Kerala

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ വീണ്ടും ലൈം​ഗിക അതിക്രമ പരാതികൾ. രണ്ട് യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി സമർപ്പിച്ചു. 2020-ലായിരുന്നു അതിക്രമമെന്നാണ് ഒരു യുവതിയുടെ പരാതി. 2021-ലാണ് രണ്ടാമത്തെ സംഭവമെന്നാണ് സൂചന.

അതേസമയം, തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഒളിവിലാണ് വേടൻ. ​ഇദ്ദേഹത്തിനെതിരേ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലക്ഷ്യമിട്ടായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടി.

നേരത്തെ, പുലിപ്പല്ലുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ കേസിൽ വേടന്റെ പാസ്പോർട്ട് കോടതിയിൽ സറണ്ടർ ചെയ്തിരുന്നു. പിന്നീട് അത് ഉപാധികളോടെ വിട്ടുനൽകുകയായിരുന്നു. ഇതിനാലാണ് പോലീസ് പെട്ടെന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ബലാത്സം​ഗ പരാതിയുമായി ഡോക്ടറായ യുവതി രം​ഗത്തെത്തിയതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. ഇതിനുശേഷം വേടൻ എവിടെ എന്ന് ആർക്കും അറിയില്ല. നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്. വേടന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്.

ഏഴു പോത്തുകളെ ഞായറാഴ്ച രാവിലെയാണ് മേയാന്‍ വിട്ടത്. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഇവിടം. വൈകിട്ട് മൂന്നു മണിയോടെ ആറു പോത്തുകള്‍ തിരികെ വീട്ടില്‍ എത്തി. ഒരു പോത്തിനെ കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ പുലിയെയും കണ്ടു. പാലോട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍ ഷിബുവിനെതിരെയാണ് പരാതി. യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് ലഹരി കലര്‍ത്തിയ ശീതള പാനിയം നല്‍കി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതിജീവിത ഉന്നത പൊലീസ് അധികാരികള്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നല്‍കി. ഈ പരാതിയിലും അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂര്‍ എസ്.എച്ച്.ഒ പറഞ്ഞു.

ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അവർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 19ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 20ന് കണ്ണൂരും കാസർകോടും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈജില്ലകളിഷ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

തെക്കൻ ഛത്തിസ്ഗഢിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ് ചക്രവാതച്ചുഴിയായി ഓഗസ്റ്റ് 18 ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാൻ സാധ്യത. വടക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഓഗസ്റ്റ് 18 ഓടെ പുതിയ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 19 വരെ ഒറ്റപ്പെട്ട അതിശക്ത മഴക്കും ഓഗസ്റ്റ് 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഓഗസ്റ്റ് 19 വരെ 40 മുതൽ 50 വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു. രഞ്ജിത്തിന്റെ രചനയില്‍ സംവിധാനംചെയ്യുന്ന ചിത്രം സിബി മലയില്‍ പ്രഖ്യാപിച്ചു. കോക്കേഴ്‌സ് മീഡിയയുടെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മാണം. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിട്ടില്ല. 27 വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്ററാണ് സിബി മലയില്‍ പങ്കുവെച്ചത്.

‘പൂച്ചയ്ക്ക് മണികെട്ടിയതാര്? എന്തോ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കൂ’, എന്ന കുറിപ്പിനൊപ്പമാണ് സിബി മലയില്‍ പ്രഖ്യാപന പോസ്റ്റര്‍ പങ്കുവെച്ചത്. മനോഹരമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ ഒരു ചില്ലുകൂടും അടുത്തൊരു പൂച്ചയേയും പോസ്റ്ററില്‍ കാണാം.

മുമ്പ് ‘മായാമയൂരം’, ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’, ‘ഉസ്താദ്’ എന്നീ ചിത്രങ്ങളിലാണ് രഞ്ജിത്തും സിബി മലയിലും ഒന്നിച്ചത്. ‘സമ്മര്‍ ഇന്‍ ബെത്‌ലഹേമി’ന്റെ രണ്ടാംഭാഗമാണോ ചിത്രം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പ്രഖ്യാപനത്തിലെ സൂചനകള്‍ പൂരിപ്പിക്കുമ്പോള്‍ ആരാധകര്‍ എത്തിച്ചേര്‍ന്നതും ഈ നിഗമനത്തിലേക്കാണ്. ഡെന്നിസും രവിശങ്കറും ആമിയും വീണ്ടും വരികയാണോ എന്നാണ് ആരാധകരുടെ ചോദ്യം.

1998-ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ 2025-ല്‍ 27 വര്‍ഷം പിന്നിടും. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനംചെയ്ത ചിത്രം നിര്‍മിച്ചത് സിയാദ് കോക്കര്‍ തന്നെയായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, സുകുമാരി, അഗസ്റ്റിന്‍ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ഒന്നിച്ച ചിത്രമായിരുന്നു ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. ചിത്രത്തിന്റെ രണ്ടാംഭാഗമാണോ എന്ന് ചോദിക്കുന്ന ആരാധകര്‍, കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ വിയോഗവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഭാര്യയുടെ കാമുകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍. കരകുളം കാച്ചാണി വാർഡില്‍ അരുവിക്കര അയണിക്കാട് അനു ഭവനില്‍ ശ്രീകാന്തിനെയാണ് (31) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ ഭാര്യയുടെ കാമുകനായ അജിത്ത് എന്ന് വിളിക്കുന്ന വിഷ്ണുവിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ കത്തി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ക്ഷേത്രത്തിലെ പൂജാരിയാണ് ആക്രമണത്തിനിരയായ വിഷ്ണു. അമ്പലത്തില്‍ സ്ഥിരമായി വന്നിരുന്ന ശ്രീകാന്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പത്തിലായി.

തുടർന്ന് ശ്രീകാന്തിന്റെ ഭാര്യ കുറച്ചുനാള്‍ മുൻപ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ വിഷ്ണുവിനോടൊപ്പം ഇറങ്ങിപ്പോയി. വേട്ടമുക്ക് പാർക്കിനടുത്തുള്ള വി.ആർ.എ 76 ആവന്തിക വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രീകാന്ത് പലതവണ ഭാര്യയെ തിരികെ വിളിച്ചെങ്കിലും ഇവർ മടങ്ങിച്ചെല്ലാൻ കൂട്ടാക്കിയില്ല. ഇതിന്റെ വിരോധത്തിലാണ് വിഷ്ണുവും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി ശ്രീകാന്ത്, വിഷ്ണുവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചത്.

മുതുകിലും കഴുത്തിലും കുത്തേറ്റ വിഷ്ണു മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൂജപ്പുര പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് പരിശോധനാഫലം. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് വ്യാഴാഴ്ച മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനയയുടെ മരണത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.

അതേസമയം, പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

ചരിത്രമായി താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ്. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. നടി ശ്വേത മേനോൻ ഇനി സംഘടനയെ നയിക്കും. കുക്കു പരമേശ്വരൻ ആണ് ജനറൽ സെക്രട്ടറി. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ.

വാശിയേറിയ പോരാട്ടത്തിനാണ് ഇക്കുറി താര സംഘടനയായ അമ്മ സാക്ഷ്യം വഹിച്ചത്.. ഹേമ കമ്മിറ്റി റിപ്പോർട്ടും തുടർന്നുള്ള വിവാദങ്ങൾക്കും സംഘടനയിലെ പൊട്ടിത്തെറികൾക്കും അതിനു പിന്നാലെ പ്രസിഡന്റ് മോഹൻലാലിന്റെ രാജിക്കും ശേഷം വന്ന തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് രേഖപ്പെടുത്തിയത് 298 പേരാണ്. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആകെ 506 അംഗങ്ങൾക്കാണ് സംഘടനയിൽ വോട്ട് അവകാശം ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിംഗ് ശതമാനം കുറവാണെങ്കിലും ഏവരും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സംഘടനാ തലപ്പത്തേക്ക് ഒരു വനിത മത്സരിക്കാനെത്തുന്നു എന്നത്.

തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് പൊലീസ്. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്.

കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. അയൽവാസിയായ കുട്ടി ബിൻസിയെ വിളിച്ചിട്ടും എണീക്കാത്തതിനാൽ തലയിൽ മൂടിയിരുന്ന പുതപ്പ് എടുത്ത് മാറ്റിനോക്കിയപ്പോഴാണ് രക്തം കണ്ടത്. ഇതോടെ ഭയന്ന കുട്ടി തന്‍റെ വീട്ടുകാരെ വിവരം അറിയിച്ചു. അവരെത്തി ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിച്ചു. ഈസമയം മക്കളായ സനോജിനെയും സിദ്ധാർഥിനെയും സ്‌കൂളിൽ വിട്ടശേഷം അടുത്ത വീടിനു സമീപം പതുങ്ങിയിരുന്ന സുനിലും ഓടിയെത്തി ബിൻസിയെ ആശുപത്രിയിലാക്കാൻ കൂടെപ്പോയിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ സനോജിനെയും രണ്ടാം ക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിനെയും ഭാര്യയ്ക്കു സുഖമില്ലെന്ന് പറഞ്ഞ് രാവിലെതന്നെ ഭക്ഷണമൊക്കെ വാങ്ങിക്കൊടുത്ത് സുനിൽ സ്‌കൂളിലയക്കുകയായിരുന്നു.

ആശുപത്രിയിൽ വെച്ചാണ് സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി ബിൻസി ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സുനിൽ പൊലീസിനോടു പറഞ്ഞു. അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്ലിയൂരിൽ ഹരിതകർമ സേനാംഗമായിരുന്നു ബിൻസി. പതിമൂന്ന് വർഷമായി ബിൻസിയും കുടുംബവും ഇവിടെയാണ് താമസം. സംശയത്തിന്റെ പേരിൽ ബിൻസിയുമായി സുനിൽ വഴക്കിടുന്നത് പതിവാണ്. കുട്ടികളെയും ക്രൂരമായി ഇയാൾ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സുനിൽ ലഹരി ഉപയോഗിക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച, ആഗസ്റ്റ് 13-ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 126 പേര്‍ അറസ്റ്റില്‍. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 118 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1896 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 ആഗസ്റ്റ് 13-ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. അറസ്റ്റിലായവരില്‍ നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു.

സംസ്ഥാനത്ത് മയക്കുമരുന്നിന് എതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍, എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്‍, റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. 9497927797 എന്ന നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved