കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരകള്‍ വാര്‍ത്തയാക്കി പ്രശസ്ത അമേരിക്കന്‍ ദിനപ്പത്രം ‘ദ ന്യൂയോര്‍ക്ക് ടൈംസ്’. കൂടത്തായിയില്‍ ആറു കൊലപാതകങ്ങള്‍ നടത്തിയ മുഖ്യപ്രതി ജോളിയെയും പൊന്നാമറ്റം തറവാടിനെയും വിശദമായി പരാമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്തയില്‍ കേസിലെ നാള്‍വഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാർ എന്നിവരാണ് കൂടത്തായി കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. കൊലപാതകങ്ങള്‍ നടത്തിയത് താന്‍ തന്നെയാണെന്ന് പ്രതി ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽ നിന്ന് സയനൈഡ് സംഘടിപ്പിച്ച് നല്‍കിയത് താനാണെന്ന് രണ്ടാം പ്രതിയും ജോളിയുടെ ബന്ധുവുമായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്. ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, മൂന്നാം പ്രജു കുമാറിന് സൈനഡ് നൽകിയതായി അന്വേഷണ സംഘം കരുതുന്ന പേരാമ്പ്ര സ്വദേശി സത്യനെ കോയമ്പത്തൂരിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ബിഎസ്എന്‍ എല്‍ ജീവനക്കാരനായ ജോൺസണുമായുള്ള വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു. ആ സൗഹൃദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ ഉണ്ടായിരുന്നു.
ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ടുമക്കള്‍ മരിച്ച സംഭവത്തില്‍ കീടനാശിനിയോ രാസ വസ്തുവോ ഉള്ളില്‍ ചെന്നതാണ് മരണകാരണമായതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഖത്തര്‍ പബ്ലിക് ഹെല്‍ത്ത് മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യവിഷബാധയോ അല്ലെങ്കില്‍ കീടനാശിനികള്‍ ശ്വസിച്ചതോ ആവാം മരണകാരണമെന്ന് നേരത്തെ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്നതാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണ വിവരമറിഞ്ഞ ഉടന്‍ തന്നെ എപ്പിഡമോളജിക്കല്‍ അന്വേഷണ സംഘത്തിലെയും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ഹെല്‍ത്ത് ടോക്സിക്കോളജി കമ്മീഷനിലെയും ആഭ്യന്തര മന്ത്രാലയത്തിലെ അന്വേഷണ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ കെട്ടിടത്തില്‍ വിശദമായ പരിശോധനയും സംഘം നടത്തി.
മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ നിന്ന് കീടനാശിനിയോ രാസ വസ്തുക്കളോ ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് വ്യക്തമായെന്ന് മന്ത്രാലയം അറിയിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ചുള്ള ഹോട്ട് ലൈനില്‍ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ചയാണ് കോഴിക്കോട് ഫറോക്ക് സ്വദേശി ഹാരിസിന്റെയും നാദാപുരം സ്വദേശി ഷമീമയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (എട്ട് മാസം) എന്നിവര്‍ മരിച്ചത്. ഛര്‍ദിയും ശ്വാസ തടസവും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളോടെ വെള്ളിയാഴ്ച രാവിലെയാണ് കുട്ടികളെ ഹമദ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റില്‍ പ്രാണിശല്യം ഒഴിവാക്കാനായി കീടനാശിനി തളിച്ചിരുന്നു. ഇതാണ് കുട്ടികള്‍ക്ക് വിഷബാധയേല്‍ക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.
അടുത്ത നാല് ദിവസം കൂടി കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിർദേശമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നീരിക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം.
കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ വിദ്യഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രൊഫഷണൽ കോളേജുകളുൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അംഗനവാടികളില്‍ നാളെ അധ്യയനം നടക്കില്ലെങ്കിലും അംഗനവാടികള്‍ പതിവ് പോലെ തുറന്ന് പോഷകാഹാരവിതരണം നടത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ 20 സെന്‍റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.
അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതാണ് കനത്ത മഴയ്ക്ക് കാരണം. അടുത്ത 36 മണിക്കൂറിൽ ഇത് തീവ്രന്യൂനമർദ്ദമായി മാറിയേക്കും. രണ്ട് ദിവസത്തിനിടെ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദവും മഴ കനക്കാൻ കാരണമാകും.
24 മണിക്കൂർ നേരം കൊണ്ട് ശരാശരി 5.2 സെന്‍റിമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്. 20 സെന്‍റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധികം മഴയാണ് ഈ തുലാവർഷത്തിൽ ഇതുവരെ കിട്ടിയത്.
ജില്ലാ കളക്ടർമാർക്ക് ചീഫ് സെക്രട്ടറി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ തുടങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴ കേരളമെമ്പാടും ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചു.
മദീനയില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ഉംറ ബസപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഉംറ തീര്‍ഥാടകരുടെ ബസില്‍ ട്രെയിലര്‍ ഇടിച്ച് അപകടം. റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു.
ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിശ്രമത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകര്‍ന്നു.
ബസിലുണ്ടായിരുന്നവരില്‍ പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ യു.ഡി.എഫും കോന്നിയില്‍ എല്‍.ഡി.എഫും വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം. ഫോട്ടോഫിനിഷിലേക്ക് നീളുന്ന അരൂരില്‍ എല്‍.ഡി.എഫിനും വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനും ഒരു ശതമാനത്തിന്റെ നേരിയ മേല്‍ക്കൈയാണ് എക്സിറ്റ്പോള്‍ പ്രവചിക്കുന്നത്
പെരുമഴകൊണ്ട് ജനമെഴുതിയ വിധിയിലേക്കുള്ള സൂചനകളില്‍ ഏറ്റവുംവലിയ അട്ടിമറി നടന്നത് കോന്നിയിലാണ്. രണ്ടുപതിറ്റാണ്ടായി യു.ഡി.എഫിന്റെ സുരക്ഷിതകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം 46 ശതമാനത്തിന്റെ പിന്തുണയോടെ ഇക്കുറി ഇടതുപക്ഷത്തേക്ക് ചായുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം. യു.ഡി.എഫിനെ 41 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചപ്പോള്‍ വന്‍ രാഷ്ട്രീയ മുന്നേറ്റം പ്രതീക്ഷിച്ച എന്‍.ഡി.എയെ തുണച്ചത് 12 ശതമാനംപേര്‍ മാത്രം.
ശക്തമായ ത്രികോണമല്‍സരം നടന്ന വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള ജനാഭിപ്രായവും പ്രവചാനതീതം തന്നെ. ഫോട്ടോഫിനിഷില്‍ 37 ശതമാനം പേരുടെ പിന്തുണയുമായി യു.ഡി.എഫ് മുന്നിലുണ്ടെങ്കിലും 36 ശതമാനംപേരുടെ രാഷ്ട്രീയമനസ് ഇടതുമുന്നണിക്കൊപ്പമാണ്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രണ്ടാംസ്ഥാനത്തെത്തിയ എന്‍.ഡി.എയ്ക്കൊപ്പം ഇക്കുറി 26 ശതമാനം വോട്ടര്‍മാര്‍ മാത്രമെന്നതും ശ്രദ്ധേയമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവരിച്ച അസാധാരണ മുന്നേറ്റത്തോടെ രാഷ്ട്രീയ പ്രാധാന്യം കൈവന്ന അരൂരിലെ അന്തിമഫലവും പ്രവചനാതീതമെന്നാണ് അഭിപ്രായസര്‍വെഫലം അടിവരയിടുന്നത്. 44 ശതമാനത്തിന്റെ മേല്‍ക്കൈയോടെ എല്‍.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുമ്പോഴും 43 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുമായി യു.ഡി.എഫ്. വിജയത്തിനരികെ തന്നെയാണ്.എന്‍.ഡി.എയ്ക്ക് ലഭിച്ചത് 11 ശതമാനം പിന്തുണ.
എറണാകുളത്തിന്റെ ജനമനസ് യു.ഡി.എഫിനൊപ്പംതന്നെയെന്ന് പ്രഖ്യാപിച്ചത് 55 ശതമാനം വോട്ടര്‍മാരാണ്. എല്‍.ഡി.എഫിന് 30 ശതമാനവും എന്‍.ഡി.എയ്ക്ക് 12 ശതമാനവും വോട്ടര്‍മാര്‍ എറണാകുളത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുഫലം നല്‍കിയ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതെന്നാണ് എക്സിറ്റ്പോള്‍ ഫലം നല്‍കുന്ന സൂചന.
36 ശതമാനം വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ എല്‍.ഡി.എഫും എന്‍.ഡി.എയും 31 ശതമാനം വീതം ജനപിന്തുണയോടെ അഭിപ്രായ സര്‍വെകളില്‍ ഒപ്പമെത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വോട്ടെടുപ്പുദിനത്തില്‍ ഓരോ മണ്ഡലത്തിലും ശരാശരി തൊള്ളായിരം പേരെ നേരില്‍ക്കണ്ട് ശേഖരിച്ച അഭിപ്രായങ്ങള്‍ സമാഹരിച്ച് ശാസ്ത്രീയ വിശകലനത്തിലൂടെയാണ് മനോരമ ന്യൂസ്–കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ്പോള്‍ ഫലത്തിന്റെ അന്തിമസൂചനകളിലെത്തിയത്.
എന്നാൽ അങ്ങ് മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രമുഖ എക്സിറ്റ് പോളുകളിലൊന്നും കോണ്‍ഗ്രസിനോ യുപിഎയ്ക്കോ പ്രതീക്ഷക്ക് വക നല്‍കുന്ന വിവരങ്ങളൊന്നും തന്നെയില്ല. എന്‍ഡിഎയ്ക്ക് ഒരു ഈസി വാക്കോവർ പ്രവചിക്കുകയാണ് ഇരു സംസ്ഥാനങ്ങളിലും എക്സിറ്റ്പോളുകൾ.
മഹാരാഷ്ട്രയില്‍ ആകെയുള്ള 288 സീറ്റുകളിൽ ബിജെപി-സേന സഖ്യം 166 മുതൽ 243 വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യാ റ്റുഡേ 166 മുതൽ 194 വരെ സീറ്റുകളാണ് ബിജെപി-സേന സഖ്യത്തിന് നൽകുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 72-90 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചിക്കുന്നു. മറ്റുള്ളവർ 22-34 സീറ്റുകളിലും ജയിക്കുമെന്നാണ് ഇന്ത്യാ റ്റുഡേ പറയുന്നത്. ടിവി9 ബിജെപി-സേന സഖ്യത്തിന് പ്രവചിച്ചിരിക്കുന്നത് 197 സീറ്റും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് 75 സീറ്റുമാണ്. ടിവി9 മറ്റുള്ളവർക്ക് 16 സീറ്റുകളാണ് പ്രവചിക്കുന്നത്. ടൈംസ് നൗവിന്‍റെ പ്രവചനമനുസരിച്ച് ബിജെപി സഖ്യം നേടുക 230 സീറ്റാണ്. കോണ്‍ഗ്രസ് സഖ്യത്തിന് 48ഉം മറ്റുള്ളവർക്ക് 10ഉം സീറ്റുകൾ ടൈംസ് നൗ പ്രവചിക്കുന്നു. എബിപി ന്യൂസ് സർവേ പ്രകാരം ബിജെപി സേന സഖ്യം 204 സീറ്റിലും കോണ്‍ഗ്രസ് എന്‍സിപി സഖ്യം 69 സീറ്റിലും മറ്റുള്ളവർ 15 സീറ്റിലും വിജയിക്കും. ന്യൂസ്18 ബിജെപി സഖ്യത്തിന് 243 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 41 സീറ്റും മറ്റുള്ളവർക്ക് 4 സീറ്റും പ്രവചിക്കുന്നു. ജന്‍ കി ബാത് ആവട്ടെ മഹായുതിക്ക് 223 സീറ്റ് ആണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യം 54 സീറ്റിലും മറ്റുള്ളവർ 11 സീറ്റിലും ജയിക്കുമെന്നും ജന്‍ കി ബാത് പറയുന്നു. ഇതേ പ്രവചനം തന്നെയാണ് റിപബ്ലിക്ക് ടിവിയുടേതും. എൻഡിടിവിയുടെ പോൾ ഓഫ് പോളും ബിജെപി-സേന സഖ്യത്തിന് 211 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ്-എൻസിപി സഖ്യം 64 സീറ്റിലും മറ്റുള്ളവർ 13 സീറ്റിലും വിജയിക്കുമെന്ന് എന്‍ഡിടിവി പറയുന്നു.
