സിനിമയെ വെല്ലുന്നൊരു മോഷണ കഥ. ഹരിപ്പാട് കരുവാറ്റ സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ മുഖ്യപ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടക്കോട് പറക്കാണി മേക്കുംകരയില്‍ ആല്‍ബിന്‍ രാജിനെ (36) തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് ശരിക്കും ഞെട്ടിത്തരിച്ചു.
കരുവാറ്റ സഹകരണ ബാങ്കില്‍ നിന്നും നാലേമുക്കാല്‍ കിലോഗ്രാം സ്വര്‍ണ്ണമാണ് ആല്‍ബിന്‍ മോഷ്ടിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചായിരുന്നു ബാങ്ക് കവര്‍ച്ച. 63.75 പവന്‍ സ്വര്‍ണമാണ് അല്‍ബിന്‍ കുഴിച്ചിട്ടത്. വീടിനടുത്തു തന്നെ പ്ലാസ്റ്റിക് കൂടുകളിലായാണ് സ്വര്‍ണം കുഴിച്ചിട്ടിരുന്നത്. സുഹൃത്ത് ഷൈബുവിന് കൈകളില്‍ സ്വര്‍ണ്ണം വാരിക്കോരി നല്‍കുകയും ചെയ്തു.
ആല്‍ബിനെ കൊണ്ടുവന്ന് കഴിഞ്ഞ് ദിവസമാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പോലീസ് പൊക്കിയത്. പിടികൂടുമ്പോള്‍ 1.85 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. മോഷണ മുതലെല്ലാം കരുതി വെച്ച് ആല്‍ബിന്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
ഒരു ഏക്കറോളം സ്ഥലത്ത് ആല്‍ബിന്‍ ഇരുനില വീട് ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു. പണമിടപാടു സ്ഥാപനത്തില്‍ സ്വര്‍ണം ആദ്യം പണയം വയ്ക്കുകയും പിന്നീട് വില്‍ക്കുകയുമായിരുന്നു സ്വര്‍ണ്ണം. ഉരുക്കിയ നിലയിലാണ് സ്വര്‍ണം സ്ഥാപനത്തില്‍ നിന്നു കണ്ടെത്തിയത്.
രണ്ടാം പ്രതി ചെട്ടികുളങ്ങര കണ്ണംമംഗലം കൈപ്പള്ളില്‍ ഷൈബു (അപ്പുണ്ണി) തിരുവനന്തപുരത്തു സ്വര്‍ണക്കടകളില്‍ വിറ്റ 1.1 കിലോഗ്രാം സ്വര്‍ണം കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മൂന്നാം പ്രതി കാട്ടാക്കട വാഴച്ചാല്‍ വാവോട് തമ്പിക്കോണം മേലേപ്ലാവിള ഷിബു (43) കാട്ടാക്കടയിലെ പണമിടപാടു സ്ഥാപനത്തില്‍ വിറ്റ 10 പവന്‍ സ്വര്‍ണവും വീട്ടില്‍ സൂക്ഷിച്ച 2 പവന്‍ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഷൈബുവിന് 1.5 കിലോഗ്രാമിലേറെ സ്വര്‍ണം നല്‍കിയെന്നാണ് ആല്‍ബിന്റെ മൊഴി. 1.5 കിലോഗ്രാം സ്വര്‍ണം തൂക്കി നല്‍കിയപ്പോള്‍ കൂടുതല്‍ വേണമെന്നു ഷൈബു തര്‍ക്കിച്ചെന്നും അപ്പോള്‍ ഒരു കൈ നിറയെ സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കിയെന്നുമാണ് ആല്‍ബിന്‍ പറയുന്നത്.
4.83 കിലോഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നാണ് ബാങ്ക് അധികൃതര്‍ പൊലീസിനെ അറിയിച്ചത്. ബാക്കി സ്വര്‍ണം കണ്ടെത്താന്‍ ആല്‍ബിനെയും ഷൈബുവിനെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണം കൂടുതല്‍ ശക്തമാക്കും.
ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടി നടന്ന അവസാന സംവാദത്തിലാണ് ട്രംപ് ഇന്ത്യക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. ‘ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു മലിനമാണ്’ എന്നാണ് സംവാദത്തില്‍ ട്രംപ് പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആദ്യം എന്തു ചെയ്യുമെന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.
കാരശ്ശേരി മരഞ്ചാട്ടിയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപികയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്. കാറില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരഞ്ചാട്ടി പാലത്തോട്ടത്തില്‍ ബിജുവിന്റെ ഭാര്യയും മരഞ്ചാട്ടി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുമായ ദീപ്തിയെ (40) ആണ് കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍, മാനസിക സമ്മര്‍ദം മൂലം ആത്മഹത്യചെയ്യുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വിരലടയാള വിദഗ്ധരും ഫോറെന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. മരഞ്ചാട്ടി തോട്ടുമുക്കം റോഡില്‍ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിന് സമീപം ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ദീപ്തിയെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ദീപ്തിയുടെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. ഡ്രൈവിങ്സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ടനിലയിലായിരുന്നു ദീപ്തിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റും ഡോര്‍പാഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം, കാറിനകത്തുനിന്ന് മണ്ണെണ്ണയുടെ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ പോലീസിനെതിരേ പുതിയ ആരോപണവുമായി കുടുംബം. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന പോലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു. കേരള പോലീസ് കേസന്വേഷിച്ചാല്‍ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
കേസില്‍ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ തിങ്കളാഴ്ച രണ്ട് പോലീസുകാരെത്തി വീണ്ടും പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.
‘മക്കള്‍ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോ എന്നാണ് പോലീസുകാര്‍ ആദ്യം ഫോണ്‍ വിളിച്ച് ചോദിച്ചത്. അതൊന്ന് കാണാനാണെന്ന് പറഞ്ഞാണ് തിങ്കളാഴ്ച പോലീസുകരെത്തിയത്. വീട്ടിലെത്തിയപ്പോള്‍ മൊഴിയെടുക്കണമെന്നും കേസില്‍ സംശയമുള്ളവരുടെ പേരുകള്‍ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ് പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ല’ – പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ഒക്ടോബര്‍ 25, ഒക്ടോബര്‍ 31 ദിവസങ്ങള്‍ താന്‍ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍ 25ന് പോക്‌സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവര്‍ഷം തികയും. ഒക്ടോബര്‍ 31 മുഖ്യമന്ത്രിയെ കാണാന്‍ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നില്‍ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.
കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടായെന്ന് വെളിപ്പെടുത്തിയ ഡോ നജ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം. വനിതാ ഡോക്ടര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപവും ബോഡി ഷെയ്മിംഗും വെര്‍ബര്‍ റേപ്പും നിറഞ്ഞ വിദ്വേഷ കമന്റുകളും പോസ്റ്റുകളുമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമായി നിന്നുകൊണ്ടായിരുന്നില്ല തന്റെ വെളിപ്പെടുത്തല്‍ എന്ന് ഡോ നജ്മ മാധ്യമങ്ങള്‍ക്കുമുന്നില്‍ ആവര്‍ത്തിച്ചിരുന്നെങ്കിലും ഇവര്‍ ചില സംഘടനകള്‍ക്കുവേണ്ടി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളും ഫേസ്ബുക്ക് കേന്ദ്രീകരിച്ച് ശക്തമാകുന്നുണ്ട്. ഇത്തരം വ്യാജപ്രചരണത്തിനെതിരെ ഡോക്ടര്‍ നജ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ദേശാഭിമാനി ദിനപ്പത്രവും സിഐടിയു കളമശ്ശേരിയും തനിക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതായി ഡോ നജ്മ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. നജ്മയ്‌ക്കെതിരെ പ്രൊഫഷണല്‍ യോഗ്യതകളെചോദ്യം ചെയ്യുന്ന തരത്തിലും സ്ത്രീതത്വത്തെ അപമാനിക്കുന്ന തരത്തിലുമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് സൈബര്‍ ആക്രമണം നടക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യക്തിയധിക്ഷേപത്തിനെതിരെ കടുത്ത നടപടിയാക്കായുള്ള നിയമഭേദഗതിയ്ക്ക് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ വനനിതാ ഡോക്ടര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവമെന്നതും ശ്രദ്ധേയമാണ്.
നല്ല കാര്യങ്ങളള്‍ സംഭവിക്കുമ്പോള്‍ ആഘോഷിക്കുന്നവര്‍ തെറ്റ് വരുമ്പോള്‍ അത് തുറന്നുപറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് കഴിഞ്ഞ ദിവസം ഡോ നജ്മ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ ചോദിച്ചിരുന്നു. അത് സംഭവിക്കാത്തതുകൊണ്ടല്ലേ തനിക്ക് നാളെയുണ്ടാകുന്ന നെഗറ്റീവ് അറ്റ്‌മോസ്ഫിയറില്‍ ജോലി ചെയ്യേണ്ടിവരുന്നതെന്നും അവര്‍ ചോദിച്ചു. സഹപ്രവര്‍ത്തകരുടെ പിന്തുണ തനിക്ക് ലഭിക്കുന്നുണ്ട്. ഡ്യൂട്ടിക്ക് കയറണം എന്ന് സഹപ്രവര്‍ത്തകര്‍ തന്നോട് പറയുന്നുണ്ടെന്നും ഡോ.നജ്മ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പറഞ്ഞു.
കേരള കോൺഗ്രസ് (എം) വിഭാഗത്തെ മുന്നണിയിലെടുക്കാൻ എൽഡിഎഫ് യോഗം തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ചർച്ചയായില്ല. ജോസ് വിഭാഗത്തിന്റെ വരവിനെ ഘടക കക്ഷികൾ സ്വാഗതം ചെയ്തെങ്കിലും പാലാ സീറ്റിനെ സംബന്ധിച്ച് എൻസിപിക്കുള്ള ആശങ്കകൾക്കു പരിഹാരമായിട്ടില്ല.
ജോസ് വിഭാഗം എൽഡിഎഫിലേക്കെത്തുന്നത് സുപ്രധാന രാഷ്ട്രീയ മാറ്റമാണെന്നു കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനെ ഇതു വലിയ തോതിൽ ദുർബലപ്പെടുത്തും. യുഡിഎഫ് കൂടുതൽ ശിഥിലമാകും. ജോസ് വിഭാഗത്തിന്റെ സഹകരണം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം എൽഡിഎഫിനു നൽകും. ഭരണത്തുടർച്ചയുടെ എല്ലാ സാധ്യതകളും വർധിപ്പിച്ച രാഷ്ട്രീയ തീരുമാനമാണ് ഉണ്ടായതെന്നും വിജയരാഘവൻ പറഞ്ഞു.
ഉപാധികളില്ലാതെയാണ് വരുന്നതെന്നു ജോസ് വിഭാഗം വ്യക്തമാക്കിയിട്ടുണ്ടെന്നു പാലാ സീറ്റു സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഒരു ആശങ്കയുമില്ലാതെയാണ് ഘടകകക്ഷികൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത്. യുഡിഎഫിനെ ദുർബലരായി കാണാനാഗ്രഹിക്കുന്ന എല്ലാവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യും.
