ഫൈസൽ നാലകത്ത്
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ മനസ്സുകൾക്ക് ശക്തിയും മനസ്സിൽ അണയാത്ത തിരിനാളവും തെളിയിച്ചു കൊണ്ട് അവസരോചിതമായ ഒരു സംഗീത സൃഷ്ടി. പ്ലേയ്‌ബാക്ക് സിങ്ങർ അഫ്സൽ സംഗീതം ചെയ്ത് ആലപിച്ച് പ്രിയ എഴുത്തുകാരൻ ചിറ്റൂർ ഗോപിയുടെ വരിയിൽ വിരിഞ്ഞ ഈ ഗാനം യൂസഫ് ലെൻസ്‌മാൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.. എല്ലാ ദുരന്തങ്ങളും അതിജീവിച്ച നമ്മൾ ഈ മഹാമാരിയും ഒറ്റകെട്ടായി നേരിടും. നമുക്കേവർക്കും ഒരേ സ്വരത്തോടെ ഈ ലോകത്തോട് പറയാം” ഈ സമയവയും കടന്ന് പോകും.
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും”
പിറന്ന മണ്ണ് stand with Expatriates എന്ന ഈ Survival ആൽബം നമ്മുക്കെല്ലാർക്കും എത്തിച്ചു തന്നത് മലയാളത്തിന്റെ പ്രിയങ്കരനായ ശ്രീ മമ്മൂക്കയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ്.
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് യുഎഇയില്‍ നിന്ന് തിരിച്ചെത്തിയ 24 വയസുകാരനും 39 വയസുള്ള വൃക്ക രോഗിക്കും. ഇരുവരും മേയ് ഏഴിന് സംസ്ഥാനത്ത് എത്തിയവരാണ്. കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ. ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. വൃക്ക സംബന്ധമായഅസുഖത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരുന്നത്.
രോഗം സ്ഥിരീകരിച്ച 24വയസുകാരന്‍ അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സംഘത്തിലുണ്ടായിരുന്നയാളാണ്. എടപ്പാൾ നടുവട്ടം സ്വദേശിയായ ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നുതന്നെ കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിമാനങ്ങളില്‍ അവരുടെ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരീക്ഷണം കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം.
വിദേശത്ത് നിന്ന് ആദ്യ ദിനം സംസ്ഥാനത്തെത്തിയ രണ്ട് വിമാനങ്ങളിലുമുണ്ടായിരുന്ന ഓരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഇത്തരുമൊരു അവസ്ഥ മുന്നില്‍കണ്ടാണ് വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരെ യാത്ര തിരിയ്ക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കൊപ്പം ഈ വിമാനങ്ങളില്‍ വന്ന എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വലിയ തോതില്‍ രോഗം വ്യാപിച്ച പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കെല്ലാം ഇത് ബാധകമാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യ സാധനങ്ങള്‍, പാല്‍ വിതരണം സംഭരണം, ആശുപത്രി, ലാബ്, മെഡിക്കല്‍ സ്റ്റോറുകള്‍, ആരോഗ്യവകുപ്പ്, കൊവിഡ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ടലുകളില്‍ ടേക്ക് എവേ സര്‍വീസ് കൗണ്ടര്‍ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ആവശ്യത്തിനും കൊവിഡ് പ്രതിരോധത്തിനും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാം.
സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും സഞ്ചരിക്കാന്‍ അനുവാദമുണ്ട്. മറ്റു അടിയന്തര ആവശ്യങ്ങള്‍ക്ക് ജില്ലാഭരണകൂടത്തിന്റെയും പോലീസിന്റെയും പാസ് വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിച്ച് അമേരിക്കയിലും ദുബായിലുമായി രണ്ടു മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സുബിന്‍ വര്‍ഗീസാണ് ന്യൂയോര്‍ക്കില്‍ മരിച്ചത്. നാല്‍പത്തിയാറു വയസായിരുന്നു. ആലപ്പുഴ മേക്കാട്ടില്‍ കുടുംബാംഗമാണ്. ഷാർജയിൽ നിർമാണ കമ്പനിയിൽ ഡ്രൈവറായ തൃശൂർ മതിലകം പുതിയകാവ് സ്വദേശി അബ്ദുൽ റസാഖ് ആണ് ദുബായില്‍ മരിച്ചത്. നാൽപ്പത്തെട്ട് വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ന്യുമോണിയ കൂടി പിടിപെട്ടതാണ് മരണകാരണം. മൃതദേഹം ദുബായിൽ സംസ്കരിക്കും.
ലോക്ക് ഡൗണില്‍ പ്രണയസാഫല്യം. 28 ദിവസം ഒരേവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ഗുജറാത്തിപ്പെണ്‍കുട്ടിയെ കോഴിക്കാട് സ്വദേശിയായ യുവാവ് വരണമാല്യമണിയിച്ചു. കുണ്ടൂപ്പറമ്പ് സ്വദേശി ഉജജ്വല്‍ രാജും മുംബൈക്കാരിയായ ഹേതല്‍ മോദിയുമാണ് ലോക്ക് ഡൗണില്‍ വിവാഹിതരായത്.
നാലുവര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. യുകെ. മാഞ്ചസ്റ്ററിലെ സാല്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. കുണ്ടൂപ്പറമ്പ് ‘ഉജ്ജ്വല്‍കൃഷ്ണ’ വീട്ടിലെ റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പുത്തന്‍പുരയിലിന്റെയും അനിതാ രാജിന്റെയും മകനായ ഉജ്ജ്വല്‍ രാജ് ഓസ്‌ട്രേലിയയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്.
ഹേതല്‍ മോദി മുംബൈയില്‍ ഐ.ടി. മാനേജരും. ഗുജറാത്തി കുടുംബത്തിലെ അംഗമായ ഹേതല്‍ മുംബൈയിലാണ് സ്ഥിരതാമസം. ഇരുവരുടെയും ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. ഏപ്രില്‍ അഞ്ചിനായിരുന്നു കോഴിക്കോട്ട് വെച്ച് ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.
എന്നാല്‍ അതിനിടെ കൊറോണ വില്ലനായി എത്തി. മാര്‍ച്ച് 17-നുതന്നെ ഉജ്ജ്വല്‍ നാട്ടിലെത്തി. 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടതിനാല്‍ അമ്മയായ ചേതനാ മോദിക്കൊപ്പം വധുവും ഉജ്ജ്വലിന്റെ വീട്ടിലേക്കെത്തി. ലോക്ഡൗണിന്റെ തലേന്ന് രാത്രിയായിരുന്നു അവരുടെ വരവ്. അങ്ങനെയാണ് വധുവും അമ്മയും വരന്റെ വീട്ടില്‍ ക്വാറന്റൈനിലായി.
ഏപ്രില്‍ 5ന് ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹം പിന്നീട് മെയ് ഏഴിന് എടക്കാട് ക്ഷേത്രത്തിലേക്കുമാറ്റുകയായിരുന്നു. ക്വാറന്റൈന്‍ പൂര്‍ത്തിയായ ശേഷം കല്ലായി കളരിക്കല്‍ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ദേവീക്ഷേത്രസന്നിധിയില്‍ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ അങ്ങനെ ഉജ്വലും ഹേതലും വിവാഹിതരായി.
കൊറോണ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിവാഹം. വധൂവരന്മാരും അടുത്ത ബന്ധുക്കളുമുള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്. എല്ലാവരും മുഖാവരണമണിഞ്ഞ് ഒരു കാറില്‍ മൂന്നുപേര്‍ മാത്രമായി യാത്ര. ലോക്ക് ഡൗൺ ആയതിനാൽ ഹേതലിന്റെ സഹോദരനായ വിവേക് മോദിക്കും ഭാര്യ ഹണിക്കും മുംബൈയില്‍ നിന്നെത്താനായില്ല.
എങ്കിലും ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളുമടക്കം എണ്‍പതോളം പേര്‍ വിവാഹമംഗളവും അനുഗ്രഹവുമായി മുഹൂര്‍ത്തസമയത്ത് സൂം ആപ്പിലൂടെ ഓണ്‍ലൈനിലെത്തിയിരുന്നു.
തിരുവല്ല ബസേലിയൻ മഠത്തിൽ സന്യസ്ത വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരണമാണെന്നാണ് നിഗമനം. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേകസംഘം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി.
മഠത്തിൽ കന്യാസ്ത്രീ പഠന വിദ്യാർഥിനിയായിരുന്നു ദിവ്യ പി ജോൺ. ഇന്നലെ രാവിലെ പതിനൊന്നരയോടെ മഠത്തിലെ അന്തേവാസികൾ വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയപ്പോഴാണ് ദിവ്യയെ കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെയും, ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തിയാണ് ദിവ്യയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ദിവ്യ മരിച്ചു.
കിണറ്റിൽനിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും അപകടത്തിൽപ്പെടുത്തിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
എടത്വാ: ആലപ്പുഴ ഡവലപ്മെൻ്റ് റസ്പോൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ എടത്വാ ,തായംങ്കരി പ്രദേശങ്ങളിൽ അണു നശികരണ പ്രവർത്തനം നടത്തി.
എടത്വാ ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എസ്.ഐ: സിസിൽ ക്രിസ്റ്റിൻ രാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ആനി ഈപ്പൻ, അംഗങ്ങളായ തങ്കച്ചൻ ആശാം പറമ്പിൽ,
ശ്യാമള രാജൻ, ടി.ടി. ജോസഫ്,ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ഹരീന്ദ്രനാഥ് തായംങ്കരി, സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള, എ.ജെ. കുഞ്ഞുമോൻ, സാനിച്ചൻ ആൻ്റണി ,ജീമോൻ ജോസഫ്, വിജയകുമാർ തായംങ്കരി , വിൽസൺ പൊയ്യാലുമാലിൽ, സുരേഷ് പരുത്തിക്കൽ എന്നിവർ സംബന്ധിച്ചു.
എടത്വാ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, ആശുപത്രി ,മാവേലി സ്റ്റോർ ,റേഷൻ കടകൾ, ആയുർവേദ ആശുപത്രി, കൃഷി ഭവൻ, എ ടി എം മെഷിനുകൾ ,ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി.
ചീഫ് കോർഡിനേറ്റർ പ്രേം സായി ഹരിദാസ്, കോർഡിനേറ്റർ ലിജു നിസാർ ,ജീജ ,ബിന്ദു ഹരിദാസ്, രതീഷ് ,വിജേഷ്, കൊച്ചുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പത്തി അഞ്ച് അംഗ സംഘമാണ് വിവിധ ഇടങ്ങളിലെ അണു നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത്.
ഇടുക്കിയുടെ പ്രഥമ മെത്രാനും കുടിയേറ്റ കർഷകരുടെ പ്രിയങ്കരനുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തെ തുടർന്ന് ഫാദർ ജോസഫ് പൗവത്തിൽ എഴുതിയ ഹൃദയസ്പർശിയായ അനുഭവക്കുറിപ്പ് വളരെയധികം ശ്രദ്ധേയമാണ്. മരണശേഷവും പിതാവിനെ അധിക്ഷേപിച്ചവർക്കുള്ള രൂക്ഷ വിമർശനങ്ങളാണ് ഫാദറിൻെറ ഫെയ്സ്ബുക്ക് കുറിപ്പിലുള്ളത്.
ഫാദർ ജോസഫ് പൗവ്വത്തിലിൻെറ ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണരൂപം
അഭിവന്ദ്യപിതാവേ വിട….
ആത്മീയതയുടെ ആൽമരച്ചില്ലയിൽ ചേക്കേറിയ വെള്ളരിപ്രാവിന്റെ
സ്വർണതൂവൽ കുടഞ്ഞെറിഞ്ഞ് നിത്യതയുടെ
കാനാൻദേശത്തേക്ക് യാത്രയായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന് യാത്രാമൊഴി.
അശാന്തിയുടെ പോർക്കളത്തിന് നടുവിൽ
തളരാതെ തന്റെ ചിന്തയിൽ വിരുന്നെത്തിയ നിർമ്മലമായ ചിന്തകളെ
ഈ സമൂഹത്തിന് പകർന്നു നൽകി ഇപ്പോൾ ……
തനിയെ യാത്രയാവുന്നു.
ഹൈറേഞ്ചിന്റെ മലമടക്കുകളിൽ വളർച്ചയുടെയും ഉയർച്ചയുടെയും പൊൻകിരണങ്ങൾ തൂകിയ വൈദികശ്രേഷ്ഠൻ.
സ്നേഹത്തിന്റെയും , ത്യാഗത്തിന്റെയും , പങ്കുവയ്ക്കലിന്റെയും ,
പുത്തൻശീലുകൾ പകർന്നു നൽകി
ഉയർച്ചയുടെ പടവുകൾ താണ്ടുവാൻ
നമുക്ക് വഴികൾ പറഞ്ഞു തന്ന് പച്ചമണ്ണിന്റെ ഗന്ധം വമിപ്പിക്കുന്ന കഥകളിലൂടെ
ഈ പുതുതലമുറക്ക്
നന്മയുടെ ജീവിതശൈലികൾ കാട്ടിത്തന്ന നമ്മുടെ പിതാവ് വേർപാടിന്റെ
മരണരഥത്തിൽ
ഇപ്പോൾ തനിച്ച് യാത്രയാവുന്നു.
1997ൽ കോതമംഗലം മൈനർ സെമിനാരിയിൽ ലിറ്റർജി ക്ലാസ്സിൽ ആരംഭിച്ച സ്നേഹ ബന്ധം.
2003 ൽ മെത്രാനായി പിതാവ് അഭിഷിക്തനായപ്പോൾ
സഹായി ആയി
എന്നെ നിയോഗിച്ചു.
അഭിവന്ദ്യ പിതാവിന്റെ
ആദ്യത്തെ റീജൻസിക്കാരൻ
എന്ന നിലയിൽ
എന്നോട് പ്രത്യേകപരിഗണന കാട്ടി.
ഈശോമിശിഹായ്ക്കുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ (ഫിലിപ്പി 2,5) എന്ന വചനത്തിൽ അധിഷ്ഠിതമായ
പിതാവിന്റെ പ്രസംഗങ്ങളും പ്രവർത്തനങ്ങളും
എന്നെ ഏറെ സ്വാധീനിച്ചു.
2007 ൽ തിരുപ്പട്ടം നൽകി എന്നെ അഭിഷേകം ചെയ്തു.
3 വർഷം KCYM രൂപത ഡയറക്ടറായി സേവനം ചെയ്തപ്പോഴും
തുടർന്നും പിതാവിന്റെ
സ്നേഹവും പരിലാളനയും ആവോളം അനുഭവിച്ചു.
ആരോടും പകയില്ലാതെ
ഉള്ള കാര്യങ്ങൾ
വിളിച്ചു പറയുമ്പോഴും കർഷകർക്കു വേണ്ടി നിലകൊള്ളുമ്പോഴും അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അദ്ദേഹം മുറുകെ പിടിച്ചു.
തന്റെ ബോധ്യങ്ങളോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിയ നിഷ്കളങ്കനായ ഇടുക്കിക്കാരനാണ്
ദൈവത്തിന്റെ പക്കലേക്ക് യാത്രയാവുന്നത്.
അഭിവന്ദ്യ പിതാവേ അങ്ങ്
ദൈവത്തിന്റെ ഭവനത്തിലേക്ക് യാത്രയാവുമ്പോൾ ഒരിക്കലും മരിക്കാത്ത നല്ല ഓർമ്മകൾ ജനഹൃദയങ്ങളിൽ വർഷിച്ചു.
അങ്ങയുടെ വാക്കുകൾ
രാഷ്ട്രീയകോമരങ്ങൾക്ക് പലപ്പോഴും സഹിക്കാൻ പറ്റിയില്ല. അന്ധമായ രാഷ്ട്രീയമല്ല ,
നാടിന്റെനന്മയാണ്
ആവശ്യമെന്ന്
അങ്ങ് ലോകത്തെ ബോധ്യപ്പെടുത്തി.
രാഷ്ട്രീയത്തിനും
മതത്തിനും
സമുദായത്തിനും
അപ്പുറത്ത്
മനുഷ്യനെമനുഷ്യനായി കാണാൻ,
സഹോദരനെ സഹോദരനായി കാണാൻ
അങ്ങ് പഠിപ്പിച്ചു.
പിതാവേ മാപ്പ്……
അങ്ങയെ മനസ്സിലാക്കാനും ഉൾക്കൊള്ളുവാനും സാധിക്കാതെ പോയ
രാഷ്ട്രീയതിമിരം
ബാധിച്ച അന്ധകാരശക്തികൾക്കു വേണ്ടി……
ബോധ്യം വന്ന നിലപാടുകളിൽ അങ്ങ് ഉറച്ച് നിന്നപ്പോൾ
ധാരാളം ചീത്തവിളികളും പഴിചാരലുകളും കേട്ടു.
മരണശേഷവും
രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ അങ്ങയെ ഉപയോഗിക്കുന്നു. അതാണ് അങ്ങയുടെ മഹത്വം.
കർഷകർക്കു വേണ്ടി
അങ്ങ് നിലപാട് എടുത്തതിന്റെ പേരിൽ
അങ്ങയെ പ്രതികൂട്ടിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഒരുവശത്ത്.
* മൃഗീയ ഭൂരിപക്ഷം കിട്ടിയതിന്റെ പേരിൽ അഹങ്കരിക്കുന്നവർ.
ഒരു കാര്യം സത്യമാണ്.
ഈ കിട്ടിയ മൃഗീയ
* ഭൂരിപക്ഷത്തെക്കാൾ
കൂടുതൽ *ആളുകൾ
അങ്ങയുടെ *കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന
ഒരുകാലം സമീപത്തുണ്ട്.
*അധികാരത്തിന്റെ ഹുങ്ക് മുതലാക്കി രാഷ്ട്രീയകളികൾക്ക് നേതൃത്വം നൽകുന്ന
ഭരണപക്ഷംമറുവശത്ത്. ധിക്കാരത്തിന്റെ വാക്കുകളിലൂടെ ഉത്തരവ് പുറപ്പെടുവിച്ച് പിതാവിനെ ആക്ഷേപിക്കുന്നു. ശവസംസ്കാരത്തിൽ 20 പേർക്ക് പങ്കെടുക്കാം എന്ന് പറയുമ്പോഴും അങ്ങേക്ക്
ആ അവകാശം നിഷേധിക്കപ്പെട്ടു.
ശവമഞ്ചം കുഴിയിലേക്ക് ഇറക്കാൻ 6 പേരെങ്കിലും വേണമെന്ന് സമാന്യ ബോധം പോലും ഇല്ലാതെ ഇറക്കിയ ഉത്തരവ്.
മരിച്ചവരെ കാണരുത് എന്ന്
ഒരു ഉത്തരവിലും പറഞ്ഞിട്ടില്ല. അങ്ങേക്ക് അതും നിഷേധിച്ച ഭരണാധികാരികൾ.
അങ്ങയുടെ ഈ പാവപ്പെട്ട ജനങ്ങൾക്ക് അങ്ങയെ ഒരുനോക്ക് കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.
ഇതിനെതിരെ ശബ്ദമുയർത്താൻ തിരഞ്ഞെടുപ്പ് കാലത്ത് *അരമനകയറിനിരങ്ങിയ
ഒരു ജനപ്രതിനിധിക്കും
നാവ് ഇല്ലാതെ പോയല്ലോ എന്നോർത്ത് ലജ്ജിക്കുന്നു.
*അവസാനം അങ്ങയുടെ ശവമഞ്ചം ചുമക്കാൻ
ഈ
*ജനപ്രതിനിധികൾ
ഇടിച്ചുകയറുമ്പോൾ
അവരുടെ ആത്മാർത്ഥത ഞങ്ങൾക്ക് മനസ്സിലാകും.
പിതാവേ…. കാലചക്രം എത്ര ഓടിയാലും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നു.
അങ്ങ് കാണിച്ച് തന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തുറവിയുടെയും മാർഗ്ഗം ഞങ്ങൾ ഉൾക്കൊള്ളുന്നു.
അങ്ങ് സമാധാനത്തോടെ പോവുക.
അങ്ങേക്ക് അഭിമാനിക്കാം. അങ്ങയെ ആക്ഷേപിച്ച
ഒരു രാഷ്ട്രീയ നേതാക്കൻമാരും
അങ്ങയുടെ വിടവാങ്ങൽ യാത്രയിൽ
*മുതലക്കണ്ണീർ പൊഴിക്കാൻ വന്നില്ല എന്നതിൽ…
വൈരാഗ്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൻമാർക്കും വേണ്ടി അങ്ങയോട് ചേർന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു. …………
പിതാവേ ഇവരോട് ക്ഷമിക്കണമേ. ഇവർ ചെയ്യുന്നത് എന്താണന്ന് ഇവർ അറിയുന്നില്ല…..
കാസര്‍കോട് രണ്ടുപേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ചികില്‍സയിലുളളത് ഇനി ഒരാള്‍ മാത്രം. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ 177 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ജില്ലയിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം രണ്ടായി.
കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയടക്കം പ്രശംസയേറ്റുവാങ്ങിയ കാസര്‍കോട് ഇനി ചികില്‍സയിലുളളത് ഒരാള്‍ മാത്രം. വിദേശത്തുനിന്നെത്തി ഏപ്രില്‍ 14ന് കോവിഡ് പൊസിറ്റീവായ വ്യക്തിയാണ് ചികില്‍സയിലുളളത്. മാര്‍ച്ച് 17നുശേഷം സംസ്ഥാനത്തുണ്ടായ കോവിഡ് വ്യാപനത്തില്‍ 178പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 177പേരും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
നിരീക്ഷണത്തിലുളളവരുടെയും എണ്ണത്തിലും ഗണ്യമായ കുറവ് വന്നു. നേരത്തെ പതിനായിരത്തിന് മുകളിലായിരുന്നു നിരീക്ഷണത്തിലുളളവരുടെ എണ്ണമെങ്കില്‍ ഇപ്പോഴത് ആയിരത്തില്‍ താഴയെത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയതിന്റെ ഫലമാണ് കാസര്‍കോട് ജില്ലയില്‍ ഇപ്പോഴുളളത്. ഹോട്ട്സ്പോട്ടായ എട്ട് പ്രദേശങ്ങളിലും പൊലീസ് ട്രിപ്പിള്‍ ലോക്ക്ഡൗണടക്കം നടപ്പിലാക്കി. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനൊപ്പം കോവിഡ് ചികില്‍സയിലും ജില്ല മുന്നിട്ട് നിന്നു.
പരിമിതമായ സൗകര്യത്തില്‍ 89പേരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സിച്ചത്. നാല് ദിവസം കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയാക്കി. ഏകദേശം മുന്നൂറ് പേരെ ചികില്‍സിക്കാനുളള സൗകര്യമാണ് ഇവിടെയുളളത്.
ലോക്ക് ഡൗണ്‍ വിലക്കുകള്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയ സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പ്പടെ 5പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ എരുമപ്പെട്ടിക്ക് സമീപമാണ് സംഭവം.
ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രന്‍ ഉള്‍പ്പടെ നാലുപേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂര്‍ത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഭാഗവത പാരായണം നടത്തിയത്. ചടങ്ങില്‍ 100ഓളം പേരാണ് പങ്കെടുത്തതെന്ന് പോലീസ് പറയുന്നു.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ ആളുകള്‍ ചിതറിയോടുകയും ചെയ്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് ആളുകള്‍ കൂടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്ചെയ്യുകയുമായിരുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ശേഷം ക്ഷേത്രം അടച്ചിരുന്നില്ല. ക്ഷേത്രത്തില്‍ നിത്യവും പൂജ നടത്തിയിരുന്നു. ഇവിടെയാണ് ഭാഗവത പാരായണം നടത്തിയത്.