തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടസമയത്ത് കാറിലുണ്ടായിരുന്ന വഫാ ഫിറോസിന് ഭർത്താവ് വിവാഹമോചന നോട്ടീസ് അയച്ചു. കഴിഞ്ഞ 13 നാണ് വഫ ഫിറോസിനും അവരുടെ മാതാപിതാക്കൾക്കും വഫയുടെ സ്വദേശമായ നാവായിക്കുളത്തെ വെള്ളൂർക്കോണം ജമാഅത്ത് പ്രസിഡന്റിനും വഫയുടെ ഭർത്താവ് ഫിറോസ് വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. നോട്ടീസിന് 45 ദിവസത്തിനകം മറുപടി നൽകണമെന്നും പ്രശ്നം ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ സെപ്റ്റംബർ 11 ന് തന്റെ മാതാപിതാക്കളുടെ വസതിയിൽ എത്തിച്ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കാനഡയിലെ ലണ്ടന്‍ ഒന്റാരിയോയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. കോട്ടയം മൂലവട്ടം സ്വദേശിനിയായ കീര്‍ത്തന സുശീല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത്. ഫാന്‍ഷ്വ കോളേജില്‍ ബിസിനസ് അനാലിസിസ് വിദ്യാര്‍ത്ഥി ആയിരുന്ന കീര്‍ത്തന എക്‌സാം കഴിഞ്ഞു തിരികെ പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. അതേസമയം, കീര്‍ത്തന സുശീലിന്റെ വിയോഗം ഇപ്പോഴും കാനഡയിലെ മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നും കളിചിരികളോടെ നടന്ന് എല്ലാവരോടും സ്‌നേഹത്തോടെ മാത്രം ഇടപെട്ടിരുന്ന കീര്‍ത്തനയെ മരണം തട്ടിയെടുത്തത് വിശ്വസിക്കാന്‍ പോലും സാധിക്കാതെയിരിക്കുകയാണവര്‍.
മൂലവട്ടം സ്വദേശികളായ സുശീല്‍ റാം റോയ് ബിന്ദു പൊന്നപ്പന്‍ ദമ്പതികളുടെ മൂത്തമകള്‍ ആണ് കീര്‍ത്തന . പ്രാര്‍ത്ഥന , അര്‍ത്ഥന എന്നിവരാണ് സഹോദരങ്ങള്‍ .ലണ്ടന്‍ ഒന്റാറിയോ മലയാളി അസോസിയേഷന്‍ നേര്‍തൃത്വത്തില്‍ മൃതശരീരം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ചെയ്യ്തു വരുകയാണ്. കീര്‍ത്തനയുടെ കുടുംബത്തിനായി ഫണ്ട് റൈസിംഗ് ക്യാംപെയ്‌നും ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
കുടുംബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്ക് പ്രയോജനപ്പെടുത്തുക.
ബേസൽ (സ്വിറ്റ്സർലൻഡ്) ∙ എച്ച്.എസ് പ്രണോയ് എന്ന മലയാളി, മൂന്നാം വട്ടവും ചൈനീസ് വൻമതിൽ ചാടിക്കടന്നിരിക്കുന്നു! ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ചൈനീസ് താരം ലിൻ ഡാനെ കീഴടക്കി പ്രണോയ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–11, 13–21, 21–7 ന് ആണ് പ്രണോയിയുടെ ജയം.
ലിൻ ഡാനെതിരെ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ലിൻ ഡാനെതിരെ പരസ്പര പോരാട്ടങ്ങളിൽ മുൻതൂക്കമുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായി ഇതോടെ പ്രണോയ്.
പ്രണോയിയുടെ പരിശീലകനും ഓൾ ഇംഗ്ലണ്ട് ഓപ്പൺ മുൻ ചാംപ്യനുമായ പുല്ലേല ഗോപീചന്ദാണ് ആദ്യത്തെയാൾ. ലിൻ ഡാനെതിരെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോപീചന്ദ് ജയിച്ചത്.
ഇന്ത്യൻ താരങ്ങളിൽ ബി. സായ്പ്രണീതും ഇന്നലെ ജയിച്ചു പ്രീ–ക്വാർട്ടറിലെത്തി. ദക്ഷിണ കൊറിയയുടെ ഡോങ് ക്യീൻ ലീയെയാണ് പ്രണീത് തോൽപിച്ചത് (21–16,21–15). സമീർ വർമ സിംഗപ്പുരിന്റെ ലോ കീൻ യൂവിനോടു തോറ്റു പുറത്തായി (21–15, 15–21,10–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–സിക്കി റെഡ്ഡി സഖ്യം വാക്കോവർ കിട്ടി മൂന്നാം റൗണ്ടിലെത്തി.
പതിനൊന്നാം സീഡ് ലിൻ ഡാനെതിരെ ഒട്ടും പകപ്പില്ലാതെയാണ് തുടക്കം മുതൽ പ്രണോയ് കളിച്ചത്. ആദ്യ ഗെയിമിൽ 2–2 എന്ന നിലയിൽ ഒപ്പം നിന്ന ശേഷം പ്രണോയ് കുതിച്ചു കയറി. 10–5നു മുന്നിലെത്തിയ പ്രണോയ് പിന്നീട് 19–11ന് ലീഡുയർത്തി.
പതിവു പോലെ അടുത്ത ഗെയിമിൽ ലിൻ ഡാൻ തന്റെ പതിവുരൂപം പുറത്തെടുത്തു. 5–5 വരെ പ്രണോയ് ഒപ്പം നിന്നെങ്കിലും പിന്നീട് ഇന്ത്യൻ താരത്തെ പിന്നിലാക്കി ലിൻ ഡാൻ ഗെയിം നേടി. നിർണായകമായ മൂന്നാം ഗെയിം ആവേശകരമാകുമെന്നു കരുതിയെങ്കിലും ഡാനെ പ്രണോയ് നിഷ്പ്രഭനാക്കി
. 4–4നു ഒപ്പം നിന്നശേഷം പ്രണോയിയുടെ കുതിപ്പിൽ ലിൻ ഡാൻ വീണു. പ്രണോയ് പിന്നീട് 17 പോയിന്റുകൾ നേടിയപ്പോൾ ലിൻ ഡാന് നേടാനായത് മൂന്നു പോയിന്റ് മാത്രം. 21–7ന് ഗെയിമും മത്സരവും പ്രണോയ്ക്കു സ്വന്തം. ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമോറ്റയാണ് മൂന്നാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി.
ഗോപീചന്ദിനു ശേഷം, 2014 ചൈന ഓപ്പൺ ഫൈനലിൽ ലിൻ ഡാനെ കീഴടക്കിയ കെ.ശ്രീകാന്താണ് ലിൻ ഡാനെ വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം. എന്നാൽ പ്രണോയിയാണ് അതൊരു ശീലമായെടുത്തത്. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം. 2015 ഫ്രഞ്ച് ഓപ്പണിലും 2018 ഇന്തൊനീഷ്യ ഓപ്പണിലുമാണ് പ്രണോയ് ഇതിനു മുൻപ് ലിൻ ഡാനെ തോൽപിച്ചത്.
ഒളിംപിക്, ലോക ചാംപ്യൻഷിപ്പ് സ്വർണവും ഓൾ ഇംഗ്ലണ്ട് ഓപ്പണും മറ്റു സൂപ്പർ സിരീസ് കിരീടങ്ങളും പോലെ ലോക ബാഡ്മിന്റനിൽ കളിക്കാരുടെ മികവിന്റെ മാനദണ്ഡങ്ങളിൽ ഒന്നായി മറ്റൊന്നു കൂടിയുണ്ട്– ലിൻ ഡാനെ തോൽപ്പിക്കുക!
ലോക ബാഡ്മിന്റനിലെ സകല കിരീടങ്ങളും നേടിയ തന്റെ പ്രതാപകാലത്തേതു പോലെ കരുത്തനല്ല ലിൻ ഡാൻ ഇപ്പോൾ. എങ്കിലും അദ്ദേഹത്തെ തോൽപിക്കുക എന്നത് ഇപ്പോഴും ലോക ബാഡ്മിന്റനിലെ വലിയ സംഭവമാണ്. ഒരു വട്ടമല്ല, മൂന്നു വട്ടമാണ് പ്രണോയ് അതു സാധിച്ചത്.
ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്റനിൽ ലിൻ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വർണം, അഞ്ച് ലോക ചാംപ്യൻഷിപ്പ് സ്വർണം, ആറ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാംപ്യൻഷിപ്പ്..
