Kerala

പൂനെയിലെ റൂബി ഹാള്‍ ആശുപത്രിക്കെതിരെ ആരോപണങ്ങളുമായി മലയാളി നഴ്‌സുമാര്‍. പിപിഇ കിറ്റിനടക്കം പണം ഈടാക്കുമെന്നാണ് ഉയരുന്ന ആരോപണം. നഴ്‌സിംഗ് സൂപ്രണ്ട് ആരോപണം ഉന്നയിക്കുന്ന ഓഡിയോ സന്ദേശം നഴ്‌സുമാര്‍ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അതേസമയം മെച്ചപ്പെട്ട സൗകര്യങ്ങള്‍ നല്‍കിയിട്ടും ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റും രംഗത്തെത്തിയിട്ടുണ്ട്.

ഇതുവരെ 25 ജീവനക്കാര്‍ക്കാണ് ആശുപത്രിയില്‍ കൊവിഡ് 19രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗവും രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മലയാളികള്‍ക്കാണ്. രോഗസാധ്യതയുള്ളവരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി ക്വാറന്റീന്‍ ചെയ്യുന്നതിലും പിപിഇ കിറ്റടക്കം നല്‍കുന്നതില്‍ വരുത്തിയ വീഴ്ചയുമാണെന്ന് കാര്യങ്ങള്‍ ഈ വിധമാക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.

എന്നാല്‍ ആരോപണങ്ങളെല്ലാം വ്യാജമാണെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വാദം. കൊവിഡ് ചികിത്സയ്ക്കായി ഒരു കെട്ടിടമാകെ മാറ്റിവെച്ചു. രോഗ സാധ്യതയുള്ള ജീവനക്കാരെ ക്വാറന്റൈന്‍ ചെയ്യാനായി 3 ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും മാനേജ്‌മെന്റ് പറയുന്നു. പിപിഇ കിറ്റിനടക്കം കുറവ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മാനേജ്‌മെന്റ് വിശദീകരിക്കുന്നു.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ മെയ് മൂന്നിന് കേന്ദ്ര സർക്കാർ പിൻവലിക്കുകയാണെങ്കിൽ മെയ് രണ്ടാം വാരത്തോടെ അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ്.

എന്നാൽ, കോവിഡ് 19 സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. മെയ് എട്ടിനും, മെയ് 11നും പരീക്ഷ ആരംഭിക്കാനുള്ള രണ്ട് തിയതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണ്ടുവെച്ചിരിക്കുന്നത്. എസ്എസ്എൽസിക്ക് മൂന്നും ഹയർസെക്കന്ററിക്ക് നാലും പരീക്ഷകളാണ് ബാക്കിയുള്ളത്.

ഇരു വിഭാഗത്തിലേയും പരീക്ഷകൾ ഒന്നിച്ചാണ് ഇത്തവണ നടത്തിയത്. എന്നാൽ അവശേഷിക്കുന്ന പരീക്ഷകൾ ഒരുമിച്ചിരുത്തി നടത്തേണ്ടതില്ലെന്നാണ് ധാരണ. എട്ടിന് പരീക്ഷ ആരംഭിക്കാനായില്ലെങ്കിൽ മെയ് 11 മുതൽ 14 വരെ നടത്താനാണ് നീക്കം. പരീക്ഷ തിയതി, അധ്യാപക പരിശീലനം എന്നിവയെ കുറിച്ചുള്ള ശുപാർശകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്യുഐപി യോഗം ചൊവ്വാഴ് ചേരും.

ലോക്ക്ഡൗണിന് ഇളവ് ലഭിച്ച ജില്ലകളിൽ പാഠപുസ്തകങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് ഉൾപ്പെടെ ചർച്ച ചെയ്യും. ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ മുഴുവൻ പേർക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനമായി. ഒൻപതാം ക്ലാസിൽ അവശേഷിക്കുന്ന പരീക്ഷ നടത്തില്ല. അതിന് പകരം പാദ, അർധ വാർഷിക പരീക്ഷകളുടെ മാർക്കുകൾ താരതമ്യം ചെയ്ത് വാർഷിക പരീക്ഷക്ക് മാർക്ക് അനുവദിക്കും.

കോവിഡ് ബാധിച്ച് ദുബായിൽ രണ്ടു മലയാളികൾ കൂടി മരിച്ചു. ഒറ്റപ്പാലം സ്വദേശി അഹമ്മദ് കബീർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് മരിച്ചത്. ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകളോടെ വ്യാഴാഴ്ചയാണ് അഹമ്മദ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് സ്ഥിരീകരിച്ചു ഇറാനി ആശുപത്രിയിൽ ചികിൽസയിലായിരുന്ന കോശി സഖറിയക്ക് ന്യുമോണിയ കൂടി ബാധിച്ചതാണ് മരണകാരണം. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഒൻപതായി. പതിമൂന്നു മലയാളികളാണ് ഗൾഫിൽ മരിച്ചത്.

ലോക്ക് ഡൗൺ കാലത്തും ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതും ഒരു മലയാളിയുടെ. മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായ ഉഴുന്നവടയെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന ഒരാളുടെ വീഡിയോ ആയിരുന്നു അത്. ഉഴുന്ന് അരച്ച് ഉണ്ടാക്കുന്ന ഒരു പലഹാരമാണിതെന്നും വളരെ രുചികരമാണെന്നുമായിരുന്നു വീഡിയോയിൽ വ്യക്തമാക്കിയിരുന്നത്.

“ഇത് യൂട്യൂബിൽ കണ്ടാണ് ഉണ്ടാക്കിയത്. നടുക്ക് ഓട്ടയുള്ളതിനാൽ അപ്പുറത്തൂടെ വരുന്നയാളിനെ കാണാനാകും. നാട്ടിൽ പാവങ്ങളുടെ ഭക്ഷണമെന്നാണ് പറയുന്നത്. ചില ആൾക്കാൾ മഴയത്തും വെയിലത്തുമൊക്കെ സൈക്കിളിലും ബൈക്കിലുമൊക്കെ ഇത് വിൽപന നടത്താറുണ്ട്”- ഇതായിരുന്നു വീഡിയോയിൽ ജോസ് എന്നയാൾ പറഞ്ഞിരുന്നത്. നല്ല ഭക്ഷണമാണ് ഇത് നിങ്ങളും ഉണ്ടാക്കി ഉപയോഗിക്കണമെന്ന ഉപദേശവും നൽകുന്നുണ്ട്.

എന്നാൽ വീഡിയോയെ കാത്തിരുന്നത് തെറിയഭിഷേകവും ട്രോളുകളുമായിരുന്നു. ഇതിനിടെ എന്താണ് ശരിക്കും സംഭവിച്ചതെന്നു വ്യക്തമാക്കിയുള്ള വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

സുഹൃത്തുക്കളെ കാണിക്കാൻ തമാശയ്ക്ക് ചെയ്ത വീഡിയോ ആണിതെന്നാണ്  യുകെ മലയാളിയായ ജോസ് പറയുന്നത്. പണ്ട് നാട്ടിൽ തനിക്ക് വടയും ബിസിനസായിരുന്നെന്നും ദിവസേനെ മൂവായിരത്തോളം വടകൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറയുന്നുണ്ട്. വർഷങ്ങൾക്കും ശേഷം വീണ്ടും വട ഉണ്ടാക്കിയെന്നും അത് നന്നായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ സ്ഥലത്തു നിന്നും തെറിവിളി കിട്ടിയെന്നും ഈ ആലുവക്കാരൻ പുതിയ വീഡിയോയിൽ സമ്മതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലേമീറ്റര്‍ വേഗതയില്‍ കാറ്റിനുള്ള സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് ഒഴിവാക്കുക.

പൊതു നിര്‍ദേശങ്ങള്‍

1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.

2. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

3. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

4. ജനലും വാതിലും അടച്ചിടുക.

5.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

6. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.

7. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.

8. കഴിയുന്നത്ര വീടിന്റെ ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.

9. ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

10. വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

11. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.

12. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.

13. പട്ടം പറത്തുവാന്‍ പാടില്ല.

14. തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

15. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.

16. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

17. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

ലോക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തു. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്തത്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുത് എന്നാണ് നിര്‍ദ്ദശം. എന്നാല്‍ ആ നിര്‍ദ്ദേശം പാലിക്കാതെ ഡിസിസി പ്രസിഡന്റും സംഘവും എത്തുകയായിരുന്നു.നിവേദനം നല്‍കാന്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം…. ഇതാണ്
ഷിജി പിആർ എന്ന ഈ സ്റ്റാഫ്‌ നഴ്സിനെ വ്യത്യസ്തയാക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി പ്രൈവറ്റ് ഹോസ്പിറ്റലിൽ പഠിച്ച സ്റ്റാഫ്‌ നഴ്സുമാർക്ക് വോളന്ററി സർവീസ് എന്നൊരു സംവിധാനം ഉണ്ട്. ഒരുരൂപ പോലും ശമ്പളം ലഭിക്കില്ല എന്നുമാത്രമല്ല ഒരു വർഷക്കാലത്തേക്ക് നിശ്ചിതതുക സർക്കാരിലേക്ക് കെട്ടിവയ്ക്കുകയും വേണം. അങ്ങനെ സർവീസ് ചെയ്യാൻ വന്ന ബാച്ചിൽ ഉണ്ടായിരുന്നതാണ് ഷിജി. കോവിഡ് സ്പെഷ്യൽ ഡ്യൂട്ടി ആരംഭിക്കുന്ന സമയത്ത് ഇവരുടെ സേവനം അവസാനിക്കാൻ വെറും ദിവസങ്ങൾ മാത്രമാണ് ശേഷിച്ചിരുന്നത്.

കോവിഡ് വാർഡുകളിലേക്ക് പോസ്റ്റിംഗ് ഇടാൻ നേരം വോളന്ററി സർവീസുകാരോടും ഡ്യൂട്ടി എടുക്കുന്നോ എന്ന് ആരാഞ്ഞു.. എന്നാൽ മറ്റെല്ലാ വോളന്ററി സർവീസുകാരും പറ്റില്ല എന്നറിയിച്ചു. വീട്ടുകാർ സമ്മതിക്കുന്നില്ല എന്നും തങ്ങൾക്ക് ശമ്പളം ഒന്നും കിട്ടുന്നില്ലല്ലോ എന്നും ഒക്കെയാണ് അവർ പറഞ്ഞത്. അത് തികച്ചും ന്യായം തന്നെ.. അവരെ നിർബന്ധിക്കാനാകാത്തതിനാൽ ഒഴിവാക്കുകയും ചെയ്‌തു..

എന്നാൽ കൂട്ടത്തിൽ മെഡിക്കൽ ഐസുവിൽ ജോലി ചെയ്തിരുന്ന ഷിജി മാത്രം സന്നദ്ധത അറിയിച്ചു. പത്തുപൈസ പോലും ശമ്പളം ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടും നാടിനുവേണ്ടി ഈ റിസ്ക് ഏറ്റെടുക്കാൻ ഷിജി തയ്യാറായി. സ്വന്തം വീട്ടുകാരും മെഡിക്കൽ ഐസുവിലെ സഹപ്രവർത്തകരും ഷിജിക്ക് പൂർണ്ണപിന്തുണ നൽകി.

ജോലിക്കെത്താൻ ഷിജിക്ക് ദിവസവും നൂറോളം രൂപ പെട്രോൾ ചിലവുണ്ട്. തന്റെ വോളന്ററി സർവീസ് കാലാവധി കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു. എന്നിട്ടും സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഷിജി തൃശ്ശൂർ മെഡിക്കൽ കോളേജിലെ തന്റെ സേവനം തുടരുന്നു..

കോവിഡ്​ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്​ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ ഓർഗ​നൈസേഷൻ ഓഫ്​ ഇസ്​ലാമിക്​ കോ ഒാപറേഷൻ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്​.ആർ.സിയാണ്​​ പ്രതിഷേധം അറിയിച്ചത്​​.

കോവിഡ്​ 19 പശ്ചാത്തലത്തിൽ ഇന്ത്യയിൽ മാധ്യമങ്ങൾ മോശം രീതിയിൽ മുസ്​ലിംകളെ ചിത്രീകരിക്കുന്നു. വി​വേചനവും അതിക്രമങ്ങളും അവർക്കെതിരെ ഉയരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മുസ്​ലിം ന്യൂനപക്ഷത്തി​​െൻറ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരിനോട്​ അടിയന്തര ഇടപെടലും ഐ.പി.എച്ച്​.ആർ.സി ആവശ്യ​െപ്പട്ടു.

ഇന്ത്യൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്​താൻ പ്രധാനമന്ത്രി ഇമ്രാൻഖാനും രംഗത്തെത്തി.കോവിഡ്​ 19 പശ്ചാത്തലത്തിൽ ഇന്ത്യയിലുണ്ടായ ഉയർന്ന പട്ടിണിയിൽ നിന്നും പ്രതിസന്ധിയിൽ നിന്നും ​ശ്രദ്ധ തിരിക്കാൻ
മോദി സർക്കാർ മുസ്​ലിംകളെ ലക്ഷ്യമിടുകയാണ്​​. നാസികൾ ജർമനിയിൽ ജൂതരോട്​ ചെയ്യുന്നതിനു സമാനമാണിത്​. മോദിസർക്കാരി​​െൻറ വംശീയ ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തി​​െൻറ കൂടുതൽ തെളിവാണിതെന്നും ഇമ്രാൻ ഖാൻ പ്രതികരിച്ചു.

ലോകം ഭീതിയോടെ നേരിട്ട മഹാമാരിയുടെ പിടിയിൽ നിന്നും തന്നെ രക്ഷിച്ച കേരളത്തിലെ ആരോഗ്യ പ്രവർത്തകരോട് നന്ദി അറിയിച്ച് ഇറ്റാലിയൻ പൗരൻ. കൊവിഡ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിൽ കഴിഞ്ഞ റോബർട്ടോ ടൊണെസോ എന്ന 57 കാരനാണ് കേരളത്തെ യൂറോപ്പിനേക്കാൾ മികച്ച ആരോഗ്യസംവിധാനമുള്ള നാടായി പ്രകീർത്തിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ കൊവിഡിനെ യൂറോപ്പിനേക്കാൾ നന്നായി നേരിട്ടത് കേരളമാണ്. ഇവിടമാണ് കൂടുതൽ സുരക്ഷിതം. എന്നാൽ ഇറ്റലിയിലേക്ക് പോയേ തീരൂ എന്നതിനാലാണ് ഞാൻ മടങ്ങുന്നത്. എന്റെ നാട് ഉൾപ്പെടുന്ന വടക്കൻ ഇറ്റലിയിൽ ലോക്ക് ഡൗണാണ്. ഇനിയും കേരളത്തിലേക്ക് വരുമെന്നും റോബർട്ടോ ടൊണെസ്സോ പറഞ്ഞു.

ഫെബ്രുവരി 27 ന് തിരുവനന്തപുരത്തെത്തിയ റോബർട്ടോ ടൊണെസോ വർക്കലയിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹം നിരവധി ഇടത്ത് പോയിരുന്നെങ്കിലും ആർക്കും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. രോഗ ലക്ഷണങ്ങളോടെ മാർച്ച് അഞ്ചാം തീയതിയാണ് ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അതിന് ശേഷം ഓട്ടോയിൽ ഇദ്ദേഹം റിസോര്‍ട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ 26ന് തന്നെ നെഗറ്റീവ് ആയിരുന്നുവെങ്കിലും ബാക്കി നിരീക്ഷണ കാലാവധി കൂടി കഴിഞ്ഞ് 38 ദിവസം കഴിഞ്ഞാണ് ഇയാൾ പുറത്തേക്ക് വരുന്നത്. റോബർട്ടോ ടൊണേസോയെ യാത്രയാക്കാൻ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുതൽ ജില്ലാ കളക്ടറും ആരോഗ്യപ്രവർത്തകരും വരെയുണ്ടായിരുന്നു. ഇതിനിടെ വീഡിയോ കോളിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമെത്തി.

ചികിത്സയിലും പരിചരണത്തിലും അതീവ സന്തുഷ്ടനായാണ് റോബർടോ ടൊണേസോ കേരളം വിടുന്നത്. അതേസമയം ഇറ്റലിയിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ വികാരാധീനനായി. ഫെബ്രുവരി 27ന് കേരളത്തിലെത്തിയ റോബർടോ ടൊണേസോയെ മാർച്ച് 13നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വർക്കലയിൽ നിരവധി പേരുമായി ഇടപെട്ട ഇദ്ദേഹത്തിന്റെ റൂട്മാപ്പ് കണ്ടെത്താൻ പോലും ബുദ്ധിമുട്ടി. പക്ഷെ പിന്നീട് ഇയാളുമായി ഇടപെട്ട എല്ലാവരുടെ പരിശോധനാ ഫലം നെഗറ്റീവായി. പിന്നാലെ ടൊണേസക്കും രോഗമുക്തി.

കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രണ്ടാംഘട്ട ലോക്ഡൗണിനായി ഈമാസം 15ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ കേരളം വെളളം ചേര്‍ത്തെന്നെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. വര്‍ക്‌ഷോപ്, ബാര്‍ബര്‍ഷോപ്, റസ്റ്ററന്റ്, ബുക്സ്റ്റോര്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കി. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും കാര്‍,ബൈക്ക് യാത്രകളിലും കൂടുതല്‍ പേരെ അനുവദിച്ചതും ശരിയല്ല. നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ അനുവദിച്ചതും ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിര്‍ദേശങ്ങളില്‍ ലംഘനം വന്നതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഇളവുകള്‍ നല്‍കിയകില്‍ സംസ്ഥാനത്ത് ആശയക്കുഴപ്പം. ഗതാഗതത്തിന് അടക്കം പൊലീസ് നല്‍കിയ ഇളവുകള്‍ നിലവില്‍ വന്നെങ്കിലും നാളെ മുതലാണ് ഇളവുകളെന്ന് കലക്ടര്‍മാര്‍ പറയുന്നു. ഹോട്സ്പോട് സംബന്ധിച്ചും വൈകിവന്ന നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ലോക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ ഘട്ടംഘട്ടമായി പ്രാബല്യത്തില്‍. കോവിഡ് 19 വ്യാപനത്തെ അടിസ്ഥാനമാക്കി കേരളത്തെ നാല് സോണുകളായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കുക. റെഡ്സോണിലുള്ള നാല് വടക്കന്‍ജില്ലകളിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഹോട്സ്പോട്ടുകളിലും ഒഴികെയുള്ള പ്രദേശങ്ങളില്‍ ഇളവുകളുണ്ടാകും.. അതേസമയം, ദേശീയപാതകളില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിച്ചു.

കോവിഡ് രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ തുടരുന്നതിനൊപ്പമാണ് സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ രണ്ട് ഘട്ടമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നത്. ഗ്രീന്‍സോണിലുള്ള ജില്ലകളായ ഇടുക്കിയും കോട്ടയവും ഒാറഞ്ച് ബി വിഭാഗത്തിലുള്ള തിരുവനന്തപുരം ആലപ്പുഴ, തൃശൂര്‍, പാലക്കാട് , വയനാട് ജില്ലകളിലുമാണ് ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്നത്. ഇവിടെ പൊതുഗതാഗതവും വിദ്യാഭ്യാസസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.

സര്‍ക്കാര്‍ ഒാഫീസുകളെല്ലാം തുറക്കും, ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. ഇടുക്കിയിലും കോട്ടയത്തും കടകള്‍ തുറക്കാം, തുണിക്കടകള്‍, ജുവലറികള്‍ എന്നിവക്കും ഈ രണ്ട് ജില്ലകളില്‍ തുറന്നു പ്രവര്‍ത്തിക്കാനാവും. ഗ്രീന്‍, ഒാറഞ്ച് ബി ജില്ലകളിലെല്ലാം അവശ്യസര്‍വീസുകള്‍ക്ക് പുറമെ, കൃഷി, മത്സ്യബന്ധനം, തോട്ടം മേഖലകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍സാധാരണ പ്രവര്‍ത്തി സമയത്തിലേക്ക് മാറും. കോടതികളും തുറക്കും. തൊഴിലുറപ്പിനും പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുവാദമുണ്ടാകും.

ഫോണ്‍, ഇന്റർനെറ്റ് സേവനദാദാക്കള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. ചരക്ക് ഗതാഗതത്തിനും തടസ്സമില്ല. ലോഡിംങ് തൊഴിലാളികള്‍ക്കും ജോലിചെയ്യാം. റെസ്റ്ററന്‍റുകള്‍ക്കും ഭക്ഷണ ഡെലിവറി സര്‍വീസുകള്‍ക്കും അനുമതിയുണ്ട്. വര്‍ക്ക്ഷോപ്പുകള്‍, സര്‍വീസ് സെന്‍ററുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും തുറക്കും. ഐടി, പ്രത്യേക സാമ്പത്തിക മേഖലകള്‍, ഭക്ഷ്യസസ്ക്കരണ യൂണിറ്റുകള്‍, ഖനികള്‍, സൂക്ഷമ , ചെറുകിട സംരഭങ്ങള്‍ എന്നിവക്കും തുറക്കാം. ആഘോഷങ്ങളോ , മതചടങ്ങുകളോ, ആള്‍ക്കൂട്ടമോ അനുവദിക്കില്ല.. ഒാറഞ്ച് എ വിഭാഗത്തിലുള്ള പത്തനംതിട്ട, കൊല്ലം , എറണാകുളം കര്‍ശന നിയന്ത്രണങ്ങളോടെ ചെറിയ ഇളവുകള്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.

രോഗവ്യാപനം കുറക്കുന്നതിനൊപ്പം ഇളവുകളും നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കുക എന്ന അടുത്ത പരീക്ഷണഘട്ടത്തിലേക്കാണ് കേരളം കടക്കുന്നത്.

Copyright © . All rights reserved