സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ കമന്റ് ചെയ്തതിന്റെ പേരിൽ മുൻകോഴിക്കോട് കളക്ടറായ എൻ പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്‌തെന്ന ആക്ഷേപവുമായി ബിജെപി വക്താവ് സന്ദീപ് ജി വാര്യർ. ദളിതർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ തെരുവിലിറങ്ങണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

ഈ പോസ്റ്റ് കലാപത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നു പറഞ്ഞ് താനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്നും പ്രശാന്ത് ഐഎഎസ് തന്നെ ബ്ലോക്ക് ചെയ്തതായി മനസിലാക്കുന്നെന്നും സന്ദീപ് വാര്യർ സ്വന്തം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. സിവിൽ സർവന്റായ ഒരാൾ കലാപത്തെ പ്രോത്സാഹിപ്പിക്കാമോ എന്നു തുടങ്ങുന്ന സന്ദീപ് വാര്യരുടെ പോസ്റ്റ് പ്രശാന്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതാണ്.

സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രശാന്ത് ഐഎഎസ് എന്നെ ബ്ലോക്ക് ചെയ്തതായി മനസ്സിലാക്കുന്നു . പ്രശാന്തിന്റെ പോസ്റ്റിനു കീഴെ എന്റെ പ്രൊഫൈലിൽ നിന്ന് ഞാനിട്ട കമന്റ് ഇപ്പോൾ കാണുന്നില്ലെന്ന് പലരും പറഞ്ഞപ്പോൾ പരിശോധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ബ്ലോക്ക് കിട്ടിയത് മനസ്സിലായത്. പ്രശാന്തിനോട് പറയാനുള്ളത് സ്വന്തം പേജിൽ തന്നെ വൃത്തിയായി പറയാം.

രാജ്യത്ത് കലാപം സ്വപ്നം കാണുന്ന , കലാപത്തിന് ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സിവിൽ സർവൻറ് ആയ താങ്കൾക്ക് അറിയില്ലേ ? രാജ്യത്ത് കലാപം ഉണ്ടാകുമ്പോൾ അത് തടയാൻ ബാധ്യതയുള്ള താങ്കൾ കലാപത്തിന് ആഹ്വാനം ചെയ്യുക എന്ന നിയമവിരുദ്ധമായ പ്രവർത്തിയല്ലേ ചെയ്തിരിക്കുന്നത് ? താങ്കളുടെ പോസ്റ്റിനു കീഴിൽ വിനയ് മൈനാഗപ്പള്ളി എന്ന യുവാവ് ഉന്നയിച്ച ആരോപണം അദ്ദേഹം തന്നെ തെളിയിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ആരോപണമുന്നയിച്ച യുവാവിനെ അങ്ങ് തൂക്കിലേറ്റിക്കളയും എന്ന രീതിയിലുള്ള ഭീഷണി ഒന്നും വേണ്ട
.
താങ്കൾ ഇതിനു മുമ്പ് നിയമപരമായ നടപടി എടുക്കും എന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലെ നിലവിലെ അവസ്ഥ എന്താണ് ?
സർക്കാർ വാഹനം ദുരുപയോഗം ചെയ്ത വിഷയത്തിൽ സംസ്ഥാന സർക്കാർ താങ്കൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലേ ? അന്ന് അക്കാര്യം പുറത്തുകൊണ്ടുവന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തള്ളി പോയിട്ട് എന്തായി ?
കോഴിക്കോട് എം പിയോട് ലേലു അല്ലു പറഞ്ഞ് സാഷ്ടാംഗം പ്രണമിച്ചതൊക്കെ ആരും മറന്നിട്ടില്ല.
ആരോപണങ്ങൾ വരുമ്പോൾ ബ്ലോക്ക് ചെയ്യുക, സ്വന്തം പ്രൊഫൈൽ തന്നെ പൂട്ടി ആശുപത്രിയിൽ പോയി വ്യാജ രോഗം പറഞ്ഞ് അഡ്മിറ്റ് ആവുക , ഇതൊക്കെ ആധുനികകാലത്തെ സൈബർ ആക്ടിവിസ്റ്റുകളുടെ സ്ഥിരം കലാപരിപാടിയാണ്. കൂടുതൽ പറയിപ്പിക്കാതിരിക്കുന്നതാണ് പ്രശാന്തിന് നല്ലത്.