യു ഡി എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. ജോസിനെയും കൂട്ടരെയും കൂടെ കൂട്ടാൻ സി പി എമ്മും ബി ജെ പി യും ശ്രമം നടത്തുന്നുണ്ട്. തല്ക്കാലം എങ്ങോട്ടുമില്ല ഒറ്റയ്ക്ക് നിന്ന് ശാക്തി തെളിയിക്കും എന്നൊക്കെ ജോസ് തട്ടി വിടുന്നുണ്ടെങ്കിലും ടിയാനും സംഘവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും ചേക്കേറും എന്ന കാര്യത്തിൽ നമ്മുടെ പൂഞ്ഞാർ പുലിക്കും സംശയം ലെവലേശമില്ല. എന്നാൽ ജോസും കൂട്ടരും എവിടെ കൂടുകൂട്ടും എന്നതല്ല ഇപ്പോൾ നമ്മുടെ പി സിയെ ആശങ്കാകുലനാക്കുന്നത്. ഒറ്റയ്ക്ക് നിൽക്കുന്നതിലെ അപകടം പി സി യും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും കയറിക്കൂടാനുള്ള വ്യഗ്രതയിലാണ് നമ്മുടെ പുലിയും. പിടിക്കുമ്പോൾ പുളിങ്കൊമ്പ് തന്നെ പിടിക്കണമെന്ന് പി സിക്കറിയാം. എന്നാൽ എൽ ഡി എഫിൽ സാധ്യത കുറവായതിനാൽ യു ഡി എഫ് മതിയാവും എന്നൊരു ചിന്തയുണ്ടത്രേ. ജോസ് മോൻ പോയാൽ പോട്ടെന്നേ ഞാൻ ലച്ചിപ്പോം എന്ന സന്ദേശം നൽകി കാത്തിരിക്കുകയാണ് പൂഞ്ഞാർ പുലിയെന്നാണ് 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. യു ഡി എഫ് നേതാക്കൾ പി സി യുമായി ഇതിനകം ചർച്ച നടത്തിയെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കൂടുമെന്നു പി സി പറഞ്ഞതായും 24 റിപ്പോർട്ട് ചെയ്യുന്നു.24 വാർത്ത ശരിയാണെങ്കിൽ പി സി യെ അടുത്തു തന്നെ യു ഡി എഫിൽ പ്രതീക്ഷിക്കാം.
കോട്ടയം ജില്ലയിലെ തന്നെ, അതും കെ എം മാണിയുടെ സ്വന്തം പാലായോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള പി സിയുടെ തുടർ വിജയങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. 1980 മുതൽ പി സി പൂഞ്ഞാറിന്റെ സ്വന്തം എം എൽ എ ആണെന്നതല്ല, കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കൊപ്പം നിന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്നും പോരാടി ജയിച്ച ചരിത്രം കൂടി ഉണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിൽ അയാളെ വ്യത്യസ്തനാക്കുന്നതെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കു വെറും കിടുവ ആയി പരിണമിക്കാറുണ്ടെന്നത് മാത്രമല്ല പി സി യിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഏറെക്കാലം ശത്രു പക്ഷത്തു നിറുത്തുക മാത്രമല്ല നിഴലിൽ കുത്തി സംഹരിച്ചു പോന്ന കെ എം മാണിയെ ( പി സി യുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘പാലാ മെമ്പർ’ ) കൂട്ടുപിടിച്ചു യു ഡി എഫ് സർക്കാരിൽ ചീഫ് വിപ്പ് വരെയായ പി സി യെ കയ്യിലിരുപ്പ് കണ്ടു മുന്നണിയിൽ ഉള്ളവർ പോലും ‘ചീപ് വിപ്’ എന്ന് വിളിച്ച ചരിത്രമുണ്ട്. ഫ്രാങ്കോ ബിഷപ്പ് കേസിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിൽ ‘ സ്ത്രീ വിരുദ്ധൻ ‘ പട്ടവും നമ്മുടെ പി സി ക്കു ചാർത്തി കിട്ടുകയും ഉണ്ടായിട്ടുണ്ട്.
പൂഞ്ഞാറിൽ പി സി യുടെ ‘ജനപക്ഷം’ പാർട്ടിക്ക് മോശമല്ലാത്ത ആൾബലം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാലായിലും കോട്ടയത്തുമൊക്കെ അല്ലറ ചില്ലറ സഹായം ചെയ്യാനും പി സിക്കു കഴിഞ്ഞേക്കും.അതുകൊണ്ടൊക്കെ തന്നെ പി സി തയ്യാറാണെങ്കിൽ പഴയതൊക്കെ മറന്നു ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കോൺഗ്രസ്സും യു ഡി എഫും തയ്യാറായേക്കും. പക്ഷെ അപ്പോഴും ബാക്കിയാവുന്ന ചോദ്യം സത്യത്തിൽ പി സി ഇപ്പോഴും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യിൽ ഉണ്ടോ അതോ സർവ സ്വതന്ത്രൻ ആണോ എന്നതാണ്. എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിലാണ് പി സി യുടെ പാർട്ടി അറിയപ്പെട്ടിരുന്നത്. മാണിയുടെ കേറിവാടാ മക്കളെ വിളികേട്ടു മഹാ ലയനത്തിൽ പി സിയും പങ്കാളിയായപ്പോൾ കേരള കോൺഗ്രസ് സെക്കുലർ സ്കറിയ തോമസ്സിന്റെ മാത്രം പാർട്ടിയായി. മാണിയെ വീണ്ടും തള്ളിപ്പറഞ്ഞു പുറത്തു വന്നപ്പോൾ ഉണ്ടാക്കിയ ജനപക്ഷവുമായാണ് എൻ ഡി എയുടെ ഘടകം ആയത്. അതുകൊണ്ടു തന്നെ ആ പാർട്ടിയുടെ പേരിനു മറ്റാരും അവകാശ വാദം ഉന്നയിക്കാൻ ഇടയില്ല. എങ്കിലും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പി സി വീണ്ടും യു ഡി എഫിൽ എത്തിയാലും അവിടെ തുടരുമെന്ന് ആർക്കാണ് ഉറപ്പ് എന്നത് മാത്രമല്ല ഇനി എന്തൊക്കെ യു ഡി എഫ് സഹിക്കേണ്ടി വരും എന്നതും ഒരു വലിയ പ്രശ്നമാണ്.
പാലക്കാട് നിരീക്ഷണത്തിലിരിക്കെ പരിശോധന ഫലം വരുംമുമ്പ് ക്വാറൻറീനില്‍നിന്ന് കടന്ന കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസില്‍നിന്ന് പിടികൂടി. മധുരയിൽ ചെരിപ്പ് വ്യാപാരിയാണ് ഇയാൾ. പാലക്കാട് തൃത്താലയിൽ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു ഇയാളെന്ന് ഡി.എം.ഒ കെ.പി. റീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 23നാണ് ഇയാൾ പട്ടാമ്പിയിലെത്തിയത്. തുടർന്ന് തൃത്താലയിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് സ്രവം പരിശോധനക്കെടുത്തു. ഉച്ചയോടെ കോവിഡ് പോസിറ്റിവായ ഫലമെത്തി. ഇതോടെ ആരോഗ്യ പ്രവർത്തകർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്. ശനിയാഴ്ച തന്നെ ഇയാൾ ക്വാറൻറീനിൽ കഴിഞ്ഞ വീടുവിട്ടിറങ്ങിയിരുന്നു.
കോഴിക്കോട് വരെ സുഹൃത്തിനൊപ്പം ബൈക്കിലായിരുന്നു യാത്ര. ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കും. അരോഗ്യ പ്രവർത്തകർ ബന്ധപ്പെടുമ്പോൾ ഇയാൾ കൊയിലാണ്ടിയിലെത്തിയിരുന്നു. തുടർന്ന് പൊലീസിന് വിവരം കൈമാറുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറടക്കം ബസിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ സിപിഎം ഭിന്നത പരസ്യമാവുന്നു. ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎമ്മിൻ്റെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനം ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അത് തുടരും. സംസ്ഥാനത്ത് ഇടത് മുന്നണിക്ക് തുടർ ഭരണത്തിന് സാധ്യതയുണ്ട്. അതിനെ ദുർബലപ്പെടുത്തുന്ന ഒന്നും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1965ൽ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. ആ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിച്ചുനോക്കട്ടെ. 1965ൽ മുസ്ലിം ലീഗ് ഉൾപ്പടെ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കാനം ഓർമിപ്പിച്ചു.
ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടുണ്ടോ എന്ന ചോദ്യവും കാനം ഉയർത്തി. വീരേന്ദ്രകുമാർ ഇടത് മുന്നണിയിൽ വന്ന സാഹചര്യം വ്യത്യസ്ഥമാണ്. വിരേന്ദ്ര കുമാരിന്റെ പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നത് സ്ഥാനമാനങ്ങൾ രാജിവച്ച ശേഷമാണ്. എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലീകരിക്കുന്നത് ജനാധിപത്യ കക്ഷികളെ കൂടെ ചേർത്താണ്, അല്ലാതെ വരുന്നവരെയും പോകുന്നവരെയും ചേർത്തല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കടലില്‍ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആരും മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് ഒരു വിഭാഗവും പോകണമെന്ന് മറ്റൊരു വിഭാഗവും പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് സ്ഥലത്ത് എത്തി ലാത്തി വീശിയാണ് സംഘര്‍ഷക്കാരെ ഒഴിവാക്കിയത്.
അതേസമയം മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ രാഷ്‌ട്രീയ മനസും കാഴ്‌ചപ്പാടും എന്താണെന്ന് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നടത്തിയ സർവേ ഫലം പുറത്തുവിട്ടു. ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ സമഗ്രമായ അഭിപ്രായ സര്‍വേയുടെ ഫലവും വിലയിരുത്തലുകളും ഇന്ന് 7.30 നാണ് ആരംഭിച്ചത്.
കെ.എം.മാണിയുടെ നിര്യാണവും കേരള കോൺഗ്രസിലെ പിളർപ്പും യുഡിഎഫിന് ക്ഷീണം ചെയ്യുമോ ? എന്നായിരുന്നു സർവേയിലെ ആദ്യ ചോദ്യം. യുഡിഎഫിന് ‘ക്ഷീണം ചെയ്യും’ എന്ന് 46 ശതമാനം പേർ പറഞ്ഞപ്പോൾ 28 ശതമാനം പേർ ‘ഇല്ല’ എന്ന് പറഞ്ഞു.
മുസ്‌ലിം ലീഗും കേരള കോൺഗ്രസും യുഡിഎഫിൽ തുടരുമോ എന്നതായിരുന്നു രണ്ടാമത്തെ ചോദ്യം. ‘തുടരും’ എന്ന് 49 ശതമാനം പേരും അഭിപ്രായപ്പെട്ടു. ‘തുടരില്ല’ എന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേരും.
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനു നൽകുന്ന മാർക്ക് എത്ര? ഈ ചോദ്യത്തിനു സർവേയിൽ പങ്കെടുത്തവർ നൽകിയ മറുപടി വളരെ മികച്ചത്: ഒൻപത് ശതമാനം, മികച്ചത്-45 ശതമാനം, തൃപ്‌തികരം-27 ശതമാനം, മോശം-19 ശതമാനം
സർവേയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്; കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ മികച്ച പ്രകടനമാണോ നടത്തുന്നത് ? എന്നതായിരുന്നു ആ ചോദ്യം. സർക്കാർ പ്രവർത്തനങ്ങൾ ‘വളരെ മികച്ചത്’ എന്ന് 15 ശതമാനം പേർ അഭിപ്രായപ്പെട്ടു. ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടത് 43 ശതമാനം പേരാണ്. ഭേദപ്പെട്ടത് എന്ന് അഭിപ്രായപ്പെട്ടത് 26 ശതമാനം പേർ. എന്നാൽ, മോശം എന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേർ മാത്രം.
കോവിഡ് കാലത്തെ മുന്നണി പ്രവർത്തനവും വിലയിരുത്തി. അതിൽ യുഡിഎഫ് മുന്നണിയുടെ പ്രവർത്തനം വളരെ മികച്ചത് എന്ന് അഭിപ്രായപ്പെട്ടത് നാല് ശതമാനം പേർ മാത്രം. ബിജെപിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് പറഞ്ഞത് ഏഴ് ശതമാനം പേർ.
കോവിഡ് കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തെ വിലയിരുത്തി. മുഖ്യമന്ത്രിയുടെ പ്രകടനം ‘വളരെ മികച്ചത്’ എന്ന് 16 ശതമാനം പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടു. തൃപ്‌തിപ്പെടുത്തുന്നത് എന്ന് അഭിപ്രായപ്പെട്ടത് 17 ശതമാനം ആളുകളാണ്. എന്നാൽ, പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത് 16 ശതമാനം പേർ മാത്രമാണ്. കോവിഡ് കാലത്തെ പ്രകടനം മുഖ്യമന്ത്രിയുടെ മതിപ്പ് ഉയർത്തിയോ എന്ന ചോദ്യത്തിനു 84 ശതമാനം ആളുകളും മതിപ്പ് ഉയർത്തി എന്നാണ് പറഞ്ഞത്. താഴ്‌ത്തി എന്ന് പറഞ്ഞത് 14 ശതമാനം പേർ മാത്രം.
