ന്യൂഡൽഹി∙ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കെന്ന് സുപ്രീംകോടതി. ഭരണകാര്യങ്ങളിലാണ് ഈ സമിതി തീരുമാനമെടുക്കുക. നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ സമിതി വരുന്നതുവരെ ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിക്ക് ഇടക്കാല ഭരണം തുടരാം.

പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധിയിൽ സന്തോഷം ഉണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. സന്തോഷം മാത്രം, ഒപ്പം നിന്നവരോടും പ്രാർഥിച്ചവരോടുമെല്ലാം നന്ദിയും അറിയിക്കുന്നെന്ന് രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രതികരിച്ചു.

സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്. കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു.

തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം സർക്കാരിൽ നിക്ഷിപ്തമാണെന്നും രാജകുടുംബത്തിലെ അനന്തരാവകാശിക്കു കൈമാറാൻ വ്യവസ്ഥയില്ലെന്നും അതിനാൽ സർക്കാർ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയിൽ ഹൈക്കോടതി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2011 മേയ് 2ന് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്റ്റേ ചെയ്തു. എന്നാൽ, ക്ഷേത്ര നിലവറകളിലെ വസ്തുക്കളുടെ കണക്കെടുപ്പിന് കോടതി നിർദേശിച്ചു. അമിക്കസ് ക്യൂറിയായിരുന്ന ഗോപാൽ സുബ്രഹ്മണ്യം, മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് തുടങ്ങിയവർ ക്ഷേത്ര നടത്തിപ്പിനെയും വസ്തുവകകളുടെ സ്ഥിതിയെയും കുറിച്ചുൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകി.

ഇതിനിടെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി എന്താണോ പറയുന്നത് അത് നടപ്പിലാക്കാനാണു സർക്കാർ. വിധിക്കെതിരെ സർക്കാർ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.

രാജവാഴ്ചയും പ്രിവി പഴ്സും ഇല്ലാതായെങ്കിലും വ്യക്തിപരമായി രാജാവിനുള്ള അവകാശങ്ങൾ ഇല്ലാതായിട്ടില്ലെന്നാണു രാജകുടുംബം വാദിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം, പൊതു ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നതിനാൽ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്നും അവർ വാദിക്കുന്നു.

എന്നാൽ, ക്ഷേത്ര നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറിയും മുൻ സിഎജിയും കണ്ടെത്തിയിട്ടുണ്ടെന്നും ഗുരുവായൂർ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം ആലോചിക്കാവുന്നതാണെന്നും സംസ്ഥാന സർക്കാർ വാദിച്ചു.