കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവും തിരുവല്ല മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫ് പക്ഷത്തേക്ക്. കെഎം മാണിയുടെ പാർട്ടിയെ അദ്ദേഹത്തെ വഞ്ചിച്ച ഇടതുപക്ഷത്തിൻറെ ലാവണത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കടുത്ത എതിർപ്പാണ് പുതുശ്ശേരിയുടെ മനംമാറ്റത്തിന് കാരണം
കെഎം മാണിയുടെ കാലത്ത് കേരള കോൺഗ്രസിന്റെ പ്രധാന ശക്തി കേന്ദ്രമായിരുന്നു പത്തനംതിട്ട ജില്ല. എന്നാൽ ജോസ് ജോസഫ് തർക്കത്തിൽ വ്യക്തമായ മേൽക്കൈ ആണ് പത്തനംതിട്ട ജില്ലയിൽ പി ജെ ജോസഫ് നേടിയത്. അവിഭക്ത കേരള കോൺഗ്രസിൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ആയ വിക്ടർ ടി തോമസ് നിലവിൽ ജോസഫ് പക്ഷത്താണ്. പുതുശ്ശേരി കൂടി ജോസഫ് പക്ഷത്തേക്ക് മാറുമ്പോൾ പത്തനംതിട്ട ജില്ലയിൽ ജോസ് കെ മാണിക്ക് ഇനി തലയെടുപ്പുള്ള നേതാക്കളുടെ പിന്തുണ ഇല്ല.കേരള കോൺഗ്രസ് അംഗങ്ങളും ഇപ്പോൾ പി ജെ ജോസഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ്.
നിയമസഭയിൽ കല്ലൂപ്പാറ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ജോസഫ് എം പുതുശ്ശേരി. ബാർ കോഴ വിഷയം വലിയ വിവാദമായപ്പോൾ കെ എം മാണിക്ക് ഏറ്റവും ശക്തമായ പ്രതിരോധം തീർത്ത നേതാവായിരുന്നു അദ്ദേഹം. ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആകുന്നതിനു ശക്തമായ പിന്തുണയാണ് പുതുശ്ശേരി നൽകിയത്. എന്നാൽ ഒരു ഹിഡൻ അജണ്ടയോടു കൂടി ഇടതുപക്ഷ ബന്ധം ലക്ഷ്യമാക്കിയ രാഷ്ട്രീയ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തിയതെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. യുഡിഎഫ് വിടില്ല എന്ന് തീർച്ച പറഞ്ഞാണ് അദ്ദേഹം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത് എന്നും പുതുശ്ശേരിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
എൽഡിഎഫ് ബന്ധത്തിൻറെ പേരിൽ ജോസ് വിഭാഗത്തെ തള്ളിപ്പറയുന്ന അവസാനത്തെ നേതാവില്ല പുതുശ്ശേരി എന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. റോഷി അഗസ്റ്റിൻ എംഎൽഎ യും ആശയക്കുഴപ്പത്തിലാണ്. ഇടുക്കിയിൽ ഇടതുപക്ഷത്തിൽ നിന്നാൽ അദ്ദേഹത്തിൻറെ വിജയ സാധ്യത തീരെ കുറവാണ്. ഇടതുപക്ഷ പ്രതിനിധിയായി പത്തുകൊല്ലത്തോളം ഇടുക്കി പാർലമെൻറ് അംഗമായ ജനകീയത ഉള്ള നേതാവ് ഫ്രാൻസിസ് ജോർജ് കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർത്ഥി ആയപ്പോൾ റോഷി അദ്ദേഹത്തെ പരാജയപ്പെടുത്തിയത് പതിനായിരത്തിലധികം വോട്ടുകൾക്കാണ്. ശക്തമായ ഇടതു തരംഗത്തിനിടയിലും യുഡിഎഫിന് അത്ര സുരക്ഷിത മണ്ഡലമാണ് ഇടുക്കി. അതുകൊണ്ടുതന്നെ താൻ ഇടതുപക്ഷ സ്ഥാനാർത്ഥി ആയാലും ഫ്രാൻസിസ് ജോർജിന് സംഭവിച്ചത് തനിക്ക് സംഭവിക്കുമെന്നാണ് റോഷിക്കുള്ള ആശങ്ക.
ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കേണ്ടി വന്നാൽ പാലാ പൂഞ്ഞാർ സീറ്റുകളിലാണ് റോഷി നോട്ടമിടുന്നത്. എന്നാൽ കോട്ടയം ജില്ലയിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരുന്നതിന് ജോസ് കെ മാണിക്ക് തീരെ താല്പര്യമില്ല. കെഎംമാണി ഉള്ള കാലത്ത് പോലും റോഷി അഗസ്റ്റിന് സ്വന്തം സ്ഥലമായ കോട്ടയം ജില്ലയിൽ, പ്രത്യേകിച്ച് പാലായിൽ പൊതു പരിപാടികളിൽ/ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. റോഷി തനിക്ക് വലിയ ഭീഷണി ആകുമെന്ന് ജോസ് കെ മാണിക്ക് ഉണ്ടായിരുന്നു ഭീതിയാണ് ഇതിന് പിന്നിൽ ഉള്ളത് എന്ന് അന്നേ കേരളകോൺഗ്രസിൽ പാട്ടായിരുന്നു. എന്നാൽ ജോസഫുമായി ആശയ ഭിന്നത ഉണ്ടായപ്പോൾ ജോസ് പക്ഷത്ത് റോഷി ഉറച്ചു നിന്നത് പാർട്ടിയിൽ രണ്ടാമൻ ആകുകയും, ജോസ് കെ മാണി എം പി ആയതിനാൽ തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം ലഭിക്കുമെന്നും റോഷി അഗസ്റ്റിൻ കണക്കുകൂട്ടിയിരുന്നു. മുന്നണി പ്രവേശനം നേരത്തെ നടന്നിരുന്നെങ്കിൽ അദ്ദേഹം മന്ത്രിയാകുമെന്ന് പോലും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തനിക്ക് അനുകൂലമല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഭയാശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കേരളകോൺഗ്രസ് പ്രമുഖൻ പ്രതികരിച്ചു.
ജോസ് കെ മാണി – പി ജെ ജോസഫ് പോരാട്ടത്തിൽ ഉള്ള ഒരു വലിയ പ്രത്യേകത കെഎം മാണിയുടെ വിശ്വസ്തനായിരുന്നവരാണ് ഇന്ന് ജോസഫിനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം നേതാക്കളും എന്നതാണ്. മാണി-ജോസഫ് ലയനം നടക്കുമ്പോൾ കെഎം മാണിയുടെ ശക്തരായ വക്താക്കളാണ് ഇന്ന് അദ്ദേഹത്തിൻറെ മകനെ കൈവിട്ട ജോസഫിനൊപ്പം നിൽക്കുന്നത്. ഇത് കൃത്യമായും യുഡിഎഫ് നോടുള്ള അനുഭാവം കൊണ്ടുതന്നെയാണ്.
സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയി എബ്രഹാം,പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി തോമസ്എന്നീ നേതാക്കൾ കെ എം മാണിയുടെ ഏറ്റവും വിശ്വസ്തരും അന്ധമായ ആരാധകരും ആയിരുന്നു. എന്നാൽ ഇവരെ കൂടെ നിർത്താൻ കഴിയാതെ പോകുന്നത് ജോസ് കെ മാണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കേരള കോൺഗ്രസ് അണികൾക്കിടയിലും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും
ഏതായാലും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് ഒഴുക്കു തുടരുമെന്ന് തന്നെയാണ്. യുഡിഎഫ് മനോഭാവമുള്ള നേതാക്കളും അണികളും ആണ് കേരള കോൺഗ്രസിൽ ഭൂരിപക്ഷവും. ഇടതുപക്ഷവുമായി ഒരു ബന്ധം അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇതുകൊണ്ടാണ്. കത്തോലിക്കാ സഭയുടെ പിന്തുണയും നിലവിൽ യുഡിഎഫ് പക്ഷത്തുള്ള പി ജെ ജോസഫിന് തന്നെയാണ്. സഭയുടെ അന്ധമായ പിന്തുണയാണ് പാലാ ഉൾപ്പെടെ കോട്ടയം ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലും, നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസിന് പലപ്പോഴും പിടിച്ചുനിർത്തിയത്. ഇടതുപക്ഷ ബന്ധത്തിൻറെ പേരിൽ ഇതാണ് ജോസ് കെ മാണിക്ക് നഷ്ടമാവുക.
തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.
ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.
പുത്തന്‍ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പുത്തന്‍ചിറ സ്വദേശിനി കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്ത് (30) ആണ് മരിച്ചത്. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദിനെ മാള ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി അറസ്റ്റ് ചെയ്തു. പിണ്ടാണി ഷാപ്പിന് സമീപം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം.
കൃത്യം നടത്തിയ ശേഷം ഷംസാദ് രണ്ടു മക്കളെയും കൊണ്ട് പറവൂരിലെ വീട്ടിലേക്ക് പോയി. മക്കളെ അവിടെയാക്കി തിരികെ പുത്തന്‍ചിറയിലേക്ക് തിരിച്ചെങ്കിലും പാതിവഴിയില്‍ പറവൂരിലേക്ക് മടങ്ങി. ഇയാള്‍ പറവൂരിലെ കുടുംബാംഗങ്ങളോട് താന്‍ കുറ്റകൃത്യം ചെയ്ത വിവരം പറഞ്ഞിരുന്നത്രേ. ഇവരാണ് പുത്തന്‍ചിറയിലേക്ക് വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞത്.
സമീപവാസിയായ പൊലീസ് ഉദ്യോഗസ്ഥ വീടിനകത്തു കയറി നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാള പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ഷംസാദ് വടക്കേക്കര സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ തന്ത്രപൂര്‍വം ഷംസാദിനെ വടക്കേക്കര സ്റ്റേഷനില്‍ എത്തിച്ച് മാള പൊലീസില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് വടക്കേക്കരയിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ ഇയാളുമായി തെളിവെടുപ്പിനു പുത്തന്‍ചിറയിലെത്തി. ഇതേസമയം റഹ്മത്തിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിക്ക് നേരെ ആക്രോശവുമായി അടുത്തു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധർ എത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യൽ ആറു മണിക്കൂർ പിന്നിട്ടു. ഇത് മൂന്നാംതവണയാണ് എന്‍ഐഎ ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.
സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യൽ. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.
ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്റ്റേറ്റ് കാറില്‍തന്നെ പോകണമായിരുന്നു, അത് ജലീല്‍ സ്വയം തീരുമാനിക്കേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം വിശദീകരിച്ചു. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ് കെ.മാണിയുടെ നിലപാട് മാറാം. അന്യന്റെ പുല്ല് കണ്ടോണ്ട് പശുവിനെ വളര്‍ത്താന്‍ നില്‍ക്കരുത്. മൂന്ന് ഭാഗത്തേക്കും ജോസിന് വില പേശാമല്ലോയെന്നും കാനം പരിഹസിച്ചു.
എല്‍ഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ. സിപിഐ നിര്‍വാഹകസമിതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എല്‍ഡിഎഫിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയചുമതല സിപിഐ നിറവേറ്റും. ഇടതുനിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും കാനം വ്യക്തമാക്കി.
അതേസമയം, കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണെന്ന് കാനം പറഞ്ഞു. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്നാണ് കോണ്‍ഗ്രസ് സമീപനം. കോവിഡ് പ്രതിരോധം അട്ടിമറിച്ചുള്ള സമരങ്ങള്‍ക്കെതിരെ 29ന് എൽഡിഎഫ് പ്രതിഷേധം.
വിദേശങ്ങളിലും ഇന്ത്യയിലെ ചില പ്രധാന നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന ‘ഡ്രൈവ് ഇന്‍’ സിനിമാ പ്രദര്‍ശനം ഇനി മുതല്‍ കേരളത്തിലും. ബംഗളൂരു, ഡല്‍ഹി, മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലേക്കും ‘ഡ്രൈവ് ഇന്‍ സിനിമ’ പ്രദര്‍ശനവുമായി എത്തുന്നത്.
കൊച്ചിയില്‍ അടുത്ത മാസം നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും വേദി. 15 അതിഥികള്‍ക്കാണ് ആദ്യ പ്രദര്‍ശനത്തിന് അവസരമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സോയ അഖ്തറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘സിന്ദഗി ന മിലേഗി ദൊബാര’യാണ് ഉദ്ഘാടന ചിത്രം.
തുറസ്സായ സ്ഥലത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. കൃത്യമായ അകലം പാലിച്ച് ഒരു വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വന്തം കാറുകളിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് ഇവര്‍ ഒരുക്കുന്നത്. കാറിന്റെ സ്പീക്കറിലൂടെത്തന്നെ സിനിമയുടെ ഓഡിയോയും എത്തിക്കും. പ്രദര്‍ശനത്തിന്റെ ടിക്കറ്റ് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനുള്ള സംവിധാനവും അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. പ്രായമായവര്‍ക്ക് മാത്രമല്ല, രോഗം ബാധിച്ച എല്ലാ പ്രായപരിധിയില്‍പ്പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നും പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നു.
രോഗ ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ആഴ്ചകള്‍ നിര്‍ണായകമാണെന്നും മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെയുളള ഔദ്യോഗിക കണക്ക് അനുസരിച്ച് 592 പേരാണ് കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 70 ശതമാനവും അറുപത് വയസിന് മുകളിലുള്ളവരാണ്.