നിയമസഭാ സീറ്റ് വിഭജനം യോഗത്തിൽ ചർച്ചയായില്ല. ബാർകോഴ വിവാദം സമൂഹത്തിനറിയാം. പണം പറ്റിയ കോൺഗ്രസ് നേതാക്കളുടെ പട്ടിക ദിവസങ്ങൾക്കു മുൻപ് പുറത്തുവന്നതാണെന്നും എ.വിജയരാഘവൻ പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷിച്ച് സർക്കാർ നടപടി സ്വീകരിക്കണം. ജോസ് കെ.മാണി പണം പറ്റിയതായി ആരോപണം ഉന്നയിച്ച ബിജു രമേശ് പറഞ്ഞതായി കേട്ടിട്ടില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എതിർക്കപ്പെടേണ്ട രാഷ്ട്രീയം എന്താണെന്നതാണ് പ്രസക്തം.
എൽഡിഎഫ് കൂടുതൽ വിപുലീകരിക്കപ്പെടും. മറ്റു പാർട്ടികളുടെ പിന്നിൽ നിൽക്കുന്നവർ എൽഡിഎഫിനോട് സഹകരിക്കാൻ തയാറാകും. അധാർമികതയോടൊപ്പം നിൽക്കുന്ന പ്രസ്ഥാനമല്ല എൽഡിഎഫ് എന്നു ജനങ്ങൾക്കറിയാമെന്നും വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് മാനിഫെസ്റ്റോ തയാറാക്കാൻ ഉപസമിതിയെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
കേരള കോണ്‍ഗ്രസിനെ (എം) ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ.മാണി പ്രതികരിച്ചു. എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയ മുന്നേറ്റത്തിനു വഴിയൊരുക്കും. കെ.എം.മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെ വന്ന് പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് മഞ്ജു സുനിച്ചന്‍. തന്റെ ജീവിതത്തിലെ ഓരോ സന്തോഷനിമിഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പതിനഞ്ചാം വിവാഹ വാര്‍ഷികദിനത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചുവെന്നും എന്നാല്‍ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ലെന്നും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണെന്നുമാണ് താരം കുറിച്ചത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും കൂടെ വേണമെന്നും താരം കുറിച്ചു.
മഞ്ജു സുനിച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..ഇന്നേക്ക് 15വര്‍ഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം
https://www.facebook.com/ManjuSunichanOfficial/posts/2715030115382251
മലയാളത്തില്‍ പാടില്ലെന്ന രീതിയില്‍ തന്റെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ തനിക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത് വലിയ വിമര്‍ശനങ്ങളാണെന്ന് തുറന്ന് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. എന്നാല്‍ താന്‍ ഒരിക്കലും മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാന്‍ വേണ്ടി മലയാളത്തില്‍ പാടില്ല എന്നൊരു തലക്കെട്ട് ഇട്ടിരുന്നു. ഇതിനേ തുടര്‍ന്ന് പല ഓണ്‍ലൈന്‍ മീഡിയകളും ഞാന്‍ മലയാളത്തില്‍ ഇനി പാടില്ല എന്ന് എഴുതി.എന്നെ ഒരുപാട് വിമര്‍ശിച്ചുവെന്ന് വിജയ് പറയുന്നു.
എന്നെ ചീത്ത പറഞ്ഞോ എന്റെ അപ്പനേ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ അതെല്ലാം എനിക്ക് പുല്ലാണെന്ന് വിജയ് യേശുദാസ് തുറന്നടിക്കുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം.
എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെയെന്നും വിജയ് വ്യക്തമാക്കി.
ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്. 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കുമ്മനത്തെ അഞ്ചാം പ്രതിയാക്കി ആറന്മുള പൊലീസ് കേസെടുത്തു. ആറന്മുള സ്വദേശി ഹരികൃഷ്ണന്റെ പരാതിയിലാണ് പൊലീസ് നടപടി. പാലക്കാട് പേപ്പർ കോട്ടൺ മിക്സ് നിർമ്മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാന്‍ പണം വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.
2018 മുതല്‍ രണ്ട് വര്‍ഷത്തിനിടെയാണ് പണം വാങ്ങിയതെന്നും പരാതിയിലുണ്ട്. കേസില്‍ കുമ്മനത്തിന്റെ മുന്‍ പി എ പ്രവീണ്‍ ഒന്നാം പ്രതിയാണ്. 28.75 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്നും ഹരികൃഷ്ണന്‍ പറയുന്നു.
