്രോഫഷനിൽ നൂറു ശതമാനം വിജയം കണ്ടിരിക്കുകയാണ് സെബിൻ സിറിയക്.

തൃശൂര്‍ കയ്പമംഗലം മൂന്നുപീടികയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അക്രമികളെ പൊലീസ് പിടികൂടിയത്.

നവംബര്‍ പത്തിന് രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വാടാനപ്പള്ളിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന കയ്പമംഗലം സ്വദേശിനി രമയാണ് ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ ചവിട്ടിയ ഉടനെ രമ നിലത്തുവീണു. ഈ സമയം, കഴുത്തിലെ മാല പൊട്ടിച്ചോടുകയായിരുന്നു അക്രമി സംഘം. ഒട്ടേറെ സ്ഥലങ്ങളിലെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ അക്രമികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞു. ബൈക്കിന്റെ നമ്പര്‍ പിന്‍തുടര്‍ന്നാണ് പ്രതികളിലേക്ക് എത്തിയത്. നാട്ടിക സ്വദേശികളായ അഖിലും പ്രജീഷും വലപ്പാട് സ്വദേശി സുധീഷുമാണ് പിടിയിലായത്.

പെരിഞ്ഞനത്തും വലപ്പാടും സ്ത്രീകള്‍ നടത്തുന്ന കടകളില്‍ കയറി മുളകുപൊടിയെറിഞ്ഞ് മാല അപഹരിച്ചതും ഇതേസംഘമാണ്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്നു കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ജയിൽ ഡി.ജി.പി ഋഷിരാജ് സിം​ഗ് രംഗത്ത്. ജയിൽ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് സുരേന്ദ്രൻ അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിം​ഗ് ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസിലെ പ്രതിക്ക് ജയിലിൽ അനധികൃതമായി സന്ദർശക സൗകര്യം നൽകിയിട്ടില്ല. വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിം​ഗ് സുരേന്ദ്രന് അയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലിൽ സന്ദർശിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്ക് ജയിൽ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

വ്യക്തമായ ധാരണയില്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളില്‍ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കി, വാര്‍ത്തകള്‍ക്ക് ദൃശ്യമോ ഭൗതികമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ്, ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി വകുപ്പ് അധ്യക്ഷനായ തന്നില്‍നിന്നും മനസിലാക്കാമായിരുന്നെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എംബിബിഎസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി രാഹുൽ രാജ് (24) ആണ് മരിച്ചത്.

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുൽ രാജിനെ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് മരിച്ചനിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊല്ലം സ്വദേശികളായ പെണ്‍കുട്ടികള്‍ പുഴയില്‍ച്ചാടി മരിച്ച വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നു നാട് ഇനിയും മുക്തമായിട്ടില്ല. അറയ്ക്കല്‍ സ്വദേശിനി അമൃത , ആയൂര്‍ സ്വദേശിനി ആര്യ ജി.അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കൂട്ടുകാരിയെ വേര്‍പിരിയേണ്ടി വരുമെന്ന സങ്കടത്തെ തുടര്‍ന്നാണ് രണ്ടുപേരും പുഴയില്‍ച്ചാടിയതെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്തായിരിക്കും എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇല്ലാക്കഥകള്‍ പ്രചരിക്കുകയാണ്.

കുട്ടികളുടെ കുടുംബത്തിന് സംഭവത്തിന് നഷ്ടമോ വേദനയോ തിരിച്ചറിയാതെ കുപ്രചരണങ്ങള്‍ പടച്ചു വിടുന്നവര്‍ക്കെതിരെ രോഷക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. അനുജ ജോസഫ്. രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നത് പോലും ഓര്‍ക്കാതെ അവരുടെ സുഹൃദ് ബന്ധത്തിനെ ‘ലെസ്ബ്’ എന്ന് ദുഷ്ടലാക്കോടെ വിശേഷിപ്പിക്കുന്നത് വികൃതമായ മനസുള്ളവരാണെന്ന് ഡോ. അനുജ കുറിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

കൊല്ലം ആയൂര്‍ സ്വദേശിനികളായ രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയും തുടര്‍സംഭവങ്ങളുമാണ് ഈ ഒരു കുറിപ്പെഴുതുന്നതിന് നിദാനം.21വയസ്സുള്ള അമൃതയും ആര്യയും എന്തിനായിരുന്നു, അല്ലെങ്കില്‍ മരിക്കാന്‍ മാത്രം എന്തായിരുന്നു അവരുടെ വിഷയം. ഇതാലോചിച്ചിട്ടു ഉറക്കമില്ലാത്ത പോലെ തോന്നി പലരുടെയും അഭിപ്രായപ്രകടനം കാണുമ്പോള്‍!

‘ഇതു മറ്റേതു തന്നെ, ലെസ്ബ്, പിന്നല്ലാതെ, ഇതിനൊക്കെ എന്തിന്റെ കേടാണോ എന്തോ,
മരിക്കുമ്പോള്‍ രണ്ടാളും കൈകോര്‍ത്തു പിടിച്ചിരുന്നു പോലും, ഇതു അതു തന്നെ
ഉറപ്പിച്ചു മൂന്നു തരം’,

രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ടതല്ല ഇവിടെ വിഷയം, അവരുടെ സുഹൃദ് ബന്ധത്തില്‍ ലെസ്ബ്, ലെസ്ബ് എന്നു മുറവിളി കൂട്ടുന്ന കപട സദാചാര വാദികളോടായിട്ടു

‘നിന്റെയൊക്കെ മനസ്സിലെ കുഷ്ടം മറ്റുള്ളവരുടെ മേല്‍ എന്തിനാ അടിച്ചേല്പിക്കുന്നെ,

ദാരിദ്ര്യം പിടിച്ച നിന്റെയൊക്കെ മനസ്സില്‍, കാണുന്ന എല്ലാവരിലും ഒരേ ഒരു ദാഹം മാത്രമേ ഉള്ളു,
‘കാമം’
അതിനപ്പുറത്തേക്ക് ബന്ധങ്ങള്‍ക്ക് യാതൊരു വിലയുമില്ലേ’

ഉറ്റ സുഹൃത്തുക്കള്‍, പിരിയാന്‍ കഴിയാത്ത വിധമുള്ള സ്‌നേഹം, അതില്‍ ഒരു കലര്‍പ്പില്ലാന്ന് ഉറപ്പിച്ചു പറയാം, ഉണ്ടായിരുന്നേല്‍ കപടതയുടെ മുഖം മൂടി ധരിച്ചു അവര്‍ നടന്നേനെ, ഏറെ വിഷമം തോന്നിയത്
‘ആരും ആരെയും പിരിയുന്നില്ല, കാലം കുറച്ചു മുന്നോട്ടാകുമ്പോള്‍ ഈ വേര്‍പാടൊക്കെ സുഖമുള്ള ഓര്‍മകളായി മാറുമെന്നും’ പറഞ്ഞു കൊടുക്കാന്‍ ഒരാള്‍ ഇല്ലാതായി പോയല്ലോ അന്നേരം!

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള എന്റെ ഡിഗ്രി പഠന കാലം ഓര്‍മ വരുന്നു, നാലു കൊല്ലം ഹോസ്റ്റലില്‍ നിന്നായിരുന്നു പഠനമത്രയും, ആ കാലയളവില്‍ കിട്ടിയ ഉറ്റ സുഹൃത്തുക്കളെ പിരിയാന്‍ കഴിയില്ലെന്ന് തോന്നിയ ദിനങ്ങള്‍, അവസാന സെമെസ്റ്റര്‍ ആ വേദനയില്‍ ആയിരുന്നു ഞങ്ങള്‍,

