മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 5 കോടി രൂപ സംഭാവന നല്‍കിയ സംഭവത്തില്‍ നടന്‍ ഗോകുല്‍ സുരേഷ് പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരുന്നത്.
അമ്പലമാണെങ്കിലും ക്രിസ്ത്യന്‍ പളളിയാണെങ്കിലും ഇത് തെറ്റാണ്, ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നോ, മുസ്ലിം പള്ളിയില്‍ നിന്നോ അവര്‍ (ഗവണ്‍മെന്റ്), എടുത്തിരുന്നോ എന്നായിരുന്നു ഗോകുല്‍ സുരേഷ് ഗോപിയുടെ പോസ്റ്റ്. പോസ്റ്റ് വലിയ വിവാദമായി മാറി. വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗോകുല്‍ സുരേഷ്. പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതലെന്ന് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങള്‍ സ്വന്തം ധര്‍മത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാന്‍ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങള്‍ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നല്‍കുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചിലവുകള്‍ക്ക് പുറമെയാണ് ഇതിനൊക്കെ അവര്‍ പൈസ കണ്ടെത്തുന്നത്. എന്നാലും അവര്‍ക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല.
അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളില്‍നിന്നും അമ്പലങ്ങളില്‍നിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഞാന്‍ കുറിച്ചതിന്റെ കാതല്‍. ഹിന്ദുക്കളില്‍ നിന്നോ അമ്പലങ്ങളില്‍ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളില്‍ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാന്‍ കുറിച്ചത്.
ഇതിന്റെ പേരില്‍ എനിക്കെതിരെ വന്ന കമെന്റുകളില്‍ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകള്‍) നിന്ന് തന്നെ മനസിലാകും പലര്‍ക്കും പദാവലിയില്‍ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളില്‍ എന്റെ അച്ഛന്‍ വര്‍ഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളില്‍ വര്‍ഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങള്‍ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും?
ഞാന്‍ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാല്‍ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി.എസ്. അച്യുതാനന്ദന്റെയും കാലങ്ങളില്‍ നിലനിന്നിരുന്ന യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്. കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോര്‍ട്ടലില്‍ വ്യക്തിപരമായി പലര്‍ക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്.
ഇതൊക്കെ കണ്ട് അവര്‍ ആസ്വദിക്കുന്നു എന്നൊരു തോന്നല്‍. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാന്‍ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങള്‍ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!
സോഷ്യൽമീഡിയയിൽ കൊവിഡ് ഉൾപ്പടെയുള്ള ദുരന്തങ്ങളും ഗൗരവം നിറഞ്ഞ വിഷയങ്ങളുമെല്ലാം ട്രോളാകാറുണ്ട്. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോൺ വിളിച്ചതിന്റെ പേരിൽ സോഷ്യൽമീഡിയ ഏതാനും നാളുകളായി ആഘോഷിക്കുന്ന പേരാണ് ഉസ്മാന്റേത്. പ്രത്യേക വിമാനത്തിൽ പ്രവാസികളെ എത്തിക്കാൻ തുടങ്ങിയതു മുതൽ ഓരോ ട്രോളന്മാരും അന്വേഷിക്കുന്നത് ഉസ്മാൻ എത്തിയോ എന്നായിരുന്നു. എങ്കിലിതാ നിങ്ങൾക്ക് നിരാശരാകാം. ഇനി പുതിയ വിഷയം തേടി പോകാം. കാരണം ഉസ്മാൻ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.
ചെന്നിത്തല പ്രവാസി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ഫോൺ കോളുകളുടെ വീഡിയോയിൽനിന്നാണ് ഈ ട്രോളുകളെല്ലാം ആരംഭിച്ചത്. ഒടുവിൽ ട്രോളന്മാർ അന്വേഷിച്ചു നടന്ന കെകെ ഉസ്മാൻ ഞായറാഴ്ച പുലർച്ചെ ദോഹയിൽനിന്ന് നെടുമ്പാശേരിയിലെത്തിയ വിമാനത്തിൽ വന്നിറങ്ങിയിരിക്കുകയാണ്. ഒഐസിസി ഗ്ലോബൽ വൈസ് പ്രസിഡന്റാണ് കെകെ ഉസ്മാൻ.