ഹരിയാനയിലേക്ക് വന്നാലും കോണ്‍ഗ്രസിനും സഖ്യകക്ഷികൾക്കും പ്രതീക്ഷക്ക് വകയുള്ളതൊന്നും എക്സിറ്റ് പോളുകളില്‍ കാണുന്നില്ല. ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യവും എക്സിറ്റ് പോൾ ചിത്രത്തിലില്ല. ആകെ 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിലുള്ളത്. ന്യൂസ് എക്സ് ബിജെപിക്ക് 77 സീറ്റുകളാണ് ഇവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 11ഉം ഐഎന്‍എല്‍ഡി-അകാലിദള്‍ സഖ്യത്തിന് രണ്ട് സീറ്റും ന്യൂസ് എക്സ് പ്രവചിക്കുന്നു. ടൈംസ് നൗ ബിജെപിക്ക് 71 സീറ്റും കോണ്‍ഗ്രസിന് 11 സീറ്റും മറ്റുള്ളവർക്ക് 8 സീറ്റുമാണ് പറയുന്നത്. ടിവി9 സർവേ പ്രകാരം ബിജെപി 69 സീറ്റ് നേടും. കോണ്‍ഗ്രസ് 11 ഉം ഐഎന്‍എല്‍ഡി-അകാലിദൾ സഖ്യം ഒരു സീറ്റും നേടുമെന്ന് അവർ പറയുന്നു. മറ്റുള്ളവർക്ക് 9 സീറ്റും ടിവി9 സർവേ പ്രകാരം ലഭിക്കും. ന്യൂസ്18 ഹരിയാനയില്‍ 75 സീറ്റാണ് ബിജെപിക്ക് ലഭിക്കുമെന്ന് പറയുന്നത്. കോണ്‍ഗ്രസിന് 10 ഉം മറ്റുള്ളവർക്ക് 5 സീറ്റുമാണ് ന്യൂസ്18 സർവേ പ്രകാരം ലഭിക്കുക. റിപബ്ലിക് ടിവി 56 മുതൽ 63 വരെ സീറ്റുകളാണ് ബിജെപിക്ക് കിട്ടാൻ സാധ്യതയായി പറയുന്നത്. കോണ്‍ഗ്രസിന് 15-19 സീറ്റ് വരെ റിപബ്ലിക് ടിവി പ്രവചിക്കുന്നു. ജന്‍ കി ബാത് ബിജെപിക്ക് 57ഉം കോണ്‍ഗ്രസിന് 17ഉം മറ്റുള്ളവർക്ക് 16 സീറ്റും പ്രവചിക്കുന്നു. എന്‍ഡിടിവി പോൾ ഓഫ് പോൾ ബിജെപിക്ക് 66, കോണ്‍ഗ്രസിന് 14, ഐഎന്‍എല്‍ഡി അകാലിദൾ സഖ്യത്തിന് 2 മറ്റുള്ളവർക്ക് 8 എന്ന ക്രമത്തിലാണ് സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്.
ദുബായില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീണ തൃശൂര്‍ സ്വദേശി ഫ്ലേറിന്‍ ബേബിക്ക് ഇത് രണ്ടാം ജന്മമാണ്. 26ാം നിലയില്‍ നിന്ന് താഴേക്ക് വീണ ഫ്ലേറിന്റെ ഇടതുകൈ അറ്റുപോയിരുന്നു. വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് വരുമ്പോള്‍ ദുബായിലെ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോടാണ് ഫ്ലേറിന്‍ നന്ദി പറയുന്നത്.
സെപ്തംബര്‍ 28ന് ദുബായിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാമ് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്ലേറിന്‍ 26ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്ക് പതിച്ചു. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈ മുട്ടിന് താഴെ അറ്റുവീണു.
അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ.ഹാമദ് ബദാവി, ഡോ.മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു. നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇത്തരം സാഹചര്യത്തിൽ രോഗിയുടെ ആരോഗ്യ സ്ഥിതി വളരെ ഗുരുതരമായിരിക്കുമെന്നതാണ് വെല്ലുവിളിയെന്ന് ഡോക്ടർമാർ പറയുന്നു. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി.
ഇക്കഴിഞ്ഞ 16ാം തിയതിയാണ് ഫ്ലേറിന്‍ ആശുപത്രി വിട്ടത്. മൂന്നാഴ്ചയായി ചെറി വ്യായാമം ചെയ്തുവരികയാണ്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമെ കൈ പൂര്‍വ്വസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തൃശൂര്‍ കൈപ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ വധിച്ച് പണം തട്ടാന്‍ കൊലയാളികള്‍ ഗൂഢാലോചന നടത്തിയത് വഞ്ചിപ്പുരം ബീച്ചില്‍. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വഞ്ചിപ്പുരം ബീച്ചില്‍ തെളിവെടുത്തു.
വഞ്ചിപ്പുരം ബീച്ചിലെ കാറ്റാടിമരങ്ങള്‍ക്കു സമീപം മൂന്നു കൊലയാളികളും ഒന്നിച്ചിരുന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അസ്വാഭാവികത തോന്നിയപ്പോള്‍ ഇവരോട് നാട്ടുകാരില്‍ ഒരാള്‍ കാര്യം തിരക്കിയിരുന്നു. തെളിവെടുപ്പിനായി ബീച്ചില്‍ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞു. അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ ചളിങ്ങാട് സ്വദേശികളാണ്. ഈ മൂന്നു പേരും ചേര്‍ന്നായിരുന്നു പമ്പ് ഉടമ മനോഹരന്‍റെ
പിന്നീട്, ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മനോഹരന്‍റെ മുഖത്ത് ടേപ്പ് ചുറ്റിയിരുന്നു. നിലവിളിക്കുന്നത് പുറത്താരും കേള്‍ക്കാതിരിക്കാനായിരുന്നു ഇത്. ഈ ടേപ്പ് വാങ്ങിയ പെരിഞ്ഞനത്തെ കടയിലും പ്രതികളെ എത്തിച്ചു. പ്രതികളെ കടക്കാരന്‍ തിരിച്ചറിഞ്ഞു. പതിനഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാമെന്ന് മോഹിച്ചായിരുന്നു പ്രതികള്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. പക്ഷേ, ഇവര്‍ക്കു കിട്ടിയതാകട്ടെ ഇരുന്നൂറു രൂപയും. പ്രതികള്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മനോഹരന്‍റെ കാര്‍ അങ്ങാടിപ്പുറത്തു നിന്ന് കണ്ടെത്തിയിരുന്നു. ഈ കാര്‍ ഫൊറന്‍സിക് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
കൊച്ചി എളമക്കരയിൽ മകന്റെ ആക്രമണത്തിനിരയായി അച്ഛനും അമ്മയും കൊല്ലപ്പെട്ടു. മുപ്പത്തിരണ്ടുകാരനായ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ പത്തോടെ സ്വന്തം വീട്ടിലായിരുന്നു സംഭവം. പ്രകോപനത്തിന് കാരണം വ്യക്തമല്ലെന്നാണ് പൊലീസ് വിശദീകരണം.
കനത്ത മഴയും വെള്ളക്കെട്ടും കൊണ്ട് നഗരം വിറങ്ങലിച്ചുനിന്ന പ്രഭാതത്തിലാണ് എളമക്കര സുഭാഷ് നഗറിലെ ഈ വീട്ടിൽ അരുംകൊലകള്‍ നടന്നത്. അച്ഛന്‍ ഷംസു, അമ്മ സരസ്വതി എന്നിവരെ മുപ്പത്തിരണ്ടുകാരനായ മകന്‍ സനല്‍ തലക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇയാള്‍ അക്രമാസക്തനായതിനെ തുടർന്ന് മാതാപിതാക്കൾ രാവിലെ ബന്ധുക്കളിൽ ചിലരെ വിളിച്ച് സഹായം അഭ്യർഥിച്ചിരുന്നു. മഴയും വെള്ളക്കെട്ടും ആയതിനാൽ ആർക്കും എത്താനായില്ല. തുടർന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
ശക്തമായ അടിയേറ്റ് ഷംസുവിന്റെ തല തകര്‍ന്നിട്ടുണ്ട്. ആക്രമിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ചുറ്റിക സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി. ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധ നടത്തി തെളിവ് ശേഖരിച്ചു. പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായിട്ടായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കാരണം വ്യക്തമാകാന്‍ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ട് എന്നാണ് പൊലീസ് ഭാഷ്യം.
കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനുമായ അഫീൽ ജോണ്‍സ(16)നാണു മരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയിരുന്നെങ്കിലും ന്യൂമോണിയ പിടിപെട്ടത് കാര്യങ്ങൾ വീണ്ടും വഷളാക്കിയെന്നാണ് വിവരം.
ഇക്കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഹാമർ തലയിൽ വീണ് അഫീലിന് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചയുടൻ തന്നെ വിദ്യാർഥിയെ രണ്ടു തവണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു.
സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. സംസ്ഥാന കായിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയായിരുന്നു.
തൊടുപുഴ: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായിരുന്ന പേഴ്സി ജോസഫ് ഡെസ്‌മണ്ടിനെ തൊടുപുഴ മുൻ എ.എസ്.പി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നും പീഡനക്കേസിൽ കുടുക്കിയെന്നും ആരോപിക്കപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് 18.5 ലക്ഷം രൂപ നൽകി ഒത്തുതീർപ്പാക്കി. ഹൈക്കോടതി മീഡിയേഷൻ സെന്ററിൽ വച്ചാണ് പണം കൈമാറിയത്. ജൂലായ് 12നാണ് ഒത്തുതീർപ്പാക്കിയതെങ്കിലും ഇപ്പോഴാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കൊച്ചിയിലെ പ്രമുഖ ബിസിനസുകാരൻ മുൻകൈയെടുത്താണ് ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.
കേസിൽ തിരിച്ചടി നേരിടുമെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് ഉൾപ്പടെയുള്ളവർ ഒത്തുതീർപ്പിന് മുതിർന്നത്. കേസിൽ ആർ. നിശാന്തിനിക്കെതിരെ പേഴ്സി ജോസഫ് നൽകിയ മൊഴി പൊലീസ് നശിപ്പിക്കുകയും കേസ് അട്ടിമറിക്കാൻ ഉന്നതതല നീക്കം നടത്തുകയും ചെയ്തിരുന്നു. 2011 ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സംഭവത്തിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. നിശാന്തിനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് മനോജ് എബ്രഹം റിപ്പോർട്ട് നൽകിയത്.തൊടുപുഴ യൂണിയൻ ബാങ്കിൽ എത്തിയ തൊടുപുഴ സ്റ്റേഷനിലെ പൊലീസുകാരിയെ അപമാനിക്കാൻ ബാങ്ക് മാനേജർ പേഴ്സി ശ്രമിച്ചെന്നാരോപിച്ചാണു കേസെടുത്തത്. തുടർന്ന് നിശാന്തിനി, തന്നെ ഓഫിസിൽ വിളിച്ചുവരുത്തി മർദിച്ചെന്നാണു പേഴ്സിയുടെ ആരോപണം. ജൂലായ് 26നു വൈകിട്ട് പേഴ്സിയുടെ അറസ്റ്റ് രേഖപ്പെടുത്തി, രാത്രി മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു.
തുടർന്ന് 3 ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പേഴ്സി ജോസഫ്.മാനഹാനിയുണ്ടാക്കുയും അന്യായമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചെയ്ത സംഭവത്തിൽ 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 പേരെ പ്രതികളാക്കി പേഴ്സി തൊടുപുഴ കോടതിയിൽ 2017ൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ വിധി വരുന്നതിനു തൊട്ടു മുൻപാണ് ഒത്തുതീർപ്പിനു തയ്യാറായത്. ഹൈക്കോടതി നിർദേശിച്ച മീഡിയേറ്ററുടെ സാന്നിധ്യത്തിൽ 18.5 ലക്ഷം രൂപ പേഴ്സി ജോസഫിനു കൈമാറി. ഇതോടൊപ്പം നിശാന്തിനി പേഴ്സിയോടു മാപ്പു പറഞ്ഞു. കേസ് ഒത്തുതീർപ്പാക്കിയതു സംബന്ധിച്ചു ഹൈക്കോടതിയുടെ റിപ്പോർട്ട് തൊടുപുഴ കോടതിയിൽ സമർപ്പിച്ച ശേഷം പേഴ്സി ജോസഫ് കേസ് പിൻവലിക്കുന്നതായി അറിയിച്ചു.