മരിച്ചവരില്‍ 22 ശതമാനം യുവാക്കളും 25 ശതമാനം മധ്യവയസ്‌കരുമാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന കണക്ക്. ഒരു വയസിനും 17 വയസിനുമിടയിലുള്ള മൂന്ന് പേരും 18 വയസിനും 40നും ഇടയിലുള്ള 26 പേരും 41നും 59നും ഇടയിലുള്ള 138 പേരുമാണ് ഇതുവരെ മരണപ്പെട്ടത്.
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്റാന്‍ മാളിന് സമീപത്തുണ്ടായ അപകടത്തിലാണ് മൂന്നു മലയാളി യുവാക്കള്‍ മരിച്ചത്. വയനാട് സ്വദേശി ചക്കര വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22) , കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22) , മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22) എന്നിവരാണ് മരിച്ചത്.
സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങി വരുന്ന വഴിക്ക് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത്. മൂവരും ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
മൂന്ന് പേരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട്..
മലയാളി യുവാവ് ദുബായിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീന്തല്‍ക്കുളത്തിലാണ് അജീര്‍ പാണൂസാ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 വയസായിരുന്നു. കാസര്‍കോട് ചെങ്കള സ്വദേശിയാണ് മരണപ്പെട്ട അജീര്‍. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീന്തല്‍ക്കുളത്തിലിറങ്ങിയപ്പോള്‍ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ് അജീര്‍. ഭാര്യ: ഫര്‍സാന. മകള്‍: ഫില ഫാത്തിമ. അജീറിന്റെ സഹോദരന്‍ ഹാരിസ് പാണൂസ് ഈ വര്‍ഷമാണ് ജനുവരിയില്‍ മരണപ്പെട്ടത്. ദുബായിയില്‍ വെച്ച് തന്നെയായിരുന്നു മരണം. ഒരാളെ വിട്ടു പിരിഞ്ഞതില്‍ നിന്നും മുക്തമാകുന്നതിന് മുന്‍പാണ് മറ്റൊരു സഹോദരനെ കൂടി ഇവര്‍ക്ക് നഷ്ടമായത്. മറ്റു സഹോദരങ്ങള്‍: സാജിദ്, അബ്ദുല്‍ റഹ്മാന്‍, സുഫൈര്‍.
ബിജെപി നടത്തുന്ന സമരങ്ങളില്‍ നിന്ന് സംസ്ഥാന ഉപാധ്യക്ഷയായ ശോഭാ സുരേന്ദ്രന്‍ വിട്ടു നില്‍ക്കുന്നത് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും തമ്മിലുള്ള ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, ശോഭയെ ആരും മാറ്റി നിര്‍ത്തിയിട്ടില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം. പാര്‍ട്ടിയില്‍ പോരിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇരുപക്ഷവും. ശോഭയുടെ പിന്‍മാറ്റം ഇപ്പോള്‍ ചര്‍ച്ചയാക്കിയതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടെന്നാണ് ഇരുവിഭാഗവും ആരോപിക്കുന്നത്.
ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കെ സുരേന്ദ്രനെന്നാണ് വിവരം. ബിജെപി പ്രതിഷേധങ്ങളിലും സമരങ്ങളില്‍ നിന്നെല്ലാം ശോഭ സുരേന്ദ്രന്‍ വിട്ടുനില്‍ക്കുകയാണിപ്പോള്‍. ബിജെപി മുഖമായി ചാനല്‍ ചര്‍ച്ചകള്‍ സ്ഥിരം സാന്നിധ്യമായിരുന്ന ശോഭാ സുരേന്ദ്രന്‍ നിലവില്‍ ഫേസ്ബുക്കിലൂടെ മാത്രമാണ് വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നത്.
എന്നാല്‍ തന്റെ നേതത്വത്തില്‍ നടക്കുന്ന സമരങ്ങളെല്ലാം വന്‍ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും സാഹചര്യത്തില്‍ അതില്‍ നിന്നും ശ്രദ്ധ മാറ്റാനാണ് ശോഭാ സുരേന്ദ്രന്റെ അഭാവം ഇപ്പോള്‍ ചര്‍ച്ചയാക്കിയിരിക്കുന്നതെന്നുമാണ് കെ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ ഭിന്നതകള്‍ മാറ്റിവെച്ച് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പിഎസ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു ശോഭാ സുരേന്ദ്രന്‍.
എന്നാല്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പിന്തുണയോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കരുക്കള്‍ നീക്കിയതോടെയാണ് ശോഭാ സുരേന്ദ്രന്‍ പുറത്തായത്. കെ സുരേന്ദ്രന്‍ അധ്യക്ഷനാവുകയും ചെയ്തു. ഇപ്പോഴുള്ള ശോഭ സുരേന്ദ്രന്റെ പിണക്കം മാറ്റാന്‍ ഇവരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.