പ്രതിപക്ഷ നേതാവ് സദുദ്ദേശ്യത്തോടെ ചെയ്ത കാര്യങ്ങൾ മോശപ്പെടുത്തി ചിത്രീകരിക്കുന്നതിൽ ശരിക്കും വിഷമമുണ്ടെന്നായിരുന്നു ഉസ്മാന്റെ ആദ്യപ്രതികരണം. തന്നെ മാത്രമല്ല, ഒഐസിസിയുടെ മറ്റ് നേതാക്കളായ വർഗീസ് പുതുക്കുളങ്ങര, രാജു കല്ലമ്പുറം തുടങ്ങിയവരെയും അദ്ദേഹം വിളിച്ചിരുന്നെന്നും ഏപ്രിൽ മാസം തുടക്കത്തിൽ ഒരു വ്യാഴാഴ്ചയാണ് പ്രതിപക്ഷ നേതാവ് ഫോണിൽ വിളിച്ചതെന്നും ഉസ്മാൻ പറയുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ട എല്ലാസഹായവും ചെയ്തുനൽകണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പിറ്റേദിവസം വെള്ളിയാഴ്ചയും അദ്ദേഹം വിളിച്ചിരുന്നു.
ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു മലപ്പുറം സ്വദേശിയുടെ നമ്പർ അദ്ദേഹം നൽകുകയും എല്ലാ സഹായവും എത്തിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉസ്മാൻ പറയുന്നു. ലോക്ക്ഡൗൺ കാരണം അവിടെ 16 ഓളം പേരാണ് കുടുങ്ങികിടന്നിരുന്നത്. ചെന്നിത്തല വിളിച്ചുപറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. എല്ലാവർക്കും ഒരുമാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ നൽകിയെന്നും ഉസ്മാൻ വിശദീകരിച്ചു.
രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കാനാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പക്ഷേ, അതെല്ലാം മോശപ്പെടുത്തുന്നരീതിയിൽ ചിത്രീകരിക്കുന്നതിൽ വിഷമമുണ്ട്. എന്തെല്ലാമായാലും ട്രോളന്മാരോട് തനിക്ക് കടപ്പാടുണ്ടെന്നും ഖത്തർ ഇൻകാസ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഉസ്മാൻ പറയുന്നു. ഒന്നുമില്ലെങ്കിലും തന്റെ പേര് ഇത്രയും വൈറലാക്കിയതിൽ അവരോട് കടപ്പാടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഖത്തറിലും ഗൾഫ് രാജ്യങ്ങളിലും സജീവമായ സാമൂഹികപ്രവർത്തകനായ ഉസ്മാൻ ഗർഭിണിയായ മകൾക്കൊപ്പമാണ് ഞായറാഴ്ചയിലെ വിമാനത്തിൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ കോഴിക്കോട് നാദാപുരത്തെ പാറക്കടവിലെത്തി. ഇനിയുള്ള ദിവസം സർക്കാർ നിർദേശിച്ച ക്വാറന്റൈനിലാണ്. വിമാനസർവീസുകളെല്ലാം പഴയപടിയായാൽ ഖത്തറിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 45 വർഷമായി ദോഹയിൽ ബിസിനസ് നടത്തുകയാണ് ഉസ്മാൻ.
ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തിനുള്ളില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് തൃശൂര്‍ ബ്യൂറോ ചീഫ് ആയ പ്രിയ ഇളവള്ളിമഠത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂര്‍ കുട്ടഞ്ചേരി സ്വദേശിയായ അജിത് ശിവരാമനാണ് അറസ്റ്റിലായത്. പ്രിയ ഇളവള്ളി മഠത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും സോഷ്യൽമീഡിയയിലൂടെ അധിക്ഷേപിച്ചു എന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന അജിത്ത് ശിവരാമൻ നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയ ഇളവള്ളി മഠം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
തന്റെയും ഭര്‍ത്താവിന്റെയും ഫോട്ടോ വെച്ച് സോഷ്യൽ മീഡിയയിൽ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയും വര്‍ഗീയ പ്രചാരണം നടത്തുകയും ചെയ്യുന്നു എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്. ഭര്‍ത്താവ് മുസ്ലിം ആയതിനാല്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ആരോപണമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങൾക്കെതിരെ നടത്തുന്നതെന്നും പ്രിയ ഇളവള്ളി മഠം പറയുന്നു. അറസ്റ്റിലായ അജിത് ശിവരാമന്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സോഷ്യല്ർമീഡിയയിൽ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു.
ഏപ്രില്‍ എട്ടിനാണ് തൃശൂർ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഇ. ചന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവസ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകള്‍ ഓടി രക്ഷപ്പെട്ടിരുന്നു. രാവിലെ 7.30 ന് നടന്ന ഭാഗവത പാരായണത്തില്‍ അമ്പതിനടുത്ത് ആളുകള്‍ പങ്കെടുത്തതായാണ് വിവരം.
നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളില്‍ ജയേഷിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.
കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ – അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.
മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആരാധകർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ഈ മാറ്റത്തെ പ്രശംസിക്കുന്നത്. താടിയാണ് പ്രധാന ആകർഷണമെന്നാണ് ആരാധകരുടെ പക്ഷം.
ബെംഗളൂരുവിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിനിക്കാണ് ദുരനുഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരിതമുണ്ടായത്.
ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോ റിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.
പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എം എൽ എ സമീർ അഹമ്മദ് ഖാൻ ധനസഹായവും നൽകി.
സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
നെടുങ്കണ്ടത്ത് 40 ഏക്കറില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥിക്കൂടം ഒന്‍പത് മാസം മുൻപ്കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവരാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. കേടുപാട് സംഭവിക്കാത്ത നിലയില്‍ ഒരു കുടയും ഇവിടെയുണ്ടായിരുന്നു.
സംഭവം കൊലപാതകമാണെന്നും ഒന്‍പത് മാസം മുൻപ് കാണാതായ മാവടി സ്വദേശിയുടേതാണ് അസ്ഥിക്കൂടമെന്നുമാണ് പൊലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ വ്യക്തി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. അതേസമയം, ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.
ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പൊലീസ് നായ സ്റ്റെഫി സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കോട്ടയം കോതനല്ലൂരിൽ തോട്ടിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു. കോതനല്ലൂർ കുഴികണ്ടത്തിൽ അനീഷിന്റെ ഭാര്യ ഓബി അനീഷ് (30), മകൻ അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഇവരുടെ വീടിന് സമീപത്ത് കൂടി ഒഴുകുന്ന കുഴിയാഞ്ചാൽ തോട്ടിലാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കുളിമുറിയിൽ കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടിൽ വീഴുന്നതു കണ്ട് രക്ഷിക്കാനായി തോട്ടിൽ ചാടിയതാണെന്ന് പോലീസ് പറഞ്ഞു.
തോട്ടിൽ മീൻ പിടിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. അനീഷ് രാവിലെ ജോലിക്കു പോയിരുന്നു. ഇവരുടെ മൂത്തമകൻ ആദിത്യൻ കല്ലറയിൽ ഓബിയുടെ വീട്ടിലായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പ്രവാസികളുമായി രണ്ടു വിമാനങ്ങളാണ് ഇന്നലെ നാട്ടില്‍ പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ രണ്ടു വിമാനങ്ങളും നിയന്ത്രിച്ചതു വനിതാ പൈലറ്റുമാരായിരുന്നു.
ലോകമാകെ ഞായറാഴ്ച മാതൃദിനം ആചരിക്കുന്നതു പ്രമാണിച്ചാണ് പൈലറ്റുമാരും അതിലുപരി അമ്മമാരുമായ ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വലിയ ദൗത്യമേല്‍പ്പിച്ചത്.
ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുള്ള ആദരവായി ഈ തീരുമാനം. അതേസമയം, ഇതു കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണം നല്കുന്നു.
കാരണം ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയം അരുവിത്തുറ സ്വദേശി വയമ്പോത്തനാല്‍ (വലിയവീട്ടില്‍) ജോര്‍ജ് സെബാസ്റ്റ്യൻ- എല്‍സമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകളാണ് മസ്കറ്റില്‍നിന്നു കൊച്ചിയിലെത്തിയ വിമാനം നിയന്ത്രിച്ച ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യന്‍.
കൊച്ചിയിൽനിന്നും മസ്കറ്റിലേക്കും അവിടെനിന്നു തിരിച്ചും ബിന്ദുവാണ് വിമാനം പറത്തിയത്. എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ്, ആദര്‍ശ് എന്നിവരാണ് മക്കള്‍.
ക്വാലാലംപൂരില്‍നിന്നു തമിഴ്നാട്ടിലെ ട്രിച്ചിയിലെത്തിയ വിമാനം പറത്തിയതും വനിതയാണ്. ക്യാപ്റ്റന്‍ കവിതാ രാജ്കുമാര് ആണ് ഈ വിമാനം നിയന്ത്രിച്ചത്.