Kerala

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി നാല് വർഷത്തോളം യുവതിയെ പീഡിപ്പിച്ചെന്നും 7 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും ഉള്ള കേസിൽ ചെറുപുഴ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കേഞ്ചാലിലെ കെ.പി. റബീൽ (30) എന്ന യുവാവിനെ ആണ് മൈസൂരിൽ നിന്ന് ചെറുപുഴ പൊലീസ് പിടികൂടിയത് . പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പീഡനത്തിന്റെയും തട്ടിപ്പിന്റെയും വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

വിവാഹബന്ധം വേർപെട്ട ശേഷം സൗഹൃദത്തിലായിരുന്ന യുവതിയെ വിവിധ സ്ഥലങ്ങളിലേയ്ക്കും റിസോർട്ടുകളിലേയ്ക്കും കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെ മറ്റൊരു യുവതിയുമായി റബീലിന്റെ വിവാഹം നിശ്ചയിച്ചതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവിൽ ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് മുമ്പും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ് സംബന്ധിച്ച കൂടുതൽ അന്വേഷണം തുടരുകയാണ്.

മോഹൻലാൽ നായകനായി, സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാകും. ഓഗസ്റ്റ് 28-ന് ഓണം റിലീസായി എത്തി, വിജയകരമായി തീയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ചിത്രം 10 വർഷത്തിന് ശേഷം സത്യൻ അന്തിക്കാടുമായുള്ള അദ്ദേഹത്തിന്റെ കൂട്ടായ്മയാണ്. സിദ്ദീഖ്, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്‌സ്, മാളവിക തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരളത്തിലും പുണെയിലുമായാണ് കഥ നടക്കുന്നത്. അഖിൽ സത്യൻ കഥ ഒരുക്കിയപ്പോൾ, അനൂപ് സത്യൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ടി.പി. സോനു തിരക്കഥ എഴുതി, അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചു.

താമരശ്ശേരി: മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലീസ് നടപടികളിലെ വീഴ്ച വിവാദമാകുന്നു. വീടിനു സമീപം മറ്റൊരു കുട്ടിയെ ഉപദ്രവിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് യുവതി ആക്രമിക്കപ്പെട്ടതെന്നാണ് പരാതി. പുതുപ്പാടി ആനോറമ്മൽ സൗമ്യ (25) യ്ക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് സൗമ്യ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്.

എന്നാൽ സ്റ്റേഷനിൽ പരാതി സ്വീകരിച്ച് റസീപ്റ്റ് നൽകാൻ പോലീസ് തയ്യാറായില്ലെന്നാണ് സൗമ്യയുടെ ആരോപണം. അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസെത്തിയ ശേഷം മാത്രമാണ് പരാതി രേഖപ്പെടുത്തിയത്. രാത്രി ആയതിനാലാണ് ഉടൻ റസീപ്റ്റ് നൽകാൻ സാധിക്കാതിരുന്നതെന്ന് പോലീസ് വിശദീകരിച്ചു. യുവതിയുടെ ആരോപണങ്ങളും പൊലീസിന്റെ നിലപാടും പ്രദേശത്ത് ശക്തമായ പ്രതികരണങ്ങൾക്ക് വഴിവച്ചു. സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

കൊച്ചി: നടി റിനി ആൻ ജോർജിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച സംഭവത്തിൽ ഷാജൻ സ്‌കറിയ, രാഹുൽ ഈശ്വർ എന്നിവരടക്കം നാലുപേരെ പ്രതി ചേർത്തു കേസെടുത്തു. എറണാകുളം റൂറൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നടിയുടെ പരാതി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരിട്ട് നൽകിയതിനെ തുടർന്നാണ് നടപടി. ഐടി ആക്ടിലെ സെക്ഷൻ 67, ബി.എൻ.എസ്, കേരളാ പോലീസ് ആക്ട് എന്നിവയുടെ വകുപ്പുകളാണ് ചുമത്തിയത്. റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും യുട്യൂബ് ചാനൽ വഴിയും നടത്തിയ അധിക്ഷേപമാണ് അന്വേഷണ വിധേയമാകുന്നത്. കൂടുതൽ പേരെ പ്രതികളായി ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്താൽ മതിയെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ചു . 24 മണിക്കൂറും ശൗചാലയം തുറക്കണമെന്ന് മുൻപ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയത്.

ശൗചാലയം ഉപഭോക്താക്കളല്ലാത്തവർ ഉപയോഗിക്കുന്നത് തടയണമെന്ന ആവശ്യവുമായി പമ്പുടമകൾ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, സിംഗിൾ ബെഞ്ച് പൊതു ജനങ്ങൾക്കും സൗകര്യം അനുവദിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പമ്പിന്റെ പ്രവൃത്തി സമയത്തേക്ക് മാത്രം പരിമിതപ്പെടുത്തിയാണ് ഡിവിഷൻ ബെഞ്ച് വിധി നൽകിയത്.

സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും, വാട്സാപ്പിലൂടെ അശ്ലീല വിഡിയോകളും മെസേജുകളും അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സ്വദേശിയെ കോഴിക്കോട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. തേക്കുംകര പുന്നപ്പറമ്പ് താഴത്തുവീട്ടിൽ ടി.കെ.സംഗീത് കുമാറാണ് (29) അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ നിന്നാണ് ഇയാൾ പെൺകുട്ടികളുടെ വിവരം ശേഖരിക്കുക.

കോളജിലെ സീനിയർ വിദ്യാർഥിയെന്ന വ്യാജേന മെസേജുകൾ അയച്ച് സൗഹൃദത്തിലാകും. വാട്സാപ്പിൽ ഗ്രൂപ്പുകൾ നിർമിച്ചും പിന്നീട് നേരിട്ടും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ വിഡിയോകളും ഫോട്ടോകളും ലൈംഗിക പരാമർശത്തോടു കൂടിയ മെസേജുകളും ഇയാൾ അയച്ചിരുന്നു.

ഇയാളുടെ പക്കൽനിന്ന് ഇതിനായി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു. പ്രതിക്കെതിരെ കൊല്ലം ജില്ല ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലും തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്ത കേസുകൾ അടക്കം സമാനമായ ഒട്ടേറെ പരാതികൾ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി.

സൈബർ ക്രൈം പൊലീസ് അസി. കമ്മിഷണർ ജി.ബാലചന്ദ്രന്റെ നിർദേശപ്രകാരം കോഴിക്കോട് സിറ്റി സൈബർ സെൽ ഇയാളുടെ ഫോൺ നമ്പറുകളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫെബിൻ, സിപിഒമാരായ ഷമാന അഹമ്മദ്, വി.ബിജു, മുജീബ് റഹ്മാൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശിവഗിരി സംഭവത്തിൽ പോലീസിനെ അയച്ചത് തന്നെ ഏറ്റവും വേദനിപ്പിച്ച കാര്യമാണെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. 1995-ൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് ഇടപെടലുണ്ടായത്. എന്നാൽ അതിനുശേഷം ജെ. ബാലകൃഷ്ണൻ കമ്മീഷൻ അന്വേഷണം നടത്തിയെങ്കിലും റിപ്പോർട്ട് ഇന്നു വരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുത്തങ്ങയിലെ ആദിവാസി സമരവുമായി ബന്ധപ്പെട്ടും സിബിഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്ന് ആന്റണി ഓർമ്മിപ്പിച്ചു. അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും കയ്യേറ്റം അനുവദിച്ചതിന് ശേഷം പോലീസാണ് ഇടപെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പഴി കേട്ടത് താനാണെന്നും, ‘ആദിവാസികളെ ചുട്ടുകൊന്നു’ എന്നാരോപണം ഇടതുപക്ഷം പ്രചരിപ്പിച്ചതാണെന്നും ആന്റണി വ്യക്തമാക്കി.

മാറാട് കാലത്തെ സംഭവത്തെക്കുറിച്ചും സിബിഐ അന്വേഷണം നടത്തിയ റിപ്പോർട്ട് ഉണ്ടെന്നും അത് പുറത്തു വിടണമെന്നാണ് ആന്റണിയുടെ ആവശ്യം. സത്യാവസ്ഥ ജനങ്ങൾക്കുമുമ്പിൽ വെക്കുന്നതാണ് സർക്കാരിന്റെ കടമയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് ഞങ്ങളുടെ ഭരണകാലത്താണ്. എന്നാൽ 21 വർഷങ്ങൾക്ക് ശേഷവും തന്നെ അധിക്ഷേപിക്കപ്പെടുകയാണ്” എന്നും ആന്റണി ചൂണ്ടിക്കാട്ടി.

തൃശൂർ: അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു കുറച്ചു ദിവസമായി തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് (ബുധൻ)  ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്.

തൃശൂർ അതിരൂപത ആർച്ച്‌ ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്‌ഥാനങ്ങളിൽ സ്‌തുത്യർഹ സേവനമനുഷ്‌ഠിച്ച മാർ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.

ജീവൻ ടിവിയുടെ സ്‌ഥാപക ചെയർമാനാണ്. രണ്ടുതവണ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ, 2000–06) വൈസ് പ്രസിഡന്റ് പദവി വഹിച്ചു. 2004–ൽ തൃശൂർ മേരിമാതാ സെമിനാരിയിൽ നടന്ന സിബിസിഐയുടെ ചരിത്ര സംഗമത്തിന്റെ സംഘാടകനായി ശ്രദ്ധനേടി.

1997-ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്‌ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്‌ഥാനത്തു തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു.  കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റെയും റോസയുടെയും നാലാമത്തെ മകനായി 1930 ഡിസംബർ 13നാണു ജനനം. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു.

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ വിദ്യാഭ്യാസ വകുപ്പിലെ എ.ഇ.ഒ, റെയിൽവേ ജീവനക്കാരൻ എന്നിവരടക്കം എട്ടുപേരെ ചന്തേര പൊലീസ് അറസ്റ്റു ചെയ്തു.

പ്രധാന പ്രതിയും യൂത്ത്‌ ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിറാജുദ്ദീൻ ഒളിവിലാണ്. കണ്ണൂർ റൂറൽ, കണ്ണൂർ സിറ്റി, കോഴിക്കോട് സ്റ്റേഷനുകളിലടക്കം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ ആകെ 20 പേരാണ് പ്രതികൾ. എ.ഇ.ഒയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി സൈനുദ്ദീൻ(52), സി.പി.എം പ്രവർത്തകൻ വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ(60), പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് വിവരം. മുഴുവൻ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

പീഡനത്തിന് ഇരയായ വിദ്യാർത്ഥിയിൽ നിന്ന് ചന്തേര പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. 2023 അവസാനം മുതൽ 2025 സെപ്തംബർവരെ കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് വിവരം. ചന്തേര ഇൻസ്‌പെക്ടർ കെ.പ്രശാന്ത്, നീലേശ്വരം ഇൻസ്‌പെക്ടർ നിബിൻ ജോയ്, വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ കെ.പി.സതീഷ്, ചീമേനി ഇൻസ്‌പെക്ടർ ടി.മുകുന്ദൻ, ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ കുട്ടിയുമായി പരിചയപ്പെട്ടതെന്നാണ് വിവരം. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്.

പതിവായി രണ്ടുപേർ വീട്ടിലെത്തുന്നതും കുട്ടിയുമായി രഹസ്യമായി ഇടപഴകുന്നതും കണ്ട മാതാവിന് തോന്നിയ സംശയമാണ് പീഡനവിവരം പുറത്തറിയാൻ ഇടയാക്കിയത്. ചൈൽഡ് ലൈൻ അധികൃതർ വിദ്യാർത്ഥിയിൽ നിന്ന് മൊഴിയെടുത്തശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

കോഴിക്കോട്ട് യുവതിയെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശി സജീഷി (32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് വഴിയാണ് ഇയാൾ ഇടുക്കി സ്വദേശിനിയുമായി ബന്ധം സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

2021 ഏപ്രിലിൽ യുവതിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, പിന്നീട് 2023-ൽ വീണ്ടും ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്നുമാണ് വിവരം.

നഗ്നദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു വിവാഹാലോചനയും തടസ്സപ്പെടുത്തിയതായി യുവതി പരാതി നൽകി. പ്രതിയെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കസബ എഎസ്‌ഐ സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

RECENT POSTS
Copyright © . All rights reserved