പണം തിരികെ കിട്ടാന്‍ മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അതിന്റെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. അവശേഷിച്ച പണം കൂടി കിട്ടണമെന്നാവശ്യപ്പെട്ടാണ് പരാതി. പ്രവീണിന്റെ വിവാഹസമയത്തും കുമ്മനം 10000 വായ്പ്പയായി വാങ്ങിയെന്ന് പരാതിയുണ്ട്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം സാമ്പത്തിക തട്ടിപ്പടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ്. പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി ഡിവൈഎസ്പിക്ക് കൈമാറി. കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ സമിതിയില്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സ്ഥാനം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് സാമ്പത്തിക തട്ടിപ്പ് കേസ് വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കുമ്മനമാണ് തങ്ങളുടെ പ്രതിനിധിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ക്ഷേത്ര ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയ്ക്ക് കത്ത് നല്‍കിയിരുന്നു. മുന്‍പ് നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നാമനിര്‍ദ്ദേശം. ഇക്കാര്യം ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കി. പത്മനാഭസ്വാമിക്ഷേത്ര സമിതിയിലെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ മുന്‍പ് നിശ്ചയിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രിം കോടതി അഞ്ചംഗ ഭരണസമിതിയെ നിര്‍ദ്ദേശിച്ച് വിധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ട്രസ്റ്റ് നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് അംഗങ്ങളായുള്ളത്.
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെത്തിയ കുമ്മനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും കുമ്മനത്തിന് പ്രധാനസ്ഥാനം നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന പരാതി പിന്നീട് ഉയര്‍ന്നു. ബിജെപി ദേശീയ പുനസംഘടനയില്‍ കുമ്മനം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞെന്നാരോപിച്ച് സംസ്ഥാന ഘടകത്തിലെ പലവിഭാഗങ്ങള്‍ക്കും അമര്‍ഷമുണ്ട്.
ടിക് ടോക്കിലൂടെ ശ്രദ്ധേയനായ അമൽ ജയരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലായിലെ രാമപുരം നാഗത്തുങ്കൽ ജയരാജിന്റെ മകനാണ് പത്തൊമ്പതുകാരനായ അമൽ. വീട്ടിലെ കിടപ്പുമുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് അമൽ ജയരാജിനുള്ളത്. അതേസമയം, ഇയാളുടെ മരണത്തിന് കാരണമെന്താണ് എന്നതിൽ അവ്യക്തത തുടരുകയാണ്. അതേസമയം, അമൽ ഉപയോഗിച്ച ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അശ്വിൻ ആണ് അമലിന്റെ ഏകസഹോദരൻ.
ഈ വർഷം ജൂൺ 29ന് ടിക് – ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടെ ആയിരുന്നു ടിക് – ടോക് ഉൾപ്പെടെയുള്ള ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്.
ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയിൽ നിരവധി ഉപയോക്താക്കളായിരുന്നു ഉള്ളത്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വൻ ജനപ്രീതിയാണുള്ളത്. 2020ന്റെ ആദ്യ പാദത്തിൽ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തുകയും ചെയ്തിരുന്നു. 61 കോടിയിലേറെ ആയിരുന്നു ഇന്ത്യയിൽ ടിക് ടോക്കിന്‍റെ ഡൌൺലോഡ്.
കൊറോണ വൈറസ് മഹാമാരി കാലത്ത് ടിക് ടോക്കിന്റെ ജനപ്രീതി വർദ്ധിച്ചെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലോക്ക്ഡൌൺ കാലത്ത് ആളുകൾ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പായി കണ്ടതായും വിലയിരുത്തിയിരുന്നു. എന്നാൽ, അതിർത്തിയിൽ പ്രശ്നങ്ങൾ വഷളായപ്പോൾ ടിക്-ടോക്കിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.