Kerala

കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതകവിവരം വെളിപ്പെടുത്തിയത്.

നാല് വർഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പൻ സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ഈ സ്ത്രീയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ബിന്ദുവിനെ എങ്ങനെയാണ് ഇല്ലാതാക്കിയതെന്ന് പൊന്നപ്പൻ പറയുന്നത് ശബ്ദരേഖയിലുണ്ട്.

ബിന്ദു പത്മനാഭന്റെ സ്വത്ത് വിൽക്കാൻ വേണ്ടി സെബാസ്റ്റ്യനും സുഹൃത്തിനും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാൾ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയിൽ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും സുഹൃത്തും അവിടത്തെ സ്ഥിരം സന്ദർശകരായി. അവർ ഒന്നിച്ചിരുന്നു മദ്യപിക്കാറുണ്ടായിരുന്നു. ബിന്ദുവിനെ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് ലഹരി നൽകി മയക്കിയശേഷം ശുചിമുറിയിൽ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്. ഒരു ദിവസം വൈകിട്ട് തന്നെ കാണാൻ സെബാസ്റ്റ്യൻ വന്നിരുന്നു. അന്ന് സെബാസ്റ്റ്യന്റെ മുഖത്ത് ബിന്ദു തല്ലിയതിന്റെ പാട് ഉണ്ടായിരുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചിരുന്നെന്നും പൊന്നപ്പൻ പറയുന്നുണ്ട്.

2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്തംബർ 17നാണ് ബിന്ദു പത്മനാഭന്റെ സഹോദരൻ പ്രവീൺകുമാർ ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്. പരാതി ജില്ലാ പൊലീസ് മേധാവി വഴി 2017 ഒക്ടോബർ 9ന് കുത്തിയതോട് സി ഐ ഓഫീസിൽ എത്തി. എന്നാൽ 70 ദിവസത്തിന് ശേഷം ഡിസംബർ 19നാണ് 1400/2017 നമ്പരിൽ പ്രഥമ വിവര റിപ്പോർട്ട് ഇട്ടത്. ഈ സമയത്തെല്ലാം അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥർ മൂക്കുകയർ ഇട്ടിരുന്നതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ഉന്നതർ കൈക്കൂലി കൈപ്പറ്റിയതായും ആരോപണം വന്നിരുന്നു.

കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാംപ്രതി റമീസിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ആലുവയിലെ വീട്ടിൽ പെൺകുട്ടി എത്തിയപ്പോൾ ഉണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്ത ശേഷം റമീസിന്റെ മാതാപിതാക്കളെ കസ്റ്റഡിയിലെടുക്കും. ഇവർക്ക് പുറമെ റമീസിന്റെ സുഹൃത്തും കേസിൽ പ്രതിയാകുമെന്നാണ് സൂചന. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചു. റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ പൊലീസ് നിയമോപദേശം തേടി വരികയാണ്. കേസ് എൻഐഎ അന്വേഷിക്കണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

അതേസമയം, കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും, പെൺകുട്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ഇന്നലെ വീട്ടിൽ എത്തിയിരുന്നു. ആവശ്യമായ എല്ലാ നിയമസഹായവും സുരേഷ് ഗോപി ഉറപ്പുനൽകിയതായി പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ കുറിപ്പിൽ റമീസിൻ്റെ മാതാപിതാക്കൾക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. മതം മാറാൻ ശാരീരിക മാനസിക പീഡനം ഇവർ നടത്തിയെന്നു പെൺകുട്ടിയുടെ കുറിപ്പിലുണ്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇവർക്കെതിരെയും ചുമത്താൻ ഒരുങ്ങുന്നത്. മാതാപിതാക്കളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്താണ് ചോദ്യം ചെയ്യുക. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയതായി യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ ബിജെപി ഉന്നയിച്ച ലവ് ജിഹാദ് ഉൾപ്പെടെ ഉള്ള ആരോപണങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചില്ല. ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ ഫലം ശോധന ഫലം കൂടി കിട്ടിയ ശേഷമാകും കൂടുതൽ വകുപ്പുകൾ അന്വേഷണസംഘം ചുമത്തുക.

കോതമംഗലത്തെ യുവതി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്.

കേസില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെയുള്ള പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്ന് സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.

മരിച്ച പെണ്‍കുട്ടി യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മത പരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.

ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജുമാണ്. കേന്ദ്ര സര്‍ക്കാരില്‍ ബന്ധമുള്ളവര്‍ എന്ന നിലയില്‍ അവര്‍ക്കായിരുന്നു ഇടപെടാന്‍ സാധിച്ചത്.

അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവര്‍ക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ വിഷയത്തില്‍ ഇടപെട്ടെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ദേവനന്ദയ്ക്കും ജുമാനയ്ക്കും മാത്രമല്ല കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കെല്ലാം ഇത്തവണ ഓണാഘോഷം കളറാക്കാം. ആഘോഷദിനങ്ങളിൽ കളർവസ്ത്രമിടാൻ അനുമതി തേടിയുള്ള ഇവരുടെ ആവശ്യം മന്ത്രി അംഗീകരിച്ചു.

തിങ്കളാഴ്ച കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനെത്തിയതായിരുന്നു മന്ത്രി വി.ശിവൻകുട്ടി. ചടങ്ങ് കഴിഞ്ഞ് വേദിക്ക് പുറത്തിറങ്ങിയപ്പോൾ രണ്ട് പ്ലസ്‌വൺ വിദ്യാർഥിനികൾ മടിച്ചുമടിച്ച് മന്ത്രിക്കരികിലെത്തി, അവരുടെ കുഞ്ഞ്‌ ആവശ്യവുമായി. തിരക്കിനിടയിലും അവരെ വാത്സല്യത്തോടെ ചേർത്തുനിർത്തി പരാതി കേൾക്കാൻ മന്ത്രി സമയം കണ്ടെത്തി.

ഓണാഘോഷത്തിന് യൂണിഫോമിനുപകരം കളർ വസ്ത്രമിടാൻ അനുമതി തരണമെന്ന ആവശ്യവുമായി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ കെ.ദേവനന്ദയും സി.കെ.ജുമാനയുമായിരുന്നു മന്ത്രിയുെട അരികിലെത്തിയത്‌. മറ്റു ചില ചില അധ്യാപകരുടെ പരാതിപരിഹാരത്തിനായി മന്ത്രിക്കും സംഘത്തിനും പെട്ടെന്ന് ഡിഡിഇ ഓഫീസിലേക്ക് പോകേണ്ടിവന്നതിനാൽ പരിഗണിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.

ചൊവ്വാഴ്ച തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതസംഘം രൂപവത്കരണയോഗത്തിലാണ് സ്കൂളിലെ ആഘോഷദിനങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന പ്രഖ്യാപനം വന്നത്. കുഞ്ഞുങ്ങൾ വർണപ്പൂമ്പാറ്റകളായി പറന്നുരസിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഈ ആവശ്യമുന്നയിച്ച് യുവതിയുടെ അമ്മ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കി. നിലവില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്ത് വന്നിരുന്നു. മതപരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള പീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ യുവതിയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ളവ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം വേണമെന്നും അതിനാല്‍ കേസ് എന്‍ഐഎ അന്വേഷിക്കണമെന്നുമാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസി(24) നെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. റമീസ് ചെയ്ത തെറ്റുകള്‍ മനസ്സിലായിട്ടും റമീസിന്‍റെ വീട്ടുകാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് തന്നോട് മരിച്ചോളാന്‍ റമീസ് പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. പിതാവിന്റെ മരണത്തിന്റെ നാല്പതാം നാളാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. മാനസികമായി ഏറെ തകര്‍ന്ന പെണ്‍കുട്ടിയെ റമീസും വീട്ടുകാരും കൂടുതല്‍ ബുദ്ധിമുട്ടിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തന്റെ മരണക്കുറിപ്പില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു.

കോഴിക്കോട് പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ നിവിന്‍ വര്‍ഗീസ്, ജില്‍സ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ദിലീപിന് വൈദ്യുതി കെണി ഒരുക്കാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് പോലീസിൽ നിന്നും ലഭിച്ച വിവരം.

പന്നികളെ പിടിക്കാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ബോബി എന്ന വീട്ടമ്മ മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ബോബിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തില്‍ ബോബിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റ് ചത്തതെന്ന് കരുതുന്ന പശുവിന്റെ ജഢവും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.

റോമി കുര്യാക്കോസ്

ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ് ഡ്രഗ്സ് – ലഹരിക്കെതിരെ സമൂഹ നടത്തം – വാക്കത്തോൺ പരിപാടി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചു.

ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക്‌ സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച വാക്കത്തോണിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്.

എ ഐ സി സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി. ജാഥ ക്യാപ്റ്റൻ രമേശ്‌ ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേൽ ആനപ്പറമ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

വാക്കത്തോണിലുടനീളം യു കെ യിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) പ്രവർത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, ഐ ഒ സി ഗ്ലോബൽ പ്രതിനിധി മഹാദേവൻ വാഴശ്ശേരിൽ, ഐ ഒ സി (യു കെ) വക്താവ് അജിത് മുതയിൽ, ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ പരിപാടിയുടെ ഭാഗമായി. പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐ ഒ സി പ്രവർത്തകർ വാക്കത്തോണിന്റെ ഭാഗമായത്.

 

രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ജാഥയിൽ പങ്കെടുക്കാൻ രാഷ്ട്രീയ വർണ്ണ വർഗ്ഗ ഭേദമന്യേ ആലപ്പുഴ ബീച്ചിനെ ജനസാഗരമാക്കിക്കൊണ്ട് നിരവധി പേരാണ് എത്തിച്ചേർന്നത്.

കോഴിക്കോട് ജില്ലയിൽ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോൺ ആലപ്പുഴ ജില്ലയിലെത്തിയത്.

പി പി ചിത്തരഞ്ജൻ എംഎൽഎ, ഹാഷ്മിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ സി കെ ബാദുഷ സഖാഫി, ശബരിമല മുൻ മേൽശാന്തി നീലാമന പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കൻ, എ എ ഷുക്കൂർ, അഡ്വ. ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ, യുഡിഎഫ് കൺവീനർ സി കെ ഷാജിമോഹൻ, കെപിസിസി ഭാരവാഹികൾ എം ജെ ജോബ്, അഡ്വ. ജോൺസൺ എബ്രഹാം, അഡ്വ. കെ പി ശ്രീകുമാർ, ബി ബൈജു, അഡ്വ. സമീർ, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമൻ തമ്പി, എൻ രവി, എസ് ശരത്, എബി കുര്യാക്കോസ്, കെപിസിസി വക്താക്കളായ അനിൽ ബോസ്, സന്ദീപ് വാര്യർ, ആർ വത്സലൻ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റർ കൺവീനർ അഡ്വ. ശ്രീജിത്ത് പത്തിയൂർ, കോഡിനേറ്റർ സരുൺ റോയി, ഫെലിസിറ്റേറ്റർ എസ് എം അൻസാരി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ, ഫാ. സേവ്യർ കുടിയാശ്ശേരി, ഗാന്ധിഭവൻ സെക്രട്ടറി മുഹമ്മദ് ഷമീർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ എം നസീർ തുടങ്ങിയവർ നേതൃത്വം നൽകി.

ഓണം വിൽപ്പന ലക്ഷ്യമിട്ട് തയ്യാറാക്കി വച്ചിരുന്ന 200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടികൂടി പെരുവന്താനം പോലീസ്. കുപ്പക്കയം സ്വദേശി കാപ്പ് കുളങ്ങര ജയചന്ദ്രൻ ആണ് പിടിയിലായത്. പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട ട്രാവൻകൂർ റബ്ബർ ആൻഡ് ടി എസ്റ്റേറ്റിൽ കുപ്പക്കയത്ത് ആണ് ഇയാൾ വൻ തോതിൽ ചാരായ നിർമ്മാണം നടത്തി വന്നത്.

പെരുവന്താനം പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.എച്ച്.ഒ ത്രദീപ് ചന്ദ്രൻ, എസ്‌.ഐ അജേഷ്, എ.എസ്‌.ഐ ബിജു, ജിനേഷ്, മഞ്ഞുകുട്ടൻ, ജയലാൽ എന്നീ പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരന്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം.

സഹോദരന് പാല്‍ വാങ്ങാനായാണ് കുട്ടി പുറത്തേക്ക് പോയതാണെന്നാണ് വിവരം. ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു. പുലിയോ കരടിയോ ആണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാവുകയുള്ളു.

വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് മറ്റൊരു കുട്ടിയെ പുലി കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് അന്ന് പുലി കൊലപ്പെടുത്തിയത്.

ഓണ്‍ലൈൻ മദ്യവില്പനയില്‍ ബെവ്കോ എംഡിയെ തള്ളി മന്ത്രി എം.ബി. രാജേഷ്. സർക്കാർ നയം എക്സൈസ് മന്ത്രിയായ താൻ പറഞ്ഞു കഴിഞ്ഞു. അതിനുമുകളില്‍ മറ്റൊരു ഉദ്യോഗസ്ഥൻ ഇല്ലെന്നും സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയം അനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.

‘സർക്കാരിന്റെ നിലപാട് വ്യക്തമാക്കുക മന്ത്രിയാണ്. മലയാളത്തില്‍ പലതവണ ആ കാര്യം പറഞ്ഞു കഴിഞ്ഞതാണ്.

സർക്കാർ പ്രവർത്തിക്കുന്നത് മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ്. ആ മദ്യനയത്തില്‍ ഇങ്ങനെ ഒരു നിർദ്ദേശം ഇല്ല.’ മന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved