Kerala

പാലാ ഉപതിരഞ്ഞെടുപ്പിന് കലാശക്കൊട്ട് അവസാനിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ചാണ് മുന്നണികളുടെ പ്രകടനം. പരസ്യപ്രചാരണത്തിന്റെ ഔദ്യോഗികസമാപനം നാളെയാണ്. വോട്ടെടുപ്പ് തിങ്കളാഴ്ച.

പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ നാളെ വൈകീട്ട് ആറുമണിവരെ സമയമുണ്ടെങ്കിലും ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ മുന്നണികള്‍ കലാശക്കൊട്ട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പാലാ നഗരത്തിന്റെ മൂന്നിടങ്ങളിലായി മുന്നണികള്‍ ഇപ്പോള്‍ കൊട്ടിക്കയറുകയാണ്.

തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.

നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.

പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.

പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മോഹന്‍ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എന്നാല്‍ ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

ഇതിനിടയില്‍ താരത്തിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ്. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോഴാണ് ജോര്‍ജ്ജ് അതില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചത്.

പത്രസമ്മേളനത്തിനല്ല, തന്റെ മെസേജ് നിങ്ങള്‍ക്ക് തരാനാണ് താന്‍ വന്നതെന്നും മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. എന്നാല്‍ ഒരുമണിക്കൂറോളം താങ്കളെ കേട്ട ഞങ്ങള്‍ പറയുന്നതുകൂടി കേള്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘കേള്‍ക്കുകേല, കാരണം ഇതിനുള്ള മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ട്..’ എന്ന് ജോര്‍ജ്ജ് പറഞ്ഞത്. ജോര്‍ജ്ജിനെ തുടരാന്‍ അനുവദിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ‘എന്ത് വൃത്തികേടാ ഈ പറയുന്നത്? പത്രസമ്മേളനം വിളിച്ചിട്ട് ധാര്‍ഷ്ട്യം പറയുന്നോ?’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചു. അതോടെ ‘വൃത്തികേട്’ എന്ന വാക്ക് പിന്‍വലിക്കണമെന്നായി ജോര്‍ജ്ജിന്റെ നിലപാട്.

നേരത്തെ പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്നും അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെവിടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത്. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് മുത്തൂറ്റ് ചെയര്‍മാന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത്. വേണ്ടിവന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും താന്‍ പൂട്ടുമെന്നും ജോര്‍ജ്ജ് ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ലെന്നും ജോര്‍ജ്ജിന്റെ ഭീഷണിയില്‍ പറയുന്നു.

കോതമംഗലം പളളിയിൽ സംഘർഷം. പളളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം തോമസ് പോൾ റമ്പാൻ എത്തിയതിനെ തുടർന്ന് സംഘർഷം ഉടലെടുത്തത്. തുടർന്ന് ഉണ്ടായ കല്ലേറിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി. റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി.

പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചുമാറ്റാൻ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഇക്കാര്യമാരോപിച്ച് പൊലീസിലും പരാതി നൽകിയിരുന്നു. തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റിൽ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാസങ്ങളുടെ പഴക്കമുണ്ട് മൃതദേഹത്തിന്.

പുരുഷന്റേതാണ് മൃതദേഹം എന്ന് തെളിഞ്ഞിട്ടുണ്ട്. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.

ഓണം ബംപര്‍ ഒന്നാം സമ്മാനം 12 കോടി കരുനാഗപ്പളളിയിലെ ആറുപേര്‍ക്ക്. ചുങ്കത്തെ സ്വര്‍ണക്കടയിലെ ജീവനക്കാര്‍ പിരിവിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

രതീഷ്. റോണി, രാജീവന്‍, സുബിന്‍, രഞ്ജിന്‍, വിവേക് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ 100 രൂപ വീതം പിരിവിട്ട് ആറുപേര്‍ രണ്ടു ടിക്കറ്റ് ഇന്നലെയാണ് വാങ്ങിയത്. കായംകുളത്തെ ഏജന്‍റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയിലാണ് ടിക്കറ്റ് വിറ്റത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഭാഗ്യശാലിയുടെ കൈയിലെത്തുന്നത്. ഇവര്‍ക്ക് നികുതിയും കമ്മിഷനും കിഴിച്ച് 7 കോടി 56 ലക്ഷം രൂപ ലഭിക്കും.

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. എല്ലാം കഴിച്ച് ബാക്കി 7.56 കോടി രൂപയാണ് സമ്മാനര്‍ഹര്‍ക്ക് ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും.ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കിയിരുന്നു.

ഒരു കോടി ഇരുപതു ലക്ഷം ഏജന്‍സിക്ക് കമ്മിഷനായി ലഭിക്കും. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ മന്ത്രി ജി.സുധാകരനാണ് ബംപര്‍ ജേതാവിനെ നറുക്കെടുത്തത്. രണ്ടാം സമ്മാനമായി 50 ലക്ഷംവീതം പത്തുപേര്‍ക്ക് ലഭിച്ചു.

ചന്തയില്‍ നിന്നും വാങ്ങിയ കിളിമീന്‍ മുറിച്ചു വൃത്തിയാക്കിയ റിട്ട. അധ്യാപികയും കയ്യില്‍ കിടന്നിരുന്ന സ്വര്‍ണവളയുടെ നിറംമാറി ഒടിഞ്ഞു. മീന്‍ കഴുകുന്നതിനിടെ സ്വര്‍ണവളയ്ക്ക് അലുമിനിയത്തിന്റെ നിറമാവുകയും ഒന്ന് ഒടിയുകയുമായിരുന്നു. റിട്ട. അധ്യാപികയായ തെക്കുംപുറം രവിനിവാസില്‍ സുലോചനഭായി കഴിഞ്ഞ ദിവസം പുത്തൂര്‍ പടിഞ്ഞാറെ ചന്തയില്‍ നിന്നുമാണ് കിളിമീന്‍ വാങ്ങിയത്.

കുറച്ച് കറിവെച്ച ശേഷം ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഈ മീന്‍ ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെ കറി വയ്ക്കാനായി സുലോചനഭായി വൃത്തിയാക്കി. മീന്‍ വൃത്തിയാക്കി കുറച്ച് കഴിഞ്ഞപ്പോഴാണ് കയ്യിലുണ്ടായിരുന്നു രണ്ട് സ്വര്‍ണ വളകളുടെ പകുതിയോളം നിറം മാറി അലുമിനിയം നിറത്തിലായത് ശ്രദ്ധിച്ചത്. ഒരു വള ഒടിയുകയും ചെയ്തു.

ആദ്യ ദിവസം മീന്‍ പാകം ചെയ്ത് കഴിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒ്ന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ വളയുടെ നിറം മാറിയതോടെ ബാക്കി മീന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുത്തൂര്‍ ചന്തയിലെ മീനുമായി ബന്ധപ്പെട്ടു മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ്, ഭക്ഷ്യസുരക്ഷാ അധികൃതര്‍ക്കു പരാതി നല്‍കാനുള്ള നീക്കത്തിലാണു വീട്ടുകാര്‍.

തിരുവനന്തപുരം : സംഗീതജ്‌ഞന്‍ ബാലഭാസ്‌കറിന്റെ അപകടമരണം സി.ബി.ഐ. അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഡി.ജി.പി: ലോക്‌നാഥ്‌ ബഹ്‌റ. അന്വേഷണം സി.ബി.ഐക്കു വിടുന്നതിനോടു ക്രൈംബ്രാഞ്ചിനു വിയോജിപ്പില്ലെന്ന റിപ്പോര്‍ട്ട്‌ ഡി.ജി.പി. ഉടന്‍ മുഖ്യമന്ത്രിക്കു കൈമാറും. കേസുമായി ബന്ധപ്പെട്ടു ചില സാമ്പത്തിക ഇടപാടുകള്‍ കൂടിയുണ്ടെന്നു ബാലഭാസ്‌കറിന്റെ കുടുംബം പരാതിപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം കൂടി പരിശോധിക്കണമെന്നും ഡി.ജി.പി. ആവശ്യപ്പെടും. ക്രൈംബ്രാഞ്ച്‌ ഐ.ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം യോഗംചേര്‍ന്നു കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണു ഡി.ജി.പിയുടെ നടപടി.

നിലവിലെ ക്രൈംബ്രാഞ്ച്‌ അന്വേഷത്തില്‍ തൃപ്‌തിയില്ലെന്നും മകന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ ബാലഭാസ്‌കറിന്റെ പിതാവ്‌ ഉണ്ണി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട്‌ തേടിയതിനെത്തുടര്‍ന്നാണ്‌ ഡി.ജി.പി. അന്വേഷണ സംഘത്തിന്റെ യോഗം വിളിച്ചത്‌.

ബാലഭാസ്‌കറും രണ്ടു വയസുള്ള മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ്‌ ഇതുവരെയുള്ള അന്വേഷണത്തിലെ ക്രൈംബ്രാഞ്ചിന്റെ നിലപാട്‌. ബാലഭാസ്‌കറിന്റെ പിതാവ്‌ പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ്‌ വ്യക്‌തത വരാനുള്ളത്‌. അന്തിമ റിപ്പോര്‍ട്ട്‌ ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്‌ഥര്‍ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്ത്‌, കേസ്‌ അന്വേഷിക്കുന്ന ഡിവൈ.എസ്‌.പി: കെ. ഹരികൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പങ്കെടുത്തത്‌.ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഡി.ജി.പി. സംതൃപ്‌തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ. അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെയെന്ന അഭിപ്രായമാണു ഡി.ജി.പി. പ്രകടിപ്പിച്ചത്‌. ബാലഭാസ്‌കറിന്റെ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷിക്കട്ടെയെന്ന നിലപാട്‌ ക്രൈംബ്രാഞ്ചും കൈക്കൊണ്ടു.

ബാലഭാസ്‌കറിന്റെ അപകടമരണത്തിന്‌ പിന്നില്‍ ദുരൂഹതയുണ്ടെന്നും അതിന്‌ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നുമാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്പോഴാണ്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ 25ന്‌ പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട്‌ റോഡരികിലുള്ള മരത്തിലിടിക്കുന്നത്‌. കുട്ടി അപകടസ്‌ഥലത്തും ബാലഭാസ്‌കര്‍ ദിവസങ്ങള്‍ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍വച്ചും മരിച്ചു. ബാലഭാസ്‌കറിന്റെ മാനേജര്‍ സ്വര്‍ണ കടത്തുക്കേസില്‍ ഉള്‍പ്പെട്ടതോടെയാണു സി.ബി.ഐ അന്വേഷണാവശ്യം ഉയര്‍ന്നത്‌.

എടത്വാ: ഗ്രീൻ കമ്യൂണിറ്റി സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവത്തിന്റെ ലോഗോ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും പരമാധ്യക്ഷ്യനും ആയ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്ത ജലോത്സവ സമിതി ചെയർമാൻ സിനു രാധേയത്തിന് നല്കി പ്രകാശനം ചെയ്തു. പ്രസിഡൻറ് ബിൽബി മാത്യംവിന്റെ അദ്ധ്യക്ഷത വഹിച്ചു.പരിസ്ഥിതി സൗഹാർദ്ധ പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പെടുത്തി ജലോത്സവം സംഘടിപ്പിക്കുവാൻ ഉള്ള സംഘാടക സമിതിയുടെ തീരുമാനത്തെ മെത്രാപോലീത്ത അഭിനന്ദിച്ചു.
സിബി സാം തോട്ടത്തിൽ ,വൈസ് ചെയർമാൻ സജീവ് എൻ.ജെ ,ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, അനിൽ ജോർജ് ,എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

ഒരു തുഴ മുതൽ 5 തുഴ വരെയുള്ള തടി ഫെബർ വള്ളങ്ങളെ കൂടാതെ വെപ്പ് , ഓടി, ചുരുളൻ വള്ളങ്ങളും മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 1 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.

RECENT POSTS
Copyright © . All rights reserved