കുറച്ചു നാളുകള്‍ക്കിപ്പുറം പലരും കുടുംബമായി തിരക്കുകളുടെ ലോകത്തേക്ക് ചേക്കേറിയപ്പോള്‍, മുന്‍പത്തെ, പിരിയാന്‍ നേരമുള്ള ഞങ്ങളുടെ ആ കരച്ചില്‍ സീന്‍ ഒക്കെ ഓര്‍ത്തു ഇന്നും ചിരിക്കാറുണ്ട്. അന്നത്തെ ആ മണ്ടത്തരങ്ങളും ചിന്തകളും ആലോചിച്ചിട്ട്, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതൊക്കെ വെറും തമാശകളായി മാറുമെന്നതാണ് വാസ്തവം, നിര്‍ഭാഗ്യവാശാല്‍, ഈ കാര്യങ്ങളൊക്ക പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറ്റിയ ഒരാളും ആ കുട്ടികള്‍ക്കില്ലാതെ പോയി.

ചിലപ്പോഴൊക്കെ വിവേകത്തിനു പകരം ഇമോഷണല്‍ ആയി പലരും മാറും, ആ സമയം അവരെടുക്കുന്നത് തെറ്റായ തീരുമാനങ്ങള്‍ ആയിരുന്നാലും അതുമായി മുന്നോട്ടു പോകും. അത്തരത്തില്‍ ഒരു അവിവേകം ആയിട്ടേ മേല്‍പ്പറഞ്ഞ സംഭവത്തെ കാണാന്‍ കഴിയു.

നമ്മുടെ കുട്ടികളുടെ സൗഹൃദങ്ങളെ എല്ലാം മോശമാണെന്നു ചിന്തിക്കുന്ന സമൂഹത്തിന്റെ നിലപാട് നല്ലതല്ല. മാറാല പിടിച്ച മനസ്സിനെ ആദ്യം ചികില്‍സിക്കു, അല്ലെങ്കില്‍ കാണുന്ന എല്ലാറ്റിലും മോശം പറയുന്നതായി തീരും സ്വഭാവം.ഇവിടെ രണ്ടു കുടുംബങ്ങളില്‍ അവര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ആര്‍ക്കും കഴിയില്ല.

Dr. Anuja Joseph
Assistant Professor
Trivandrum.

വിനോദയാത്രയ്ക്കായി ഗോവയിലേക്ക് പുറപ്പെട്ട മലയാളി കുടുംബത്തിന്റെ യാത്ര അവസാനിച്ചത് ദുരന്തമുഖത്ത്. മഹാരാഷ്ട്രയിൽ താമസിക്കുന്ന പുല്ലഴി സ്വദേശി മധുസൂദനൻ നായരും ഭാര്യ ഉഷയും മകൻ ആദിത്യയും ട്രാവലർ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ഇതോടെ മകൾ അർച്ചന ഒരു നിമിഷം കൊണ്ട് അനാഥയായി മാറി. അർച്ചനയും വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നു. നിസാരപരിക്കുകളോടെ അപകടത്തിൽ നിന്നും അർച്ചന രക്ഷപ്പെട്ടു. സംസ്‌കാര ചടങ്ങുകൾക്കായി പുല്ലഴിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹങ്ങൾ എത്തിച്ചപ്പോൾ കൂടെ അനുഗമിച്ചെത്തിയ അർച്ചന എല്ലാവർക്കും നൊമ്പരമായി.