28 വയസ്സിനുള്ളിൽ തന്നെ ലോക ബാഡ്മിന്റനിലെ ഒൻപതു കിരീടങ്ങളും നേടിയ ‘സൂപ്പർ സ്ലാം’ നേട്ടവും ലിൻ ഡാനു മാത്രം സ്വന്തം. 2017ൽ മലേഷ്യൻ ഓപ്പൺ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിൻ ഡാനെ തേടിയെത്തി– ലോക ബാഡ്മിന്റനിലെ സകല മേജർ കിരീടങ്ങളും നേടിയ ഒരേയൊരു താരം!
2008, 2012 ലണ്ടൻ ഒളിംപിക്സുകളിൽ തന്റെ ചിരകാല വൈരിയായ മലേഷ്യയുടെ ലീ ചോങ് വെയെ കീഴടക്കി ഒളിംപിക് സ്വർണം നേടിയ കാലമായിരുന്നു ലിൻ ഡാന്റെ സുവർണകാലം. അതിനു ശേഷം ചെൻ ലോങ് അടക്കമുള്ള ചൈനീസ് താരങ്ങളും വിക്ടർ അക്സെൽസൻ, കെന്റോ മൊമോറ്റ ഉൾപ്പെടെയുള്ള ചൈനീസ് ഇതര താരങ്ങളും ലിൻ ഡാന്റെ മേൽക്കോയ്മയെ വെല്ലുവിളിച്ചു തുടങ്ങി.
കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ മനസ് മരവിക്കുന്ന അവസ്ഥ. അഴുകിയ മൃതദേഹങ്ങളുടെ മനംപുരട്ടുന്ന ഗന്ധം, യന്ത്രക്കൈകളിൽ കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ടു പോകരുതേയെന്ന പ്രാർഥന. കവളപ്പാറ ദുരന്തഭൂമിയിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്കു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവന്നത്. കുന്നുംമലകളും ഇടിച്ചുനിരത്തി വൻ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ കണ്മുന്നിൽ കരളുരുകുന്ന കാഴ്ചകളുമായി ജോലി ചെയ്യേണ്ട സാഹചര്യം ആദ്യം.
പലപ്പോഴും മനസും ശരീരവും തളരുന്ന അവസ്ഥ. പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്തു ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാർ പലരും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നത്. പതിനഞ്ചിലേറെ ഹിറ്റാച്ചി യന്ത്രങ്ങളാണ് കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്ത് ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്സിന്റേതും പ്രാദേശിക എർത്ത് മൂവേഴ്സിന്റെയും മണ്ണുമാന്തികളാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം മുതൽ ഇവർ ദുരന്തഭൂമിയിൽ കർമനിരതരാണ്.
അൽ ജബൽ എർത്ത് മൂവേഴ്സ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട അമ്മയെയും മക്കളെയും മണ്ണിനടിയിൽ നിന്നെടുത്ത ശേഷമാണ് കവളപ്പാറയിലെത്തിയത്. പന്ത്രണ്ടു ദിവസത്തെ തെരച്ചിലിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്. തമിഴ്നാട് ധർമപുരം സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ പെരുമാൾ ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തഞ്ചാവൂർ സ്വദേശി സുഭാഷ്, മലപ്പുറം സ്വദേശി ഇയ, ശെൽവം, വിപിൻ, ഷെമിർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് ഓപ്പറേറ്റർമാർ. ഓഫീസ് മാനേജരായ സമീറലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണിവിടെ ക്യാന്പ് ചെയ്ത് തെരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റർമാർക്ക് ഫയർ ആൻഡ് റസ്ക്യൂവിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ലാസുകൾ നൽകിയാണ് തെരച്ചിലിന് അയയ്ക്കുന്നത്. എങ്കിലും മൃതദേഹങ്ങൾ കാണുന്പോൾ ഇവരുടെ മനോധൈര്യം ചോർന്നു പോകുന്നു. ഇവരെ മാറ്റി വേറെ ഓപ്പറേറ്റർമാരെയാണ് പിന്നീട് മൃതദേഹം പുറത്തെടുക്കാൻ നിയോഗിക്കുക.
മനംപിരട്ടലും ഛർദിയുമുണ്ടായി പലരും അവശരാകുന്നുമുണ്ട്. ആവശ്യത്തിനു ഡീസൽ, താമസിക്കാനുള്ള സൗകര്യങ്ങൾ, മറ്റു എല്ലാവിധ സൗകര്യങ്ങളും അധികൃതർ തങ്ങൾക്കു നൽകുന്നുണ്ടെന്ന് അൽ ജബൽ ഓഫീസ് മാനേജർ സമീറലി പറയുന്നു. ഇന്നലെ തെരച്ചിൽ വിഫലം എടക്കര: കവളപ്പാറ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ദുരന്തം നടന്നു പന്ത്രണ്ട് ദിവസം പിന്നിടുന്പോൾ ആദ്യമായാണ് ഒരു മൃതദേഹം പോലും കണ്ടെത്താനാകാതെ തെരച്ചിൽ അവസാനിപ്പിക്കുന്നത്. മൃതദേഹങ്ങളാണ് ഇതുവരെ കവളപ്പാറയിൽനിന്നു കണ്ടെടുത്തത്. ഞായറാഴ്ച കണ്ടെടുത്തതിൽ തിരിച്ചറിയാതിരുന്ന മൃതദേഹം സുനിലിന്റെ ഭാര്യ ശാന്തകുമാരിയുടെതാണെന്ന് (36) ഇന്നലെ തിരിച്ചറിഞ്ഞു. നിലവിലെ കണക്കനുസരിച്ച് മൂന്നു പെണ്‍കുട്ടികളെയും പത്ത് പുരുഷന്മാരെയുമാണ് ഇനി കണ്ടെടുക്കാനുള്ളത്.
പതിനഞ്ച് മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ചായിരുന്നു തെരച്ചിൽ നടത്തിയിരുന്നത്. മൃതദേഹങ്ങൾ കണ്ടെടുത്ത സ്ഥലങ്ങൾ, വീടുകൾ, കണ്ടെടുക്കാനുള്ള 13 പേരുടെ വീടുകൾ, ഇവർക്കൊപ്പമുണ്ടായിരുന്നവരെ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. റസ്ക്യൂ ഒന്നു മുതൽ മൂന്നു വരെയുള്ള പോയിന്റുകളിൽ ഏഴ് പേരെയും നാലു മുതൽ ആറ് വരെയുള്ള പോയിന്റുകളിൽ ആറ് പേരെയുമാണു കണ്ടെത്താനുള്ളത്. ഈ പോയിന്റുകളിലാണിപ്പോൾ തെരച്ചിൽ നടക്കുന്നത്. ചൊവ്വാഴ്ചയും തെരച്ചിൽ തുടരും.
കാസര്‍കോട് മഞ്ചേശ്വരത്ത് മംഗളൂരു രൂപതയുടെ കീഴിലുള്ള ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആക്രമണസമയത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന് സമീപമുള്ള കാരുണ്യമാത പള്ളിക്ക് നേരെ കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണത്തിന് പിന്നില്‍. പള്ളിയുടെ മുന്നില്‍ വാഹനം നിര്‍ത്തിയശേഷം, അകത്തു കടന്നവര്‍ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. പള്ളിയുടെ മുന്‍ഭാഗത്തേയും, വശങ്ങളിലേയും ജനല്‍ ചില്ലുകളാണ് തകര്‍ത്തത്.
സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെത്തിയ പൊലീസ് സംഘം വികാരിയുള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ മണല്‍ മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. പള്ളിയുമായി ബന്ധപ്പെട്ട ചിലരെ കഴിഞ്ഞദിവസം മണല്‍ കടത്ത് സംഘം ആക്രമിച്ചിരുന്നു. സംഭവത്തിനെതിരെ പള്ളി കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പ്രതിഷേധവുമായി വിവിധരാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.
ആലുവ: ആയുർവേദ മരുന്നുകൾ വീടുകളിലെത്തി വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ആലുവയിൽ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശിനി ജോയ്സി (20) ആണ് മരിച്ചത്. ഇരുകാലുകളും നിലത്തുമുട്ടി വളഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനെ തുടർന്ന് മരണത്തിൽ ദൂരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ബന്ധുക്കൾ ആരോപിച്ചു.
മത്സ്യത്തൊഴിലാളി അന്തോണിപ്പിള്ളയുടെയും പരേതയായ മേരി ശാന്തിയുടെയും ഏക മകളാണ് ജോയ്സി. കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്ആർഎസ് ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു. ആലുവ പറവൂർ കവലയിൽ വിഐപി ലൈനിലുള്ള വാടക വീട്ടിലാണ് മൂന്നു സഹപ്രവർത്തകരോടൊപ്പം ജോയ്സി താമസിച്ചിരുന്നത്. സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു ഇവരുടെ ഓഫീസും. ഇവിടെ പുരുഷന്മാരും താമസിക്കുന്നുണ്ട്. ജൂണിയർ മാനേജരായി പ്രമോഷൻ ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച ജോയ്സി ജോലിക്ക് പോയിരുന്നില്ല.
രാത്രി ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകയാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ജോയ്സിയെ ആദ്യം കണ്ടത്. തുടർന്ന് രാത്രി പത്തോടെ സ്ഥാപന അധികൃതർ മരണവിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
മറയൂർ കാടുകളിൽ തോക്കേന്തി നായാട്ടുനടത്തി വാർത്തകളിൽ ഇടംനേടിയ ശിക്കാരി കുട്ടിയമ്മയെന്ന ആനക്കല്ല് വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ ത്രേസ്യ (കുട്ടിയമ്മ-87) ഓർമയായി. പാലായിൽനിന്നു മറയൂരിലേക്കു കുടിയേറുകയും ഒടുവിൽ ജീവിക്കാനായി കൊടുംവനങ്ങളിൽ വേട്ടക്കാരിയാവുകയും ചെയ്ത കുട്ടിയമ്മയുടെ ജീവിതം എക്കാലവും സാഹസികമായിരുന്നു. കൃഷി ചെയ്ത് ഉപജീവനം നടത്താൻ കേരള അതിർത്തിയായ മറയൂരിലെത്തിയെങ്കിലും ഏറെക്കാലത്തിനുശേഷം കുടിയിറങ്ങേണ്ടി വന്ന കുട്ടിയമ്മ 1996 മുതൽ കാഞ്ഞിരപ്പള്ളിയിലായിരുന്നു താമസം. സിനിമാക്കഥകളെ വെല്ലുന്ന ജീവിതമായിരുന്നു ത്രേസ്യാമ്മ എന്ന ശിക്കാരി കുട്ടിയമ്മയുടേത്.
1948 ൽ പാലായിൽനിന്നു മറയൂരിലേക്കു കുടിയേറിയതാണ് കുട്ടിയമ്മയുടെ കുടുംബം. പാലായിലെ ഒരു സ്വകാര്യ ബാങ്ക് പൊളിഞ്ഞതിനെത്തുടർന്നു കുട്ടിയമ്മയും മാതാപിതാക്കളും ആറു സഹോദരങ്ങളും മറയൂർ ഉദുമല്‍പേട്ട ചിന്നാറിലേക്കു കുടിയേറി പാർത്തു. മറയൂര്‍ എത്തുമ്പോള്‍ കാട്ടുവാസികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. മലമ്പനി മറയൂരിനെ കടന്നാക്രമിച്ച സമയം. മരണം നിത്യസംഭവമായി. കുട്ടിയമ്മയുടെ പിതാവ് എങ്ങോട്ടോ പോയി, അമ്മ ഇളയകുഞ്ഞുങ്ങളെ എടുത്ത് അമ്മവീട്ടിലും. കുട്ടിയമ്മ വരുമ്പോള്‍ കാണുന്നത് ഒരു വരാന്തയില്‍ അഭയം പ്രാപിച്ച സഹോദരങ്ങളെയാണ്. വിശന്നു തളര്‍ന്നു പഴങ്ങള്‍ കിട്ടുമോ എന്നറിയാന്‍ കാടു കയറുന്നതാണ് വേട്ടയുടെ തുടക്കം.