മുഖ്യമന്ത്രിക്കു ശേഷം മറ്റ് രാഷ്‌ട്രീയ നേതാക്കളെ വിലയിരുത്തുന്ന ചോദ്യവും സർവേയിൽ ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വളരെ മികച്ചത് എന്നു അഭിപ്രായപ്പെട്ടവർ വെറും ആറ് ശതമാനം പേർ മാത്രം. മികച്ചത് എന്നു അഭിപ്രായപ്പെട്ടവർ 13 ശതമാനം പേർ. 33 ശതമാനം പേർ തൃപ്‌തികരം എന്നു പറഞ്ഞപ്പോൾ 47 ശതമാനം പേരും മോശം എന്നാണ് അഭിപ്രായപ്പെട്ടത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
വളരെ മികച്ചത്-രണ്ട് ശതമാനം
മികച്ചത്-18 ശതമാനം
ഭേദപ്പെട്ടത്-37 ശതമാനം
മോശം-43 ശതമാനം
ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ
വളരെ മികച്ചത്-അഞ്ച് ശതമാനം
മികച്ചത്-18 ശതമാനം
തൃപ്‌തികരം-40 ശതമാനം
മോശം-37 ശതമാനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുല്ലപ്പള്ളിയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 39 ശതമാനം പേർ. പ്രതിച്ഛായ മോശമാക്കിയെന്ന് അഭിപ്രായപ്പെട്ടത് 61 ശതമാനം. ചെന്നിത്തലയുടെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 43 ശതമാനം പേർ. മോശമെന്ന് അഭിപ്രായപ്പെട്ടത് 57 ശതമാനം പേർ. കെ.സുരേന്ദ്രന്റെ പ്രതിച്ഛായ വർധിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത് 56 ശതമാനം പേർ. മോശമാക്കിയെന്ന് അഭിപ്രായപ്പെട്ടത് 44 ശതമാനം പേർ മാത്രം.
ആരോഗ്യമന്ത്രി കെ.കെ.ശെെലജയ്‌ക്ക് സർവേയിൽ മികച്ച സ്വീകാര്യത ലഭിച്ചു. കെ.കെ.ശെെലജയുടെ പ്രകടനം ‘വളരെ മികച്ചത്’ എന്ന് 38 ശതമാനം പേർ അഭിപ്രായപ്പെട്ടു. ‘മികച്ചത്’ എന്ന് 43 ശതമാനം പേർ പറഞ്ഞു. ‘തൃപ്‌തികരം’ എന്ന് അഭിപ്രായമുള്ളത് 16 ശതമാനം പേർക്ക്. എന്നാൽ, ‘മോശ’മെന്ന് പറഞ്ഞത് വെറും മൂന്ന് ശതമാനം ആളുകൾ.
2021 ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കണം എന്ന ചോദ്യത്തിനു 47 ശതമാനം പേരും ഉമ്മൻചാണ്ടി വേണമെന്ന് അഭിപ്രായപ്പെടുന്നു. രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാർഥി ആവണമെന്ന് 13 ശതമാനം പേരും മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി സ്ഥാനാർഥി ആവണമെന്ന് 12 ശതമാനം പേരും അഭിപ്രായപ്പെടുന്നു. 28 ശതമാനം പേർ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
രണ്ട് ദിവസങ്ങളിലായാണ് സര്‍വേ ഫലം ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. സംസ്ഥാനത്തെ 50 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 10,409 പേരിൽ നിന്നാണ് സര്‍വേ സാംപിളുകൾ ശേഖരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. നാളെയും സർവേ ഫലം പുറത്തുവിടുന്നത് തുടരും. ജൂൺ 29 വരെയുള്ള സർവേ ഫലമാണിത്.
യുഡിഎഫിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മുസ്‌ലിം ലീഗ്-ജമാ അത്ത് ഇസ്‌ലാമി-എസ്‌ഡിപിഐ കൂട്ടുക്കെട്ടിലൂടെ വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കുകയാണ് സിപിഎം ലക്ഷ്യമെന്നും അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
“യുഡിഎഫ് പ്രതിസന്ധിയിലാണ്. വർഗീയ ധ്രുവീകരണത്തിനു ശ്രമങ്ങൾ നടക്കുന്നു. അടുത്തുവരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജമാ അത്ത് ഇസ്‌ലാമി, എസ്‌ഡിപിഐ പാർട്ടികളുമായി യോജിക്കാൻ ആലോചനകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. വർഗീയ കൂട്ടുക്കെട്ടുകളെ തോൽപ്പിക്കണം. ആർഎസ്എസ് അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കരുത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ യോജിപ്പ് വളർത്തിയെടുക്കണം. മതനിരപേക്ഷ നിലപാടിനെ ശക്തിപ്പെടുത്തി വർഗീയ ധ്രുവീകരണ ശക്തികളെ തോൽപ്പിക്കാൻ ഇടതുമുന്നണി പരിശ്രമിക്കും. അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സെക്രട്ടറിയേറ്റിൽ തീരുമാനമായിട്ടുണ്ട്,” കോടിയേരി പറഞ്ഞു.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാടും കോടിയേരി വ്യക്തമാക്കി. യുഡിഎഫിലെ ആഭ്യന്തര സംഘർഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാൻ കാരണം. ജോസ് കെ.മാണി ആദ്യം രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കണം. ജോസ് കെ.മാണി നിലപാട് പ്രഖ്യാപിച്ചശേഷം മാത്രമേ ഇടതുമുന്നണിയിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അവരോടുള്ള സമീപനം വ്യക്തമാക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയൊരു ചർച്ചയ്‌ക്ക് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് അവരോടുള്ള സമീപനം ഇടതുമുന്നണി ചർച്ച ചെയ്യുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിലും കോടിയേരി നിലപാട് വ്യക്തമാക്കി.” ‘ഒരു ദിവസം ആരോപണം ഉന്നയിക്കുന്നു, താെട്ടടുത്ത ദിവസം അത് പിൻവലിക്കുന്നു’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നത് ഇതാണ്. ആരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസം വന്ന് സർക്കാർ പറഞ്ഞതാണ് ശരിയെന്ന് പറയേണ്ടിവരുന്നു. ചെന്നിത്തലയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ അദ്ദേഹം തെളിവുകൾ കൊണ്ടുവരട്ടെ. തെളിവുകൾ ഉണ്ടെങ്കിൽ വിജിലൻസിനെയോ മറ്റ് ഏജൻസികളെയോ സമീപിക്കാമല്ലോ.” കോടിയേരി വെല്ലുവിളിച്ചു
അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ തുർക്കി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ തീവ്രവാദക്കുറ്റം ഇസ്താംബൂൾ കോടതി ശരിവച്ചു. മുൻ ആംനസ്റ്റി തുർക്കി ഡയറക്ടർ ഇഡിൽ എസറിനെ ‘ഒരു തീവ്രവാദ സംഘടനയെ സഹായിച്ചു’ എന്ന് ആരോപിച്ചാണ് കോടതി ഒരു വർഷം പതിമൂന്ന് മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
മുൻ ആംനസ്റ്റി ഇന്റർനാഷണൽ ടർക്കി ചെയർ ടാനർ കിലിക്കിനെ ‘തീവ്രവാദ സംഘടനയിൽ അംഗത്വം ഉണ്ടെന്ന്’ ആരോപിച്ച് ആറ് വർഷവും മൂന്ന് മാസവും തടവുശിക്ഷ വിധിച്ചതായും ആംനസ്റ്റി തുർക്കി അറിയിച്ചു. ജർമ്മൻ പൗരനായ പീറ്റർ സ്റ്റീഡ്‌നർ, സ്വീഡിഷ്കാരനായ അലി ഗരവി എന്നിവരടക്കം മറ്റ് ഏഴ് മനുഷ്യാവകാശ പ്രവര്‍ത്തകരെ കോടതി വെറുതെ വിടുകയും ചെയ്തു.
‘ഇത് പ്രകോപനമാണ്. അസംബന്ധ ആരോപണങ്ങളാണ് മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഒരു തെളിവുപോലും ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് ഒരു തീവ്രവാദ സംഘടനയിൽ അംഗമായി എന്നു പറഞ്ഞ് ടാനർ കിലിക് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാവരേയും കുറ്റവിമുക്തരാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല’ – ആംനസ്റ്റിയുടെ ആൻഡ്രൂ ഗാർഡ്നർ ട്വീറ്റ് ചെയ്തു.
സമൂഹത്തിൽ അരാജകത്വം” സൃഷ്ടിക്കാൻ ശ്രമിച്ചതായി ആംനസ്റ്റി പ്രവർത്തകർക്കെതിരെ ആരോപണം ഉയർന്നിരുന്നു. 2013-ല്‍ തുർക്കിയെ പിടിച്ചുകുലുക്കിയ സർക്കാർ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയും ഇതേ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ആംനസ്റ്റിയുടെ ഓണററി ചെയർ ആയി സേവനമനുഷ്ഠിക്കുന്ന കിലിക് 14 മാസത്തെ ജയിൽവാസത്തിന് ശേഷം 2018 ഓഗസ്റ്റിൽ ജാമ്യത്തിൽ ഇറങ്ങിയിരുന്നു.
തുർക്കി നിരോധിച്ച യുഎസ് ആസ്ഥാനമായുള്ള മുസ്‌ലിം പ്രസംഗകൻ ഫെത്തുല്ല ഗെലന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനവുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. 2016-ൽ പ്രസിഡന്റ് റെസെപ് ത്വയ്യിപ് എർദോഗാനെ അട്ടിമറിക്കാൻ ശ്രമം നടത്തിയത് ഗെലനാണെന്നാണ് തുര്‍ക്കിയുടെ ആരോപണം. അട്ടിമറി പ്രവര്‍ത്തികള്‍ ഏകോപിപ്പിക്കുന്നതിന് ഉപയോഗിച്ചതായി അധികൃതർ കരുതുന്ന എൻക്രിപ്റ്റ് ചെയ്ത ‘ബൈലോക്ക്’ എന്ന ആപ്ലിക്കേഷൻ കിലിക് ഉപയോഗിച്ചതായി അധികൃതർ അവകാശപ്പെടുന്നു.
ഇടുക്കിയിൽ രാജാപ്പാറയിലുള്ള സ്വകാര്യ റിസോർട്ടിൽ കൊവിഡ് സാഹചര്യത്തിലെ പ്രത്യേക നിയന്ത്രണങ്ങളെ കാറ്റിൽപ്പറത്തി വ്യവസായി സംഘടിപ്പിച്ച നിശാപാർട്ടിയിൽ പങ്കെടുത്തത് ഉന്നതർ. റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും മദ്യസത്കാരവും സംഘടിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസ് രജിസ്റ്റർചെയ്തു. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചായിരുന്നു മുന്നൂറോളം പേരെ പങ്കെടടുപ്പിച്ച് പാർട്ടി നടത്തിയത്. സംഭവത്തിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യനെതിരേയാണ് ശാന്തൻപാറ പോലീസ് വ്യാഴാഴ്ച കേസെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്.
ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിച്ച വ്യവസായസ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂൺ 28ന് ഡിജെ പാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും ഉണ്ടായിരുന്നു. രാത്രി എട്ടിന് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടു. മതമേലധ്യക്ഷന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളടക്കം പൊതുപ്രവർത്തകരും ഉന്നതോദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.
ഈ പാർട്ടി സജ്ജീകരിച്ചത് സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ്. ആഘോഷത്തിൽ മുന്നൂറോളം പേർ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമികവിവരം. ഒരേസമയം 60 മുതൽ നൂറു പേർവരെ ഒത്തുചേർന്നു. മദ്യപിക്കുന്നതിനുള്ള സൗകര്യവും ഏർപ്പാടാക്കിയിരുന്നു. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിച്ചെന്നാണ് വിവരം.
വ്യാപകമായി ആക്ഷേപം ഉയർന്നിട്ടും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രതിഷേധമുയർന്നപ്പോഴാണ് കേസെടുത്തത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പോലീസെത്തിയതായും വിവരമുണ്ട്. എന്നാൽ ഉന്നത ഇടപെടലിനെത്തുടർന്ന് ഇവർ മടങ്ങുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ജില്ലാ പോലീസ് മേധാവിയോട് സംസാരിച്ച് നടപടി ഉറപ്പുവരുത്തിയിരുന്നു എന്ന് ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു.
കണ്ണൂർ ശ്രീകണ്ഠാപുരത്ത് സ്വകാര്യ ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിലെ എസ്എംസി ക്ലിനിക്കിലെ ഡോ. പ്രശാന്ത് ജി നായ്ക്കിനെയാണ് ശ്രീകണ്ഠാപുരം എസ്‌ഐ ടിസുനിൽകുമാർ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ചെവിവേദനയുമായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്ഠാപുരത്തെ ക്ലിനിക്കിലെത്തിയ യുവതിയോടായിരുന്നു ഡോക്ടറുടെ ക്രൂരത. ചെവിയിൽ മരുന്നൊഴിച്ചതിനുശേഷം യുവതിയോട് ഡോക്ടർ പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് മറ്റു രോഗികളെ പരിശോധിച്ച് വിട്ടശേഷം കൺസൾട്ടിങ് മുറിയിലേക്ക് വിളിച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
13 വർഷം മുൻപ് ബെംഗളൂരുവിൽനിന്ന് കേരളത്തിലെത്തിയ പ്രശാന്ത് നായിക്ക് പയ്യാവൂർ, കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂർ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തിട്ടുണ്ട്.
അതേസമയം, മുമ്പ് ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരിലടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാല് ക്രിമിനൽ കേസുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
ബിജോ തോമസ് അടവിച്ചിറ
ദിലീപിന്റ കരിയറിലെ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രം ഇതെന്ന് ചോദിച്ചാൽ കുട്ടികൾ തുടങ്ങി മുതിർന്നവർ വരെ ഒറ്റവാക്കിൽ പറയും അത് സിഐഡി മൂസ എന്ന്. മലയാളികളുടെ സിനിമ ആസ്വാദനത്തിൽ ചിരി വർഷങ്ങൾ വിരിയിച്ചു സിഐഡി മൂസ കടന്നു വന്നിട്ട് ഇന്ന് 17 വർഷം ആകുന്നു. സിഐഡി മൂസ എന്ന ചിത്രം ജോണി ആന്റണി എന്ന സംവിധയകന്റെ പിറവികൂടി ആയിരുന്നു. ചങ്ങനാശേരി മാമ്മൂട് നിവാസി ആയ ജോണി ആന്റണി ഒട്ടനവധി കോമഡി പ്രമേയം ആക്കി സിനിമകൾ ചെയ്‌തെങ്കിലും ഇന്നും ആരാധകരെ ആവേശത്തിൽ ആക്കി ഒരു രണ്ടാം ഭാഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടി ആണ് സിഐഡി മൂസ.
ഇന്ന് മലയാള സിനിമയ്ക്ക് കൊച്ചിൻ ഹനീഫയും ജഗതിയെയും പോലുള്ള കലാകാരന്മാരുടെ വിടവ് നികത്താൻ പകരക്കാർ ഇല്ലാതെ ഇരിക്കുന്ന വേളയിൽ. ഒട്ടനവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ തകർപ്പൻ പ്രകടനം നടത്തി ജോണി ആന്റണി പ്രേക്ഷകരുടെ മനസ്സിൽ മറ്റൊരു സ്ഥാനം കൂടെ നേടിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം……
നമസ്‌കാരം ,
ഇന്ന് ജൂലൈ നാല് … 17 വര്‍ഷം മുന്നേ 2003 ജുലൈ 4ന് ആണ് ‘ CID മൂസ ‘ എന്ന എന്റെ ആദ്യ സിനിമയും ഞാന്‍ എന്ന സംവിധായകനും പിറവി കൊണ്ടത് .ഈ അവസരത്തില്‍ ഞാന്‍ ആദ്യം ഓര്‍ക്കുന്നത് എതൊരു തുടക്കകാരന്റെയും ഒരുപാട് നാളത്തെ അലച്ചിലുകള്‍ക്കും കഷ്ടപാടുകള്‍ക്കും ഒടുവില്‍ ആദ്യമായി എനിക്ക് ഒരു സിനിമ ചെയ്യാന്‍ അവസരം തന്ന ദിലീപിനെയും ആ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായ അനൂപിനെയും ആണ് ,അതുപോലെ എന്റെ മനസ്സിനിണങ്ങിയ ഒരു തിരകഥ എനിക്ക് നല്‍കിയ പ്രിയപ്പെട്ട എന്റെ എഴുത്തുകാര്‍ ഉദയനും സിബിയും ,മോണിറ്റര്‍ പോലും ഇല്ലാതിരുന്ന കാലത്ത് എന്റെ കണ്ണും മനസ്സും ആയി പ്രവര്‍ത്തിച്ച ഗുരുതുല്യനായ പ്രിയപ്പെട്ട ക്യാമറാമാന്‍ സാലുവേട്ടന് , മികച്ച ചിത്രസംയോജനത്തിലൂടെ ആ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് നേടിയ എന്റെ പ്രിയ രഞ്ജന്‍ എബ്രഹാമിന് ,കേള്‍ക്കുന്ന ഏതൊരാളും മൂളിപ്പോകുന്ന തരത്തില്‍ ജനകീയമായ ഗാനങ്ങള്‍ തന്ന് എന്നെ അനുഗ്രഹിച്ച വിദ്യാസാഗര്‍ സാറിനും ഗിരീഷേട്ടനും ,ആ പാട്ടുകള്‍ക്ക് അഴകേറുന്ന ചുവടുകള്‍ സംവിധാനം ചെയ്ത് തന്ന പ്രസന്ന മാസ്റ്റര്‍ക്കും ,ഈ സിനിമയിലെ ഫൈറ്റ് മാസ്റ്റെര്‍സ് ആയ ത്യാഗരാജന്‍ മാസ്റ്റര്‍ക്കും മാഫിയ ശശിയേട്ടനും , നല്ല കലാസംവിധാനത്തിലൂടെ ആ സിനിമയ്ക്ക് ഭംഗി കൂട്ടിയ പ്രിയപെട്ട ബാവയ്ക്ക് ,മേക്കപ്പ് ചെയ്ത ശങ്കരേട്ടനും , വസ്ത്രാലങ്കാരം നിര്‍വഹിച്ച സായിക്കും മനോജ് ആലപ്പുഴയ്ക്കും ,കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന്റെ സ്വാധീനം തീരെയില്ലായിരുന്ന ആ കാലത്തും അത്യാധുനിക സാങ്കേതികതയുടെ പുത്തന്‍ വശങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച കമല കണ്ണന്,റിലീസിന്റെ ഓട്ടപാച്ചിലിനിടയില്‍
വെറും 24 മണിക്കൂര്‍ കൊണ്ട് മിക്‌സിംഗ് പൂര്‍ത്തിയാക്കി തന്ന AVMലെ രവി സാറിനോട് , ആ സിനിമ സമാധാനമായി പൂര്‍ത്തീകരിക്കാന്‍ എന്നെ സഹായിച്ച പ്രിയപെട്ട ആല്‍വിന്‍ ആന്റണിക്കും, ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച മെറിലാന്‍ഡ് യൂണിറ്റിനും പിന്നെ അസാമാന്യമായ അഭിനയ മികവിലൂടെ നിങ്ങളെ പൊട്ടിചിരിപ്പിച്ച കയ്യടിപ്പിച്ച ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞ മുരളി ചേട്ടന്‍, ഹനീഫിക്ക ,ക്യാപ്റ്റന്‍ രാജുച്ചായന്‍,ഒടുവില്‍ ഉണ്ണികൃഷ്ണേട്ടന്‍ ,സുകുമാരി ചേച്ചി,മച്ചാന്‍ വര്ഗീസ് ,പറവൂര്‍ ഭരതന്‍ പിന്നെ അപകടം വരുത്തിയ ആരോഗ്യ സ്ഥിതിയില്‍ നിന്ന് എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന ,പ്രാര്‍ത്ഥിക്കുന്ന നമ്മുടെ പ്രിയപെട്ട അമ്പിളി ചേട്ടന് ( ജഗതി ശ്രീകുമാര്‍ ), പ്രിയപെട്ട ഹരിശ്രീ അശോകന്‍ ചേട്ടന്, സലിം കുമാര്‍ ,ഇന്ദ്രന്‍സ് ഏട്ടന്‍ , വിജയരാഘവന്‍ ചേട്ടന്‍ , ആശിഷ് വിദ്യാര്‍ത്ഥി , ശരത് സക്‌സേന , ഭാവന , കസാന്‍ ഖാന്‍ ,സുധീര്‍ ,റെയ്സ് ,ബിന്ദു പണിക്കര്‍ ,നാരായണന്‍ കുട്ടി ചേട്ടന്‍ എന്നിവരൊടൊപ്പം ഇവരെയൊക്കെ കടത്തി വെട്ടി സ്‌ക്രീനില്‍ കയ്യടി നേടിയ ഞങ്ങളുടെ പ്രിയപെട്ട നായക്കുട്ടി അര്‍ജുനും ,
ഞങ്ങളുടെ സിനിമയെ നല്ല രീതിയില്‍ വിതരണം ചെയ്ത ഹംസക്കയ്ക്കും സേവ്യറേട്ടനും , അതുപോലെ ആ സിനിമയെ നന്നായി പ്രദര്‍ശിപ്പിച്ച എല്ലാ തീയേറ്റര്‍ ഉടമകളോടും എല്ലാത്തിനും പുറമേ CID മൂസ എന്ന സിനിമയെ അന്നും ഇന്നും എന്നും നെഞ്ചിലേറ്റി സൂക്ഷിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും ,പിന്നെ ഞാന്‍ എന്ന സംവിധായാകന്‍ ഉണ്ടാവണം എന്നും എന്റെ ആദ്യ സിനിമ തന്നെ സൂപ്പര്‍ ഹിറ്റ് ആവണം എന്നും ഏറ്റവും അധികം ആഗ്രഹിച്ച എന്നെ സിനിമയില്‍ എത്തിച്ച കഴിഞ്ഞ വര്‍ഷം നമ്മളെ വിട്ടുപിരിഞ്ഞ എന്റെ പ്രിയപെട്ട ജോക്കുട്ടനും അങ്ങനെ എല്ലാവരോടും ഈ പിറന്നാള്‍ ദിനത്തില്‍ ഹൃദയത്തില്‍ തൊട്ടു ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു …
നന്ദി ! നന്ദി ! നന്ദി
സ്‌നേഹത്തോടെ
ജോണി ആന്റണി