സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കിയിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.
നിരോധനം ഇവയ്ക്ക്
അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ
രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ
പ്ലാസ്റ്റിക് സ്‌ട്രോകൾ
ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ
പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്
ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ
സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.
പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ
മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.
ഇടുക്കി
മൂന്നാർ
തേക്കടി
വാഗമൺ
തൃശ്ശൂർ
അതിരപ്പിള്ളി
ചാലക്കുടി-അതിരപ്പിള്ളി സെക്ടർ
പാലക്കാട്
നെല്ലിയാമ്പതി
വയനാട്
പൂക്കോട് തടാകം-വൈത്തിരി
സുൽത്താൻ ബത്തേരി
കർളാട് തടാകം
അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.
കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിങ്കളാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ട മസ്‌കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05-നും രാത്രി 7.15-ന് ദോഹയിലേക്കുള്ള സർവീസ് 10.05-നുമാണ് പുറപ്പെട്ടത്. വൈകീട്ട് 6.20-ന് എത്തേണ്ട ദുബായിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ച രാവിലെ 6.50-ലേക്ക് റീഷെഡ്യൂൾ ചെയ്തു. മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞദിവസം വിവിധ സർവീസുകൾ വൈകിയതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകളും വൈകിയത്.
സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും (ജൂണ്‍ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത’ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ഇല്ല.
ശക്തമായ കാറ്റില്‍ കോഴിക്കോട് പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചില്‍നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധാരണനിലയില്‍നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി.
ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷനിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നപ്പോൾ. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല | ഫോട്ടോ: മാതൃഭൂമി
കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചന്ദ്രഗിരി പാലം സംസ്ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
ഇടുക്കി കൊന്നത്തടിയില്‍ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരംവീട് മേല്‍ക്കൂര തകര്‍ന്നു. കോട്ടയം വൈക്കത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഉദയാപുരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മലയോര മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി. വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.
നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രംഗത്തുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും ഇന്നലെ നടന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം.
ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 ാം തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്നു കേസില്‍ കുടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍.
കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ ലിവിയയെ ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. മുംബൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ലിവിയയെ ശനിയാഴ്ച രാത്രിയാണ് കൊച്ചിയിലേക്ക് എത്തിച്ചത്.
പ്രത്യേക അന്വേഷണ സംഘത്തലവൻ കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തില്‍ നാലു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് ലിവിയ കുറ്റസമ്മതം നടത്തിയത്. തന്നെക്കുറിച്ച് അപവാദം പ്രചരിപ്പിച്ചതിലുള്ള വൈരാഗ്യം മൂലമാണ് ലഹരി മരുന്ന് ഷീല സണ്ണിയുടെ വാഹനത്തില്‍ വെച്ച് എക്സൈസിനെ വിവരം അറിയിച്ചതെന്ന് ലിവിയ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കേസിലെ ഒന്നാംപ്രതി നാരായണദാസും താനുമാണ് ഇത് ചെയ്തതെന്നും സമ്മതിച്ചു.
ലിവിയ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം വിശദമായ അന്വേഷണത്തിനു ശേഷമേ പറയാൻ കഴിയുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ വി കെ രാജു പറഞ്ഞു.
അതേസമയം, താൻ ലിവിയയെക്കുറിച്ച് അപവാദം പറഞ്ഞിട്ടില്ലെന്ന് ഷീല സണ്ണി പ്രതികരിച്ചു. കേസിലെ ഒന്നാംപ്രതി നാരായണ ദാസിനെയും ലിവിയയേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇരുവരുടെയും മൊഴികളില്‍ ചില വൈരുദ്ധ്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറില്‍നിന്ന് എല്‍എസ്ഡി സ്റ്റാമ്ബുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കള്‍ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാല്‍, രാസപരിശോധനയില്‍ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് നടക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, തൃശൂർ, മലപ്പുറം, ഇടുക്കി,കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ എല്ലാ സ്കൂളുകളും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ (ജൂൺ 16) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. നിലവിൽ സംസ്ഥാനത്ത് 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസപകടത്തിൽ മരിച്ച അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തർ എയർവേയ്‌സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന(29), മകൾ റൂഹി മെഹ്‌റിൻ(ഒന്നര), മാവേലിക്കര ചെറുകോൽ സ്വദേശിനി ഗീതാ ഷോജി ഐസക്ക്(58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ(41), മകൾ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുന്നത്.
കെനിയയിൽനിന്നു കൊണ്ടുവരുന്ന മൃതദേഹങ്ങൾക്കും ഒപ്പമുള്ള ബന്ധുക്കൾക്കും ഇന്ത്യയിൽ പ്രവേശിക്കാൻ യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവനുവദിച്ചു. കെനിയയിൽനിന്ന് ഖത്തറിലേക്കു വിമാനം പുറപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് മാത്രമാണ് യെല്ലോ ഫിവർ വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് ട്രാവൽ ഏജൻസി വ്യക്തമാക്കിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പും കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് ഇളവുനേടുകയായിരുന്നു.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക റൂട്ട്‌സ് അധികൃതർ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. വിമാനത്താവളത്തിൽനിന്ന് മൃതദേഹങ്ങൾ വീടുകളിലേക്കു കൊണ്ടുപോകും.
ജൂൺ ഒൻപതിന് ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെയാണ് വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടത്. ഖത്തറിൽനിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്‌റോബിയിൽനിന്ന് 150 കിലോമീറ്റർ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു.
കാട്ടിനുള്ളില്‍ മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും തല പലതവണ പരുക്കന്‍ പ്രതലത്തില്‍ ഇടിപ്പിച്ചതായും പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിലും വ്യക്തമായി.
സീതയുടെ ഭര്‍ത്താവ് ബിനു (48) പോലീസിന്റെ നിരീക്ഷണത്തിലാണ്. സീതയുടെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞാലുടൻ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതായി വിവരം ലഭിച്ചത്. വനം വകുപ്പിന്റെ താത്കാലിക ജീവനക്കാരനാണ് ബിനു. ഭാര്യ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിനു തന്നെയാണ് വനപാലകരെ അറിയിച്ചത്. കാട്ടുപത്രി, പുളി, തേന്‍ തുടങ്ങിയ വനവിഭവങ്ങള്‍ ശേഖരിക്കാനാണ് ഭാര്യ സീതയും മക്കളായ സജുമോന്‍, അജിമോന്‍ എന്നിവരും ഒന്നിച്ച് കാടിനുള്ളിലേക്ക് പോയതെന്നും അവിടെവെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് ബിനു പറഞ്ഞത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ നാലുപേരും വാസസ്ഥലമായ തോട്ടാപ്പുരയില്‍നിന്ന് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുട്ടികളാണ് ഫോണ്‍ വിളിച്ച് അപകടവിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളും വനപാലകരും കാടിനുള്ളില്‍ പോയാണ് പരിക്കേറ്റ ഇരുവരെയും പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചശേഷമാണ് സീത മരിച്ചത്.
ബിനുവിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ഇവിടെവെച്ച് ആനയുടെ ആക്രമണത്തെപ്പറ്റിയെല്ലാം ബിനു മാധ്യമങ്ങളോട് വിവരിച്ചിരുന്നു. കാട്ടാനയാക്രമണത്തിലാണ് സീത കൊല്ലപ്പെട്ടത് എന്ന് ധരിച്ചിരുന്ന നാട്ടുകാര്‍ ഇന്നലെ പീരുമേട്ടില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന് സംശയങ്ങള്‍ ബലപ്പെട്ടത്.
തുടര്‍ന്ന് സീതയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം പോസ്റ്റുമോര്‍ട്ടം പീരുമേട്ടില്‍തന്നെ നടത്തുകയായിരുന്നു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് പോലീസിന്റെ സംശയം സത്യമാണെന്ന് തെളിക്കുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
മൃഗീയമായ മര്‍ദനമേറ്റാണ് സീത കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സീതയുടെ തല പലതവണ പരുക്കനായ പ്രതലത്തില്‍ ഇടിച്ചതായി വ്യക്തമായി. ഇടതുവശത്തെ വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം ശ്വാസകോശത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തുനിന്നും താഴേക്ക് വീണതിന് സമാനമായ പരിക്കുകളും സീതയുടെ ശരീരത്തിലുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിലും കൈകളിലുമെല്ലാം മല്‍പിടിത്തം നടന്നതിന്റെ പാടുകളുണ്ട്. സീതയെ ബിനു കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കാവുന്ന കാര്യങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് പോലീസ് പറയുന്നു. കാട്ടാനയാക്രമണത്തിലാണ് സീത മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാനുള്ള മനപ്പൂര്‍വമായ ശ്രമം ബിനു നടത്തിയെന്നും പോലീസ് വ്യക്തമാക്കുന്നു.
പ്രവാസിയെ ഹണി ട്രാപ്പില്‍ കുടുക്കി ഥാര്‍ കാറും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോണിലൂടെയാണ് റുബൈദ സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഇവര്‍ സിറാജിനോട് വാടക വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. തന്നെ സംഘം ഉപദ്രവിച്ചതായും 1,06,500 രൂപ കൈക്കലാക്കി ഥാര്‍ കാറുമായി കടന്നുകളയുകയായിരുന്നുവെന്നും സിറാജ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
പൊലീസ് നടത്തിയ പരിശോധനയില്‍ സിറാജിന്റെ കാര്‍ അജിനാസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വലിയ തോതില്‍ ഇയാളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ യുവതിയും സംഘവും ഒരുക്കിയ കെണിയില്‍ ഇയാള്‍ കുടുങ്ങിപ്പോവുകയായിരുന്നുവെന്നും മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.