മലപ്പുറം തിരൂരിൽ പൊലീസിനെ കണ്ട് ഭയന്നോടിയ ആളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന തെക്കുംമുറി നടുപറമ്പത്ത് സുരേഷ് ആണ് മരിച്ചത്. ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ലോക്ക്ഡൗൺ ലംഘനത്തിൽ പൊലീസ് നടപടി ഭയന്നോടിയ സുരേഷിനെ വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം. തിരൂർ കട്ടച്ചിറ ഡിസ്പെൻസറിക്കു സമീപം ആളുകൾ കൂടി നിൽക്കുന്നത് തടയാനെത്തിയ പൊലീസ് സ്ഥലത്തുണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസുകാർ നൽകിയിട്ടുള്ള മൊഴി.
ഇവരെ പിടികൂടാനായി പിറകെ ഓടിയിട്ടില്ലെന്നും പൊലീസ് അവകാശപ്പെടുന്നു. ഏറെ നേരമായിട്ടും സുരേഷിനെ കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരുക്കുകളില്ല.ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു ഓട്ടോ ഡ്രൈവറായിരുന്ന സുരേഷ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ലോക്ഡൗണില്‍ കേരളത്തിലേക്ക് അഴുകിയ മല്‍സ്യത്തിന്റെ കുത്തൊഴുക്ക്. അഞ്ചുദിവസത്തിനിടെ അറുപത്തിനാലായിരം കിലോ മല്‍സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഇന്നുമാത്രം പിടിച്ചെടുത്തത് ഇരുപത്തിയൊന്‍പതിനായിരം കിലോ. ഇതരസംസ്ഥാനങ്ങളില്‍നിന്ന് അഴുകിയ മല്‍സ്യമെത്തിക്കുന്ന മുപ്പതിലേറെ സംഘങ്ങളുണ്ടെന്ന് സംയുക്ത സ്ക്വാഡിന് വിവരം ലഭിച്ചു.
കൊച്ചി വൈപ്പിനില്‍ പിടികൂടിയ കേരയുടെ ഗുണനിലവാരമാണ് ഈ കണ്ടത്. അഴുകിയ മാംസത്തിനുള്ളിലേക്ക് പരിശോധകരുടെ വിരല്‍ നിസാരമായി കയറി. തമിഴ്നാട് ബോട്ടില്‍നിന്ന് വാങ്ങിയ നാലായിരം കിലോ മല്‍സ്യം ചെറുകിടക്കാര്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുടെ സംയുക്ത സംഘം പിടിച്ചെടുത്തത്.
കോഴിക്കോട് താമരശേരിയില്‍ പതിനെണ്ണായിരംകിലോ പിടിച്ചെടുത്തു.ഇതില്‍ നൂറുകിലോയില്‍ ഫോര്‍മാലിനും കലര്‍ത്തിയിരുന്നു. കായംകുളത്ത് രണ്ടായിരത്തി അഞ്ഞൂറ് കിലോഗ്രാം അഴുകിയ മല്‍സ്യം പിടികൂടി. വാഹനവും പിടിച്ചെടുത്തു. തിരുവനന്തപുരം വെള്ളറടയില്‍ മൂവായിരം കിലോയും, തൃശൂര്‍ കുന്നംകുളത്ത് 1500 കിലോയും പിടികൂടി. ഓപ്പറേഷന്‍ സാഗര്‍ റാണിയെന്ന പേരില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ശനിയാഴ്ചയാണ് പരിശോധന തുടങ്ങിയത്. ആദ്യനാലു ദിവസം 35,524 കിലോ മീന്‍ പിടികൂടിയിരുന്നു.
രാസവസ്തുക്കള്‍ ചേര്‍ത്തതും, ചീഞ്ഞളിഞ്ഞതുമെല്ലാം പുതിയതെന്ന തരത്തിലെത്തിക്കുകയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി, രാമേശ്വരം, നാഗപട്ടണം, ആന്ധ്രയിലെ വിശാഖപട്ടണം, കര്‍ണാടകയിലെ മംഗാലപുരം എന്നിവിടങ്ങളാണ് സ്രോതസ്. കേരളത്തില്‍ പ്രധാന ചന്തകളിലേക്ക് പോകാതെ ഇടനിലക്കാര്‍ മുഖേന ചെറുകിട വ്യാപാരികള്‍ക്ക് കൈമാറുന്നതാണ് രീതി. അതിനാല്‍ മാര്‍ക്കറ്റിന് പുറമെ അതിര്‍ത്തിയില്‍ പരിശോധിച്ചാല്‍ ഫലപ്രദമായി തടയാനും കടത്തുകാരെ കയ്യോടെ പിടിക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം.
കേരളത്തിന്റെ നിരന്തര അഭ്യര്‍ത്ഥനകള്‍ക്കുമുന്നില്‍ കര്‍ണാടകം അയഞ്ഞു. കേരളത്തിനുമുന്നില്‍ വാതിലുകള്‍ തുറന്നു. രോഗിയുമായി ആദ്യ ആംബുലന്‍സ് തലപ്പാടി കടന്നു. കാസര്‍ഗോഡില്‍ നിന്നുള്ള രോഗികള്‍ക്കായിട്ടാണ് കര്‍ണാടക അതിര്‍ത്തി തുറന്നത്.
കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് ആംബുലന്‍സ് കര്‍ണാടക കടത്തിവിട്ടത്. കാസര്‍ഗോഡ് സ്വദേശി തസ്ലിമയെയാണ് തുടര്‍ ചികിത്സകള്‍ക്കായി മംഗലൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചത്.
ആംബുലന്‍സില്‍ തസ്ലിമയും ഇവരുടെ മകളും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍, രോഗി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാല്‍ ഒരാളെ ഇറക്കിവിട്ടു.ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്.
അനില്‍ അക്കര എംഎല്‍എയുടെ വീട്ടില്‍ പൂച്ചയുടെ തല കണ്ടെത്തി. തൃശൂര്‍ അടാട്ടുള്ള വീട്ടിലെ തൊഴുത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പാത്രത്തിലാണ് പൂച്ചയുടെ തല കണ്ടെത്തിയത്.
ആരോ കൊണ്ടിട്ട പോലെയാണെന്നാണ് ആരോപണം. പുലര്‍ച്ച അഞ്ചരയോടെ വീടിന് മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞിരുന്നു. ആളുകളെ പേടിപെടുത്താന്‍ ആസൂത്രിതമായി ചെയ്തതാണെന്നാണ് എംഎല്‍എ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ കേരളാ സർക്കാരിനും കേന്ദ്ര സർക്കാരിനും പൂർണ്ണ പിന്തുണ നൽകികൊണ്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനായി മുൻനിരയിലുണ്ട്. കേരളാ സർക്കാരിന് വേണ്ടി കോവിഡ് 19 ബോധവൽക്കരണ വീഡിയോകളും, മറ്റൊരുപാട് വഴികളിലൂടെ അദ്ദേഹം ആരോഗ്യ രംഗത്തും സഹായമെത്തിക്കുന്നുണ്ട്. ഇപ്പോഴിതാ കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷം രൂപയാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. ഇന്ന് നടന്ന പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത്. അതിനൊപ്പം മോഹൻലാൽ പിണറായി വിജയന് എഴുതിയ ഒരു കത്തും പുറത്തു വന്നിട്ടുണ്ട്. അതിൽ മോഹൻലാൽ പറയുന്നത് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത് വളരെ ദുരിതപൂർവ്വമായ ഒരു പരിതഃസ്ഥിതിയിലൂടെയാണെന്നും എന്നാൽ ഈ സമയത്തു കോവിഡ് പ്രതിരോധത്തിനായി പിണറായി സർക്കാർ കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം മികവുറ്റതാണെന്നുമാണ്.
ഈ സമയത്തെ പിണറായി വിജയന്റെ നേതൃപാടവം നമ്മുടെ ചരിത്രത്തിലാണ് ഇടം പിടിക്കാൻ പോകുന്നതെന്നും മോഹൻലാൽ പറയുന്നു. ഈ കത്തിനൊപ്പമാണ് തന്റെ എളിയ സംഭാവനയായ അമ്പതു ലക്ഷം രൂപ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് ഉപകരിക്കും എന്ന പ്രതീക്ഷയോടെ മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നത്. പിണറായി വിജയനൊപ്പം എന്നും തങ്ങൾ ഉണ്ടെന്നും അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രവർത്തനങ്ങൾ തുടരാനും മോഹൻലാൽ തന്റെ കത്തിലെ വാക്കുകളിൽ പറയുന്നു. പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മോഹൻലാൽ. .
യുഎസിൽ നാല് മലയാളികൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികൾ 24 ആയി. ഫിലഡൽഫിയയിൽ കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോർക്ക് ഹൈഡ് പാർക്കിൽ തൊടുപുഴ കരിങ്കുന്നം മറിയാമ്മ മാത്യു (80), ന്യൂയോർക് റോക്‌ലാൻഡിൽ തൃശൂർ സ്വദേശി ടെന്നിസൺ പയ്യൂർ(82), ടെക്സസിൽ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാൻഡർ സാബു എൻ. ജോണിന്റെ മകൻ പോൾ (21) എന്നിവരാണ് മരിച്ചത്.
ലാലുപ്രതാപ് ജോസ് ന്യുയോര്‍ക്ക് മെട്രോ ട്രാഫിക് അഡ്മിനിസ്ട്രഷനിൽ (സബ് വെ) ട്രാഫിക് കൺട്രോളറായിരുന്നു. മറിയാമ്മ മാത്യു കോവിഡ് ബാധിതയായി വിൻത്രോപ് ആശൂപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യയാണ്. മക്കള്‍: വിനി, വിജു, ജിജു.
ആലപ്പുഴ കരുവാറ്റ വടക്ക് താശിയിൽ സാംകുട്ടി സ്കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിൽ കഴിഞ്ഞ ദിവസം മരിച്ചു. നെടുമുടി പഞ്ചായത്ത് നാലാം വാർഡ് പന്തപ്പാട്ടുചിറ കുടുംബാംഗമാണ് അന്നമ്മ. 8 വർഷമായി യുഎസിലാണ്. മക്കൾ: സീന (ദുബായ്), സ്മിത, ക്രിസ് (ന്യൂ ജഴ്സി). മരുമകൻ: അനീഷ്.
പോളിന് ഹോസ്റ്റലിൽനിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയിൽനിന്നു വിരമിച്ച ശേഷം ഡാലസിൽ ഐബിഎമ്മിൽ ജോലി ചെയ്യുകയാണ്. മാതാവ് ജെസി. ഏക സഹോദരൻ ഡേവിഡ്.
ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ
കോവിഡ് – 19 രാജ്യത്തെ പിടിച്ചു കുലുക്കുകയും ബ്രിട്ടണിലെമ്പാടും ലോക് ഡൗൺ നിലവിൽ വരികയും ചെയ്തതോടുകൂടി സ്റ്റുഡന്റ് വിസയിൽ ബ്രിട്ടണിലുള്ള നിരവധി മലയാളികൾ കടുത്ത പ്രതിസന്ധിയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. പലരും ഭക്ഷണം പോലും ഇല്ലാതെ കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നുപോകുന്നത് ഇതിനുപുറമേ പലർക്കും കൊറോണ വൈറസ് ബാധയേറ്റത് സ്ഥിതിഗതികൾ വഷളാക്കുന്നു. സ്റ്റുഡന്റ് വിസയിലെത്തി കുടുംബമായി കഴിയുന്നവരാണ് കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടർന്ന് നിരവധി പേർക്ക് ജോലി നഷ്ടമായതാണ് പ്രശ്നങ്ങൾക്ക് കാരണം.
സ്റ്റുഡൻസ് വിസയിൽ എത്തിയവർ പലരും ചെറുകിട റീടെയിൽ ഷോപ്പുകളിൽ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ഗവൺമെന്റിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും സ്റ്റുഡന്റ് വിസയിൽ എത്തിയവർക്ക് ഇല്ലെന്നുള്ളത് പ്രതിസന്ധി ഇരട്ടിപ്പിക്കുന്നു. സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് രണ്ടുവർഷത്തെ സ്റ്റേബാക്ക് അനുവദിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെ കൂടി കഴിഞ്ഞ 6 മാസമായി ഇന്ത്യയിൽ നിന്ന് വിദ്യാർത്ഥികളുടെ കടുത്ത ഒഴുക്കായിരുന്നു. പലരും വീടും വസ്തുവും പണയപ്പെടുത്തിയാണ് എങ്ങനെയും കടൽകടന്ന് ഒരു ജീവിതം കരുപ്പിടിപ്പിക്കണം എന്ന മോഹത്തോടെ യുകെയിൽ എത്തിയത്. യുകെയിൽ സ്റ്റുഡന്റ് വിസയിൽ എത്തി സ്ഥിരതാമസമാക്കിയ പലരുടെയും കഥകൾ ഇത്തരക്കാർക്ക് പ്രചോദനം ആവുകയും ചെയ്തു.
എന്നാൽ അവിചാരിതമായി കടന്നുവന്ന കൊറോണ ദുരന്തം ഇവരുടെയെല്ലാം പ്രതീക്ഷകളെ തട്ടിമറിച്ചിരിക്കുകയാണ്. കടുത്ത ജീവിത ചിലവുള്ളതിനാൽ യുകെ പോലുള്ള രാജ്യങ്ങളിൽ പാർട്ട് ടൈം ജോലി എങ്കിലും ഇല്ലാതെ പിടിച്ചുനിൽക്കാനാവില്ല. സ്ഥിരതാമസക്കാരാകാൻ സാധ്യത കുറവായതിനാൽ വിവിധ സ്ഥലങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്കും ഇവരുടെ കാര്യത്തിൽ താത്പര്യമില്ല. ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാതെ വിഷമിക്കുന്ന സ്റ്റുഡന്റ് വിസക്കാർക്ക് മലയാളി സംഘടനകളുടെ സഹായം, നാട്ടിൽ പോകാൻ താൽപര്യമുള്ളവർക്ക് സൗകര്യമൊരുക്കാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഇടപെടലുകളുമാണ് മലയാളി വിദ്യാർഥികളുടെ ആവശ്യം.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണാ കാലത്തെ സാമ്പത്തിക നേട്ടത്തിനായുള്ള ഉത്സവകാലമാക്കാനുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതികരണവുമായി യു എൻ എ ദേശീയ അധ്യക്ഷൻ ജാസ്മിൻഷാ. കൊറോണാ കാലത്ത് ജീവൻ പണയം വെച്ച് പോരാടുന്ന നഴ്സുമാരുടെ ശമ്പളം 50 മുതൽ 80 ശതമാനം വരെ ചില സ്വകാര്യ മാനേജ്മെന്റുകൾ വെട്ടിക്കുറച്ചതായി ജാസ്മിൻഷാ ആരോപിച്ചു. 20000 രൂപയും അതിൽ കുറവും മാസ ശമ്പളം ലഭിക്കുന്ന നഴ്സുമാർക്കാണ് ഈ ദുരവസ്ഥ. ഇന്ത്യയിൽ പലയിടത്തും നഴ്സുമാർക്ക് ആവശ്യത്തിനുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകാതെ ചാവേറാകാൻ ആണ് നേഴ്സുമാരുടെ വിധി.
സമാന വിഷയത്തിൽ മലയാളം യുകെയിൽ വന്ന വാർത്ത
ചില മാനേജ്മെന്റുകൾ കോവിഡ് – 19 രോഗിയാണെന്നുള്ള വിവരം നഴ്സുമാരിൽ നിന്ന് മറച്ചുവെച്ച് ജോലി എടുപ്പിക്കുന്നത് നഴ്സുമാരുടെ ജീവന് ഭീഷണിയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും നഴ്സുമാരിലും ആരോഗ്യപ്രവർത്തകരിലും കോവിഡ് പകരാൻ കാരണം ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണെന്ന് ജാസ്മിൻഷാ ചൂണ്ടിക്കാട്ടി. മാലാഖ വിളി നിർത്തി മനുഷ്യരായി കണ്ട് നേഴ്സുമാർക്ക് ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റ് സഹായങ്ങളും നൽകാൻ ജാസ്മിൻഷാ അധികാരികളോട് ആവശ്യപ്പെട്ടു.
നിരത്തിൽ മാത്രമല്ല ആകാശത്തും പറന്നു നടന്ന് നിരീക്ഷണത്തിലാണ് കേരള പൊലീസ്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനിടെ തലയിൽ തുണിയിട്ട് ഓടുന്നവരുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൂട്ടമായി കുളത്തിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് പൊലീസിന്റെ ഡ്രോൺ എത്തുന്നതെങ്കിലോ? ആ കാഴ്ചയാണ് ഇപ്പോൾ ചിരി നിറയ്ക്കുന്നത്.
വയനാട് മാനന്തവാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതാണ് കുറച്ച് യുവാക്കൾ. ഇതിനിടയിലാണ് ഡ്രോൺ വരുന്നത്. പിന്നീട് സംഭവിച്ചത് പൊലീസ് ട്രോളാക്കി. വിഡിയോ കാണാം.
ഏപ്രില്‍ 15 മുതല്‍ ഇന്ത്യയിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈ ദുബായ്. അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്കായാണ് ആദ്യ സര്‍വീസുകള്‍. കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സര്‍വീസ്. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സര്‍വീസുകളെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചു. നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ വെബ്സൈറ്റിലൂടെ വിമാന ടിക്കറ്റ് സ്വന്തമാക്കിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമല്ല. 1800 ദിര്‍ഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്.
നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്കും വേണ്ടിയാവും ആദ്യ സര്‍വീസുകള്‍ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗേജ് മാത്രമേ അനുവദിക്കു. മറ്റ് ലഗ്ഗേജുകള്‍ കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രില്‍ 15 മുതല്‍ ഫ്‌ളൈ ദുബായ് യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ളവ ഈമാസം മുപ്പതോടെ സര്‍വീസ് ആരംഭിച്ചേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഗള്‍ഫില്‍ ഇത് വരെ കൊവിഡ് ബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. മരണ സംഖ്യ അറുപതും.