കോഴിക്കോട് നഗരത്തില്‍ അഞ്ച് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവര്‍ക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഫ്‌ളാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തില്‍ ഉറവിടമറിയാത്ത നാല് കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇന്നു വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധു വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ. പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് ഇന്നലെ പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയ്യാൽ സ്വദേശിയായ യുവാവുമായി ഞായറാഴ്ച വിവാഹം നടക്കാനിരിക്കുകയായിരുന്നു.
കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഇ ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ചശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കൊവിഡ് പരിശോധന പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. ഷീല മാതാവും അതുല്യ സഹോദരിയുമാണ്.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം ചേരുന്നത് കണ്ടെയ്ൻമെന്റ് സോണിലെന്ന് വാർത്ത. സംഭവം ചർച്ചയായതോടെ ഹോട്ടൽ അടയ്ക്കാൻ പോലീസ് നിർദേശിച്ചു. കൊച്ചിയിലെ ഹോളിഡേ ഇൻ എന്ന ഹോട്ടലിലാണ് താരസംഘടനയുടെ യോഗം ചേർന്നിരിക്കുന്നത്. യോഗം താത്കാലികമായി നിർത്തിവെച്ചിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
യോഗത്തിൽ എംഎൽഎമാരായ മുകേഷും കെബി ഗണേശ് കുമാറും പങ്കെടുക്കുന്നുണ്ട്. മൂന്നു മണിക്ക് താര സംഘടന മാധ്യങ്ങളെ കണ്ട് യോഗ തീരുമാനം അറിയിക്കുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് കണ്ടെയ്ൻമെന്റ് സോണിൽ യോഗം നടക്കുന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വരുന്നവരെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലാണിതെന്നും റിപ്പോർട്ട് .
അതേസമയം കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് നാഷണൽ ഹൈവേയോട് ചേർന്ന് കിടക്കുന്ന സ്ഥലമായതു കൊണ്ടാവാം യോഗം ചേർന്നതെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. അതേസമയം യോഗം ചേരാൻ പാടില്ലാത്ത അവസരത്തിൽ അതിന് അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി.
ഉറ്റവരെക്കുറിച്ചും പുറംലോകത്തെക്കുറിച്ചും ഒരുവിവരവുമില്ലാതെ രണ്ടര മാസം നീണ്ട ഉറക്കം, ശരിക്കും പറഞ്ഞാല്‍ കോമയില്‍ തന്നെ. അങ്ങനെ ആറാഴ്ച. 54 ദിവസം വെന്റിലേറ്ററില്‍ കിടന്നു. കോവിഡ് ബാധിച്ച് 102 ദിവസത്തോളം ന്യൂയോര്‍ക്കിലെ ആശുപത്രി കിടക്കയില്‍ തള്ളിനീക്കിയതിനെ കുറിച്ച് പറയുമ്പോള്‍ കുമ്പനാട് സ്വദേശി പാസ്റ്റര്‍ ബഞ്ചമിന്‍ തോമസിന് ഉള്ളില്‍ ചെറിയ ഭയം വന്ന് നിറയും.
ചര്‍ച്ചില്‍ സംഘടിപ്പിച്ച 21 ദിവസം നീണ്ട പ്രാര്‍ഥനാ യോഗങ്ങളുടെ അവസാനത്തെ ആഴ്ചയിലാണ് ബഞ്ചമിന് ശരീരവേദനയും പനിയും അനുഭവപ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോവിഡ് രോഗികള്‍ നിറഞ്ഞ് കിടക്കകള്‍ ഇല്ലാത്തതിനാല്‍ ആന്റിബയോട്ടിക്‌സ് നല്‍കി ബഞ്ചമിനെ ഡോക്ടര്‍ വീട്ടിലേക്കയച്ചു.
എന്തെങ്കിലും ഗുരുതരാവസ്ഥയുണ്ടെങ്കില്‍ വന്നാല്‍ മതിയെന്നു പറഞ്ഞാണു യാത്രയാക്കിയത്. പനി കൂടുന്നതല്ലാതെ കുറയുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. ഇതിനിടെ ശ്വാസതടസം നേരിട്ടതോടെയാണ് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തുന്നത്. എത്തി അഞ്ചു മിനിറ്റിനുള്ളില്‍ തളര്‍ന്നുവീണു. ഉടനെ വെന്റിലേറ്ററിലേക്കു മാറ്റി.
ദിവസം കഴിയുന്തോറും ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ബെഞ്ചമിന്റെ തൊട്ടടുത്ത കിടക്കയിലുള്ള പലരും മരിച്ചു. മൃതദേഹങ്ങള്‍ ഗാര്‍ബേജ് ബാഗുകളിലേക്ക് മാറ്റി പുറംതള്ളുന്നതിന് ഒരുക്കുകയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍. രോഗം കുറയുന്നില്ലെന്ന് മനസ്സിലായതോടെ ബെഞ്ചമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചു.
മൂന്നു പ്രാവശ്യം ആംബുലന്‍സ് വന്നതാണു കൊണ്ടു പോകാന്‍. ഓരോ പ്രാവശ്യവും വെന്റിലേറ്ററില്‍ നിന്നെടുത്ത് സ്ട്രക്ചറിലേക്കു മാറ്റാന്‍ സാധിക്കുന്നില്ല. ഹൃദയം നിന്നു പോകുന്നതിന്റെ ലക്ഷണങ്ങള്‍. മൂന്നു പ്രാവശ്യവും വേണ്ടെന്നു വച്ചു. രണ്ടാഴ്ച കഴിഞ്ഞ് ഒരു അവസരം വിനിയോഗിക്കാന്‍ തന്നെയായിരുന്നു ബന്ധുക്കളുടെ തീരുമാനം.
മൗണ്ട് സയോണ്‍ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പ് മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും റിസ്‌കെടുത്ത് ആംബുലന്‍സില്‍ കയറ്റി. നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.
അവിടെ ആശുപത്രിയില്‍ സംവിധാനങ്ങളെല്ലാം ഒരുക്കി ഡോക്ടര്‍ കാത്തിരുന്നു. അവിടെ എത്തിച്ചു തന്നാല്‍ ബാക്കി നോക്കാമെന്ന് വാക്കു നല്‍കിയത് മൗണ്ട് സയോണിലെ മലയാളി ഡോക്ടര്‍ റോബിന്‍ വര്‍ഗീസാണ്. 45 മിനിറ്റില്‍ ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്ററില്‍ കോമയില്‍ കിടക്കുകയാണ്.
നീണ്ട കാലത്തെ ചികിത്സയ്ക്കിടെ വീണ്ടും ആരോഗ്യനില വഷളായി. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുവരെ ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ചമിന്റെ തിരിച്ചുവരവ്. ശരീരം മരുന്നുകളോട് ഗുണകരമായി പ്രതികരിച്ചു തുടങ്ങി.
രണ്ടാഴ്ചകൊണ്ട് നടക്കാന്‍ സാധിക്കുമെന്നായി. ഇതിനിടെ ഭാരം 22 കിലോയിലേറെ കുറഞ്ഞിരുന്നു. ബന്ധുക്കള്‍ക്ക് വന്നു കാണാമെന്നായി. ഭാര്യ മേഴ്‌സി വന്ന് സംസാരിക്കുകയും പ്രാര്‍ഥിക്കുകയുമെല്ലാം ചെയ്തതു മാനസികമായി നല്ല പിന്തുണ നല്‍കി.
ഇതിനിടെ ഭാര്യയ്ക്കും പ്രശ്‌നങ്ങളുണ്ടായെങ്കിലും ആരോഗ്യം വീണ്ടെടുത്തു. കോവിഡ് നെഗറ്റീവായെങ്കിലും ശരീരം പഴയ ആരോഗ്യം വീണ്ടെടുക്കുന്നതേയുള്ളൂ. ശ്വാസമെടുക്കുന്നതിനെല്ലാം പ്രയാസമുണ്ടെങ്കിലും ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്. രോഗാവസ്ഥയില്‍ കഴിയുമ്പോള്‍ തനിക്കുവേണ്ടി നിരവധി പേര്‍ പ്രാര്‍ഥിച്ചെന്ന് അറിയാന്‍ സാധിച്ചു. എല്ലാവരോടും നന്ദി പറയുകയാണ് കോവിഡിനോട് പൊരുതി വിജയിച്ച ബെഞ്ചമിന്‍.
പണമടയ്ക്കാൻ ബാങ്കിലേക്കു പോകവെ സ്കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്‌ഷൻ ഏജന്റ് അത്ഭുതകരമായി രക്ഷപ്പെട്ടു; ഒഴുക്കിൽ പെട്ട സ്കൂട്ടി ഒരു മണിക്കൂർ നീണ്ട തിരച്ചിലിൽ കണ്ടെടുത്തു. ബങ്കളം കൂട്ടപ്പുന്ന കള്ളിപ്പാലിലെ എം.വി.സുനിത (38) യാണ് ബങ്കളം പുതിയകണ്ടം ചാലിൽ വീണത്. മടിക്കൈ സർവീസ് സഹകരണ എരിക്കുളം ശാഖയിലെ കലക്‌ഷൻ ഏജന്റായ ഇവർ വീട്ടിൽ നിന്നു ബാങ്കിലേക്കു പണമടയ്ക്കാൻ പോകുകയായിരുന്നു.
ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ ചാലിന്റെ പാലത്തിലേക്കു കയറുന്നതിനു തൊട്ടു മുൻപുള്ള പൊന്തക്കാട്ടിലേക്കു ചെരിയുകയും അതുവഴി ചാലിലേക്കു വീഴുകയുമായിരുന്നു. തൊട്ടു പിന്നാലെയുണ്ടായിരുന്ന പിക്കപ്പ് ജീപ്പിന്റെ ഡ്രൈവർ മടിക്കൈ കോളിക്കുന്നിലെ എം.വി.രാജു സുനിത ചാലിലേക്കു വീഴുന്നത് കണ്ടിരുന്നു. ഇദ്ദേഹം വാഹനം നിർത്തി സുനിതയെ രക്ഷിക്കാനായി ചാലിലേക്കു ചാടി. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. സ്കൂട്ടറും പണവും രേഖകളുമടങ്ങിയ ബാഗും ഒഴുക്കിൽ പെട്ടു.ചാലിൽ നിന്നു കരയ്ക്കു കയറിയ സുനിതയെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്കു വിട്ടു.
കൂടുതൽ പേർ എത്തി പുഴയിൽ ചാടി ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്കൂട്ടർ കിട്ടിയത്. ബങ്കളം– എരിക്കുളം റോഡിൽ ആണ് പള്ളത്തു വയൽ ചാൽ. വേനലിൽ കൃഷി ആവശ്യത്തിനു വെള്ളം കെട്ടി നിർത്തുന്ന തടയണയാണ് ഇത്. നല്ല ഒഴുക്കുള്ള ചാലിൽ 10 അടിക്കു മേൽ വെള്ളമുണ്ടായിരുന്നു. പിലാത്തറ മുണ്ടൂരിലെ രമേശന്റെ ഭാര്യയാണ് അപകടത്തിൽ പെട്ട സുനിത. സുനിതയുടെ ജീവൻ രക്ഷിച്ച രാജു എരിക്കുളം സ്റ്റാൻഡിലെ പിക്കപ്പ് ഡ്രൈവർ ആണ്. ഡിവൈഎഫ്ഐ ബങ്കളം യൂണിറ്റ് രാജുവിനെ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു.
തൊടുപുഴ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലി ഡാൻസിനെത്തിയ യുവതികൾക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതായി വിവരം. ഇടുക്കി രാജാപ്പാറയിൽ നടന്ന പാർട്ടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പാർട്ടിയിൽ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.
കോവിഡ് ഭീതിയിൽ നാട് കഷ്ടപ്പെടുമ്പോഴാണു കഴിഞ്ഞ ഞായറാഴ്ച പരിപാടികൾ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു. കോവിഡ് മാർഗനിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിനു പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നുമാണ്ബുക്ക് ചെയ്തത്.
ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവർ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയിൽ പരിപാടി നടത്തുവാൻ കരാർ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.
നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സാമൂഹികമാധ്യങ്ങളിൽ പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബാക്കിയുള്ളവർക്കെതിരെയും കേസെടുക്കാനാണു തീരുമാനം. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് ആരോപണം.
സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലീറ്റർ മദ്യം റിസോർട്ടിൽ എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന് റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സിസിടിവി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവികൾ എന്നിവർക്കു പരാതികൾ നൽകിയിട്ടുണ്ട്.
യു ഡി എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. ജോസിനെയും കൂട്ടരെയും കൂടെ കൂട്ടാൻ സി പി എമ്മും ബി ജെ പി യും ശ്രമം നടത്തുന്നുണ്ട്. തല്ക്കാലം എങ്ങോട്ടുമില്ല ഒറ്റയ്ക്ക് നിന്ന് ശാക്തി തെളിയിക്കും എന്നൊക്കെ ജോസ് തട്ടി വിടുന്നുണ്ടെങ്കിലും ടിയാനും സംഘവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും ചേക്കേറും എന്ന കാര്യത്തിൽ നമ്മുടെ പൂഞ്ഞാർ പുലിക്കും സംശയം ലെവലേശമില്ല. എന്നാൽ ജോസും കൂട്ടരും എവിടെ കൂടുകൂട്ടും എന്നതല്ല ഇപ്പോൾ നമ്മുടെ പി സിയെ ആശങ്കാകുലനാക്കുന്നത്. ഒറ്റയ്ക്ക് നിൽക്കുന്നതിലെ അപകടം പി സി യും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും കയറിക്കൂടാനുള്ള വ്യഗ്രതയിലാണ് നമ്മുടെ പുലിയും. പിടിക്കുമ്പോൾ പുളിങ്കൊമ്പ് തന്നെ പിടിക്കണമെന്ന് പി സിക്കറിയാം. എന്നാൽ എൽ ഡി എഫിൽ സാധ്യത കുറവായതിനാൽ യു ഡി എഫ് മതിയാവും എന്നൊരു ചിന്തയുണ്ടത്രേ. ജോസ് മോൻ പോയാൽ പോട്ടെന്നേ ഞാൻ ലച്ചിപ്പോം എന്ന സന്ദേശം നൽകി കാത്തിരിക്കുകയാണ് പൂഞ്ഞാർ പുലിയെന്നാണ് 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. യു ഡി എഫ് നേതാക്കൾ പി സി യുമായി ഇതിനകം ചർച്ച നടത്തിയെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കൂടുമെന്നു പി സി പറഞ്ഞതായും 24 റിപ്പോർട്ട് ചെയ്യുന്നു.24 വാർത്ത ശരിയാണെങ്കിൽ പി സി യെ അടുത്തു തന്നെ യു ഡി എഫിൽ പ്രതീക്ഷിക്കാം.
കോട്ടയം ജില്ലയിലെ തന്നെ, അതും കെ എം മാണിയുടെ സ്വന്തം പാലായോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള പി സിയുടെ തുടർ വിജയങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. 1980 മുതൽ പി സി പൂഞ്ഞാറിന്റെ സ്വന്തം എം എൽ എ ആണെന്നതല്ല, കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കൊപ്പം നിന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്നും പോരാടി ജയിച്ച ചരിത്രം കൂടി ഉണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിൽ അയാളെ വ്യത്യസ്തനാക്കുന്നതെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കു വെറും കിടുവ ആയി പരിണമിക്കാറുണ്ടെന്നത് മാത്രമല്ല പി സി യിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഏറെക്കാലം ശത്രു പക്ഷത്തു നിറുത്തുക മാത്രമല്ല നിഴലിൽ കുത്തി സംഹരിച്ചു പോന്ന കെ എം മാണിയെ ( പി സി യുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘പാലാ മെമ്പർ’ ) കൂട്ടുപിടിച്ചു യു ഡി എഫ് സർക്കാരിൽ ചീഫ് വിപ്പ് വരെയായ പി സി യെ കയ്യിലിരുപ്പ് കണ്ടു മുന്നണിയിൽ ഉള്ളവർ പോലും ‘ചീപ് വിപ്’ എന്ന് വിളിച്ച ചരിത്രമുണ്ട്. ഫ്രാങ്കോ ബിഷപ്പ് കേസിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിൽ ‘ സ്ത്രീ വിരുദ്ധൻ ‘ പട്ടവും നമ്മുടെ പി സി ക്കു ചാർത്തി കിട്ടുകയും ഉണ്ടായിട്ടുണ്ട്.
പൂഞ്ഞാറിൽ പി സി യുടെ ‘ജനപക്ഷം’ പാർട്ടിക്ക് മോശമല്ലാത്ത ആൾബലം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാലായിലും കോട്ടയത്തുമൊക്കെ അല്ലറ ചില്ലറ സഹായം ചെയ്യാനും പി സിക്കു കഴിഞ്ഞേക്കും.അതുകൊണ്ടൊക്കെ തന്നെ പി സി തയ്യാറാണെങ്കിൽ പഴയതൊക്കെ മറന്നു ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കോൺഗ്രസ്സും യു ഡി എഫും തയ്യാറായേക്കും. പക്ഷെ അപ്പോഴും ബാക്കിയാവുന്ന ചോദ്യം സത്യത്തിൽ പി സി ഇപ്പോഴും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യിൽ ഉണ്ടോ അതോ സർവ സ്വതന്ത്രൻ ആണോ എന്നതാണ്. എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിലാണ് പി സി യുടെ പാർട്ടി അറിയപ്പെട്ടിരുന്നത്. മാണിയുടെ കേറിവാടാ മക്കളെ വിളികേട്ടു മഹാ ലയനത്തിൽ പി സിയും പങ്കാളിയായപ്പോൾ കേരള കോൺഗ്രസ് സെക്കുലർ സ്കറിയ തോമസ്സിന്റെ മാത്രം പാർട്ടിയായി. മാണിയെ വീണ്ടും തള്ളിപ്പറഞ്ഞു പുറത്തു വന്നപ്പോൾ ഉണ്ടാക്കിയ ജനപക്ഷവുമായാണ് എൻ ഡി എയുടെ ഘടകം ആയത്. അതുകൊണ്ടു തന്നെ ആ പാർട്ടിയുടെ പേരിനു മറ്റാരും അവകാശ വാദം ഉന്നയിക്കാൻ ഇടയില്ല. എങ്കിലും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പി സി വീണ്ടും യു ഡി എഫിൽ എത്തിയാലും അവിടെ തുടരുമെന്ന് ആർക്കാണ് ഉറപ്പ് എന്നത് മാത്രമല്ല ഇനി എന്തൊക്കെ യു ഡി എഫ് സഹിക്കേണ്ടി വരും എന്നതും ഒരു വലിയ പ്രശ്നമാണ്.
പാലക്കാട് നിരീക്ഷണത്തിലിരിക്കെ പരിശോധന ഫലം വരുംമുമ്പ് ക്വാറൻറീനില്‍നിന്ന് കടന്ന കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസില്‍നിന്ന് പിടികൂടി. മധുരയിൽ ചെരിപ്പ് വ്യാപാരിയാണ് ഇയാൾ. പാലക്കാട് തൃത്താലയിൽ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു ഇയാളെന്ന് ഡി.എം.ഒ കെ.പി. റീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 23നാണ് ഇയാൾ പട്ടാമ്പിയിലെത്തിയത്. തുടർന്ന് തൃത്താലയിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് സ്രവം പരിശോധനക്കെടുത്തു. ഉച്ചയോടെ കോവിഡ് പോസിറ്റിവായ ഫലമെത്തി. ഇതോടെ ആരോഗ്യ പ്രവർത്തകർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്. ശനിയാഴ്ച തന്നെ ഇയാൾ ക്വാറൻറീനിൽ കഴിഞ്ഞ വീടുവിട്ടിറങ്ങിയിരുന്നു.
കോഴിക്കോട് വരെ സുഹൃത്തിനൊപ്പം ബൈക്കിലായിരുന്നു യാത്ര. ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കും. അരോഗ്യ പ്രവർത്തകർ ബന്ധപ്പെടുമ്പോൾ ഇയാൾ കൊയിലാണ്ടിയിലെത്തിയിരുന്നു. തുടർന്ന് പൊലീസിന് വിവരം കൈമാറുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറടക്കം ബസിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ സിപിഎം ഭിന്നത പരസ്യമാവുന്നു. ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎമ്മിൻ്റെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനം ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അത് തുടരും. സംസ്ഥാനത്ത് ഇടത് മുന്നണിക്ക് തുടർ ഭരണത്തിന് സാധ്യതയുണ്ട്. അതിനെ ദുർബലപ്പെടുത്തുന്ന ഒന്നും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1965ൽ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. ആ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിച്ചുനോക്കട്ടെ. 1965ൽ മുസ്ലിം ലീഗ് ഉൾപ്പടെ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കാനം ഓർമിപ്പിച്ചു.
ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടുണ്ടോ എന്ന ചോദ്യവും കാനം ഉയർത്തി. വീരേന്ദ്രകുമാർ ഇടത് മുന്നണിയിൽ വന്ന സാഹചര്യം വ്യത്യസ്ഥമാണ്. വിരേന്ദ്ര കുമാരിന്റെ പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നത് സ്ഥാനമാനങ്ങൾ രാജിവച്ച ശേഷമാണ്. എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലീകരിക്കുന്നത് ജനാധിപത്യ കക്ഷികളെ കൂടെ ചേർത്താണ്, അല്ലാതെ വരുന്നവരെയും പോകുന്നവരെയും ചേർത്തല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കടലില്‍ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആരും മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് ഒരു വിഭാഗവും പോകണമെന്ന് മറ്റൊരു വിഭാഗവും പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് സ്ഥലത്ത് എത്തി ലാത്തി വീശിയാണ് സംഘര്‍ഷക്കാരെ ഒഴിവാക്കിയത്.
അതേസമയം മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്