ഇതിനിടയില്‍ പരിചയപ്പെട്ട വേട്ടക്കാരോടൊപ്പം മൂത്ത സഹോദരന് കാടു കയറി. ഒരിക്കല്‍ സഹോദരന് ഇല്ലാതെയാണു വേട്ടക്കാര്‍ മടങ്ങി വന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അപകടം പറ്റിയ സഹോദരനെ അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു രാത്രിമുഴുവന്‍ സഹോദരനെ ഓര്‍ത്ത് കരഞ്ഞാണ് കുട്ടിയമ്മ നേരം വെളുപ്പിച്ചത്. രാവിലെ ഒരു തോക്കും എടുത്തു സഹോദരങ്ങളെക്കൂട്ടി കാട്ടില്‍ അകപ്പെട്ട സഹോദരനെ തേടിയിറങ്ങി. ഒന്നുകില്‍ എല്ലാവരും ജീവിക്കുക അല്ലെങ്കില്‍ ഒരുമിച്ചു മരിക്കുക എന്നതായിരുന്നു കുട്ടിയമ്മയുടെ തീരുമാനം. നീരു വന്ന കാലുമായി ഒരു പാറപ്പുറത്ത് ഇരിക്കുന്ന സഹോദരനെ കുട്ടിയമ്മ കണ്ടെത്തുമ്പോള്‍ കൈയെത്താവുന്ന ദൂരത്തു പുലികള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ആരെയും ഉപദ്രവിച്ചില്ല. വച്ചുകെട്ടിയ കാലുമായി സഹോദരന് കുട്ടിയമ്മയെ വെടിയുതിർക്കാൻ പരിശീലിപ്പിച്ചു. തോക്കുമായി വേട്ടയ്ക്കു സഹോദരങ്ങളെയും കൂട്ടിപോയ കുട്ടിയമ്മയ്ക്ക് ആദ്യത്തെ ദിവസം തന്നെ ഒരു കാട്ടു പോത്തിനെ വീഴ്ത്താനായി.
മറയൂരിലെ ചുരുളിപ്പെട്ടിയുടെ കാറ്റിന് ചന്ദനത്തെക്കാളേറെ പെൺ ശിക്കാരിയെക്കുറിച്ചുള്ള കഥകളുടെ ഗന്ധമാണ്. ശിക്കാരി കുട്ടിയമ്മ എന്ന കേരളത്തിലെ ഏക പെൺ ശിക്കാരിയെക്കുറിച്ചുള്ള വീരകഥളാണ് കാടു പറയുക.
കേരള തമിഴ്നാട് അതിർത്തിയിൽ തിരുമൂർത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമം. കുടുംബം പോറ്റാൻ സഹോദരൻമാർക്കൊപ്പം കാടു കയറിയ കുട്ടിയമ്മയ്ക്കു കാടു പിന്നെ ഹരമായി.സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ: ‘‘മഠത്തിൽ നിന്നു അവധിക്കു വന്നപ്പോൾ വീടു പട്ടിണിയിലായി. പിന്നെ ഞാൻ മഠത്തിലേക്കു പോയില്ല. 1958 ലായിരുന്നു അത്.’’മറയൂരിലെത്തി മൂന്നാം നാൾ സഹോദരൻമാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോൾ, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തിൽ.
പുതുവൈപ്പിനിൽ മൂന്നംഗ കുടുംബം തൂങ്ങിമരിച്ച നിലയിൽ. പുതുവൈപ്പ് പബ്ലിക് ലൈബ്രറിക്കു സമീപത്തെ താമസക്കാരനായ ലോഡിങ് തൊഴിലാളി സുഭാഷും ഭാര്യയും മകളുമാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സുഭാഷിന്റെ ഭാര്യയുടെ കൈ കെട്ടിയ നിലയിൽ കാണപ്പെട്ടതിനാൽ മറ്റ് സാധ്യതകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്ന് രാവിലെ പത്തു മണിയോടെയാണ് സുഭാഷിനെയും ഭാര്യ ഗീതയെയും മകൾ നയനയെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുഭാഷിന് അമ്പത്തിനാലും, ഗീതയ്ക്ക് അമ്പത്തിരണ്ടും നയനയ്ക്ക് ഇരുപത്തി മൂന്നും വയസാണ് പ്രായം . ഒരു മുറിയിൽ തന്നെയാണ് കഴുക്കോലിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും മകളുടെ പ്രണയബന്ധത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്നും സൂചിപ്പിച്ച് സുഭാഷ് എഴുതിയ ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കിട്ടി.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട യുവാവുമായി നയനയ്ക്കുണ്ടായ പ്രണയബന്ധം മാതാപിതാക്കൾക്ക് ഇഷ്ടമായിരുന്നില്ലെന്നും ഇതേ ചൊല്ലിയുള്ള പ്രശ്നങ്ങളാവാം കൂട്ടമരണത്തിന് കാരണമെന്നും സൂചിപ്പിക്കുന്ന മൊഴികളും അയൽക്കാരിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസിന് കിട്ടിയിട്ടുണ്ട്. ആത്മഹത്യ തന്നെയെന്ന് പ്രാഥമികമായി പൊലീസ് വിലയിരുത്തുന്നു. എന്നാൽ മരിച്ച ഗീതയുടെ കൈകൾ കാവി നിറത്തിലുള്ള മുണ്ടു കൊണ്ട് കെട്ടിയിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുണർത്തിയിട്ടുണ്ട്.’ ഗീതയുടെ കൈകൾ കെട്ടിയ ശേഷം സുഭാഷ് കെട്ടിത്തൂക്കിയതാകാമെന്ന സംശയമാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്. പോസ്റ്റു മോർട്ടത്തിനു ശേഷമേ ഇക്കാര്യം വ്യക്തമാകൂ.
സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുർ ഡിവിഷൻ, മോത്തിബാഗ് വർക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒാഗസ്റ്റ് 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.
ഫിറ്റർ, കാർപെന്റർ, വെൽഡർ, PASAA/COPA, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ(ഇംഗ്ലിഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, പവർ മെക്കാനിക്സ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസ്റ്ററർ(ട്രിമ്മർ), ബെയറർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി)/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്‌സിവിടി).
പ്രായം(30.07.2019ന്): 15–24 വയസ്.
പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും.
അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.in
എടത്വ: ആർപ്പുവിളികളുകളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ നൂറ് കണക്കിന് ജലോത്സവ പ്രേമികളുടെ സാന്നിദ്ധ്യത്തിൽ പുതുക്കി പണിത മാമ്മൂടന്‍ കളിവളളം നീരണിയല്‍ നടത്തി.
വള്ളംകളി പ്രേമികളുടെ മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള ഇരുട്ടുക്കുത്തി വിഭാഗത്തിലുള്ള മാമ്മൂടന്‍ കളിവള്ളം ആണ് വീണ്ടും തിരികെയെത്തിയിരിക്കുന്നത്.
മിസ്സോറാം മുന്‍ ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്‍ നീരണിയ്ക്കല്‍ നിര്‍വഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷീനാ എലിസബത്ത്, കേരള ബോട്ട് റേസ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരി കെ.പി. ഫിലിപ്പ്, മാമൂട്ടില്‍ കുടുംബയോഗം പ്രസിഡന്റ് കുര്യന്‍ ജോര്‍ജ്, അഡ്വ. ഉമ്മന്‍ എം. മാത്യു, ജേക്കബ് ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
വള്ളത്തിന്റെ പിടിപ്പ് കൂട്ടിയും അമര ചുരുളിന്റെ ഭാഗത്ത് അകലം കൂട്ടിയും വള്ളത്തിന്റെ വില്ല് പൂര്‍ണ്ണമായും പുതുക്കി മധ്യഭാഗത്ത് വീതി ഉള്ള പലക ചേര്‍ത്തുമാണ് ഇപ്പോള്‍ പുതിക്കിയിരിക്കുന്നത്. മുപ്പത്തി ഒന്നേകാല്‍ കോല്‍ നീളവും, 46 അംഗുലം വീതിയും ഉള്ള മാമ്മൂടനില്‍ 51 തുഴക്കാരും മൂന്ന് അമരക്കാരും, മൂന്ന് നിലയാളുകളും ഉണ്ടാകും. മുഖ്യശില്പി കോയില്‍മുക്ക് സാബു നാരായണന്‍ ആചാരിയെ ആദരിച്ചു.
മത്സര രംഗത്ത് ഉള്ള എല്ലാ കളിവള്ളങ്ങളെയും സി.ബി.എല്ലിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജലോത്സവ പ്രേമികൾ നിവേദനം നല്കി.
ചടങ്ങിൽ കളിവള്ള ഉടമകൾ ഉൾപ്പെടെ സാമൂഹ്യ, സാംസ്ക്കാരിക ,രാഷ്ട്രീയ, പൊതുപ്രവത്തന രംഗത്തെ നിരവധി പ്രമുഖർ സംബന്ധിച്ചു.