തന്നെ തനിച്ചാക്കി കുടുംബമൊന്നാകെ മരണത്തിന് കീഴടങ്ങിയതിന്റെ ആഘാതത്തിലാണ് അർച്ചന ഇപ്പോഴും. അർച്ചനയെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ പുല്ലഴിയിലെ കുടുംബവീട്ടിൽ കൂടിയ ബന്ധുക്കളും പതറുകയാണ.്

ദീപാവലി അവധിക്കാലം ആഘോഷിക്കാനായി നാട്ടിലേക്ക് എത്തുന്നതായിരുന്നു മധുസൂദനൻ നായരുടെ പതിവ്. എന്നാൽ, ഇത്തവണ കോവിഡ് കാലമായതിനാൽ സുരക്ഷയെ കരുതി യാത്ര ഗോവയിലേക്ക് ആക്കുകയായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും യാത്രയിൽ കൂടെയുണ്ടായിരുന്നു. ശനിയാഴ്ച പൂണെ-ബെംഗളൂരു ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിൽ വെച്ചാണ് അപകടമുണ്ടായത്. പാലത്തിൽ വെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ വാൻ നദിയിലേക്ക് മറിയുകയായിരുന്നു.

അപകടമുണ്ടായ ദിവസം മധുസൂദനൻ നായരുടെ ജന്മദിനം കൂടിയായിരുന്നു. അപകടവിവരമറിഞ്ഞ് കുടുംബാംഗങ്ങൾ സത്താറയിലേയ്ക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച മൂന്നു മണിയോടെ മൃതദേഹങ്ങൾ മഹാരാഷ്ട്രയിൽനിന്ന് ആംബുലൻസിൽ പുല്ലഴിയിലെത്തിച്ചു. തറവാട്ടുവീടിന്റെ അകത്തളത്തിൽ പൊതുദർശനത്തിന് കിടത്തിയ മൃതദേഹങ്ങൾ ചെറുതുരുത്തിയിലെ പുണ്യതീരത്ത് സംസ്‌കരിച്ചു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആൻറണിക്ക് കോവിഡ് സ്ഥിരീകരിച്ചു. എ. കെ ആൻറണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്റണിയടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

മകന്‍ അനില്‍ കെ.ആന്റണിയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് നേരത്തെ കൊവിഡ്- 19 സ്ഥിരീകരിച്ചിരുന്നു

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ
ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും എഴുതി നല്‍കിയ വിശദീകരണത്തില്‍ ശിവശങ്കര്‍ പറഞ്ഞു. ഇതിനെ ഇഡി കോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി അഭിഭാഷകന്‍ അറിയിച്ചു. ശിവശങ്കര്‍ ദുരുദ്ദേശ്യപരമായാണ് ഇത്തരം വാദം ഉയര്‍ത്തുന്നതെന്നും ഇഡി നിലപാടെടുത്തു.

സ്വപ്‌നയുമായുള്ള വാട്ട്‌സ് ആപ്പ് ചാറ്റ് വിവരങ്ങള്‍ എന്ന പേരില്‍ ഇഡി നുണ പ്രചരിപ്പിച്ചെന്ന് ശിവശങ്കര്‍ ആരോപിച്ചിരുന്നു. ബാഗ്ഗജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വര്‍ണം അടങ്ങിയ ബാഗ്ഗജ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു.

സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കേരള കോൺഗ്രസ്​ (എം) ​െൻറ ചിഹനമായ രണ്ടില ഇത്തവണ ആർക്കും അനുവദിക്കില്ലെന്ന്​ ​സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ. യു.ഡി.എഫിലുള്ള പി.ജെ. ജോസഫ്​ വിഭാഗവും എൽ.ഡി.എഫിനൊപ്പമുള്ള ജോസ്​ കെ. മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ്​ ചിഹ്നം മരവിപ്പിക്കുന്നതെന്ന്​ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർ വി. ഭാസ്​കരൻ അറിയിച്ചു. ഇതു സംബന്ധിച്ച്​ ഹൈകോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ്​ വിഭാഗത്തിന്​ ചെണ്ടയും ജോസ്​ കെ. മാണി വിഭാഗത്തിന്​ ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചിട്ടുണ്ട്​. ഇരു കക്ഷികളും ഇൗ ചിഹ്നങ്ങളിലായിരുക്കും ഇത്തവണ ജനവിധി തേടുക.

Copyright © . All rights reserved