ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോറോണയുടെയും ലോക് ഡൗണിന്റെയും കാലത്ത് ജനങ്ങൾ സാമ്പത്തികമായ അരക്ഷിതാവസ്ഥയിലാണ്. അത് മുൻനിർത്തിയാണ് എല്ലാ വിഭാഗത്തിലുമുള്ള ലോണുകളടക്കം മൂന്നുമാസത്തെ മൊറട്ടോറിയം ആർബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ആർബിഐയുടെ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥവുമാണ്. ഹൗസിംഗ് ലോൺ ഉൾപ്പെടെ അടയ്ക്കുന്ന ലോണുകളിൽ ബാങ്കുകൾ മൊറട്ടോറിയമുള്ള മാസങ്ങളിലെ പലിശ ഈടാക്കികൊണ്ട് അടവുകൾക്ക് സാവകാശം നൽകിയിട്ടുണ്ട്.
എന്നാൽ ഈ സമയം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്വർണം ഈടു വച്ച് കാർഷിക ലോൺ എടുക്കുന്ന ഉപഭോക്താക്കളാണ്. കാർഷിക ലോൺ എടുക്കുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ കാർഷിക വായ്പയിൽ കിട്ടേണ്ടിയിരുന്ന സബ്സിഡി നഷ്ടമാകും. മാർച്ച് 31 കഴിഞ്ഞുള്ള സബ്സിഡി ക്രമേണ സർക്കാർ നിർത്തിയെങ്കിലും അതുവരെയുള്ള സബ്സിഡിയെങ്കിലും നഷ്ടമാകുന്ന സാഹചര്യം കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തങ്ങൾക്ക് ഈ കാര്യത്തിൽ ശരിയായ മാർഗനിർദേശം ഒന്നും ലഭിച്ചിട്ടില്ല എന്ന ന്യായമാണ് പല ബാങ്ക് മാനേജർമാരും മുന്നോട്ടുവയ്ക്കുന്നത്. ലോക്ഡൗൺ പീരിയഡ് കാലാവധി കഴിഞ്ഞ് പുതുക്കി വയ്ക്കുന്ന കാർഷികവായ്പകൾക്ക് മാർച്ച് 31 വരെയുള്ള സബ്സിഡി എങ്കിലും ലഭിക്കുമൊ എന്ന് ഉറപ്പു പറയാൻ പല ബാങ്ക് മാനേജർമാർക്കും സാധിക്കുന്നില്ല.
ഇതുകൂടാതെ കൊള്ള പലിശയ്ക്ക് സാധാരണ ജനങ്ങളെ തള്ളിവിടുന്ന സമീപനവും പല ബാങ്ക് മാനേജർമാരും സ്വീകരിക്കുന്നു. സാധാരണഗതിയിൽ ഒരുവർഷം കഴിയുമ്പോൾ പലിശ അടച്ച് ലോൺ പുതുക്കി വയ്ക്കാൻ എല്ലാ ബാങ്കുകളും അനുവദിക്കാറുണ്ട്. ഇനിയും ഈ രീതിയിൽ ലോൺ പുതുക്കിവെയ്ക്കാൻ സമ്മതിക്കില്ല എന്ന രീതിയിലുള്ള വാദമുഖങ്ങൾ പല മാനേജർമാരും സ്വീകരിക്കുന്നു.
ഇതിലും ദയനീയം ലോക്ഡൗൺ പീരിയഡിലും വിളിച്ച് അന്വേഷിക്കുന്ന ഉപഭോക്താക്കളോട് കാർഷിക ലോൺ പുതുക്കിവയ്ക്കാൻ ആവശ്യപ്പെടുന്ന അധികൃതർക്ക് പലപ്പോഴും കംപ്യൂട്ടറിന്റെ സെർവറിൽ ലോൺ ക്ലോസ് ചെയ്യാനും പുതിയതായി ഓപ്പൺ ചെയ്യാനും മൂന്നു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. ആർബിഐ ലോക്ഡൗൺ പീരീഡിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലതും പൊതുമേഖല ബാങ്കുകളിലേയ്ക്ക് എത്തിപ്പെട്ടിട്ടില്ല എന്ന ഒഴിവുകഴിവുകളാണ് കസ്റ്റമേഴ്സിനോട് അധികൃതർ പറയുന്നത് .
സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, കൊല്ലം 1, മലപ്പുറം 1 എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവര്‍. കണ്ണൂരില്‍ 9 പേര്‍ വിദേശത്തുനിന്നെത്തിയവരാണെന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. അതുകൊണ്ട് തന്നെ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും. കാസര്‍കോട് രോഗം സ്ഥിരീകരിച്ചവര്‍ വിദേശത്തുനിന്നെത്തിയവരാണ്. ഇന്ന് 16 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതില്‍ ഏഴ് പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് രോഗമുക്തി നേടി ആശുപത്രി വിട്ട മറ്റുള്ളവരുടെ കണക്കുകള്‍
സ്പ്രിന്‍ക്ളര്‍ ഇടപാടിലെ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കാൻ സിപിഎം. കോവിഡ് ഭീതി ഒഴിഞ്ഞതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. സ്വകാര്യതയേക്കാള്‍ പ്രാധാന്യം ജീവനെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അസാധാരണ സാഹചര്യത്തില്‍ അസാധാരണനടപടിയെടുക്കണം. വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സിപിഎം.
എന്നാൽ സ്പ്രിൻക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം മാത്രം പോരെന്ന് സിപിഎം കേന്ദ്ര നേതൃത്വം. സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വം തേടി. അതേസമയം സ്പ്രിൻക്ളര്‍ വിവാദത്തില്‍ സർക്കാരിനെതിരെ ഒളിയമ്പുമായി സി.പി.ഐ മുഖപത്രം ജനയുഗം മുഖപ്രസംഗമെഴുതി
സ്പ്രിൻക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിയമപരമാണെന്നും അഴിമതിയില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി നല്‍കിയ വിശദീകരണക്കുറിപ്പ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറിയതിന് പിന്നാലെയാണ് സിപിഎം വിമർശനം. ഇത് മതിയാകില്ലെന്നും പാര്‍ട്ടിയുടെ നിലപാടും ഉള്‍പ്പെടുത്തിയ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. മറ്റെന്നാള്‍ അവൈയ്‍ലബിള്‍ പൊളിറ്റ് ബ്യൂറോ ഇക്കാര്യം പരിശോധിക്കും. ഡേറ്റയുമായി ബന്ധപ്പെട്ട പാർട്ടിനിലപാടിനെ പോലും മുഖ്യമന്ത്രി സംശയനിഴലിലാക്കിയെന്ന വികാരം കേന്ദ്രനേതൃത്വത്തിനുണ്ട്.സിപിഎമ്മിനെയോ സർക്കാരിനെയോ നേരിട്ട് പരാമർശിക്കാതെയാണ് ജനയുഗത്തിന്റെ മുഖപ്രസംഗം.
അതേസമയം, സ്പ്രിന്‍ക്ളര്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിശിതവിമര്‍ശനം. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു. ഏത് സാഹചര്യത്തിലാണ് സ്പ്രിന്‍ക്ളറുമായുള്ള കേസുകള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ നടത്താനുള്ള കരാറിന് സര്‍ക്കാര്‍ സമ്മതിച്ചതെന്ന് വ്യക്തമാക്കണം. നിയമവകുപ്പിന്‍റെ അറിവില്ലാതെ ഐടി സെക്രട്ടറി എന്തുകൊണ്ട് കരാറില്‍ ഒപ്പിട്ടുവെന്നും വിശദീകരിക്കണം. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ നാളത്തെന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണം.
കോവിഡ് രോഗികളുടെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഡേറ്റയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിര്‍ണായകമാണ്. സ്പ്രിന്‍ക്ളര്‍ കൈകാര്യം ചെയ്യുന്ന ഡേറ്റയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. ഡേറ്റ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ സര്‍ക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു. കോവിഡ് പകര്‍ച്ചവ്യാധി അവസാനിക്കുന്പോള്‍ ഡേറ്റാ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ കവലക്കാടൻ ഷൈജു (46) വിനെ സിഐ ബി.കെ.അരുൺ അറസ്റ്റു ചെയ്തു. ഒരു വർഷം മുമ്പ് പരിചയത്തിലായ യുവതിയെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണപ്പെടുത്തി യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ഭീഷണി തുടരുകയും ചെയ്തു. ഒരു വർഷത്തോളം ഭീഷണി തുടർന്നതോടെ മാനസിക സംഘർഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു. ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണ സംഘത്തിൽ എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്‌ഐമാരായ എം.എ. ബാഷി, സി.പി.ഷിബു, സിപിഒ പി.എം.ദിനേശൻ എന്നിവരുമുണ്ടായിരുന്നു.
പത്തനംതിട്ടയില്‍ സുഖപ്പെടാതെ കോവിഡ് രോഗി. പത്തൊമ്പതാം പരിശോധനാഫലവും പോസിറ്റീവായ രോഗി കോഴഞ്ചേരിയിലെ ജില്ലാആശുപത്രിയില്‍ 42 ദിവസമായി ചികില്‍സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.
രോഗബാധിതയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇതുവരെരോഗമുക്തി നേടാത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ചികില്‍സയ്ക്കായി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിനോട് അഭിപ്രായം തേടും.
വടശേരിക്കര സ്വദേശിയായ 62കാരിയാണ് രോഗം ഭേതമാകാതെ ചികില്‍സിയില്‍ തുടരുന്നത്. രോഗബാധിതയായിരുന്ന ഇവരുടെ മകള്‍ കഴിഞ്ഞയാഴ്ച ആശുപത്രിവിട്ടു.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശരാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തുകയും ലോക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കും ഇക്കാലയളവില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും 5000 രൂപ സര്‍ക്കാര്‍ സഹായധനം ലഭിക്കും.
സഹായധനം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയക്കുന്നത്. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ എന്‍.ആര്‍.ഒ./സ്വദേശത്തുള്ള ജോയന്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ ഭാര്യ/ഭര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളിയിക്കുന്ന രേഖകളും നല്‍കണം. എന്‍.ആര്‍.ഐ. അക്കൗണ്ടിലേക്ക് പണം അയക്കില്ല. അപേക്ഷ നോര്‍ക്കയുടെ വെബ്സൈറ്റായ www.norkaroots.org യില്‍ ഓണ്‍ലൈനായി 30 വരെ സമര്‍പ്പിക്കാം.
പൂനെയിലെ റൂബി ഹാള്‍ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി മലയാളി നഴ്‌സുമാര്‍. പിപിഇ കിറ്റിനടക്കം പണം ഈടാക്കുമെന്നാണ് ഉയരുന്ന ആരോപണം. നഴ്‌സിംഗ് സൂപ്രണ്ട് ആരോപണം ഉന്നയിക്കുന്ന ഓഡിയോ സന്ദേശം നഴ്‌സുമാര്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയിട്ടും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്.
ഇതുവരെ 25 ജീവനക്കാര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് 19രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മലയാളികള്‍ക്കാണ്. രോഗസാധ്യതയുള്ളവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ക്വാറന്റീന്‍ ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങള്‍ ഈ വിധമാക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.
എന്നാല്‍ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വാദം. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവെച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യാനായി 3 ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു. പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.
എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.
ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.
ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.
കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.
ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.
“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.
എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ് യുകെ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു