Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരിങ്ങമല സ്വദേശി മോഹനകുമാര്‍ (60), വലിയതുറ സ്വദേശിനി സഫിയ ബീവി (74), വലിയതുറ സ്വദേശി സേവിയര്‍ (90), കൊടുങ്ങാനൂര്‍ സ്വദേശി ശങ്കരന്‍ (74), മുല്ലക്കല്‍ സ്വദേശി മുരുഗപ്പന്‍ ആചാരി (74), വഴയില സ്വദേശിനി ലീല (59), പൂജപ്പുര സ്വദേശിനി ജൈനാമ്മ (66), പൂജപ്പുര സ്വദേശിനി ഫാത്തിമ (65), ഒറ്റശേഖരമംഗലം സ്വദേശി മണികുട്ടന്‍ (47), പയനീര്‍കോണം സ്വദേശി ജയന്‍ (43), തോന്നക്കല്‍ സ്വദേശിനി ജഗദമ്മ (74), തിരുവനന്തപുരം സ്വദേശി ദാസന്‍ നാടാര്‍ (90), പുതുക്കുറിച്ചി സ്വദേശി കമാലുദ്ദീന്‍ (70), പൂവച്ചല്‍ സ്വദേശി അഹമ്മദ് ബഷീര്‍ (71), കൊല്ലം കാരിക്കോട് സ്വദേശി കണ്ണന്‍ (88), ആലപ്പുഴ ഓച്ചിറ സ്വദേശി ബഷീര്‍ കുട്ടി (67), ഇടുക്കി കട്ടപ്പന സ്വദേശി ജാന്‍സി ജോസഫ് (54), മലപ്പുറം കോരാപ്പുഴ സ്വദേശി ഫാത്തിമ (56), നിലമ്പൂര്‍ അബു (76), നിലമ്പൂര്‍ സ്വദേശി ഹംസ (77), മാമ്പാട് സ്വദേശിനി പാത്തുമ്മ (75), ഒതലൂര്‍ സ്വദേശി ഹംസ (80), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 906 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1488, മലപ്പുറം 1224, എറണാകുളം 1013, തിരുവനന്തപുരം 1155, തൃശൂര്‍ 931, കൊല്ലം 847, ആലപ്പുഴ 667, പാലക്കാട് 372, കണ്ണൂര്‍ 475, കോട്ടയം 489, കാസര്‍ഗോഡ് 407, പത്തനംതിട്ട 271, വയനാട് 131, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 20, എറണാകുളം 20, മലപ്പുറം 12, കണ്ണൂര്‍ 11, കാസര്‍ഗോഡ് 10, പത്തനംതിട്ട 9, തൃശൂര്‍ 7, കൊല്ലം 5, പാലക്കാട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 6 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 820, കൊല്ലം 346, പത്തനംതിട്ട 222, ആലപ്പുഴ 393, കോട്ടയം 453, ഇടുക്കി 89, എറണാകുളം 385, തൃശൂര്‍ 320, പാലക്കാട് 337, മലപ്പുറം 743, കോഴിക്കോട് 589, വയനാട് 103, കണ്ണൂര്‍ 1188, കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 92,161 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,60,253 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,67,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,38,331 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2922 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 33,40,242 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,10,648 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഹെൽമെറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന യാത്ര ചെയ്തതിന് പോലീസ് വയോധികന്റെ കരണത്തടിച്ചു. ചടയമംഗലം പ്രൊബേഷണൽ എസ്‌ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദൻ നായർ എന്ന 69കാരൻ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിർത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്‌ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനിൽ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല.

തുടർന്നാണ് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റിയത്. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം എതിർത്തു. താൻ ബൈക്കിന് പിറകിൽ സഞ്ചരിച്ചയാളാണെന്നും തന്നെ പിടികൂടേണ്ടതില്ലെന്നുമായിരുന്നു രാമാനന്ദൻ നായർ പറഞ്ഞത്. ഇതോടെയാണ് പ്രൊബേഷണൽ എസ്‌ഐ ഷജീം വയോധികനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയും കരണത്തടിക്കുകയും ചെയ്തത്.

അതേസമയം, പിഴ അടപ്പിക്കേണ്ട കാര്യത്തിന് പോലീസുകാർ കൊടുംകുറ്റവാളികളെ കസ്റ്റഡിയിലെടുക്കുന്നതു പോലെ പെരുമാറേണ്ട ആവശ്യമില്ലെന്നായിരുന്നു മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവം വാർത്തയായതോടെ പ്രൊബേഷണൽ എസ്‌ഐ ഷജീമിനെ ഇടുക്കി, കുട്ടിക്കാനത്തേക്ക് സ്ഥലം മാറ്റി. കൂടുതൽ നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകും എന്നാണ് ഇതുമായി കൊല്ലം റൂറൽ എസ് പി പ്രതികരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. നേരത്തെ എംഎം മണിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മന്ത്രി ജലീൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീൽ.

മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജൻ, വിഎസ് സുനിൽകുമാര്‍ എന്നിവര്‍ കോവിഡ് സ്ഥരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വിഎസ് സുനിൽ കുമാര്‍ ആശുപത്രി വിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെയാണ് വിഎസ് സുനിൽകുമാറും ചികിത്സ തേടിയിരുന്നത്.

മറ്റ് ആരോഗ്യ പ്രശ് നങ്ങൾ കൂടി ഉള്ളതിനാൽ അതീവ ശ്രദ്ധയും പരിചരണവും മന്ത്രി എംഎം മണിക്ക് ആവശ്യമുണ്ട്. മന്ത്രിയുടെ പേഴ് സണൽ സ്റ്റാഫ് അംഗങ്ങൾ നിരീക്ഷണത്തിലേക്ക് മാറി. മന്ത്രിയുമായി ഇടപെട്ടവരോട് നിരീക്ഷണത്തിലേക്ക് മാറാൻ ഓഫീസ് ആവശ്യപ്പെട്ടു. രാവിലെ ഓൺലൈനിലൂടെ മന്ത്രി കാബിനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു.

മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ. മുഹമ്മദ് റിയാസ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചമ്രം പടിഞ്ഞിരുന്ന് രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ ഇരിക്കുന്നതാണ് ചിത്രം.

ചിത്രം പങ്കുവെച്ചതോടെ ഇതാരാണെന്നുള്ള ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു.പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് ചിത്രത്തിലുള്ളത്. നക്ഷത്ര, ജനിക എന്നാണ് ഈ കുട്ടികളുടെ പേര്. ചിരിയോടെ ഇരിക്കുന്ന പിണറായിയുടെ ചിത്രവും കുട്ടികളും ഇതിനോടകം ഒട്ടനവധി സമൂഹമാധ്യമ പേജുകളിൽ ഇടം നേടിക്കഴിഞ്ഞു

https://www.facebook.com/PAMuhammadRiyas/posts/1584095635126372

 

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് പരിക്കേറ്റത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം കള ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടർച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടർന്നാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കള. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടാൻ തന്നെ സമയമെടുക്കും. മനസ് പഴയതുപോലെ ആകാൻ ഏതാനും കൗൺസിലിങ്ങുകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.

അവസരം നിഷേധിക്കപ്പെട്ടപ്പോൾ മുൻപിൽ എല്ലാം അവസാനിച്ചതു പോലെ തോന്നി. മാനസികമായി തകർന്നു പോയതാണ് ആത്മഹത്യ എന്ന ചിന്തയിലേയ്ക്ക് നയിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറ‍ഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. ആരോടും ചേച്ചി സ്വന്തം വായകൊണ്ട് തന്റെ മുൻപിൽ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.

സംസാരിച്ചിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നും ലളിതച്ചേച്ചിയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ചേച്ചി എന്നോടു പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം. വളരെ പ്രതീക്ഷയോടെയാണ് അക്കാദമയിൽ ചെന്നത്. ലിംഗ, ജാതി വിവേചനത്തോടാണ് ശക്തമായി പ്രതിഷേധിച്ചു നിന്നത്.

കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി ഉൾപ്പടെ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മണിച്ചേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇത്രയും വളർന്നു വന്നത്. കലാമണ്ഡലത്തിൽ ലക്ചറർ, അധ്യാപക തസ്തികകളിലേയ്ക്കുള്ള എസ്‌സി–എസ്ടി പോസ്റ്റുകളിൽ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.

മൂന്ന് സവർണ പോസ്റ്റുകളിൽ നിയമനം നടത്തി. പട്ടികവിഭാഗക്കാരെ നിയമിക്കേണ്ട നാലാമത്തെ പോസ്റ്റ് ഇപ്പോഴും ഒഴി‍ഞ്ഞു കിടക്കുകയാണ്. കലാമണ്ഡലത്തിലും തൃപ്പൂണിത്തുറ ആർഎൽവി കോളജിലായാലും കാലടി സർവകലാശാലയിലായാലും സംഗീത, നൃത്ത വിഭാഗങ്ങളിൽ എത്ര എസ്‍സി പോസ്റ്റുകളിൽ നിയമനം നടത്തി എന്ന് നോക്കിയാൽ ഈ വിവേചനം വ്യക്തമാകും.

സ്ത്രീകൾക്ക് മാത്രമാണ് മോഹനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുരുഷൻ സ്ത്രീവേഷത്തിൽ അവതരിപ്പിക്കുന്നതാകണം. എന്നാൽ പണ്ട് ഉണ്ടായിരുന്നതു പോലെ ലൈംഗിക ആകർഷണത്തിനായുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോൾ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോൾ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂർ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്.

ഈ നൃത്തത്തിന് ‘കൈരളി നൃത്തം’ എന്ന ഒരു പേരു പോലും നിർദേശിക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെ കാലത്തിനു ശേഷം ഒരു നൃത്തരൂപമെന്ന നിലയിൽ പഴയ മോഹിനിയാട്ടമേ അല്ല അവതരിപ്പിച്ചു വന്നത്. പിന്നീടാണ് മോഹിനിയാട്ടം ഇന്നത്തെ രീതിയിലേയ്ക്ക് ഉയർന്നു വന്നത്. ഇന്നത് ലിംഗവിവേചനം ഇല്ലാതെ അവതരിപ്പിക്കാവുന്ന ശാസ്ത്രീയ നൃത്തമായി വളർന്നു വന്നു. അതുകൊണ്ടു തന്നെയാണ് മോഹിനിയാട്ടത്തിന്റെ പുരുഷ രംഗാവതരണം എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളത്. ഇതിനുമുമ്പ് നിരവധി നൃത്തപരിപാടികൾ സർക്കാർ തലത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂര്യ കൃഷ്ണമൂത്തി ചെയർമാനായിരിക്കെ മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ നിശാഗന്ധി നൃത്തോൽസവത്തിലും ഓണം ടൂറിസം ഫെസ്റ്റിവലിലും മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തു. അവിടെയൊന്നും ഇല്ലാത്ത ലിംഗവിവേചനം അക്കാദമി സെക്രട്ടറിക്ക് ഇപ്പോൾ എവിടെയാണ് തോന്നിയത്. തനിക്ക് അവസരം തരാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു.

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ കോവിഡ് നോഡൽ ഓഫിസറെയും 2 ഹെഡ് നഴ്സുമാരെയും സസ്പെൻഡു ചെയ്ത നടപടി പിൻവലിച്ചു. ഇവർക്കെതിരെ വകുപ്പുതല നടപടി തുടരും. ഡോ. അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, കെ.വി.രജനി എന്നിവർക്കെതിരായ സസ്പെൻഷനാണ് പിൻവലിച്ചത്. ഡിഎംഒ ഡോ. എ.റംലാ ബീവിയുടെ റിപ്പോർട്ടിനെ തുടർന്നാണു നടപടി.

സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരും നഴ്സുമാരും സമരം ആരംഭിച്ചിരുന്നു. മന്ത്രി കെ.കെ.ശൈലജയുമായി സംയുക്ത സമരി സമിതി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനമായത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പുനഃപരിശോധിക്കുമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

നടപടിക്ക് വിധേയരായവർ ത്യാഗപൂർണായ സേവനം ചെയ്തവരാണെന്നും ചെറിയ ശതമാനം വീഴ്ചകൾ ഉണ്ടാകുന്നത് യാഥാർഥ്യമാണെന്നും കെ.കെ.ശൈലജ പറ‍ഞ്ഞിരുന്നു.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ചോദ്യംചെയ്യല്‍ ആറ് മണിക്കൂറിലധികം നീണ്ടു. കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യംചെയ്തത്. ബെംഗളൂരു ശാന്തിനഗറിലുള്ള എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ രാവിലെ 10.45നാണ് ബിനീഷ് ഹാജരായത്.

ഹോട്ടൽ തുടങ്ങാൻ അനൂപിന് പണം നൽകിയിട്ടുണ്ടെന്നും, ലഹരി ഇടപാടുകളിൽ അറിവില്ലെന്നുമുള്ള മൊഴി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് മുന്നിലും ബിനീഷ് ആവർത്തിച്ചു. ഹോട്ടൽ തുടങ്ങാനായി അനൂപിന് നൽകിയ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങളുമാണ്.

വീട്ടിലെ മൃഗങ്ങളെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് കുട്ടികള്‍ തന്നെയായിരിക്കും. അവര്‍ക്ക് കൂട്ടുകാരിയോ കൂട്ടുകാരനോ എല്ലാമായിരിക്കും വളര്‍ത്തു മൃഗങ്ങള്‍. അതുകൊണ്ട് തന്നെ അവയുടെ വേര്‍പാട് കുട്ടികളില്‍ വലിയ വേദനയും ഉണ്ടാക്കും. അത്തരത്തില്‍ ചത്തുപോയ കോഴിയുടെ അടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘കോഴ്യേ…കോഴ്യേ…എനിക്ക് ഇഷ്ടപ്പെട്ടതാ നിന്നെ…നന്നായി നിന്നെ ശ്രദ്ധിച്ചില്ല്യല്ലോ..അതുകൊണ്ടല്ലേ നീ ചത്തുപോയത്…’ കുഞ്ഞ് സങ്കടം പറഞ്ഞ് കരയുന്നതിങ്ങനെ. ഇടയ്ക്കിടയ്ക്ക് സങ്കടം പറയുകയും തുടര്‍ന്ന് കരയുകയും ചെയ്യുന്ന കുഞ്ഞിനെ ഇതിനോടകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

കുഞ്ഞിന് കോഴിയോടുള്ള നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി എന്നാണ് പലരും കമന്റ് ചെയ്യുന്നത്. മറ്റു ചിലര്‍ കുഞ്ഞിന്റെ കരച്ചില്‍ കണ്ട് മറ്റൊരു കോഴിയെ കൊടുക്കാം എന്നും പറയുന്നുണ്ട്.

മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിലൂടെ ഒരു കാലത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരൻ എന്ന നിലയിലാണ് മലയാളികൾക്ക് ഇദ്ദേഹത്തെ കൂടുതൽ അറിയുക. ഇബ്രാഹിംകുട്ടിയുടെ യൂ ട്യൂബ് വ്ലോകും ഏറെ ശ്രദ്ധേയമായാണ്. ഇബ്രുസ് ഡയറി ബൈ ഇബ്രാഹിംകുട്ടി എന്ന യൂ ട്യൂബ് ചാനലിൽ വളരെ രസകരമായ വീഡിയോകളാണ് അദ്ദേഹം ചെയ്യാറുള്ളത്. പുതിയ എപ്പിസോഡിൽ മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ എന്ന് സിനിമ പ്രേമികളും ആരാധകരും വിശേഷിപ്പിക്കുന്ന മോഹൻലാലിനെ കുറിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. ഒരു എപ്പിസോഡ് പൂർണ്ണമായും മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിനോടൊപ്പം ചിലവഴിച്ച നിമിഷങ്ങളിൽ ലഭിച്ച അനുഭവങ്ങളും ഇബ്രാഹിംകുട്ടി തുറന്ന് പറയുന്നുണ്ട്.

മോഹൻലാലിന്റെ വ്യക്തിത്വവും കുട്ടിത്തം മാറാത്ത ഭാവങ്ങളും ഏതൊരു വ്യക്തിയെ സ്വാധീനിക്കുമെന്ന് ഇബ്രാഹിംകുട്ടി വ്യക്തമാക്കി. നരസിംഹത്തിലെ മോഹൻലാലിനെക്കാൾ നാടോടികാറ്റിലെ മോഹൻലാലിനെ ആയിരിക്കും പലർക്കും ഇഷ്ടമെന്ന് അദ്ദേഹം പറയുകയുണ്ടായി. ക്ലൈമാക്സ് കാണാത്ത ഒരുപാട് മോഹൻലാൽ ചിത്രങ്ങൾ ഉണ്ടെന്നും ക്ലൈമാക്സിലെ കഥാപാത്രത്തിന്റെ പ്രകടനം കണ്ട് സങ്കടം വരും എന്ന് അറിയുന്നത്കൊണ്ടാണ് താൻ അത് കാണാത്തതെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു അഭിനയിച്ച ഒരുപാട് ചിത്രങ്ങളുടെ ലൊക്കേഷനിൽ പോകാൻ തനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ നമ്മുടെ അടുത്ത് വന്നിട്ട് പോയാൽ ഒരു പ്രെസൻസ് കുറെ നേരത്തേക്ക് ഫീൽ ചെയ്യുമെന്നും ഒരുപാട് പോസിറ്റീവ് എനർജി നൽകുമെന്നും മമ്മൂട്ടി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഇബ്രാഹിംകുട്ടി വ്യക്തിമാക്കി.

മമ്മൂട്ടി ഷൂട്ട് കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ബാപ്പ സിനിമകളുടെ വിശേഷങ്ങൾ ചോദിക്കാതെ മോഹൻലാൽ കൂടെ ഉണ്ടായിരുന്നോ എന്നും അവന്റെ വീട്ടിലും ഇതുപോലെ അച്ഛനും അമ്മയും അവനെ കാത്തിരിപ്പുണ്ടായിരിക്കുമല്ലേ എന്ന് പലപ്പോഴായി പറയാറുണ്ടെന്ന് ഇബ്രാഹിംകുട്ടി തുറന്ന് പറയുകയുണ്ടായി. ഭഗവാൻ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് അഭിനയിക്കാൻ ഒരു ചമ്മൽ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved