നടൻ മോഹൻലാൽ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ മോഹൻലാൽ ഫാൻസ്. ഏപ്രിൽ ഒന്നിനു ഫൂളാക്കാൻ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കർശന താക്കീതായിരുന്നു സർക്കാരും കേരള പൊലീസും നടത്തിയത്. ഇത് ലംഘിച്ച യുവാവിനെതിരെ കേസെടുക്കണമെന്നാണ് മോഹൻലാൽ ഫാൻസ് പറയുന്നത്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ രംഗത്തെത്തി. അസോസിയേഷന്റെ പ്രസിഡന്റ് വിമൽ കുമാറാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹൻലാൽ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാർത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമൽ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹൻലാൽ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാർത്ത.
ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംഘത്തോട് ജോർദാനിൽ തന്നെ തുടരാൻ മന്ത്രി നിർദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.നിരവധി സാധാരണക്കാർ ഇത്തരത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവർത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരൻ പ്രതികരിച്ചു.
നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസിയുമടക്കം 58 പേരാണ് ജോർദാനിൽ കർഫ്യുവിൽ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യർത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു. സംഭവത്തിൽ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോർദാനിലെത്തിയത്.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസ് നിർത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കൽ സാധ്യമല്ലെങ്കിൽ ജോർദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുൻപ് ഈ സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷിയെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടലിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജോർദാനിൽ ഇതുവരെ 274 പേർക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേർ മരിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.
കൊവിഡ് ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.
ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടുത്തെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് സിനിമാ ചിത്രീകരണം തുടങ്ങിയത്.
അതേസമയം കോവിഡ് ബാധയെ തുടര്‍ന്ന് ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ സിനിമാസംഘത്തോട് അടിയന്തിരമായി രാജ്യം വിടണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . നാല് ദിവസം മുമ്പ് ഇവിടെ നിന്ന് സിനിമാ ചിത്രീകരണം നിര്‍ത്തി വെയ്പ്പിച്ചിരുന്നു.
ഇവരുടെ വിസാ കാലവധി ഏപ്രില്‍ 8 ന് അവസാനിക്കും. അതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിനിമാ സംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കത്ത് നല്‍കി.
ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വ്വീസ് ഇന്ത്യയും പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരുന്നു.
കോവിഡ് പാക്കേജ് ആയി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ വരെ മാത്രമേ ഉണ്ടാകാവൂ. സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ.
റേഷൻ കാർഡിന്റെ നമ്പർ 0,1 അക്കങ്ങളിൽ അവസാനിക്കുന്നവർക്കുള്ള റേഷൻ വിതരണം ഇന്ന് (ഏപ്രിൽ 1) നടക്കും. കാർഡ് നമ്പർ 2,3 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ രണ്ടിനും 4,5 അക്കങ്ങളില് അവസാനിക്കുന്നവർക്ക് ഏപ്രിൽ മൂന്നിനുമാണ് റേഷൻ വിതരണം. 6,7 അക്കങ്ങളില് അവസാനിക്കുന്ന കാർഡ് നമ്പർ ഉള്ളവർക്ക് ഏപ്രിൽ നാലിനും 8,9 അക്കങ്ങളുള്ളവർക്ക് ഏപ്രിൽ അഞ്ചിനും റേഷൻ വിതരണം ചെയ്യും.
അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് എത്തി സാധങ്ങൾ വാങ്ങാനാകും. നേരിട്ടെത്തി റേഷൻ വാങ്ങാനാവാത്തവർക്കു നേരിട്ട് വീട്ടിലെത്തിച്ച നല്കണം. സാധനങ്ങളുടെ വിതരണം നടത്തേണ്ടത് നിശ്ചയിക്കപ്പെട്ടിട്ടുള്ളവർ മാത്രമാകണം.
മുന്‍ഗണന വിഭാഗം രാവിലെ. മുന്‍ഗണനേതര വിഭാഗം ഉച്ചക്ക് ശേഷം.
0,1 അക്കങ്ങളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് ഇന്നും
2, 3 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 2 നും
4,5 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 3 നും
6,7 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 4 നും
8,9 ല്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് April 5നും
പുരുഷനായിരുന്ന ആൾ സ്ത്രീ രൂപത്തിലേക്ക് എത്തിപ്പെട്ടതിൽ നന്ദി പറഞ്ഞു കൊണ്ട് അനുശ്രീയുടെ മേക്കപ്പ് ആർട്ടിസ്റ്റായ പിങ്കി വിശാൽ. തന്റെ സർജറി കഴിഞ്ഞപ്പോൾ എട്ട് ദിവസത്തോളം സ്വന്തം കൂടപ്പിറപ്പിനെ പോലെ അനുശ്രീ കൂടെയുണ്ടായിരുന്നുവെന്നും പിങ്കി തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാർച്ച് 9ന് സാധിച്ചു. ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി… എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓർക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എൻ്റെ അനുകുട്ടി. എന്നെ മാർച്ച് 8 ന് Renai medcity Hospital Admit ചെയ്യുമ്പോൾ മുതൽ എൻ്റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി.സർജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയിൽ Hospitalil വന്നു നിന്നു. ഹോസ്പിറ്റലിലെ Doctors നും Nurse മാർക്കും എല്ലാവർക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആർട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആർട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളിൽ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്നേഹും നന്ദിയും പ്രാർത്ഥനയും ഉണ്ടാവും…
ഇനി ഞാൻ പറയട്ടെ… ഞാൻ പിങ്കി വിശാൽ. സജീഷ് എന്ന പേരിലാണ് കുറേ കാലം ജീവിച്ചതെങ്കിലും മനസ്സ് കൊണ്ട് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. എൻ്റെ പിങ്കി എന്ന പേര് വിളിക്കുന്നത് 10 ക്ലാസ്സ് കഴിഞ്ഞു part time ജോലിയ്ക്ക് പോകുമ്പോൾ എൻ്റെ കമ്മ്യൂണിറ്റി അനസൂയ ഹരി ആണ് എന്നെ പിങ്കി വിളിച്ചത്. അന്നു മുതൽ പിങ്കി ആയി.മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആക്കണം എന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ സാമ്പത്തിക കാര്യങ്ങൾ താങ്ങാൻ കഴിയുന്ന family ആയിരുന്നില്ല എൻ്റേത്.2012 ൽ പട്ടണം മേയ്ക്കപ്പ് അക്കാദമിയിൽ കോഴ്സ് ചേർന്നു.. 120000 കോഴ്സ് fee. അന്നു ഞാൻ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു .എൻ്റെയൊപ്പം ജോലി ചെയ്ത ഷൈലജച്ചേച്ചിയാണ് 20,000 രൂപ തന്നു സഹായിച്ചു. എൻ്റെ career നേടാൻ എന്നെ ആദ്യമായി സഹായിച്ച ഷൈലജ മേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബാക്കി പൈസ പലിശയ്ക്ക് പണമെടുത്തു കോഴ്സ് പൂർത്തിയാക്കി. ചെറിയ ചെറിയ മേയ്ക്കപ്പ് ചെയ്തു പലിശ അടച്ചു തീർത്തു.
അങ്ങനെ 2014ൽ അവസാനത്തോടെ അവിനാശ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അസിസ്റ്റ് ൻ്റ് ആയി How old are you ആദ്യ സിനിമ വർക്ക് ചെയ്തു. അത് മഞ്ജുച്ചേച്ചിയുടെ personal Assistant. വേഷത്തിലും നടപ്പിലും പെണ്ണായി തന്നെയായിരുന്നു ഞാൻ അന്നും നടന്നത് വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല എങ്കിലും ചില ആൾക്കാരുടെ പെരുമാറ്റo, നോട്ടം, ഒക്കെ സഹിക്കന്നതിനും അപ്പുറം ആയിരുന്നു.
എന്നെ കാണുമ്പോൾ ഞാൻ സംസാരിക്കാൻ ചെല്ലുമെന്നോർത്തു ഒളിച്ചു നിന്ന കൂട്ടുക്കാരെയും ഞാൻ മറന്നിട്ടില്ല ഇപ്പോഴും. മനസ്സിൽ ഏറ്റവും വലിയ ആഗ്രഹമായി അന്നും ഉണ്ടായിരുന്നത് ശരീരം കൊണ്ടും ഒരു പെണ്ണാകുക എന്നതായിരുന്നു. പതിയെ പതിയെ പണം സേവ് ചെയ്തു.വീട്ടുകാരുടെ സമ്മതത്തോടെ Treatment തുടങ്ങി. Endocrinologist Dr.suja ആണ് Treatment തുടങ്ങി തന്നത്.ആദ്യം Sunrise ആശുപത്രിലും പിന്നീട് Dr.suja Mam Renai medcity പോയപ്പോൾ അവിടേയ്ക്ക് Treatment മാറ്റി. 2 വർഷത്തിന് മേലെ ഹോർമോൺ Treatment യെടുത്തു. ശാരീരികമായും പെണ്ണായി മാറുന്നത് കണ്ടറിഞ്ഞ നിമിഷങ്ങൾ. അത് മനസ്സിലാകുന്ന സമയങ്ങൾ.അവയൊക്കെ അനുഭവിക്കുമ്പോഴുള്ള സുഖം മുന്നേ അനുഭവിച്ചിട്ടുള്ള പരിഹാസങ്ങളും കളിയാക്കലുകളും അവഗണനകളും ഒക്കെ മറക്കാനുള്ള മരുന്നായിരുന്നു. ആ സമയങ്ങൾ എൻ്റെ ക്യാരീർലെയും നല്ല സമയങ്ങൾ ആയിരുന്നു. ഒരു പാട് പേരൊടൊപ്പം ജോലി ചെയ്യാൻ സാധിച്ചു.മഞ്ജുച്ചേച്ചി.മംമ്ത ച്ചേച്ചി. രമ്യാച്ചേച്ചി, പ്രിയ ജീ, മിയ, അനു സിതാര, ദീപ്തി സതി, ഇനിയ, നിഖില വിമൽ, ഷീലു ഏബ്രഹാം, നമിത പ്രമോദ്, റീമ കല്ലിങ്കൽ etc എല്ലാവർക്കും ഒപ്പം വർക്ക് ചെയ്തു. ഞങ്ങളെ പോലെ ഉള്ളവരെ ഒരു പാട് സപ്പോർട്ട് ചെയ്യുന്ന ഫീൽഡ് ആണ് സിനിമ. ആ സമയത്തു ഒരു പാട് Positive energy തന്ന കാര്യമാണ്.
അങ്ങനെ ഒരു പാട് നാളത്തെ എൻ്റെ ആഗ്രഹം ഈ കഴിഞ്ഞ മാർച്ച് 9ന് സാധിച്ചു. ഞാൻ പെണ്ണായി Renai Medcity ഹോസ്പിറ്റലിലെ plastic Surgeon Dr.Arjun Asokan അടങ്ങുന്ന ടീം എൻ്റെ ആഗ്രഹം നടത്തി തന്നു. എന്നും എൻ്റെ മനസ്സിലുള്ള ദൈവങ്ങളോടൊപ്പം,എൻ്റെ അമ്മയോടൊപ്പം Dr.suja, Dr. Arjun എൻ്റെ മനസ്സിലെ ദൈവങ്ങളായി മാറി കഴിഞ്ഞു.
ഈ സമയത്തു എൻ്റെ അടുത്ത് ഉണ്ടായിരുന്ന ഓരോർത്തരും തന്ന സപ്പോർട്ട് വളരെ വലുതാണ്. എൻ്റെ കൂട്ടുക്കാരി അനുമായ, ബാബു,നിഷ കുട്ടി, നിധിൻ, മഹേഷ്, വൈശാഖ്, സൂഫി, എന്നെ ഇപ്പോൾ മകളായി നോക്കുന്ന കിച്ചമ്മ. ഷഫ്ന ഷാഫി, എന്നെ മകളായി സ്വീകരിച്ച രഞ്ജിമ്മയും. ബിന്ദുച്ചേച്ചി, നീതു, സുദർശനൻ, മാമു, രേഷ്മ,കിരണം കുടുംബശ്രീ അംഗങ്ങളും, CDS മതിലകം staffകളും, സുമ മേഡവും, നിങ്ങളെന്നും എനിക്ക് തന്ന സപ്പോർട്ടും സ്നേഹവും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല.
ഞാൻ പെണ്ണ് ആയത് അമ്മയോടും ച്ചേച്ചിയോടും ചേട്ടനോടും പറഞ്ഞപ്പോൾ നാണം കലർന്ന ചിരിയാണ് കണ്ടത്………. എല്ലാവരോടും നന്ദിയുണ്ട്………
രാജ്യത്ത് ഇന്ന് 146 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1397 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 72 പേർക്കും തമിഴ്‌നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ തെലങ്കാനയിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും. തെലങ്കാനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്.
മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും മുംബൈയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. ഇത്രയും അധികം കേസുകൾ ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്ത്യയിൽ ആദ്യമാണ്. അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം
തമിഴ്നാട്ടിൽ നിന്ന് നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഈറോഡിലും സേലത്തും ജാഗ്രതാ നിർദേശം നൽകി. സമ്മേളനത്തിൽ 1500 പേർ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1130 പേർ തമിഴ് നാട്ടിൽ തിരിച്ചെത്തി. 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുള്ളൂ. മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. മുംബൈയിലും ഈ സമ്മേളനത്തിൽ പങ്കെടുത്തയാൾ കൊവിഡ് ബാധിച്ച് മരിച്ചു. മാർച്ച് 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശിയാണ് ഇത്. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടുകയായിരുന്നു.
കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ഒരാളെ നിരീക്ഷണ കേന്ദ്രത്തിൽ മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കൊല്ലം ജില്ലയിലെ എട്ട് പേരെ നിരീക്ഷണത്തിലാക്കി. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവർ.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 72 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് 1030 പേർ പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തി.
മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ പുകഴ്ത്തികൊണ്ട് നടി ശ്വേതാ മേനോൻ. മോഹൻലാൽ എന്ന മഹാ നടനെ കുറിച്ച് പറയാൻ നടിമാർക്ക് നൂറു നാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റവും ബഹുമാനവും സംരക്ഷണവും ഏതൊരു സ്ത്രീയും ആഗ്രഹിച്ചു പോകുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. വലുപ്പ ചെറുപ്പമില്ലാത്ത എത്രപേർ ഉണ്ടെങ്കിലും അവരെ കെയർ ചെയ്യാനുള്ള കഴിവ് ലാലേട്ടനുണ്ടെന്നും, എന്നാൽ അത് നമ്മളെക്കൊണ്ടൊന്നും സാധിക്കില്ലെന്നും താരം പറഞ്ഞു.
മോഹൻലാൽ ഭക്ഷണ പ്രിയൻ മാത്രമല്ല, മറ്റുള്ളവരെ കൊണ്ടും നല്ലപോലെ ഭക്ഷണം കഴിപ്പിക്കുമെന്നും ശ്വേതാ മേനോൻ പറഞ്ഞു. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോൾ എല്ലാവര്ക്കും രണ്ടു മൂന്നു കിലോയെങ്കിലും ശരീരഭാരം കൂടിയുട്ടുണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് നല്ല പാചകം അറിയാമെന്നും ഇടയ്‌ക്കൊക്കെ ഷൂട്ടിംഗ് വേളയിൽ കൂക്കിങ്ങിനായി ഇറങ്ങുമെന്നും പലതരത്തിലുള്ള ആഹാരം ഉണ്ടാക്കുമെന്നും സംവിധായകർ അടക്കമുള്ളവരെ കൊണ്ട് ആ ഭക്ഷണം നല്ലപോലെ കഴിപ്പിക്കുമെന്നും കൂടാതെ നമുക്ക് ഇഷ്ടമുള്ള ആഹാരം പറഞ്ഞാൽ കൂക്കിനെ കൊണ്ട് അദ്ദേഹം ഉണ്ടാക്കി തരാനും മിടുക്കനാണെന്നു ശ്വേതാ മേനോൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഒരിക്കൽ ലണ്ടനിൽ പോയപ്പോൾ ലാലേട്ടൻ അവിടെവെച്ചു തേങ്ങാപാൽ ഒഴിച്ച് ഒരു ചിക്കൻകറി വെച്ച് തന്നെന്നും ഇപ്പോളും അതിന്റെ രുചി നാവിൽ നിൽപ്പുണ്ടെന്നും ശ്വേതാ പറഞ്ഞു. മോഹൻലാലും ശ്വേതാ മേനോനും തമ്മിൽ അത്ര വലിയ ആത്മബന്ധമാണുള്ളത്. ശ്വേതയെ മോഹൻലാൽ അമ്മയെന്നും മോഹൻലാലിനെ ശ്വേതാ ലാലേട്ടനെന്നുമാണ് വിളിക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ ഭാഗമായി മോഹൻലാൽ ഒരിക്കൽ കല്യാണമാലോചിച്ചെന്നും ശ്വേത പറഞ്ഞു.
സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഏറെ ബുദ്ധിമുട്ടുന്നത് നമ്മുടെ പോലീസ് ഡിപാര്‍ട്‌മെന്റ് തന്നെയാണ്. പല ഭാഗത്തുനിന്നും ഫോണ്‍കോളുകള്‍ ഇവര്‍ക്ക് എത്തുന്നു. ഒരുമിനിറ്റ് നില്‍ക്കാതെ ഓടുകയാണ് ജനങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍.
എന്‍ഡോള്‍സള്‍ഫാന്‍ ഇരയുടെ അമ്മയ്ക്കുള്ള ഹൃദ്രോഗത്തിന്റെ മരുന്നുമായി തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേക്ക് പാഞ്ഞെത്തിയത് നിരവധി പോലീസ് വാഹനങ്ങളാണ്. അമ്മയ്ക്കുള്ള ജീവന്‍രക്ഷാമരുന്ന് പെരിയയിലെത്തിയത് പാതിരാത്രി നിര്‍ത്താതെ ഓടിയ 19 പോലീസ് വാഹനങ്ങളിലൂടെയായിരുന്നു. തിങ്കളാഴ്ച രാവിലെ മൊയോലത്തെ വീട്ടില്‍ ലതിക മരുന്ന് ഏറ്റുവാങ്ങുമ്പോള്‍ സംസ്ഥാനത്തെ പോലീസ് സേനയും മന്ത്രി ഇ ചന്ദ്രശേഖരനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും അത് അഭിമാന നിമിഷമായി.
മൊയോലത്തെ കൃഷ്ണന്റെ ഭാര്യയാണ് ഹൃദ്രോഗി കൂടിയായ ലതിക. ഇവരുടെ രണ്ടാമത്തെ മകന്‍ അനിരുദ്ധ് കൃഷ്ണന്‍ ജന്മനാ മാനസിക വെല്ലുവിളി നേരിടുന്ന അപസ്മാരരോഗിയും. ലതിക 19 വര്‍ഷമായി മുടങ്ങാതെ കഴിക്കുന്ന പെന്‍സിലിന്‍വി എന്ന മരുന്ന് മൂന്നുവര്‍ഷമായി തിരുവനന്തപുരത്തുനിന്നാണ് എത്തിക്കുന്നത്. ലോക്ക് ഡൗണായതോടെ മരുന്നെത്തിക്കാനുള്ള വഴിയും മുടങ്ങി. മരുന്നുതീരാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ കൂടിയായ അമ്ബലത്തറ കുഞ്ഞികൃഷ്ണനെ ഇവര്‍ വിവരമറിയിക്കുന്നത്. അദ്ദേഹം തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ സെയ്ഫുദ്ദീനെ വിവരമറിയിച്ചു.
സെയ്ഫുദ്ദീന്‍ ഈ വിവരം ശനിയാഴ്ച രാത്രി പോലീസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് നല്‍കി. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അനില്‍ മരുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള മെഡിക്കല്‍ ഷോപ്പിലുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് കണ്ടെത്തി. മരുന്ന് കാസര്‍കോട്ടെ പെരിയയിലെങ്ങനെ എത്തിക്കും എന്നതായി അടുത്ത വെല്ലുവിളി.
വിവരം മന്ത്രി ചന്ദ്രശേഖരനെ അറിയിക്കുന്നതിന് സെയ്ഫുദ്ദീന്‍ കാഞ്ഞങ്ങാട്ടെ സിപിഐ നേതാവ് എ ദാമോദരനെ വിളിച്ചു. ദാമോദരനും പോലീസ് അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി സിആര്‍ ബിജുവും മന്ത്രിയെ വിവരം ധരിപ്പിച്ചു. മന്ത്രി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ വിട്ട് മരുന്ന് വാങ്ങിപ്പിച്ച് പോലീസ് പോലീസ് ആസ്ഥാനത്ത് എത്തിച്ചു.
ഡിജിപി ലോക്നാഥ് ബെഹ്റയോട് മരുന്ന് കാഞ്ഞങ്ങാട്ടെത്തിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്ബതുമണിക്ക് മരുന്നുമായി പോലീസ് വാഹനം കുതിച്ചുതുടങ്ങി. വഴിയിലെ ഏഴു ജില്ലാ പോലീസ് മേധാവികള്‍ക്കും ദൗത്യത്തില്‍ പങ്കാളിയാവാന്‍ പോലീസ് സഹായം വിട്ടുകൊടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ഒരു രാത്രികൊണ്ട് വിവിധ ജില്ലകളിലെ 19 ഹൈവേ പട്രോളിങ് വാഹനങ്ങളിലൂടെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷനില്‍ മരുന്നെത്തി. രാവിലെ നീലേശ്വരം പോലീസ് ഇന്‍സ്പെക്ടര്‍ എംഎ മാത്യുവിന്റെയും സെയ്ഫുദ്ദീന്റെയും നേതൃത്വത്തില്‍ മരുന്ന് ലതികയ്ക്ക് നല്‍കി.
സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെആകെ രോഗം ബാധിച്ചവരുടെ എണ്ണം 215ആയി. തിരുവനന്തപുരം കാസര്‍കോട് ജില്ലയിലെ രണ്ട് പേര്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലാബുകള്‍ കൂടുതല്‍ സാംപിള്‍ എടുക്കാന്‍ തുടങ്ങി. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയുണ്ട്. കൂടുതല്‍ ടെസ്റ്റ് നടത്തി റിസല്‍ട്ട് വാങ്ങാന്‍ കഴിയുന്നു. കാസര്‍കോട് ആശുപത്രികളില്‍ 163 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 108, മലപ്പുറത്ത് 102 പേര്‍ നിരീക്ഷണത്തിലുണ്ട്. കൂടുതല്‍ രോഗവ്യാപന ഭീഷണിയുള്ള കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.
1,63,119 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും658 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നുമാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് മാത്രം 7,485 സാമ്പിളുകൾ പരിശോധിച്ചതില്‍ 6,381 പേരുടെ ഫലം നെഗറ്റീവ് ആയി. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയാറാക്കും. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്ര സര്‍വകലാശാലയില്‍ ടെസ്റ്റിങ്ങിന് അനുമതി ലഭിച്ചിട്ടുണ്ട്. മാസ്കുകളുടെ കാര്യത്തില്‍ ദൗര്‍ബല്യമില്ല. എന്‍ 95 മാസ്ക് രോഗികളുമായി നേരിട്ടു ബന്ധപ്പെട്ടവര്‍ക്കു മാത്രം മതി എന്നു നിര്‍ദേശം നല്‍കി.