കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.
റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു.
അതേസമയം മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു.
സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.
റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് വ്യാപനവും അതേതുർന്നുള്ള ലോക്ക്ഡൗൺ മൂലവും ആഘോഷമില്ലാതെയാണ് ഇത്തവണത്തെ ചെറിയ പെരുന്നാൾ. പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍.
പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍.
മനുഷ്യര്‍ സ്‌നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഒരുമയോടെ മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിണറായിയുടെ ആശംസ.
കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണില്‍ കഴിയുകയാണ്. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്കും ആരാധനാലയങ്ങളിലെ മതപരമായ പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം സംസ്ഥാനം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോക് ഡൗണ്‍ നാലാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലധികം മഹല്ല് ജമാഅത്തുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണിത്.
പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരാധന നടത്താമെന്നും കത്തില്‍ ഉറപ്പു നല്‍കുന്നു. മസ്ജിദുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പക്ഷം പള്ളി കമ്മിറ്റികള്‍ പാലിക്കേണ്ട പതിനൊന്ന് നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
അഞ്ചൽ -അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചല്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.
അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്‍,മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25) യെന്ന യുവതിയാണ് സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയത്.
മാർച്ച് മാസം രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ് ഗുരുതര തരാവസ്ഥയിൽ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന് സ്വന്തം വീടിനുള്ളില്‍ ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽകഴിയവെ ഉത്ര പാമ്പ് കടിമരിക്കുകയായിരുന്നു. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്.അപ്പോഴേക്കും ഉത്ര മരിച്ചുകഴിഞ്ഞിരുന്നു.ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന്
ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല .
ഉടനെ ബന്ധുക്കൾവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു.രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ലാ എന്ന വാദമാണ് ആശ്ചര്യപ്പെടുത്തുന്നത്. ആദ്യ തവണ ഭർത്താവിന്റെ വീട്ടിൽ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് പോയത് .അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ്
ജീവൻ തിരിച്ചു കിട്ടിയത്. അണലി പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റമുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു .ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പ് കടിയേറ്റ് മരിച്ചത് . അടച്ചിട്ട എ സി റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്.ഈ മുറിയില്‍ പാമ്പെങ്ങനെ കടന്നു വന്നൂവെന്നത് അത്ഭുതപ്പെടുത്തുന്നു.
രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്.
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്., വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി കൊടുക്കുന്നതിനായി ശല്യം ചെയ്തിരുന്നു .ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക്
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിഞ്ഞത്.
മുൻപ് ഭർത്തൃവീടിന്റെ മുകള്‍ നിലയില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോൾ ഭർത്താവ് സൂരജ് ചെന്ന് ആ പാമ്പിനെ വടി കൊണ്ട് ചാക്കിലാക്കിയതായി മകൾ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം ഉള്ളയാളാണ് സൂരജെന്ന സംശയം രക്ഷിതാക്കള്‍ക്ക് ബലപ്പെടാന്‍ കാരണമിതാണ്.
ആദ്യം പാമ്പ് കടിച്ചു എന്നുപറയുന്ന ദിവസം ഭർത്താവിനോട് ഉത്ര കാലിൽ വേദന തോന്നു എന്നു പറഞ്ഞപ്പോൾ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിലും കൊണ്ട് പോയതെന്നും ആശുപത്രിയിലും
മാതാപിതാക്കൾ പരിചരിക്കാൻ നില്ക്കുന്നത് ഭർത്താവ് സൂരജ് വിലക്കിയിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.
മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങിൽ ഇവിടെ വരുമ്പോൾ ചികിത്സയിലായതിനാൽ ഭർത്താവ് രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നും മകൾ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകൾ കിടന്ന മുറിയിൽ തന്നെ ബോധ പൂർവ്വം കിടന്നതും സംശയം ബലപ്പെടുന്നതായും അവര്‍ പറഞ്ഞു. മകളെ ആ റൂമിൽ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തു കൊണ്ട് അറിഞ്ഞില്ല , എന്നിങ്ങനെ യുളള സംശങ്ങൾ അടങ്ങിയ പരാതി മാതാവ് മണിമേഖല പിതാവ് വിജയസേനൻ എന്നിവർ അഞ്ചൽ സി ഐ സി എൽ സുധീർ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ എന്നിവർക്ക് നല്കിയ പരാതിയിൽ പറയുന്നു.
തന്റെ മകളെ ഭർത്തവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.അഞ്ചല്‍ എസ്.ഐ പുഷ്പകുമാറിനാണ് അന്വേക്ഷണ ചുമതല.മരിച്ച യുവതിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റാണ് മരണം എന്നാണ് പറയുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.
ഇരുപതുകാരൻ കൊല്ലപ്പെട്ട് 24 വർഷങ്ങൾ പിന്നിട്ടപ്പോൾ അയൽവാസി അറസ്റ്റിൽ. കാണക്കാരി കുറുമുള്ളൂർ അമ്മിണിശേരിൽ ജോസഫിന്റെ മകൻ ബെന്നി ജോസഫി(20) നെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസി കുറ്റിപ്പറന്പിൽ വർക്കി(56)യെ പോലീസ് അറസ്റ്റ് ചെയ്തത്.
1996 ഓഗസ്റ്റ് 23നായിരുന്നു കേസിനാസ്പദമായ സംഭവം. ബെന്നിയെ കൊലപ്പെടുത്തി കൃഷിയിടത്തിലെ കുളത്തിൽ കല്ലുകെട്ടിതാഴ്ത്തിയശേഷം വർക്കി ഒളിവിൽപ്പോകുകയായിരുന്നു. കോട്ടയം നാർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
ബെന്നിയെ കൊലപ്പെടുത്തിയശേഷം പോലീസിനെ വെട്ടിച്ചു തമിഴ്നാട്ടിലേക്കും പിന്നീട് കർണാടകയിലേക്കും മുങ്ങുകയായിരുന്നു വർക്കി. ഷിമോഗയിൽ ടാപ്പിംഗ് ജോലി ചെയ്ത് ഒളിച്ചുതാമസിച്ചിരുന്ന വർക്കി കഴിഞ്ഞ ഏഴുമാസമായി കണ്ണൂരിൽ താമസിച്ചുവരികയായിരുന്നു.
ലോക്ഡൗണിനെത്തുടർന്നു കുറുമുള്ളൂരിൽ തിരികെയെത്തി സഹോദരനൊപ്പം താമസിക്കുന്ന വിവരം പോലീസ് മനസിലാക്കുകയായിരുന്നു. സഹോദരന്റെ വീട്ടിൽനിന്നു പിടികൂടിയ വർക്കിയെ കുറവിലങ്ങാട് സിഐ കെ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തു.
കൊലപാതകം നടന്ന 1996ൽ കൊല്ലപ്പെട്ട ബെന്നിയും അയൽവാസി വർക്കിയും ടൈൽസ് ജോലിക്കാരായിരുന്നു. സുഹൃത്തുക്കളായിരുന്ന ഇവർ സംഭവ ദിവസം ജോലിക്കുശേഷം മടങ്ങിയെത്തുന്പോൾ അയൽവാസിയായ ഒരു സ്ത്രീയുടെ പേരിൽ വഴക്കിട്ടതായാണു പറയുന്നത്.
ബെന്നിയുടെ വീട്ടിലെത്തി മാതാപിതാക്കളോടു ബെന്നിയെ ഇല്ലാതാക്കുമെന്നു വർക്കി ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി ഒന്‍പതരയോടെ പുതുശേരിൽ അപ്പച്ചന്റെ വീട്ടിൽനിന്നും ടിവി കണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന ബെന്നിയെ വർക്കി കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് സമീപത്തുള്ള പുരയിടത്തിലെ കുളത്തിൽ മൃതദേഹം കല്ലുകെട്ടിതാഴ്ത്തിയ നിലയിൽ കണ്ടെത്തി.
ബെന്നിയുടെ നിലവിളികേട്ടു മാതാപിതാക്കളും അയൽവാസികളും നടത്തിയ അന്വേഷണത്തിൽ പുരയിടത്തിൽ ചോരപ്പാടുകൾ കണ്ടിരുന്നു. വർക്കിയുടെ വീട്ടിലെ മുറിയിൽ ഭക്ഷണം വിളന്പിവച്ചനിലയിൽ കണ്ടെത്തിയിരുന്നുവെങ്കിലും വർക്കിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വർഷങ്ങൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കോടതിയിൽ കുറ്റപത്രംനൽകിയിരുന്നു. കോടതി വർക്കിക്കെതിരെ ലോംഗ് പെൻഡിംഗ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ വർക്കി കുറ്റം സമ്മതിച്ചതായി സിഐ കെ.ജെ. തോമസ് പറഞ്ഞു. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിൽ മാർച്ച് 27ന് 39 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത് ഇന്നാണ്. 42 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളികൾ എത്തുന്നതോടെ കൂടുതൽ കേസുകൾ സർക്കാരുകൾ പ്രതീക്ഷിച്ചിരുന്നു. അതേസമയം ഇന്നത്തെ വലിയ വർദ്ധന ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കൂടുതൽ മലയാളികൾ സംസ്ഥാനത്ത് മടങ്ങിയെത്തുമെന്നും എല്ലാവർക്കും ആവശ്യമായ ചികിത്സയും പരിഗണനയും നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുംബൈയിൽ നിന്നെത്തിയ തൃശ്ശൂർ, ചാവക്കാട് സ്വദേശിയായ 73കാരി ഖദീജക്കുട്ടിയുടെ മരണത്തോടെ, ഒരു മാഹി സ്വദേശി അടക്കം കേരളത്തിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചവരുടെ എണ്ണം ഇന്നലെ അഞ്ചായിരുന്നു. മേയ് ആദ്യവാരം ഒരു കോവിഡ് കേസ് പോലുമില്ലാത്ത ദിവസങ്ങളുണ്ടായിരുന്നു. ഒരു ഘട്ടത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. എന്നാൽ മേയ് ഏഴിന് വിദേശത്ത് നിന്ന് പ്രവാസി മലയാളികളുടെ മടങ്ങിവരവ് തുടങ്ങിയതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം കൂടി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ മഹാരാഷ്ട്രയിൽ നിന്ന് വന്നവർക്കാണ് കൂടുതലും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേരും പാലക്കാട് ജില്ലയിൽ 26 പേരും കാസറഗോഡ് 21 പേരും കോഴിക്കോട് 19 പേരുമാണ് ചികിത്സയിലുള്ളത്.
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതം. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.
ചികിത്സക്ക് ശേഷം സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു.
2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂരജ് പൊലീസിന് നല്‍കിയ മൊഴിയിലും വൈരുദ്ധ്യങ്ങളുണ്ട്.
”
മാവേലിക്കര:കർമ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട ജനകീയ സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാന ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി കേരളത്തിൻ്റെ ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ ഒരു ബ്രഹത് കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. കോവിഡ് – 19 മൂലം കുടുംബങ്ങൾക്ക് ഉണ്ടാകാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഈ പദ്ധതി മൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”10 മൂട് കപ്പയും ഒരു മൂട് കാന്താരിയും ” എന്ന പദ്ധതി സംസ്ഥാന വ്യാപകമായി പ്രചരിപ്പിച്ച് മരച്ചീനി കൃഷി മുഴുവൻ വീടുകളിലും പൊതു ഇടങ്ങളിലും ജനകീയ പങ്കാളിത്തത്തോടെ കൃഷി ചെയ്യിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ശ്രീ ശുഭാനന്ദ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ആശ്രമത്തോട് ചേർന്ന് ഉള്ള നാല് ഏക്കർ സ്ഥലത്തും എല്ലാ ശാഖകളിലും വീടുകളിലും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ശുഭാനന്ദാശ്രമം മഠാധിപതി ദേവാനന്ദ ഗുരുദേവൻ കപ്പത്തടിയും കാന്താരി തൈയും ഏറ്റ് വാങ്ങിക്കൊണ്ട് നടത്തിയ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ, ജോർജ്ജ് തഴക്കര , ജനറൽ കൺവീനർ സന്തോഷ് കൊച്ചുപറമ്പിൽ,സംസ്ഥാന കോർഡിനേറ്റർ ഡോ.ജോൺസൺവി. ഇടിക്കുള, ജോസഫ്കുട്ടി കടവിൽ,എന്നിവർ പ്രസംഗിച്ചു.
വീടിൻ്റെ മുറ്റത്ത് ഒരു കൃഷിത്തോട്ടം എന്ന ആശയത്തിലൂടെ വിഷരഹിത പച്ചക്കറി ഉദ്പാദിപ്പിച്ച് വരും തലമുറയെ പ്രകൃതിയോട് ഇണങ്ങി ചേരുമാറാക്കാനാണ് ലക്ഷ്യം.
മെയ് 28ന് ജില്ലാതല ഉദ്ഘാടനങ്ങൾ പൂർത്തിയാകും .വീടുകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കും. സ്വന്തമായി സ്ഥലം ഇല്ലാത്തവർക്ക് പങ്കാളിത്ത കൃഷിയും ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കാരൂർ സോമൻ
ഈ അടുത്ത കാലത്തായി പ്രവാസികളുടെ ദുഃഖദുരിതങ്ങൾ കാണാതെ കേരള സർക്കാർ കേരളത്തിൽ ഗുരുതര സാഹചര്യമെന്ന് പറയുന്നതിന്റ പ്രധാനം കാരണം പ്രവാസികൾ മടങ്ങി വരുന്നതാണ്. അവരുടെ ജന്മനാട്ടിൽ വരുന്നതിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. സർക്കാർ ഉദേശിക്കുന്നത് അവരിൽ പലരും കോവിഡ് രോഗികൾ എന്നാണ്. ആയിരകണക്കിന് ആരോഗ്യരംഗത്തുള്ളവരെ സർക്കാർ തീറ്റിപോറ്റുന്നത് രോഗിയെ ചികിൽസിച്ചു സുഖപ്പെടുത്താനാണ്. അതിനുള്ള അടിസ്ഥാന മാർഗ്ഗങ്ങളല്ലേ സർക്കാർ നോക്കേണ്ടത്? ഗൾഫ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ ജന്മദേശത്തേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ അവർ അപകടകാരികൾ, രോഗമുള്ളവർ എന്നൊക്കെ പറഞ്ഞാൽ അവരെ നൊന്ത് പ്രസവിച്ച അമ്മമാർ സഹിക്കുമോ? മനുഷ്യമനസ്സിലെ വെറുപ്പും, അസഹിഷ്ണതയും , അസംതൃപ്തിയുമാണ് ഇത് വെളിപ്പെടുത്തുന്നത്.
കേരളത്തിന്റ ചികിത്സാചരിത്രം നമ്മുടെ ഭരണാധികാരികൾക്ക് അറിയില്ലേ? പോർച്ചുഗീസുകാർ 1482 ൽ വന്ന നാളുമുതൽ മുതൽ ചികിൽസാരംഗത്തു ഇന്ത്യയിൽ കേരളം വളരെ മുന്നിലാണ്. അറിവിലും ആരോഗ്യ രംഗത്തും പാശ്ചാത്യരുടെ വരവ് കേരളത്തിന് ഏറെ ഗുണം ചെയ്തു. 1813 ൽ റാണി ഗൗരിലക്ഷിമിഭായിയുടെ ഭരണകാലത്തു് കൊട്ടാരത്തിൽ മാത്രം തങ്ങി നിന്ന പാശ്ചാത്യ ചികിത്സ പാവങ്ങളിലേക്ക് ബ്രിട്ടീഷ്‌കാരുടെ നിര്ബന്ധ പ്രകാരം മാരകമായ വസൂരിക്കുള്ള മരുന്നുമായി കടന്നു വന്നു. ബ്രിട്ടീഷ് ഡോക്ടർമാർ തുറന്നുപറഞ്ഞു. രോഗത്തിന് പാവപെട്ടവനോ പണക്കാരനോ എന്നൊന്നില്ല. ഇതിനായി തൈക്കാട്ട് 1816 ൽ ഒരു ഔഷധശാല തുടങ്ങി. മരുന്ന് എല്ലാവര്ക്കും സൗജന്യമാണ്. മരണം കണ്ടുകൊണ്ടിരുന്ന മനുഷ്യർ മതത്തിന്റ ചങ്ങലകളെ അന്ധവിശ്വാങ്ങളെ പൊട്ടിച്ചുകളഞ്ഞു.ഇന്ന് കൊറോണ ദൈവം മനുഷ്യനെ ചങ്ങലയിൽ തളച്ചു. തടവറയിലാക്കി.ദേവാലയങ്ങൾ അടപ്പിച്ചിട്ടും പ്രബുദ്ധ കേരളം ദൈവത്തെ കണ്ടില്ല. സത്യം അറിഞ്ഞിട്ടില്ല. ചരിത്രപാഠമറിയാത്ത സിനിമാപ്രേമികൾക്ക് ഇതിനൊക്കെ എവിടെയാണ് നേരം?
കേരള സർക്കാർ പറയുന്ന ജാഗ്രത എല്ലാവര്ക്കും വേണ്ടതാണ്. അതിന് ആർക്കാണ് എതിർപ്പുള്ളത്? ഇന്ത്യയിൽ 500 ലധികം വിമാനങ്ങൾ കിടക്കുമ്പോൾ എന്തുകൊണ്ടാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കായി വിമാനം ഇന്നുവരെ വിട്ടില്ല? ലോകത്തിന്റ എല്ലാം കോണുകളിൽ നിന്നും അവർ കണ്ണീരൊഴുക്കുന്നു. ഇന്ത്യയുടെ അഭിമാനമായ എയർ ഇന്ത്യ പോലും അതിൽ ശരിക്കൊന്നു ഇരിക്കാൻ പറ്റിയ സീറ്റുപോലും ഇല്ലാഞ്ഞിട്ടും വിട്ടുകൊടുക്കാൻ തയ്യാറായില്ല? പ്രവാസികളെ ജോലിയും കൂലിയും കൊടുക്കാതെ നാടുകടത്തി അതാണ് ഇന്ത്യൻ ജനാധിപത്യം ചെയ്ത ആദ്യത്തെ അപരാധം അല്ലെങ്കിൽ കുറ്റകൃത്യം. ആ വകയിൽ നല്ലൊരു തുകയും കേന്ദ്ര സർക്കാർ ഈടാക്കി. ഇന്ന് ആ കണക്ക് നോക്കിയാൽ കോടികൾ, മില്യനാണ്. എയർ ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത പാവങ്ങൾക്ക് അതിൽ നിന്ന് ഒരു ചില്ലികാശ് ഈ വെള്ളാനകൾ കൊടുത്തില്ല. ഇറാക്ക് യുദ്ധകാലത്തു് നാട്ടിൽ വന്നവർ ടിക്കറ്റിന് പണം കൊടുത്തില്ല. സർക്കാരുകൾ കേരളത്തിലേക്ക് വരുന്നവരുടെ ടിക്കറ്റ് തുക കൊടുക്കുന്നതാണ് മാന്യത. കാരണം കൊറോണ അവർ സൃഷ്ഠിച്ചതല്ല. ദേശീയ ദുരന്തമായി കണ്ട് പ്രവാസികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വിദേശകാര്യ വകുപ്പ് വിദേശ രാജ്യങ്ങളിൽ പൗരത്വം സീകരിച്ചുവർക്ക് പോലും അവർ കൊടുത്ത പണം മടക്കികൊടുത്തിട്ടില്ല. ഇതൊക്കെ അനീതിയാണ്. ഇതിനെയാണ് പകൽ കൊള്ള എന്ന് പറയുന്നത്. ഇന്ത്യൻ പാസ്സ്പോർട്ടുള്ള പൗരന്മാരെ, വിദേശ ഇന്ത്യൻ പൗരന്മാരെ ഈ ദുർഘട വേളയിൽ ജന്മനാട്ടിലേക്ക് കൊണ്ടുവരേണ്ടത് ആരുടെ ചുമതലയാണ്? ഇവരാണോ നിസ്വാർത്ഥ സേവകരായ ഭരണാധിപന്മാർ? ജീവകാരുണ്യ പ്രവർത്തനങ്ങളിൽപ്പെടുത്തിയെങ്കിലും പ്രവാസികളെ ജന്മനാട്ടിലെത്തിക്കണം.
പുറത്തു നിന്ന് രോഗികൾ വന്നതുകൊണ്ട് രോഗം വർധിച്ചുവെന്ന കേരള സർക്കാർ സമീപനം പ്രവാസികളോടുള്ള വെല്ലുവിളിയാണ്. ഒരു നാടിനെ പട്ടിണിയിൽ നിന്ന് കരകയറ്റിയ പ്രവാസികൾ അവർ ഇന്ത്യയിൽ, ഗൾഫിൽ, പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരെങ്കിലും അവസരവാദ രാഷ്ട്രിയക്കാരെപോലെ അപമാനിക്കുന്നത് നല്ലൊരു സർക്കാരിന് ചേർന്നതല്ല. അവർ സ്വന്തം വീട്ടിൽ നിന്ന് ഉത്പാദിപ്പിച്ച രോഗമല്ല കൊറോണ കോവിഡ്. വികസിത രാജ്യങ്ങളെ താറുമാറാക്കാൻ ചൈന വികസിപ്പിച്ചെടുത്ത ജൈവ ആയുധം ആര്ക്കാണ് മനസ്സിലാകാത്തത്? എന്റെ ഇറ്റലി യാത്രയിൽ ധാരാളം ചൈനക്കരെ കണ്ടിരുന്നു. അന്ന് കരുതിയത് ഇവർ ടൂറിസ്റ്റുകളായി വന്ന കൊറിയ, ജപ്പാൻ, തായ്‌ലാൻഡ് രാജ്യങ്ങളിൽ നിന്നുള്ളവർ ആയിരിക്കുമെന്നാണ്. ഇറ്റലിക്കാർ ചത്തൊടുങ്ങിയപ്പോൾ ഞാൻ കണ്ടവർ ചൈനയിൽ നിന്നുള്ളവരെന്ന് സുകൃത്തുക്കൾ വഴി അറിയാൻ കഴിഞ്ഞു. ഇറാക്ക് യുദ്ധകാലത്തു് സൗദിയിൽ മാസ്ക് അണിഞ്ഞു നടന്നത് സദാം ഹുസ്സയിൻ മിസ്സയിൽ വഴി കെമിക്കൽ വാതകങ്ങൾ കയറ്റിവിടുമോ എന്ന ഭയമായിരിന്നു. ലോകമെങ്ങും ഭീതി വളർത്തി നിരപരാധികളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയെ വിവരമുള്ളവർ വിലയിരുത്തട്ടെ. അമേരിക്കയുമായി വാതപ്രതിവാദങ്ങൾ നടക്കുകയാണല്ലോ.
ഒരു ഭാഗത്തു് കേരള സർക്കാർ പറയുന്നു. പ്രവാസികൾ മടങ്ങിവരട്ടെ. അങ്ങനെയെങ്കിൽ ഇന്നുവരെ കേരളത്തിലേക്ക് എന്തുകൊണ്ട് ട്രെയിൻ സംവിധാനം നടന്നില്ല? വിദ്യാഭാസ യോഗ്യതകൾ അധികമില്ലാത്ത ബംഗാളി, ഒറീസ്സ, തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലേക്ക് അവിടുത്തുകാർ കടന്നു പോയി? ഇന്ത്യക്ക് പുറത്തുള്ള പ്രവാസികൾക്ക് എന്തുകൊണ്ടാണ് വിമാന, ട്രെയിൻ സെർവിസ് ആവശ്യത്തിന് നല്കതിരിക്കുന്നത്? മറ്റുള്ളവരുടെ കണ്ണിൽപൊടിയിടാൻ ഏതാനം വിമാനങ്ങൾ വന്നാൽ മതിയോ? ജോലിയില്ലാത്ത, ആഹാരം കഴിക്കാൻ മറ്റുള്ളവരുടെ ഔദാര്യത്തിന്നായി കൈനീട്ടേണ്ട ഒരവസ്ഥ പ്രവാസിക്ക് എന്തുകൊണ്ടുണ്ടായി? രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ, വാടകകൊടുക്കാൻ നിവർത്തിയില്ലാത്തവർ ഇങ്ങനെ പലവിധ ദുരിതങ്ങൾ അനുഭവിക്കുന്നവരെ വിമാനത്തിൽ കയറ്റാതെ മറ്റുള്ളവരുടെ സ്വാധിനം ചെലുത്തി എന്തുകൊണ്ടാണ് വിമാനത്തിൽ കൊണ്ടുവന്നത്? എന്തുകൊണ്ടാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരെ കൊണ്ടുവരാൻ നടപടി സ്വീകരിക്കാത്തത്? അന്നന്ന് കാണുന്നവരെ അപ്പ എന്ന് വിളിക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഏത് രാഷ്ട്രീയ പാർട്ടിയായാലും അവസാനിപ്പിക്കുക. ജാതിമതങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന ഭരണ സംവിധാനങ്ങൾ അറിയേണ്ടത് ഭാവിയിൽ എന്ത് സംഭവിക്കും എന്നല്ല. അതിനേക്കാൾ ഇന്നുള്ള മുറിവും ചികിത്സയുമാണ് വേണ്ടത്. പ്രവാസിക്ക് ഇന്നുണ്ടായ ഈ മുറിവ് ഒരിക്കലും മറക്കില്ല. അധികാര പദവികൾ വാരിക്കോരി ആസ്വദിക്കുമ്പോൾ വിദേശ രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന പാവം പ്രവാസിയെ അവന്റെ ദുരിത നാളുകളിൽ അംഗീകരിക്കാൻ മുന്നോട്ടു വരാഞ്ഞത് അവരിൽ എന്തെന്നില്ലാത്ത ഏകാന്തത, അരക്ഷിതത്വബോധം വളർത്തിയിട്ടുണ്ട്. ഇതുപോലുള്ള സന്ദർഭങ്ങളിലാണ് അനുകമ്പ സഹജീവികളോട് കാട്ടേണ്ടത്. പ്രവാസികൾ ഭരിക്കുന്ന സർക്കാരുകളുടെ കളിപ്പാവകളോ, പരിഹാസ കഥാപാത്രങ്ങളോ അല്ല എന്നത് ഓർക്കുക. അവർ ശ്രമിച്ചാലും സർക്കാരുകളെ മാറ്റിമറിക്കാൻ സാധിക്കും.
പ്രവാസികൾ കേരളത്തിന്റ സ്വന്തം എന്ന് വീമ്പിളക്കുന്നവർ അവരനുഭവിക്കുന്ന ഇന്നത്തെ ദുർവിധി എന്തുകൊണ്ട് കാണുന്നില്ല? പലരുടേയും കദന കഥകൾ കേൾക്കുന്നത് ചാനലുകൾ വഴിയാണ്. കേരള സർക്കാർ രോഗികളുടെ എണ്ണം വർധിച്ചുവെന്ന് പറയുമ്പോൾ അതിൽ ഊന്നൽ കൊടുക്കുന്നത് പ്രവാസികളെയാണ്. പ്രവാസികൾക്ക് എല്ലാം സൗകര്യവും ഒരുക്കിയ സർക്കാർ ഈ നാടകം എന്തിനാണ് കളിക്കുന്നത്? അവർ വരട്ടെ എന്നല്ലേ പറയേണ്ടത്? സ്തുതിപാഠകരായ എഴുത്തുകാരെപോലെ കേരളത്തിലെ ആരോഗ്യ രംഗവും സ്തുതിപാഠകരായി മാറിയോ? ലോകെമെങ്ങും ആരോഗ്യ രംഗം ലോകാത്ഭുതമായി പ്രകൃതിക്കുമ്പോൾ കരുത്തുള്ള ഒരു ആരോഗ്യ രംഗം പ്രവാസികളെ രണ്ടു കൈയും നീട്ടി സ്വീകരിക്കയല്ലേ വേണ്ടത്? പ്രവാസികൾ വിദേശത്തു് പൗരത്വം കിട്ടിയവരായാലും ജന്മനാട് രാഷ്ട്രീയ അധികാരമോഹികളെപോലെ മറക്കാൻ പറ്റുമോ? മാതൃദേശത്തേക്കല്ലാതെ അവർ എവിടെ പോകാനാണ്?
ഗോവയിൽ ഒരാൾ പോലും കോവിഡ് പിടിച്ചു് മരണപെട്ടതായി അറിഞ്ഞില്ല. കേരളത്തേക്കാൾ മികച്ച ആരോഗ്യരംഗം കാഴ്ചവെച്ച പല സംസ്ഥാനങ്ങളുമുണ്ട്. കേരളത്തെപ്പറ്റി ഇത്രമാത്രം വീമ്പ് പറയാൻ എന്തെന്ന് വിദേശത്തുള്ള പലർക്കും മനസ്സിലാകുന്നില്ല. ചില മന്ത്രിമാരടക്കം ഇറ്റലിയെപ്പറ്റി പറഞ്ഞത്. വയോധികരെ നോക്കേണ്ടതില്ല ചെറുപ്പക്കാരെ നോക്കിയാൽ മതിയെന്നാണ്. ഈ കൂട്ടർ മൊത്തം പാശ്ചാത്യ രാജ്യങ്ങളെ അതിൽപ്പെടുത്തി പരിഹസിച്ചു. ഏതാനം ലക്ഷങ്ങൾ പ്രവാസികളുള്ള സംസ്ഥാനത്തു് അവർ തൽക്കാലം വരേണ്ടതില്ല എന്ന് പറഞ്ഞതിനേക്കാൾ കുറ്റകരമാണോ ആശുപ്ത്രിയിൽ ബെഡുകൾ ഇല്ലെന്ന് പറഞ്ഞത്? കേരളത്തിൽ ഇതുപോലെ ആയിരങ്ങൾ മരണപ്പെട്ടാൽ എന്ത് സമീപനമാണ് സ്വീകരിക്കുക? പുതിയ ആശുപത്രികൾ പണിയുമോ? പാശ്ചാത്യ നാടുകൾ വേണ്ടുന്ന ശ്രദ്ധ ആദ്യനാളുകളിൽ കൊടുക്കാത്തതാണ് ഇന്നവർ അനുഭവിക്കുന്ന ദുരിതം. മറ്റുള്ളവരെ അപകൃതിപ്പെടുത്തികൊണ്ടുള്ള ഈ ദുഷ്പ്രചാര വേലകൾ നിർത്തുക.വോട്ടുകിട്ടാനുള്ള തന്ത്രങ്ങളാണ് രാഷ്ട്രീയപാർട്ടികൾ ചെയ്യുന്നതെങ്കിൽ അവർക്ക് ജാതി മത പ്രമാണിമാരുണ്ടല്ലോ. മറുനാട്ടിൽ കഷ്ടപ്പെടുന്ന സ്വന്തം ജനതയെ കൊണ്ടുവന്നിട്ട് നല്ല പിള്ള ചമയുക. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും കോവിഡ് രോഗികളുടെ കണക്ക് പുറത്തുവിടുന്നില്ല എന്നൊരു പരാതിയുണ്ട്. ഇതിൽ കേരളവും മാറ്റിവെച്ചിട്ടുണ്ടോ?
ജനങ്ങൾ ചെകുത്താനും കടലിനുമിടയിൽ ദുരിതമനുഭവിക്കുമ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്ക് സൈബർ ഗുണ്ടകളെ ഇറക്കിവിടാതിരിക്കുക. ഒരു പനിപോലെ വന്നുപോകുന്ന കോവിഡിനെ എന്തോ വലിയ സംഭവമായി സമൂഹത്തിൽ ഭീതി പടർത്തി രാഷ്ട്രീയ ലാഭം കൊയ്യാതിരിക്കുക. ഈ കൂട്ടർ അറിയേണ്ടത് ഇന്ത്യൻ സംസ്ഥാനളെപോലെ വിദേശ രാജ്യങ്ങളായ സ്വീഡൻ, വിയറ്റ്നാം, ആഫ്രിക്കൻ രാജ്യങ്ങൾ ആഗോള തലത്തിൽ കോവിടിലിൽ നിന്ന് രക്ഷപ്പെട്ടു കഴിയുന്നവരാണ്. അവരാരും പൊങ്ങച്ചം പറഞ്ഞു കേട്ടില്ല. ഏത് രോഗമായാലും ശരിയായ ചികിത്സ നടത്തിയാൽ രോഗ സൗഖ്യ൦ നേടും. അതിന് പരിചയ സമ്പന്നരായ ആരോഗ്യ് രംഗത്തുള്ളവർ നമ്മുക്കുണ്ട്. അവർ പൊങ്ങച്ചം പറഞ്ഞാലും ആരും അംഗീകരിക്കില്ല.കാരണം കേരളം വളർത്തിയെടുത്ത ആരോഗ്യ രംഗം, വിദ്യാഭ്യാസ രംഗം മലയാളിക്കുണ്ട്. കേരള സർക്കാർ ഒരു കാര്യമറിയുക. വേണ്ടുന്ന പരിരക്ഷ കിട്ടാതെ പ്രവാസികൾ ലോകമെമ്പാടും മരണപ്പെടുന്നു. സ്വന്തം വിടും നാടും പ്രിയപ്പെട്ടവരെ പിരിഞ്ഞു കൊറോണക്ക് മുന്നിൽ പകച്ചുനിൽക്കുന്നവരാണവർ. അവരുടെ ഏക ആശ്രയം ജന്മനാടാണ്.അവർക്ക് വേണ്ടുന്ന താങ്ങും തണലുമൊരുക്കുക. എത്രയോ എം.പി മാർ ലോകസഭയിലുണ്ട്. അവർ വഴിപോലും സ്വന്തം സഹോദരി സഹോദരങ്ങളെ നാട്ടിൽ എത്തിക്കാത്ത സർക്കാർ സമീപനങ്ങോളോടെ ഒരിക്കലും യോജിക്കാനാവില്ല. രാഷ്ട്രീയ പോരുകൾക്കിടയിൽ ഇവിടെ വേട്ടയാടപ്പെടുന്നത് പാവം പ്രവാസികൾ. സ്വാർത്ഥ ലാഭത്തിന്റെ സാഫല്യത്തിനായി പ്രവാസികളെ ഇരയാക്കാതിരിക്കുക.
കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യ അടക്കം അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ ചികിൽസയിലാണ്.
ഹൃദയാഘാതത്തെത്തുടർന്ന് മെയ് 17 നാണ് ഹൈദരാബാദിലെ ശിവാജി നഗറിൽ താമസിച്ചിരുന്ന കായംകുളം സ്വദേശിയായ 64 കാരൻ മരിച്ചത്. അന്നുതന്നെ ശിവാജി നഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇവരുടെ വീടിനോട് ചേർന്നുള്ള 20 ഓളം ആളുകൾ സംസ്‌കാര ചടങ്ങിൽ സംബന്ധിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം മെയ് 19 നാണ് മരിച്ചയാളുടെ ഭാര്യയ്ക്ക് കടുത്ത പനിയെത്തുടർന്ന് ആശുപത്രിയിലാക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ശവസംസ്‌കാരചടങ്ങിൽ പങ്കെടുത്ത നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
മരിച്ചയാൾ നേരത്തെ പനിയ്ക്ക് സ്വകാര്യ ക്ലിനിക്കിൽ ചികിൽസ തേടിയിരുന്നു എന്നാണ് വിവരം. എന്നാൽ ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നില്ല.