ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിൽ തർക്കം. ആർഎസ്എസ് നിർദേശപ്രകാരം പാർട്ടിക്കുള്ളിലെ തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേർന്നത്.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തർക്കവും യോഗത്തിൽ ചർച്ചയായി. വി മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന് യോഗത്തിൽ പികെ കൃഷ്ണദാസ് ഉന്നയിച്ചു. എന്നാൽ വി മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ യോഗത്തിൽ സ്വീകരിച്ചത്.

ഡിആർഡിഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്നതുൾപ്പടെയുള്ള ദേശാഭിമാനി എഡിറ്റോറിയലിൽ വന്ന ആരോപണങ്ങളും കോർഗ്രൂപ്പിൽ ചർച്ചയായി.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് യോഗം. യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്.