Kerala

ഇന്ന് സംസ്ഥാനത്ത് 127 പേർക്കു കൂടി കൊവിഡ്19 രോഗം സ്ഥിരീകരിച്ചു. 57 പേർ രോഗമുക്തി നേടി. തിരുവനന്തപുരത്ത് നടന്ന കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം ബാധിച്ചവരിൽ 87 പേർ വിദേശത്തുനിന്നു വന്നവരാണ്. 36 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. സമ്പർക്കം വഴി മൂന്നുപേർക്കും ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം ബാധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ രോഗം സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര-15, ഡൽഹി-9, തമിഴ്‌നാട്-5, ഉത്തർപ്രദേശ്-2, കർണാടക-2, രാജസ്ഥാൻ-1, മധ്യപ്രദേശ്-1,ഗുജറാത്ത്-1 എന്നിങ്ങനെയാണ്.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നാണ് കെ.സി.വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടത്.

10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ഇതിൽ കർണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാർച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗൺ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 തുടങ്ങി ട്ട് സംസ്ഥാനങ്ങളിലെ 19 രാജ്യസഭ സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

മുളകുപാടം ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തും. സുരേഷ് ഗോപിയുടെ കരിയറിലെ 250ാം ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ടോമിച്ചൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രേക്ഷകർക്ക് ഗംഭീര വിരുന്നൊരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമായിരിക്കും വരുന്നതെന്ന് നിർമ്മാതാവ് പറയുന്നു.

കടുവാക്കുന്നേല്‍ കുരുവാച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ്
ഗോപി ചിത്രത്തിലെത്തുക. ജോഷിയുടെ സംവിധാനത്തില്‍ 1997 ല്‍ ഇറങ്ങിയ ‘ലേല’ത്തിലെ പുലിക്കോട്ടില്‍ ചാക്കോച്ചിക്ക് ശേഷം സുരേഷ് ഗോപി കോട്ടയംകാരനായി എത്തുന്ന ചിത്രം കൂടി ആയിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധായകൻ. ജോണി ആന്റണി, രഞ്ജിത്ത് ശങ്കര്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍ തുടങ്ങിയവരോടൊപ്പം സഹ സംവിധായികനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രത്തിൽ സുരേഷ്
ഗോപിയെ കൂടാതെ മലയാളത്തിലെ മുൻനിര താരങ്ങളും ഒന്നിക്കും. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളോ വെളുപ്പെടുത്തിയിട്ടില്ല.

സച്ചിയുടെ ജീവൻ രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും വിഫലമായതിന്റെ സങ്കടത്തിലാണു സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജിത്തും നടൻമാരായ പൃഥ്വിരാജും ബിജുമേനോനുമുൾപ്പെടെയുളള സച്ചിയുടെ സുഹൃദ്‌വലയം. സച്ചിയുടെ നില ഗുരുതരമായതു മുതൽ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ധർക്കു ലഭ്യമാക്കുകയും ഉപദേശം തേടുകയും ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം.

ഒരു ഘട്ടത്തിൽ ബെംഗളൂരുവിലെ നിംഹാൻസിലേക്ക് സച്ചിയെ എയർ ലിഫ്റ്റ് ചെയ്യാനും സുഹൃത്തുക്കൾ ആലോചിച്ചിരുന്നു. എന്നാൽ റിപ്പോർട്ടുകൾ പരിശോധിച്ച നിംഹാൻസിലേയും മറ്റു വിദഗ്ധ ഡോക്ടർമാരിൽ നിന്നു പ്രതീക്ഷ പകരുന്ന മറുപടിയല്ല ആ ഘട്ടത്തിൽ ലഭിച്ചതെന്നു ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്തെങ്കിലും അത്ഭുതം സംഭവിക്കണമേയെന്ന പ്രാർത്ഥനയിലായിരുന്നു ഏവരും. നേരിയ പുരോഗതി പോലും സച്ചിയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരുന്നെങ്കിലും വിധി മറിച്ചായിരുന്നു.

‘പോയി’. ഈ ഒറ്റവാക്കിൽ ആണ് പൃഥ്വി സച്ചിയെ നെഞ്ചിലടക്കിയത്. സച്ചിയുടെ ഏറ്റവും അടുത്തയാളെന്ന് ആരാധകര്‍ സനേഹത്തോടെ പറയുന്ന ബന്ധം. ഫെയ്സ്ബുക്കിൽ സച്ചിയുടെ സൗഹൃത്തുക്കൾ ഓർമകൾ പങ്കുവയ്ക്കുമ്പോൾ പൃഥ്വിയുടെ വാക്കിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം അത്ര ആഴത്തിലാണെന്ന് അവരുടെ കൂട്ടുകെട്ടുകൾ പലയാവർത്തി തെളിയിച്ചതാണ്. എന്നാൽ അതിനെയെല്ലാം സച്ചിയുടെ ചിത്രം പങ്കുവച്ച് മുകളിൽ ‘പോയി’ എന്ന വാക്ക് മാത്രമാണ് അദ്ദേഹം കുറിച്ചത്.

പോസ്റ്റിന്റെ കമന്റില്‍ പ്രേക്ഷകരും പൃഥ്വിയുടെ വേദന പങ്കുവയ്ക്കുകയാണ്. സന്ദീപ് ദാസ് എന്നയാള്‍ കുറിച്ചത് ഇങ്ങനെ: ‘താങ്കളുടെ മനസ്സിലെ സങ്കടക്കടൽ കാണാനാവുന്നുണ്ട്… പോയി എന്ന ഒരൊറ്റ വാക്ക് മാത്രം… ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടുപോവുമ്പോൾ അങ്ങനെയാണ്… ഒന്നും മിണ്ടാനാവില്ല… വാക്കുകൾ പുറത്തുവരില്ല… പ്രിയ സച്ചിയ്ക്ക് ആദരാഞ്ജലികൾ.’

ജീവിതത്തിൽ എത്രത്തോളം സ്നേഹിച്ചിരുന്നോ അത്രത്തോളം ഇനിയും സ്നേഹിക്കുമെന്ന് ബിജു മേനോൻ കുറിച്ചു.

മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്

പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .

 

രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക്‌ കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. സംവിധായകരായ ഷാജി കൈലാസും എംഎ നിഷാദുമാണ് സച്ചി മരിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്‌. തൃശൂരിലെ ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ ആരോ​ഗ്യനില ​ഗുരുതരമായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.

സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.

കൊച്ചി∙ കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ലിഫ്റ്റിൽ പിപിഇ കിറ്റ് ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കളമശേരി സ്വദേശിനി സാഹിറയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് സഹായം ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ലിഫ്റ്റ് പ്രവർത്തിക്കാതായതോടെ അലാറം 15 മിനിറ്റോളം ഞെക്കിപ്പിടിച്ചു നിന്നിട്ടും സഹായത്തിന് ആരും എത്തിയില്ല. പിപിഇ കിറ്റിൽ ആയിരുന്നതിനാൽ അവശതയിലായി ബോധം നഷ്ടപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നാമത്തെ നിലയിൽ നിന്ന് താഴേയ്ക്ക് എക്കോ മെഷീൻ കൊടുക്കാനായി ലിഫ്റ്റിൽ കയറിയതായിരുന്നു. നാലു പേർക്ക് മാത്രം പ്രവേശിക്കാവുന്ന ലിഫ്റ്റിൽ എക്കോ മെഷീനും ട്രോളികളും ഉണ്ടായിരുന്നു. ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് ലിഫ്റ്റ് പ്രവർത്തനരഹിതമാകാൻ കാരണമായത്. പിപിഇ കിറ്റിൽ കുറെ സമയം ചെലവഴിച്ചതോടെയാണ് ബോധം നഷ്ടമായത്.

അടുത്ത ഷിഫ്റ്റിലേയ്ക്കുള്ള നാലു പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ഇവർ ലിഫ്റ്റിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നതിനാൽ മറ്റുള്ളവർക്ക് ഓടിച്ചെന്ന് സഹായിക്കാനും സാധിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് കൂടുതൽ പേരെത്തി സ്റ്റെപ്പിലൂടെ ചുമന്നാണ് ഇവരെ താഴെ കാഷ്വാലിറ്റിയിലെത്തിച്ചത്. വൈകിട്ട് ആറരയോടെയാണ് ബോധം വന്നത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് ഇവർ പറഞ്ഞു. അതേസമയം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള കെട്ടിടത്തിലെ വാർഡിലാണ് ഇവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വന്തമായി മുറിയിലേയ്ക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ 16 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനം നടത്തിയ കെട്ടിടത്തിലാണ് സംഭവം. ഇതിന്റെ ലിഫ്റ്റ് സ്ഥിരമായി പണിമുടക്കിലാണെന്നും ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. അതുകൊണ്ടു തന്നെ നഴ്സുമാർ ഒറ്റയ്ക്ക് പോകേണ്ടി വരുമ്പോൾ ഈ ലിഫ്റ്റിൽ കയറില്ലത്രെ. ഒന്നിലധികം പേരുണ്ടെങ്കിൽ മാത്രമാണ് കയറുക. ഇതിന് സ്ഥിരമായി ഒരു ലിഫ്റ്റ് ഓപ്പറേറ്റർ ഉണ്ടെങ്കിലും ബ്ലഡ്ബാങ്കിൽ മറ്റു ആവശ്യത്തിന് പറഞ്ഞയച്ചിരിക്കുകയായിരുന്നു.

15 മിനിറ്റിൽ കൂടുതൽ സ്ത്രീ ലിഫ്റ്റിൽ കിടന്നിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. പരാതി ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

എറണാകുളം റെയിൽവേ മാർഷലിംഗ്‌ യാർഡിനും കതൃക്കടവ്‌ മേൽപ്പാലത്തിനും മദ്ധ്യേ റെയിൽവേ കനാലിന്റെ രണ്ടു ശാഖകളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന 27 സെന്റ് റെയിൽവേ ഭൂമി സ്വകാര്യ വ്യക്തി കയ്യേറുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി റെയില്‍വേക്ക് പരാതി നല്‍കി. റെയിൽവേ കനാല്‍ നിർമ്മിക്കാനായി, വിശിഷ്യാ കനാലിന്‍റെ ഈ ഭാഗത്തുള്ള വളവ്‌ ഉൾക്കൊള്ളാനായി പതിറ്റാണ്ടുകൾക്കു മുൻപ്‌ റെയിൽവേ ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ഭൂമിയാണ് ഇപ്പോൾ സ്വകാര്യ വ്യക്തി കയ്യേറുന്നത്‌. ഈ ഭൂമിയോടു ചേര്‍ന്നുള്ള പ്രദേശം ഇപ്പോൾ ഒരു പ്രീമിയം ഹൗസിംഗ്‌ മേഖലയായതിനാൽ ഈ ഭൂമിക്ക്‌ 10 കോടി രൂപയോളം വിപണി മൂല്യമുണ്ട്‌, അതു തന്നെയാണ്‌ കയ്യേറ്റക്കാരെ ആകർഷിക്കുന്ന ഘടകവും. മെയ്‌ മാസം മുതൽ പടിപടിയായി ആരംഭിച്ച കൈയ്യേറ്റ ശ്രമം പരിസരവാസികളുടെ എതീർപ്പുകൾ വകവയ്ക്കാതെ തുടരുകയാണ്‌. കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധ മാറിയത് കയ്യേറ്റക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്.

റെയിൽവേ ഭൂമിയുടെ കൈയ്യേറ്റം ഉടനടി തടയുകയും, ഭൂമി റെയിൽവേ നിയന്ത്രണത്തിലെടുക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട്‌ ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കളക്ടർക്കും, റെയിൽവേ ഡിവിഷണൽ മാനേജർക്കും പരാതി നൽകി.

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. പദ്ധതി നീണ്ടുപോയതില്‍ സംസ്ഥാന സര്‍ക്കാരിനും കുറ്റകരമായ അനാസ്ഥയുണ്ട്. ഇരു സര്‍ക്കാരുകളും പരസ്പരം നടത്തിയ രാഷ്ട്രീയപ്പോരും പദ്ധതി നീണ്ടുപോകുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി റദ്ദ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐസിസി അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്റര്‍ അനില്‍ ബോസ് നടത്തിയ ഉപവാസസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്ക് അനുവദിച്ച പണം നിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണോ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെ പി സി സി ഭാരവാഹികളായ ടോമി കല്ലാനി, അജയ് തറയിൽ, ജോസി സെബാസ്റ്റ്യൻ, കെ .പി ശ്രീകുമാർ ,പി എസ് രഘുറാം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് വി . കെ സേവ്യർ, ഡിസിസി ഭാരവാഹികളായ പി എസ് ബാബുരാജ്, മനോജ് കുമാർ, രമണി എസ് ഭാനു, ജെ.ടി റാംസെ, ബിജു പാലത്തിങ്കൽ, ജനുബ് പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയിൽ , മുഹമ്മദ് അസ്ലാം , മുരളീകൃഷ്ണൻ, താഹ, സൈനലാബ്ദിൻ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ സമര പരിപാടികളുമായി അനിൽ ബോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള തീർത്ഥാടന പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം ദൗർഭാഗ്യകരമാണെന്നും.നടപടി കേരളത്തിന്‍റെ ടൂറിസം സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി .

എത്രയും പെട്ടെന്ന് തിരുമാനം പിൻവലിക്കണമെന്നും, ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സർക്യൂട്ട് പദ്ധതി പുനരാരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ 15ന് ആയിരുന്നു ഉപവാസ സമരം. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥാപകസ്ഥലമായ നീലംപേരൂരില്‍ ആയിരുന്നു സമരം. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം നനമതസ്ഥരായ വൻ ജനപങ്കാളിത്തത്തോടൊപ്പം പ്രമുഖ മറ്റു പല മത നേതാക്കളുടെ സാന്നിധ്യവും  ഉപവാസ സമരത്തിന് വിജയപ്പകിട്ടായി….

അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസ്. തിരുവല്ല കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശി ഏബ്രഹാം തോമസിനാണ് മകന്റെ ക്രൂമര്‍ദനമേറ്റത്. മകന്‍ അനില്‍ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ഇതേതുടര്‍ന്ന് പൊലീസ് എബ്രഹാമിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.

വീട്ടിലെത്തിയപ്പോള്‍ അനിലിനെ പിടികൂടാനായില്ല. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം. വലിയ വടി ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. അടിക്കരുതെന്ന് പിതാവ് കേണപേക്ഷിക്കുമ്പോഴും അനില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ക്രൂരമായ മര്‍ദ്ദനിത്തിന് ശേഷം എബ്രഹാം ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ കേസുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ മകനല്ലേ ക്ഷമിക്കാമെന്നായിരുന്നു പിതാവിന്റെ മറുപടി.

അയല്‍വാസിയാണ് മകന്‍ പിതാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേരളപൊലീസിന്റെ സൈബര്‍ സെല്ലും ഇടപെട്ടിരുന്നു. എബ്രഹാം മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനില്‍ സ്ഥിരം മദ്യപാനിയായതിനെ തുടര്‍ന്ന് ഭാര്യ മാറി താമസിക്കുകയാണ്.

സോഷ്യൽ മീഡിയ പൊതു ഗ്രൂപ്പിൽ അപ്‌ലോഡ് വീഡിയോയിലെ അസഭ്യമായ വാക്കുകൾ ന്യൂസ് ചാനലുമായി ബന്ധമില്ല….

RECENT POSTS
Copyright © . All rights reserved