Kerala

കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ നാട്ടുകാർ നടത്തിവന്ന ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു. മരിച്ച ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ പത്ത് ലക്ഷം രൂപ കൈമാറും. കളക്ടറും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചുകൊല്ലാൻ ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ചർച്ചയ്‌ക്ക് ശേഷം ആന്റോ ആന്റണി എംപിയും വിഷയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

‘നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ കുടുംബത്തിന് നൽകും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കമ്മിറ്റിയുടെ ശുപാർശ, കളക്ടർ സർക്കാരിന് സമർപ്പിക്കും. മരിച്ച വ്യക്തിയുടെ കുടുംബത്തിലൊരാൾക്ക് എത്രയും വേഗം ജോലി നൽകും. ഇപ്പോൾ താൽക്കാലികമാണ്. പിന്നീടിത് സ്ഥിരമാക്കാനുള്ള ശുപാർശ സർക്കാരിന് നൽകും. വനമേഖലയും നാടും തമ്മിൽ വേർതിരിച്ച് സോളാർ ഫെൻസിംഗ് പോലുള്ള സംവിധാനങ്ങൾ വയ്‌ക്കുന്നതിനുള്ള നടപടി എത്രയും വേഗം ആരംഭിക്കും. ‘ – ആന്റോ ആന്റണി പറഞ്ഞു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. കാട്ടാനയെ തുരത്തുന്നതിനായി ഹെഡ്‌ലൈറ്റ് വച്ച് വീടിന് പുറത്തിറങ്ങിയപ്പോഴാണ് ബിജുവിന് നേരെ കാട്ടാന പാഞ്ഞടുത്തത്. ആനയെ ഓടിക്കുന്നതിന് താനും ഭർത്താവും ഒരുമിച്ചാണ് പുറത്തിറങ്ങിയതെന്ന് ഭാര്യ ഡെയ്‌സി മാധ്യമങ്ങളോട് പറഞ്ഞു.

വീട്ടിൽ നിന്നും 50 മീറ്റർ അകലെയാണ് ബിജുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. ജില്ലാ കളക്ടർ പ്രേം കൃഷ്ണ എത്താതെ മൃതദേഹം നീക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ അറിയിച്ചത്.

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. കെ.ഇ. ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് .

ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ്. വൈകിട്ട് അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഫെലിസ്  ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ പ്രവണത കുറയ്ക്കാനും സമ്മർദ്ദം കുറയ്ക്കാനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗണ്‍സിലറും ആയിരുന്നു.

കെ.പി.റോഡില്‍ കാര്‍ കണ്ടയ്‌നര്‍ ലോറിയിലിടിച്ച് അധ്യാപികയും സ്വകാര്യ ബസ് ഡ്രൈവറും മരിച്ച സംഭവത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പോലീസ്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ആര്‍ക്കും ഒരു വിവരവുമില്ല. എത്ര നാള്‍ മുതല്‍ ഇവര്‍ തമ്മില്‍ പരിചയമുണ്ട്, അപകടമുണ്ടായ ദിവസം ഇവര്‍ തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ, എന്തെങ്കിലും തരത്തില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാകും പോലീസ് പരിശോധിക്കുക.

വെള്ളിയാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.അജിത്ത് അപകട സ്ഥലം സന്ദര്‍ശിക്കുകയും അപകടത്തില്‍ തകര്‍ന്ന കാര്‍ പരിശോധിക്കുകയും ചെയ്തു. അപകട സ്ഥലത്ത് ആദ്യം എത്തിയ എസ്.ഐയോടും മറ്റ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അപകടത്തില്‍ തകര്‍ന്ന കാര്‍ ഫൊറന്‍സിക് വിഭാഗം പരിശോധിച്ചു.

വ്യാഴാഴ്ച രാത്രിയാണ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തില്‍ കാര്‍ യാത്രക്കാരായ ഹാഷിം(31) അനുജ രവീന്ദ്രന്‍(37) എന്നിവര്‍ മരിച്ചത്. ചാരുംമൂട് സ്വദേശിയായ ഹാഷിം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. നൂറനാട് മറ്റപ്പിള്ളി സ്വദേശിനിയായ അനുജ തുമ്പമണ്‍ നോര്‍ത്ത് ഹൈസ്‌കൂളിലെ അധ്യാപികയാണ്. വ്യാഴാഴ്ച രാത്രി സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര പോയ അനുജയെ ഹാഷിം കാറിലെത്തി വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിനുപിന്നാലെയാണ് അടൂര്‍ കെ.പി. റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്.

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും പാതി ഉപയോഗിച്ച മദ്യക്കുപ്പി കണ്ടെത്തി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസാണ് കാറില്‍ നിന്നും മദ്യ കുപ്പി കണ്ടെത്തിയത്. നാട്ടുകാരാണ് മദ്യ കുപ്പി കാറില്‍ ഉണ്ടെന്ന വിവരം പോലീസിനോട് പറഞ്ഞത്. ഒരു കുപ്പി ഗ്ലാസും ഉണ്ടായിരുന്നു.

ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ 26 നാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അടക്കം എല്ലാ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.

കേരളം ഉള്‍പ്പടെ രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള ഇലക്ഷന്‍ വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്.

പൊതു അവധി ദിവസങ്ങള്‍ വരാനിരിക്കേ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും പ്രത്യേകം ശ്രദ്ധിക്കേണ്ട തീയതികള്‍ കുറിച്ചുവെച്ചോളൂ.

കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് 2024നുള്ള നോമിനേഷനുകള്‍ ഇന്ന് മുതല്‍ (മാർച്ച്‌ 28) സമർപ്പിച്ചു തുടങ്ങാം. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് മുൻപാകെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കേണ്ട സമയം.

ഏപ്രില്‍ നാലാം തിയതിയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. പൊതു അവധികള്‍ പരിഗണിച്ച്‌ മാർച്ച്‌ 29, 31, ഏപ്രില്‍ 1 തിയതികളില്‍ നാമനിർദേശ പത്രിക നല്‍കാനാവില്ല.

ഏപ്രില്‍ അഞ്ചിന് നാമനിർദേശങ്ങളുടെ സൂക്ഷമപരിശോധന നടക്കും. ഏപ്രില്‍ എട്ടാം തിയതിയാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. കേരളത്തിലെ 20 മണ്ഡലങ്ങള്‍ ഉള്‍പ്പടെ രാജ്യത്തെ 98 ലോക്സഭ മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുൾപ്പെട്ട മാസപ്പടി കേസിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ‍് ഡയറക്ടറേറ്റ് (ഇ.ഡി.). ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസിൽ ഇ.ഡി. എൻഫോഴ്സ്മെൻ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികൾ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയർക്ക് ഉടൻ നോട്ടിസ് നൽകുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന കേസാണ് അന്വേഷിക്കുന്നത്. നല്‍കാത്ത സേവനത്തിന് ലക്ഷങ്ങള്‍ കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആരോപണം.

കേന്ദ്ര സർക്കാരിന്റെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണം പുരോ​ഗമിക്കുന്നതിനിടയിലാണ് ഇ.ഡി.യും കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിൽ നടത്തിയ ഇടപാടുകളാണ് എസ്.എഫ്.ഐ.ഒ. സംഘം പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച വിവിധ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.

റെയില്‍വേ സ്‌റ്റേഷന്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒടുവില്‍ കണ്‍തുറന്നു. റെയില്‍വേയുടെ അധീനതയിലായിരുന്ന ലൈറ്റ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു. ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് റെയില്‍വേ തയാറായതുമില്ല. തുടര്‍ന്ന് നാട്ടുകാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് കേരളാ കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റി അംഗവും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ബെന്നി തടത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുകയായിരുന്നു.

പരിശോധനയില്‍ ബള്‍ബുകള്‍ക്കു പുറമേ വൈദ്യുതി കണക്ഷനിലും തകരാറുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം കെഎസ്ഇബിയുമായി ബന്ധപ്പെട്ട് കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കി. അതിനു ശേഷം പുതുപ്പള്ളിയില്‍ പ്രൊജക്റ്റ് വര്‍ക്ക് ചെയ്തുകൊണ്ടിരുന്ന കരാറുകാരന്റെ ഇന്‍സ്റ്റലേഷൻ ടീമിനെ വിളിച്ചു വരുത്തി പുതിയ ബള്‍ബുകള്‍ സ്ഥാപിച്ചു ലൈറ്റ് പ്രവര്‍ത്തനക്ഷമമാക്കുകയായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന നൂറു കണക്കിന് യാത്രികരുടെയും പരിസരവാസികളുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും ഏറെ നാളായുള്ള ആവശ്യമാണ് സഫലമായത്. ബസ് സ്റ്റോപ്പ് കൂടിയായ റെയില്‍വേ ജംഗ്ഷനില്‍ രാത്രിയില്‍ എത്തുന്ന യാത്രികര്‍ക്ക് പ്രദേശത്തെ ഇരുട്ട് ഏറെ ബുദ്ധിമുട്ടായിരുന്നു.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന സിബിയുടെ ഭാര്യ സിജിയുടെ അമ്മ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

സമീപവാസികളായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്നാണ് പോലീസ് വിലയിരുത്തൽ.

ഉച്ചസമയത്ത് വീട്ടിൽ ആളുണ്ടാവില്ലെന്ന് നേരത്തെ മനസ്സിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് സംശയിക്കുന്നു.

പ്രദേശത്തെ ഇതര തൊഴിലാളികളടക്കം ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്. മൊബൈൽ ഫോൺ ടവർ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ. ഇന്നലെ ഉച്ചയ്ക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലയ്ക്കടിച്ച് പൊട്ടിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത് .

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കുമിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 72 കാരിയായ സാറാമ്മ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മൂന്നരയോടെ ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ മരുമകളാണ് സാറാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിവരെ സാറാമ്മയെ വീടിൻറെ പരിസരത്ത് കണ്ടവരുണ്ട്. അതിനുശേഷമായിരിക്കും കൊലപാതകമെന്ന് സംശയിക്കുന്നു. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടമായിട്ടുണ്ട് മോഷണം തന്നെയാണ് കൊലപാതക കാരണമെന്നാണ് പോലീസ് നിഗമനം. വീടിനുള്ളിലും മൃതദേഹത്തിന് ചുറ്റും മഞ്ഞൾപൊടി വിതറിയിട്ടുണ്ടായിരുന്നു.

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെ‍ഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മുറിയിൽനിന്നു സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

കൊല്ലം സ്വദേശിയായ ഡോ.പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

നാല് മാസം മുമ്പ് മാത്രമാണ് സുഹൃത്ത് വിവാഹത്തിന് സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ 26 വയസ്സുകാരിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദാനന്തര വിദ്യാർത്ഥിനി ഷഹാന ആത്മഹത്യ ചെയ്തത്

ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻപോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം നാഗമ്പടം മേൽപ്പാലത്തിലായിരുന്നു അപകടം.

ഭർത്താവ് ബിനോയിക്കൊപ്പം സഞ്ചരിക്കുമ്പോൾ നഗരത്തിൽനിന്ന് നാഗമ്പടം മേൽപ്പാലത്തിലേക്ക് കടക്കവേ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. ബിനോയിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിയയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ട്രാഫിക് പോലീസ് സംഘം സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരെയും വാഹനത്തിനടിയിൽനിന്ന്‌ പുറത്തെടുത്തത്.

തുടർന്ന് 108-ആംബുലൻസിൽ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രിയോടെ മരിച്ചു. ബിനോയി പൊടി ഉത്പന്നങ്ങളുടെയും സ്പൈസസിന്റെയും മൊത്തവിൽപ്പനക്കാരനാണ്.

മക്കൾ: ഗംഗ (ഫാഷൻ ഡിസൈനർ), ഗായത്രി (പത്താം ക്ളാസ് വിദ്യാർഥിനി). മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

RECENT POSTS
Copyright © . All rights reserved